Thursday, August 6, 2009

ജീവിച്ചിരിക്കുന്ന രക്തസാക്ഷി

ഔദ്യോഗികാവശ്യത്തിനായി കമ്പനി അയച്ചാണ്‌ യമഗുച്ചി എന്ന ചെറുപ്പക്കാരന്‍ എഞ്ചിനീയര്‍ ഒരാവശ്യത്തിനു വേണ്ടി ഹിരോഷിമയിലെത്തിയതാണ്‌. യുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങാന്‍ ഒരുങ്ങുകയായിരുന്നു, ജെര്‍മ്മനി നേരത്തേ തന്നെ കീഴടങ്ങിക്കഴിഞ്ഞിരുന്നു. മിക്ക പ്രമുഖ പട്ടണങ്ങളും അലൈഡ് ശക്തികള്‍ കീഴടക്കിയും കഴിഞ്ഞിരുന്നു. നഗരത്തിലെ എയര്‍ റെയിഡ് മുന്നറിയിപ്പുകള്‍ പിന്‍‌വലിച്ചതില്‍ അത്ഭുതമൊന്നും അയാള്‍ക്ക് തോന്നിയില്ല. ഹിരോഷിമ ഒരു മിലിട്ടറി സ്റ്റ്റാറ്റജിക്ക് പോയിന്റ് അല്ലാത്തനിനാല്‍ പ്രത്യേകിച്ചും.

ഒരു സാധാരണ ദിവസം, ജനം ദൈനം ദിന വൃത്തികളിലേര്‍പ്പെട്ടിരിക്കുന്ന പ്രഭാതം. കേട്ട ശബ്ദം എന്തെന്ന് തിരിച്ചറിയാന്‍ കഴിയും മുന്നേ യമഗുച്ചി ബധിരനായിക്കഴിഞ്ഞിരുന്നു. കാഴ്ചയും പോയതിനാല്‍ ഉയര്‍ന്ന ആണവക്കുമിളിനെയും അയാള്‍ കണ്ടില്ല. പൊട്ടിത്തെറിയിലും തീക്കാറ്റിലും റേഡിയേഷനിലും ഹിരോഷിമ നഗരത്തിന്റെ പകുതിയോളം ആളുകള്‍ മരിച്ചെങ്കിലും ലിറ്റില്‍‍ ബോയ് വീണതിനു വെറും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു യമഗുച്ചി പരിക്കുകളോടെ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങളൊന്നും കാര്യമായി നടക്കാന്‍ സാഹചര്യമില്ലാത്ത അവസ്ഥയായിരുന്നിട്ടും എയര്‍ റെയിഡ് ഷെല്‍ട്ടറില്‍ അന്തിയുറങ്ങി. കാഴ്ചശക്തി വീണ്ടുകിട്ടിയ അദ്ദേഹയും സഹപ്രവര്‍ത്തകരായ അക്കീരയും കുനിയോഷിയും അടുത്ത ദിവസം ജോലിസ്ഥലമായ നാഗസാക്കിയിലേക്ക് മടങ്ങി.

ജോലിസ്ഥലമായ മിറ്റ്സുബിഷിയില്‍ വച്ച് ഒരൊറ്റ ബോംബ് ഹിരോഷിമ പട്ടണത്തെ മൊത്തം ഇല്ലാതെയാക്കി എന്ന യമഗുച്ചിയുടെ വിവരണം കേട്ട് അദ്ദേഹത്തിന്റെ മേലധികാരി ഇയാള്‍ക്ക് ഭ്രാന്താണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് പരിഹസിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ രണ്ടാമത്തെ അണുബോംബ് പൊട്ടുന്നത്. ഇത്തവണയും തൊട്ടടുത്ത് തന്നെ.ഭാഗ്യം പക്ഷേ രണ്ടാമതും തുണച്ചു.

യമഗുച്ചിഇന്നും രണ്ട് അണുബോംബ് സ്ഫോടനങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കുന്നു, റേഡിയേഷനില്‍ നിന്നുത്ഭവിച്ച ക്യാന്‍സറിനു കീഴടങ്ങാതെ അറുപത്തിനാലു വര്‍ഷങ്ങള്‍ പിന്നിട്ട് തൊണ്ണൂറ്റിമൂന്നാം വയസ്സിലേക്ക് കടക്കുകയാണ്‌ അദ്ദേഹം.

16 comments:

അരവിന്ദ് :: aravind said...

