Sunday, August 2, 2009

ഉദാരമനാസ്കിത

മലബാറി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഇറയത്ത് സായിപ്പ് തന്റെ ഹാര്‍ളി ഡേവിഡ്സണു സ്റ്റാന്‍ഡ് തട്ടി. പ്ലക്കാര്‍ഡ് ഉയര്‍ത്തി വച്ചു. നാലുപാടും കൂടിയവര്‍ കൗതുകപൂര്‍‌വം വായിച്ചു.
"പ്രിയപ്പെട്ടവരേ,
ഞാന്‍ ഊമയും ബധിരനുമാണ്‌. ഈ മോട്ടോര്‍സൈക്കിളില്‍ ലോകം ചുറ്റി ചുറ്റി പുതിയ ഗിന്നസ് റിക്കോര്‍ഡ് ഇടാനാണ്‌ ആഗ്രഹം. ഇതുവരെ ഇരുപത്തഞ്ച് രാജ്യങ്ങളിലായി അമ്പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. പെട്രോള്‍ വാങ്ങണം, വണ്ടി റിപ്പയര്‍ ചെയ്യണം, എനിക്കു ഭക്ഷണം കഴിക്കണം അങ്ങനെ ഈ യാത്രക്ക് ഒട്ടേറെ ചിലവുണ്ട്. സംഭാവനകള്‍ തന്നാലേ എന്റെ ആഗ്രഹം പൂര്‍ത്തിയാവൂ."

മുത്തുകൊണ്ടോന്റെ പറ നിറഞ്ഞു പവിഴം കൊണ്ടോന്റെ പറ നിറഞ്ഞു
നിറ നിറ നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം മനസ്സു മാത്രം ഓന്റെ മനസ്സു മാത്രം.

നാട്ടിലെ വെള്ളപ്പൊക്കവും ചികുന്‍ ഗുന്യയും പന്നിപ്പനിയും മറന്ന് നോട്ടും ചില്ലറയുമായി വന്ന മലയാളികളും , കമ്പിവേലിക്കകത്ത് പട്ടിയെപ്പോലെ കിടന്ന് ചാകുന്ന തമിഴരെയോര്‍ക്കാത്ത ശ്രീലങ്കക്കാരും ഒക്കെ സായിപ്പിന്റെ സ്നേഹം നിറഞ്ഞ നന്ദി വാങ്ങി കൃതാര്‍ത്ഥരായി മടങ്ങി.

എണ്‍പതു ശതമാനം ഇന്ത്യക്കാര്‍ക്ക് കക്കൂസില്ല
എഴുപതു ശതമാനം ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ക്ക് വിളര്‍ച്ചയാണ്‌, നാല്പ്പത്തിമൂന്നു ശതമാനത്തിനു പ്രായത്തിനനുസരിച്ചു വളര്‍ച്ചയുമില്ല
നാല്പ്പതു ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പണിയെടുക്കാനുള്ള ഊര്‍ജ്ജം ഭക്ഷണത്തില്‍ നിന്നു കിട്ടുന്നില്ല.

പ്ലക്കാര്‍ഡ് എടുത്ത് തെണ്ടാന്‍ ഇറങ്ങാന്‍ ഭയമാണ്‌, അഭിമാനവും സമ്മതിക്കുന്നില്ല.

["മരിച്ച പതിനെട്ടു കുഞ്ഞുങ്ങളുടെ കഷ്ടപ്പാട് തീര്‍ന്നു സാബ്", ഗ്രാമപ്രമുഖന്‍ ലെനിന്‍ രംഘുവംശിയോട് പറഞ്ഞു." ഇതാ ഈ ജീവച്ഛവങ്ങളെ നോക്കൂ- വെറും അസ്ഥികൂടങ്ങള്‍ . ഭൂപ്രഭുക്കളുടെ ഉപദ്രവം സഹിക്കാതെ അവര്‍ കാട്ടിലേക്കോടിയതാണ്‌. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവരെ പുറത്തേക്കും ഓടിച്ചു. ഇപ്പോള്‍ പുല്ലും കുമിളുകളും തിന്നാണ്‌ ജീവിക്കുന്നത്

5 comments:

ramachandran said...

ഒന്നു മരിച്ചുകിട്ടിയിരുന്നെങ്കില്‍ കഷ്ടപ്പാടുകള്‍ തീര്‍ന്നു കിട്ടുമായിരുന്നു !

Tom Sawyer said...

സഹതപിക്കാനും സഹായിക്കാനുമൊക്കെ ഒരു സ്റ്റാന്റേഡ് ഉണ്ട് , പോഷക ദൌര്‍ലഭ്യം കൊണ്ട് മരിച്ച് പോവുന്ന കുട്ടികളുള്ള , ദാരിദ്ര്യം കൊണ്ട് പട്ടിണി കിടക്കേണ്ടി വരുന്ന വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസികളെക്കുറിച്ച് പറയുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ അന്തസ്സ് കുറഞ്ഞ ഏര്‍പ്പാടായി...എന്തിന് തമ്മിലിത്തിരി താഴ്ന്ന ബന്ധുവിനെ പോലും അംഗീകരിക്കാന്‍ മനസ്സില്ല .

അനോണി ആന്റണി said...

രാമചന്ദ്രന്‍,
ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ പോലും ഞാന്‍ തയ്യറാണു സാര്‍ എന്ന് ജഗദീഷ് ഏതോ സിനിമയില്‍ .

ഐവാ, ഐസൊലേറ്റഡ്.
കെ എസ് ആര്‍ റ്റി സി ബസ്സില്‍ "എന്റെ ഭര്‍ത്താവിനു ക്യാന്‍സറാണ്‌ എന്റെ കാലില്‍ നീരാണ്‌ മരുന്നുവാങ്ങാന്‍ കാശില്ല" എന്ന ശീട്ട് കൊണ്ടുനടക്കുന്ന സ്ത്രീയെക്കാണുമ്പോള്‍ പുച്ഛത്തില്‍ ആ കാര്‍ഡ് തിരിച്ചു നല്‍കുന്നവര്‍ വെള്ളക്കാരന്റെ പ്ലക്കാര്‍ഡ് വായിക്കാന്‍ തിക്കുന്നത് കാണുമ്പോള്‍

കൂലിപ്പണിയെടുത്ത് പഠിപ്പിച്ച അപ്പനമ്മമാരെ കാണാന്‍ സമയമില്ലാതെ ബിസിയായിപ്പോകുന്നവരെയും നമ്പൂതിരി മോഷ്ടിച്ചാല്‍ പിഴയും ബാക്കിയുള്ളവനു അടിയുമെന്ന നിയമം, കാപ്പിരിക്ക് ആത്മാവില്ല അതുകൊണ്ട് അടിമക്കച്ചവടം പാപമല്ലെന്ന വിളംബരം ആദിവാസി സമരം ഒക്കെയോര്‍ത്തു ഞാനും.

അസോസിയേഷന്‍ പ്രോബ്ലം, അല്ല ഡിസോസിയേഷന്‍ പ്രോബ്ലം. ജാതിവെറുപ്പ്, മത വെറുപ്പ്, ദേശവെറുപ്പ്, വംശീയവെറുപ്പ്, ഭൂതകാലത്തെ ബന്ധങ്ങളോട് വെറുപ്പ്, സകലമാന തരം വെറുപ്പും ഈ ഡിസോസിയേഷന്‍ പ്രോബ്ലത്തില്‍ നിന്നാണ്‌.

Sreejith said...

Some one hacked berly's blog

http://berlytharangal.com/

Joker said...

Thanks