ജപ്പാന്‍ കീഴടങ്ങാന്‍ തീരുമാനിച്ചെന്നോ? ഇത് എങ്ങനെ അറിയാം?
രണ്ട് അണുബോംബിട്ടിട്ടും മരണം വരെ പൊരുതാന്‍ ജപ്പാനീസ് പട്ടാളം റെഡിയായിരുന്നു. തോല്‍‌വി എന്നാല്‍ കാമക്കാസി ആണല്ലോ അവര്‍ക്ക്.
കാണപ്പെട്ട ദൈവമായ രാജാവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണ് പട്ടാളം അടങ്ങിയത് എന്നാണ് ബി ബി സി ആര്‍ക്കൈവ്സ് പറഞ്ഞത്. അതിന് പ്രഹിഫലമായി രാജാവിനെ യുദ്ധകുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
സത്യം പറയട്ടെ..ജപ്പാന്‍‌കാര്‍ ചെയ്ത ക്രൂരതക്ക് ആറ്റംബോബ് പറ്റിയ ശിക്ഷ തന്നെയായിരുന്നു. ബോംബിടാന്‍ പറ്റിയ സ്ഥലം വേറെ ആയിരുന്നെങ്കിലും. മൈ ഒപിനിയന്‍.
ഒരുത്തനെ അങ്ങോട്ട് പോയി അടിച്ചു കുത്തിയും തല്ലിനിറക്കുക..(പൂര്‍ണ്ണമായും ശരിയല്ല എന്നറിയാം)
എന്നിട്ട് അവന്‍ തിരിച്ച് ഒരു പത്തലെടുത്ത് ഒരു വീക്ക് വീക്കിയാല്‍ അയ്യോ അങ്ങനെ അടിക്കാന്‍ പാടില്ല എനിച്ചു വേദനിക്കും എന്നോ...
അതില്‍ ഒരു അന്യായം ഞാന്‍ കാണുന്നു. കൊടുത്താ കിട്ടുന്നത് വാങ്ങിക്കോണം യുദ്ധത്തില്‍.

ആഹ് പോട്ട്. ജപ്പാനും അമേരിക്കയും എല്ലാം പറഞ്ഞ് കോം‌പ്ലീമെന്റ്സ് ആക്കി..നല്ല നിലയില്‍ ഭായി ഭായി ആയി ജീവിച്ച് പോകുന്നു.
ആ ഏരിയയിലില്ലായിരുന്ന നമ്മക്ക് ഇപ്പഴും പ്രശ്നം തീര്‍ന്നിട്ടില്ല.

Calvin H said...

Everything is fair n love and war എന്നു പറയുമ്പോൾ തന്നെ ആറ്റം ബോബിട്ടതിനെ ന്യായീകരിക്കാൻ കഴിയുമോ അരവിന്ദ്? ഏതു രീതിയിൽ ചിന്തിച്ചാലും. ആറ്റം ബോബ് പറ്റിയ ശിക്ഷയായിരുന്നു എന്നു പറയുന്നത് ഇത്തിരി കൂടി പോയില്ലേ എന്ന് സംശയം.
ജപ്പാൻ അമേരിക്കയുമായി ചങ്ങാത്തമായോ ഇല്ലയോ എന്നതല്ല പ്രശ്നം. ഭരണകൂടങ്ങൾ അവർക്കിഷ്ടമുള്ള രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കും. അത് കൊണ്ട് നമ്മൾ പറയേണ്ടത് നമ്മൾ പറയാതിരിക്കേണ്ടതില്ല. ആണവായുധങ്ങൾ എല്ലാ അർത്ഥത്തിലും എതിർക്കപ്പെടേണ്ടതാണ്. ഹിരോഷിമയും പൊക്രാനും എല്ലാം.

അരവിന്ദ് :: aravind said...

കാല്‍‌വിന്‍
യുദ്ധം എന്നു പറഞ്ഞാല്‍ മനുഷ്യരെ കൊല്ലലാണ്. അത് തോക്ക് വെച്ചായാലും കുത്തിയായാലും അങ്ങനെ തന്നെ.
തലമുറകളോളം 'എഫക്റ്റ്' നില നില്‍ക്കും എന്നു വെച്ച് രാസായുധത്തിനും അണുബോംബിനും പ്രത്യേകിച്ച് കുറ്റമൊന്നും തോന്നുന്നില്ല. അടി കിട്ടുന്നവന് തിരിച്ചെങ്ങനെ അടിക്കണം എന്നുള്ളതിന് നിയമാവലി ഉണ്ടാക്കാന്‍ ഇത് ബോക്സിംഗ് കോണ്‍റ്റെസ്റ്റ് ആണെന്നും വിശ്വസിക്കുന്നില്ല. അടിച്ചു കൊന്നാലും തലമുറകളെ ബാധിക്കുന്ന കുറ്റമാണ്. ചത്തവന്റെ തലമുറയെ.
ജപ്പാങ്കാര്‍ എന്തൊക്കെ ക്രൂരത ചെയ്താലും അണുബോംബ് ഇടാന്‍ പാടില്ലായിരുന്നു എന്നു പറയുന്നതിലെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല. ജപ്പാന്‍ മഹാ പാതകങ്ങള്‍ ചെയ്ത ഒരു സാഡിസ്റ്റ് ബഞ്ച് ആയിരുന്നു എന്നാണ് കണ്ടിടത്തോളവും വായിച്ചിടത്തോളവും മനസ്സിലായിട്ടുള്ളത്. ചാവാന്‍ മടിയില്ലാത്തവര്‍..പിന്നെ കൊല്ലാന്‍ വല്ല ദണ്ണവും കാണുമോ?
ജപ്പാന്‍ അമേരിക്കന്‍/ചൈനീസ് പട്ടാളക്കാരെ തിരഞ്ഞു പിടിച്ച് ദയാവധന്‍ നടത്തുകയായിരുന്നോ?

യുദ്ധത്തിനെ എതിര്‍ക്കുന്നു, നൂറ് ശതമാനം. അത് ഏത് രീതിയാണെങ്കിലും. രണ്ടാം ലോക മഹായുദ്ധം അപ്പാടെ ഇതേ രീതിയില്‍ അനുസ്മരിക്കപ്പെടേണ്ടതാണ് എന്നേ കരുതുന്നുള്ളൂ..ഒരു താക്കീത് ആയി ഓര്‍മ്മിക്കാന്‍.

അരവിന്ദ് :: aravind said...

അണു ബോംബ് ഇട്ടത് ജപ്പാനെ ശിക്ഷിക്കാനായിരുന്നു എന്ന് കരുതുന്നില്ല. യുദ്ധം തീര്‍ക്കാനായിരുന്നു. ജപ്പാന് ഒരു തരത്തിലും യുദ്ധം തീരണമെന്നില്ലാത്ത പോലെയാണ് പൊരുതിയത്..അമേരിക്കക്കാരന് അങ്ങനെ കരുതുവാന്‍ കഴിയുമോ? കരുതണോ? അവന്മാര്‍ കൊണ്ട് രണ്ട് ബോംബിട്ടു. സംഗതി ക്ലീന്‍.
എല്ലാരും വീട്ടി പോയി.
യുദ്ധം കഴിഞ്ഞ് ജപ്പാന്‍ കീഴടങ്ങിയപ്പോള്‍ അലൈഡ് ഫോഴ്സസ് ജപ്പാനെ ശിക്ഷിച്ചോ? ഇല്ല എന്നാണ് തോന്നുന്നത്.

കാര്‍ഗിലില്‍ നുഴഞ്ഞ് കയറി നൂറു കണക്കിനു ജബ്വാന്മാരെ കൊന്നവര്‍ക്ക് തിരിച്ചു പോകാന്‍ സുരക്ഷിത മാര്‍ഗ്ഗം ഒരുക്കുന്ന പോലെ...അതൊക്കെ അന്ന് ചിന്തിക്കാന്‍ പറ്റൂലായിരിക്കും.

ട്രിവിയലൈസ് ചെയ്യുവല്ല. യുദ്ധത്തില്‍ അണുബോംബിട്ടാലും ഇല്ലെങ്കിലും ചാവുന്നവര്‍ക്ക് എന്നാ വ്യത്യാസം? ഒരു പക്ഷേ ഇട്ടില്ലായിരുന്നെങ്കില്‍ യുദ്ധം എങ്ങനെ തീര്‍ന്നേനെ? എത്ര പേര്‍ മരിച്ചേനെ? ആര്‍ക്കറിയാം!

ഓഫ്: ഈയിടെയാണ് ബി ബി സിയില്‍ ബാറ്റില്‍ ഓഫ് മിഡ്‌വേ കണ്ടത്. ഹോ!

അനോണി ആന്റണി said...

അരവിന്ദ്,
"ജപ്പാനെതിരേ യുദ്ധം ജയിച്ചതും ആണവബോംബ് ഉപയോഗിച്ചതും തമ്മിലൊരു ബന്ധവുമില്ല" എന്ന ലീ കര്‍ട്ടിസിന്റെ പ്രസിദ്ധ വാചകം കേട്ടിട്ടില്ലേ?

അമേരിക്കക്കു മുന്നേ അല്ലെങ്കില്‍ സ്റ്റാലിന്‍ ജര്‍മ്മനിയെ തകര്‍ക്കും മുന്നേ ആണവബോംബ് നിര്‍മ്മിക്കുന്നതില്‍ അവര്‍ ജയിച്ചെങ്കില്‍ ലോകം ഇതൊന്നുമാകുമായിരുന്നില്ല എന്നതില്‍ എനിക്കു സംശയമൊന്നുമില്ല. പക്ഷേ ജപ്പാന്‍ കീഴടങ്ങാത്തതുകൊണ്ട് അമേരിക്ക അണുബോംബിട്ടതെന്ന് അവകാശപ്പെടാനേ കഴിയില്ല. അറ്റ് ദ വെരി ബെസ്റ്റ്, യുദ്ധം അവസാനിക്കുന്നതോടെ യൂ എസ് എസ് ആര്‍ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി ലോകം അംഗീകരിക്കു എന്ന ഭയം കൊണ്ടാണ്‌ അണുബോംബ് ഡെമോണ്‍സ്ട്രേറ്റ് ചെയ്തത് എന്ന് അനുമാനിക്കാം.

ആദ്യം ജപ്പാനില്‍ എന്റായിരുന്നു സ്ഥിതി എന്നു നോക്കാം
ഡെന്നിസ് വെയിന്‍സ്റ്റോക്കിന്റെ ഡിസിഷന്‍ റ്റു ഡ്രോപ്പ് ദ അറ്റോമിക്ക് ബോംബ് എന്ന പുസ്തകത്തില്‍ നിന്ന് (ചുരുക്കം മാത്രം)

പേള്‍ ഹാര്‍ബര്‍ ബോംബിങ്ങ് എന്ന ഭീമാബദ്ധത്തിനും തുടര്‍ന്ന് സോളമന്‍ മാര്‍ഷല്‍ ദ്വീപുകളിലെയും ന്യൂഗിനിയിലെയും പരാജയത്തിനും ശേഷം രാജ്യം മുഴുവന്‍ ആക്രമണഭീഷണിയിലാണെന്നും യുദ്ധത്തില്‍ ജപ്പാന്റെ പരാജയം അനിവാര്യമാണെന്നും കണ്ട് പ്രധാനമന്ത്രി ജനറല്‍ ടോജോ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് കൊനോയെ രാജകുമാരന്‍ ജനറല്‍ കോയ്സോയെ പ്രധാനമന്ത്രിപദത്തില്‍ എത്തിച്ചു, യുദ്ധം മാന്യമായി തീര്‍ക്കാന്‍ ഒരു വഴികണ്ടെത്തുക എന്നതായിരുന്നു അദ്ദേഹത്തിനു ലഭിച്ച നിര്‍ദ്ദേശം. കോയ്സോ കൃത്യമായ വഴികളൊന്നും കണ്ടെത്തിയില്ല.

ജപ്പാന്‍ എന്നാല്‍ ഹിരോഹിതോ ചക്രവര്‍ത്തിയും ഹിരോഹിതോ എന്നാല്‍ ജപ്പാന്‍ എന്നുമായിരുന്നു ജാപ്പനീസ് ജനതയ്ക്ക്. അമേരിക്ക ജപ്പാനോട് നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചക്രവര്‍ത്തിയെ അമേരിക്ക യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്ത് വധിക്കുമെന്നും ജപ്പാനിലെ രാജഭരണം അവസാനിപ്പിക്കുമെന്നും ചക്രവര്‍ത്തി ഭയന്നു. കൊനോയേ രാജകുമാരന്‍ ചക്രവര്‍ത്തിയെ കണ്ട് യുദ്ധം അവസാനിച്ചില്ലെങ്കില്‍ ജപ്പാന്‍ ബാക്കിയുണ്ടാവില്ല എന്ന് ഉണര്‍ത്തിച്ചെങ്കിലും ചക്രവര്‍ത്തി ഒന്നിനും വഴങ്ങാഞ്ഞത് ഇക്കാരണം കൊണ്ടാണ്‌.

Contd

അനോണി ആന്റണി said...

ഏപ്രില്‍ അഞ്ചിനു യുദ്ധത്തിലോ സമാധാനത്തിലോ വിജയിക്കാനാവാത്ത കോയ്സോ സര്‍ക്കാര്‍ രാജിവച്ചു. കോയ്സോയുടെ പരിഷ്കാരങ്ങളില്‍ അസംതൃപ്തനായിരുന്ന ഹിരോഹിതോ ചക്രവര്‍ത്തി ഇത്തവണ നേരിട്ട് നേവല്‍ കമാന്‍ഡര്‍ സുസുകിയെ പ്രധാനമന്ത്രിയാക്കി. രണ്ട് പ്രശ്നങ്ങളാണ്‌ സുസുകിക്കു മുന്നിലുണ്ടായിരുന്നത്. പട്ടാളക്കാരോട് കീഴടങ്ങഅനോ പിന്‍‌മാറാനോ കല്പ്പിച്ചാല്‍ അവര്‍ ഭരണത്തെ അട്ടിമറിക്കാനുള്ള സാദ്ധ്യത, നിരുപാധികം കീഴടങ്ങിയാല്‍ അമേരിക്ക ചക്രവര്‍ത്തിയെ വധശിക്ഷ നല്‍കാനുള്ള സാദ്ധ്യത. സുസുകി ഒരേ സമയം പട്ടാളക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ യുദ്ധത്തിലെ അവരുടെ ധീരതയെയും കൂസലില്ലായ്മയെയും പ്രശംസിക്കുകയും അതേ സമയം മന്ത്രിസഭയില്‍ യുദ്ധം അവസാനിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

മേയ് എട്ടിനു ജര്‍മ്മനി കീഴടങ്ങി. സമാധാനശ്രമങ്ങള്‍ അതിനു മുന്നേ ആലോചിച്ചെങ്കിലും പബ്ലിക്ക് സ്റ്റേറ്റ്മെന്റില്‍ സുസുകി ജര്‍മ്മനി ഉണ്ടെങ്കിലും ഇല്ലെങ്കിലും ജപ്പാന്‍ യുദ്ധത്തില്‍ മുന്നേറുമെന്ന് പ്രസ്താവിച്ചെങ്കിലും പോര്‍ച്ചുഗലിലും സ്വിറ്റ്സര്‍ലിന്‍ഡിലൂടെയും ചക്രവര്‍ത്തി സ്ഥാനഭ്രംശനാകാത്ത എന്തു സമാധാനക്കരാറിനും തയ്യാറാണെന്ന് അറിയിച്ചെങ്കിലും അമേരിക്ക അത് തള്ളിക്കളഞ്ഞു.

യാള്‍ട്ടയില്‍ ചര്‍ച്ചിലും സ്റ്റാലിനും റൂസ്‌വെല്‍റ്റും ഒപ്പിട്ട ഉടമ്പടി പ്രകാരം ജര്‍മ്മനി കീഴടങ്ങി മൂന്നു മാസത്തില്‍ യു എസ് എസ് ആര്‍ ജപ്പാനെ ആക്രമിക്കും എന്നു ധാരണയുള്ളത് ജപ്പാനു പക്ഷേ അറിയില്ലായിരുന്നു. സമാധാന ചര്‍ച്ചക്ക് ജപ്പാന്‍ റഷ്യയെ സമീപിച്ചെങ്കിലും ആക്രമിക്കാനുള്‍ല ഉത്തരവാദിത്വം അറിയുന്ന സ്റ്റാലിന്‍ വ്യക്തമായ മറുപടിയൊന്നും പറയാതെ മൂന്നാം മാസത്തിനു കാക്കുകയാണുണ്ടായത്.

മാന്‍‌ഹട്ടന്‍ പ്രോജക്റ്റ് തീര്‍ന്ന് അമേരിക്ക അണുബോംബ് പ്രയോഗത്തിനു തയ്യാറായിക്കഴിഞ്ഞിരുന്നു. പോട്ട്‌സ്ഡാം സന്ദേശം വഴി ജപ്പാന്‍ നിരുപാധികം കീഴടങ്ങണമെന്ന് സഖ്യശക്തികള്‍ സന്ദേശം നല്‍കിയെങ്കിലും യുദ്ധക്കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും തുടങ്ങിയ വാചകങ്ങള്‍ വഴി കീഴടങ്ങിയാലും ചക്രവര്‍ത്തിയെ വധിക്കും എന്നൊരു കൗശലപൂ‌ര്വമായ സന്ദേശം അതിലുള്‍ക്കൊള്ളിക്കുക വഴി ജപ്പാനെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു അത്.

ട്രുമാന്റെ സര്‍ക്കാരിന്‌ അതേ സമയം ആഗസ്റ്റ് എട്ടിനു മൂന്നു മാസം തികയുമെന്നും സോവിയറ്റുകള്‍ ജപ്പാനില്‍ യുദ്ധത്തിനെത്തുമെന്നും നിശ്ചമ്മുണ്ടായിരുന്നു. ജപ്പാനിലെ അറുപത്താറു നഗരങ്ങളില്‍ ഹിരോഷിമ, നാഗസാക്കി, കൊയോട്ടോ (നാലാമത്തേതിന്റ്യെ പേരു മറന്നു) എന്നിങ്ങനെ നാലെണ്ണമൊഴിച്ച് ബാക്കിയെല്ലാം സഖ്യശക്തികള്‍, മുഖ്യമായും അമേരിക്ക പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. ഇനിയെത്തുന്ന സോവിയറ്റുകള്‍ യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ വന്ന് ക്രെഡിറ്റില്‍ പങ്കാളികള്‍ ആകരുതെന്ന് അമേരിക്ക ആഗ്രഹിച്ചു. അതേസമയം യൂറോപ്പിലെ തകര്‍പ്പന്‍ വിജയം യൂറോപ്യന്‍ രാജ്യങ്ങളെ യുദ്ധാനന്തര ലോകത്ത് അമേരിക്കയെക്കാള്‍ ഉപരി റഷ്യയുടെ സുഹൃത്തുക്കള്‍ ആക്കിയേക്കും എന്ന ഭീതിയും ബാധിച്ചു. യുദ്ധാനന്തര ലോകത്ത് അമേരിക്ക വന്‍‌ശക്തിയായി തുടരാന്‍ എളുപ്പവഴി ആണവബോംബ് പ്രയോഗം തന്നെയായിരുന്നു. ആ സമയം ലോകത്ത് മറ്റാര്‍ക്കുമില്ലാത്ത ശക്തി.

ചെമ്പടയെത്താന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കേ ഹിരോഷിമയില്‍ ഓഗസ്റ്റ് ആറിനു അണുബോംബ് ഉപയോഗിച്ചു, രണ്ടുദിവസത്തോളം എന്താണ്‌ ശരിക്കും സംഭവിച്ചതെന്ന് ജപ്പാനു മനസ്സിലായതുപോലുമില്ല. എട്ടിനു റഷ്യ ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചു. ഒമ്പതിനു രാവിലേ നാഗസാക്കിയില്‍ രണ്ടാമത്തെ ബോംബ് പതിച്ചു.

ആഗസ്റ്റ് പതിനൊന്നിനാണ്‌ ജാപ്പനീസ് പട്ടാളം ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബുകള്‍ അണുബോംബുകള്‍ തന്നെയെന്ന് സ്ഥിതീകരിച്ചത്. തുടര്‍ന്ന് ക്യാബിനറ്റ് ചേര്‍ന്നെങ്കിലും ചക്രവര്‍ത്തിയെ അമേരിക്ക വധിക്കുമെന്ന ഭീതി നിലനിന്നതിനാല്‍ കീഴടങ്ങല്‍ തീരുമാനം ഐക്യകണ്ഠമായി എടുക്കാന്‍ കഴിയാതെ പിരിഞ്ഞു. തുടര്‍ന്ന് ചക്രവര്‍ത്തി തന്നെ നേരിട്ട് മന്ത്രിസഭയോടും പട്ടാളത്തിനോടും യുദ്ധം നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു.ചക്രവര്‍ത്തിയുടെ വാക്കുകള്‍ ദൈവവചനമായ പട്ടാളവും സര്‍ക്കാരും അതിനു വഴങ്ങി. എന്നാല്‍ ചക്രവര്‍ത്തിയെയും സര്‍ക്കാരിനെയും നിലനിര്‍ത്താനുള്ള ജപ്പാന്റെ ആഗ്രഹം അനുവദിക്കപ്പെട്ടു.

ജൂണ്‍ മുതല്‍ ജപ്പാന്‍ ആവശ്യപ്പെട്ടിരുന്നതും അത്രമാത്രമായിരുന്നു. ഇനി തുടക്കത്തിലെ വാചകം വായിക്കാം.

അനോണി ആന്റണി said...

അണുബോംബ് തീരുമാനത്തെപ്പറ്റി പ്രസിദ്ധരുടെ വാചകങ്ങള്‍
ഐന്‍സ്റ്റീന്‍ - "പ്രസിഡന്റ് റൂസ്‌വെല്‍റ്റ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഹിരോഷിമയിലെ സ്ഫോടനം സംഭവിക്കില്ലായിരുന്നു"
ഗാന്ധി- "അണുബോം‌ബ് മനുഷ്യനില്‍ അവശേഷിച്ച നന്മ കൂടി ഇല്ലാതെയാക്കി"
ഐസന്‍‌ഹോവര്‍ "ജപ്പാന്‍ കീഴടങ്ങഅന്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ആ ഭയാനകമായ ആയുധം ഉപയോഗിക്കേണ്ട ആവശ്യമില്ലായിരുന്നു"

അഡ്മിറല്‍ വില്യം ലെയ് (ചീഫ് ഓഫ് സ്റ്റാഫ്, റൂസ്വെല്‍റ്റ് & ട്രൂമാന്‍ ) "എന്റെ അഭിപ്രായയത്തില്‍ ഈ ഭീകരമായ ആയുധം ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടായില്ല"

അമേരിക്കന്‍ സ്ട്രാറ്റെജിക്ക് ബോംബിങ്ങ് റിപ്പോര്‍ട്ട് " ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ച ബോംബല്ല നമ്മളെ ജയിപ്പിച്ചത്. അമേരിക്ക ആവശ്യപ്പെട്ടതുപോലെ നിരുപാധികമല്ലല്ലോ അവര്‍ കീഴടങ്ങിയതും"

ഹൂവര്‍- "മേയ്മാസം തന്നെ ഞാന്‍ ട്രുമാനോട് ജപ്പാന്‍ കീഴടങ്ങാന്‍ സന്നദ്ധമാണെന്ന് പറഞ്ഞിരുന്നതാണ്‌"

ലെവിസ് സ്ട്രാസ്സ് സ്പെഷ്യല്‍ അസിസ്റ്റന്റ് റ്റു ചീഫ് ഓഫ് നേവി- "യുദ്ധം ജയിക്കാന്‍ അണുബോംബ് വേണ്ടിയിരുന്നില്ല. ഇതു പ്രയോഗിച്ചു കഴിഞ്ഞു, ഇനി ലോകം മൊത്തം ഇത് നിര്‍മ്മിച്ചു കൂട്ടും"

ലിയോ സിലാര്‍ഡ് ആദ്യ അണുബോംബിന്റെ പിതാവ് "ജെര്‍മ്മനി കീഴടങ്ങുമെന്ന് മനസ്സിലായപ്പോല്‍ തന്നെ ഞാന്‍ ചോദിച്ചതാണ്‌, ഇനിയീ മാരകായുധം നിര്‍മ്മിക്കുന്നത് നമ്മള്‍ തുടരേണ്ടതുണ്ടോ എന്ന്.... എനിക്കു കിട്ടിയ മറുപടി റഷ്യക്ക് നമ്മള്‍ മനസ്സിലാക്കിക്കൊടുക്കണം നമ്മള്‍ക്കിതു കൈവശം ഉണ്ടെന്ന്- ജപ്പാനില്‍ ഒരു ഡെമോണ്‍സ്ട്റേഷന്‍ വഴി... "
ബ്രിഗേഡിയര്‍ ജനറല്‍ കാര്‍ട്ടര്‍ ക്ലാര്‍ക്ക് - "നമുക്ക് അതിന്റെ ആവശ്യമില്ലെന്ന് നമുക്കു തന്നെ അറിയുമായിരുന്നു. ആറ്റം‌ബോംബ് ഉണ്ടാക്കിയാല്‍ അതു പരീക്ഷിക്കണ്ടേ, പരീക്ഷിച്ചു. രണ്ടു തരം ഉണ്ടാക്കി, രണ്ടും പരീക്ഷിച്ചു"

മൂന്നാമതൊരു തരം ഇല്ലായിരുന്നതുകൊണ്ട്, മൂന്നാമത്തെ ബോംബ് നിര്‍മ്മിച്ചിട്ടില്ലാത്തതുകൊണ്ട് അന്നു കൊയോട്ടോ നഗരം രക്ഷപ്പെട്ടു. ഇന്ന് അതല്ല സ്ഥിതി.

കാള്‍ സഗന്‍ "വെറും" അയ്യായിരം മെഗാടണ്‍ ന്യൂക്ലിയര്‍ യുദ്ധം നടന്നാല്‍ എന്തു സംഭവിക്കുമെന്ന് വിവരിക്കുന്നത് ഇങ്ങനെ.
"ഒന്ന് ദശാംശം രണ്ട് ബില്യണ്‍ ടണ്‍ പൊടിയും പുകയും അന്തരീക്ഷത്തിലേക്ക് ഉയരുന്നു, മിന്നല്‍ വേഗത്തില്‍ അത് വടക്കേ ഭൂഗോളാര്‍ദ്ധത്തെയും പിന്നീട് തെക്കന്‍ ഭൂഗോളാര്‍ദ്ധത്തെയും മൂടി. സൂര്യരശ്മിയുടെ തൊണ്ണൂറു ശതമാനത്തെയും അത് ഭൂമിയില്‍ നിന്നു മറച്ചു. ഭൗമോപരിതല താപം മൈനസ് പതിമ്മൂന്നായി. (മഹാഹിമയുഗത്തില്‍ പോലും ഇങ്ങനെയെത്തിയിട്ടില്ല). ഭൂമിയിലെ സസ്യജാലം ഇല്ലാതെയായി. പൊട്ടിത്തെറിയെയും ആണവകിരണങ്ങളെയും അതിജീവിച്ച ജന്തുജാലം അടുത്ത മൂന്നു മാസം കൊണ്ട് തണുത്തും വിശന്നും മരിച്ചു തീര്‍ന്ന് ഭൂഗോളം പരിപൂര്‍ണ്ണമായും നിര്‍ജ്ജീവമായി."
ഹിരോഷിമയ്ക്കും നാഗസാക്കിക്കും ശേഷം പലതവണ നമ്മള്‍ അണുയുദ്ധത്തിനടുത്തെത്തിയതാണ്‌.

Readers Dais said...

What a beautiful & informative posts and comments(ur blog ),thanks to the bloggers world and u people who have commented here very much informative and ur style sticks ones eye to them till the end,oru dukham mathram,ive been reading lots of blogs which are even far more ineferior to this but the comments they recieve while posts like urs r neglected,thats sad... happy blogging

Calvin H said...

അനോണി ആന്റണി സൂചിപ്പിച്ച പോലെ ഇനിയൊരു ആണവയുദ്ധം ഉണ്ടായാൽ ഭൂമി മുഴുവൻ ചുട്ടെരിക്കപ്പെടും.

സംഹാരശേഷി മാത്രമല്ല ആണവായുധത്തെ വെറുക്കപ്പെട്ടതാക്കുന്നത്. അതവശേഷിപ്പിക്കുന്ന ആഫറ്റർ എഫക്റ്റ്സ് കൂടെയാണ്.


ഹിരോഷിമാ ഡയറി എന്ന പുസ്തകത്തിൽ ആണവായുധത്തിനു ഇരയായവരുടെ ദുരനുഭവം വായിക്കാം. ഇറ്റ്സ് വേഴ്സർ ദാൻ ഹെൽ :(

അരവിന്ദ് :: aravind said...

വിവരങ്ങള്‍ക്ക് നന്ദി ആന്റണി.
ഉച്ചക്കിരുന്ന് ഒരു നീളന്‍ മറൂപടി കമന്റ് എഴുതിയിരുന്നു. പോസ്റ്റാക്കിയപ്പോള്‍ കണാക്ഷന്‍ എറര്‍. മുഴുവനും പോയി.ഇനീം ടൈപ്പാന്‍ വയ്യ.

യുദ്ധത്തെ ന്യായീകരിക്കാതിരിക്കുന്നതിനോടൊപ്പം, രണ്ടാം ലോക മഹായുദ്ധം പോലെയൊരു സാഹചര്യത്തില്‍ അണുബോംബ് ജപ്പാനെ പോലെയൊരു റോഗ് നേഷനെതിരെ പ്രയോഗിച്ചതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല എന്ന് ഒന്നു കൂടി സൂചിപ്പിക്കട്ടെ. അമേരിക്കയല്ല, അത് ആരുടെ കൈയ്യില്‍ കിട്ടിയിരുന്നെകിലും അവര്‍ എവിടെയെങ്കിലും ഇട്ടേനെ. ജപ്പാന്‍-അമേരിക്ക, റഷ്യ - ജര്‍മ്മനി, ജര്‍മ്മനി- ബ്രിട്ടന്‍..അങ്ങനെ...
രണ്ടാം ലോക മഹായുദ്ധത്തെ മാറ്റി നിര്‍ത്തി അണുബോംബിട്ടതിനെ മാത്രം കണ്ട് അഭിപ്രായം നടത്തുന്നത് ഒരു തരത്തില്‍ ട്രിവിയലൈസേഷന്‍ ആകും എന്നായിരുന്നു ചുരുക്കം.

ബൈ ദ വേ ഹിരോഷിമയെ തിരഞ്ഞെടുത്തത് അതിന്റെ പരന്ന ഭൂപ്രകൃഹി കൊണ്ടായിരുന്നു എന്നാണ് അറിവ്. കൂടുതല്‍ നാശനഷ്ടത്തിനും, ആഫ്റ്റര്‍ എഫക്റ്റ് അളക്കാനുള്ള സൊഉകര്യത്തിനും! കേള്‍ക്കുമ്പോള്‍ എന്തുനീചം! ലോക മഹായുദ്ധത്തിലെ എല്ലാ അയുധങ്ങളും ഇതേ കണക്കുകൂട്ടലുകളോടെ തന്നെ പ്രയോഗിച്ചതല്ലേ!

അണുബോംബ് യുദ്ധത്തിന്റെ ബൈ‌പ്രൊഡക്റ്റ് മാത്രം! യുദ്ധമുണ്ടാകാതിരിക്കുന്നതാണ് ഏക പോം‌വഴി. എത്ര വേണേല്‍ കൊന്നോ അണുബോംബിടരുത് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം!

Joker said...

Annony

Thanks a lot for your good post. The supporters of this bombing are not thinking about the civilians and other animals. Almost all the Troops aimed to Soldiers and other Cops. But in this case they are vanishing many things. Defenitly this world will finish with Atomic energy Bcase very recent attack by US and Israel used many type atomic and mass destruction weapons. When the extremeist hand having this weapons , it will start a long and everlasting mass destructive war.

Thanks for your informativer post and comments.

Thanks for Aravind Also for make a good discussion.

Radheyan said...

എത്ര വേണേല്‍ കൊന്നോ അണുബോംബിടരുത് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം!

അതിനു വ്യക്തമായ ഒരു കാരണമില്ലേ അരവിന്ദ്.യുദ്ധം കൊല്ലുന്നത് ഒരു തലമുറയെ മാത്രമാണ്.അണുവായുധം കൊല്ലുന്നതും കൊല്ലാതെ കൊല്ലുന്നതും അനേകം തലമുറകളെയാണ്.ജനിക്കാനിരിക്കുന്ന തലമുറകളും ഒരു റോഗ് രാഷ്ട്രത്തിനു ലഭിക്കുന്ന “വളരെ സാധാരണമായ തിരിച്ചടിക്ക്”കണക്ക് പറയേണ്ടതുണ്ടോ.

അനീഷ് രവീന്ദ്രൻ said...

വായിക്കാൻ കുറച്ച് നേരം എടുത്ത്. എന്നാലും പ്രയോജനപ്പെട്ടു. ഒരു പക്ഷേ ഒരു പത്ത് ബുക്ക് വായിക്കുന്നതിന്റെ സമയം ഈ പോസ്റ്റിൽ നിന്നും കമന്റിൽ നിന്നും വായിച്ചു. സന്തോഷവും നന്ദിയും!

അരവിന്ദ് :: aravind said...

എന്നാലും യുദ്ധത്തിനെ മൊത്തം തള്ളിപ്പറയാന്‍ വയ്യ! :-)

"ഹോ പാവം ജപ്പാന്‍‌കാരുടെ ഭാവി തലമുറയെക്കുറീച്ചോര്‍ത്ത് എനിക്ക് സങ്കടം വരുന്നു..നമുക്ക് അണുബോബ് ഇടണ്ട, പകരം ആയിരക്കണക്കിന് പട്ടാളക്കാരോട് മരണം വരെയും യുദ്ധം ചെയ്ത് ജയിക്കാന്‍ പറയാം..എന്നൊക്കെ അമേരിക്ക വിചാരിക്കണം എന്നു ഇപ്പോള്‍ ഇരുന്ന് പറയാം. യുദ്ധത്തില്‍ ഭാഗമായവര്‍കൂടെ തോന്നണ്ടേ കാണികളുടെ റൂളനുസരിച്ച് യുദ്ധം ചെയ്യാന്‍?

പിന്നെ വേറെ രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നിരിക്കാം. ലോകോ സമസ്തോ സുഖിനോ ഭവന്തുവിന് വലിയ മാര്‍ക്കെറ്റ് ഇല്ലാത്ത കാലമായിരുന്നല്ലോ രണ്ടാം ലോക മഹായുദ്ധകാലം.

ജപ്പാനിലെ അറ്റമിക് ബോംബ് വിക്റ്റിംസിനു അവരുടെ പൂര്‍‌വ്വികരെ തന്നെയേ പഴിക്കാന്‍ പറ്റൂ.
ചില്ലറ ചൈനക്കാരെയാണൊ ഹോബി കില്ലിംഗ് നടത്തിയത്!

മലമൂട്ടില്‍ മത്തായി said...

When it comes to Japan and the atomic bomb, I guess its a case of one who lives by the sword got killed by it. As for the body counts and horror of radiation which made thousands "living" dead in Japan - those are just rewards for raping, murdering and pillaging entire populations of China, Korea and the whole of South East Asia.

Hitler committed suicide when he knew about the defeat. Mussolini was shot and hung from the roof of a building by meat hooks. So then why did the Japanese emperor survive? Because he bartered the lives of his own people for his personal freedom.

War itself is unjust and illogical. So if you are in it, you got to win it. By any means. History will always be written by the victors :-)

myexperimentsandme said...

ജപ്പാന്‍ കാരുടെ തോന്ന്യവാസങ്ങള്‍ അവസാനിപ്പിക്കാന്‍ അണുബോംബിടലല്ലാതെ വേറേ യാതൊരു മാര്‍ഗ്ഗവുമില്ല, നിവര്‍ത്തികേടുകൊണ്ട് ഗത്യന്തരമില്ലാതെയാണ് അണുബോംബിടേണ്ടിവന്നത്-

എന്നതല്ലായിരുന്നു അവസ്ഥയെന്നും, അണുബോംബിടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പു തന്നെ ജപ്പാന്‍ ഏറെക്കുറെ കീഴടങ്ങാന്‍ സന്നദ്ധരായിരുന്നു എന്നും

ഈ പോസ്റ്റിലും അനോണിയുടെ കമന്റുകളിലും മോര്‍ ദാന്‍ വണ്‍ ടൈം പറയുന്നുണ്ടല്ലോ അരവിന്ദ്.

അതായത് അണുബോംബുകൊണ്ടല്ല യുദ്ധം അവസാനിച്ചത്.

പിന്നെ, ജപ്പാന്‍ ചെയ്ത ക്രൂരതകള്‍ക്ക് പകരമായി അവര്‍ അനുഭവിക്കട്ടെ എന്ന ശിക്ഷാനടപടിയായാണ് അണുബോംബിടലിനെ കാണുന്നതെങ്കില്‍ നോ കമന്റ്സ്