Sunday, June 1, 2008

ദുബായിലെ ജോലിയും ജീവിതവും

അഞ്ചല്‍ക്കാരന്റെ ഷെയറിങ്ങ് അക്കോമഡേഷന്‍ എന്ന പോസ്റ്റ് വായിച്ചു. ആളുകള്‍ മുന്‍‌പിന്‍ ആലോചിക്കാതെ ഓരോ കാര്യങ്ങള്‍ ചെയ്ത് ഒടുവില്‍ ഗതികേടില്‍ ചെന്നു ചാടുന്നത് വേണ്ടത്ര കണക്കുകള്‍ പരിശോധിക്കാത്തതുകാരണമാണ്‌.
(അക്കരെ ഇക്കരെ തെക്കേക്കരെ എന്നൊക്കെ ടെലിവിഷന്‍ പരിപാടികള്‍ നടത്തി ദുബായ് ജീവിതം എന്നാല്‍ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത സ്വര്‍ഗ്ഗമാണെന്ന് നാട്ടില്‍ ഇരിക്കുന്ന സ്ത്രീകളെ തോന്നിപ്പിച്ച് ഉണ്ടാക്കുന്ന പ്രശ്നവും, അമ്മായിയമ്മ മരുമകള്‍ പോരുകാരണം ഇവിടേയ്ക്ക് തിരിക്കുന്ന ഭാര്യമാരും മറ്റും വേറേയും)

ഒരു ഭാര്യയും ഭര്‍ത്താവും എലിമെന്ററി സ്കൂളില്‍ പഠിക്കുന്ന കുട്ടിയും ഉള്ള കുടുംബത്തിന്റെ പ്രതിമാസ ചിലവുകള്‍ ദുബായില്‍ ഏകദേശം ഇത്രയുമാണ്‌ ( കണക്ക് യൂഏഈ ദിര്‍ഹത്തില്‍)

വാടക - ഒരു ബെഡ് റൂം ഫ്ലാറ്റ്- 5000
കറണ്ട്, വെള്ളം (സീസണ്‍ ഈക്വലൈസ്ഡ്)-300
പലവ്യഞ്ജനം (ഏറ്റവും കുറഞ്ഞ സാധനങ്ങള്‍)- 1000
ഫോണ്‍ ( ഐ എസ് ഡി) -200
പെട്രോള്‍ (ടാക്സി ഉപയോഗിച്ചാല്‍ ഇതിലും വളരെ കൂടും)-200
പാര്‍ക്കിങ്ങ്/ ടോള്‍ (ടാക്സി ആണെങ്കില്‍ വേണ്ട) -50
സ്കൂള്‍ ഫീസ്( ട്യൂഷന്‍, സ്പോര്‍ട്ട്സ്, പാട്ട്, കൂത്ത് ഇല്ലാതെ) 1000
ആകെത്തുക = 7750

പ്രതിമാസം മൊത്തം അവശ്യ ചിലവ് മാത്രമാണിത്. കേബിള്‍ ടി വി, ഇന്റര്‍നെറ്റ്, പത്രം, മൊബൈല്‍ ഫോണ്‍ തുടങ്ങി നാട്ടില്‍ പോലും ആഡംബരം എന്നു കരുതാത്ത പലതും ഉള്‍പ്പെടുത്തിയിട്ടില്ല.

മെഡിക്കല്‍, വിസ, വിമാനയാത്ര, ആശുപത്രിച്ചിലവുകള്‍ / ഇന്‍ഷ്വറന്‍സ്, പുറത്തു നിന്നു ഭക്ഷണം, വസ്ത്രം, അലക്ക്, റിപ്പയറുകള്‍, കാര്‍ മോര്‍ട്ട്ഗേജ് ആണെങ്കില്‍ അതിന്റെ പ്രതിമാസ തിരിച്ചടവ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടില്ല.


ഇനി, ഇതില്‍ വരുത്താവുന്ന വ്യതിയാനങ്ങള്‍
ഒന്ന്: വാടക- ഷാര്‍ജ്ജയില്‍ താമസിച്ച് ദുബായില്‍ ജോലി ചെയ്താല്‍ വാടകയില്‍ ആയിരത്തഞ്ഞൂറു രൂപയോളം കുറഞ്ഞു കിട്ടും. റോഡ് ടോള്‍ പെട്രോള്‍ എന്നീ വകുപ്പില്‍ ഒരാള്‍ക്ക് മുന്നൂറു ദിര്‍ഹമെങ്കിലും അധിക ചിലവു വരും. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുകയാണെങ്കില്‍ ഷാര്‍ജ്ജയില്‍ താമസിച്ച് ദുബായില്‍ വന്നു പോകുന്നത് കുട്ടികള്‍ ദിവസത്തിന്റെ ഒട്ടുമുക്കാലും തനിയേ അല്ലെങ്കില്‍ ബേബിസിറ്റര്‍ക്കോ മെയ്ഡിനോ ഒപ്പം ചെലവിടാന്‍ കാരണമാകും. ഷാര്‍ജ്ജയില്‍ താമസിച്ചാല്‍ വൈദ്യുതി, വെള്ളം, പാചകവാതകം എന്നിവയിലെ ചിലവ് അല്പ്പം കുറയ്ക്കാന്‍ സഹായിക്കും. പ്രതിവാരം പത്തു മണിക്കൂറോളം വാഹനമോടിക്കാന്‍ ചെലവിടേണ്ടിയും വരും.

രണ്ട്: ഷെയറിങ്ങ് അക്കോമൊഡേഷന്‍.
രണ്ടു ബെഡ് റൂം ഫ്ലാറ്റ് വാടയ്ക്കെടുത്താല്‍ രണ്ടു കുടുംബങ്ങള്‍ കഷ്ടിച്ച് താമസിക്കാം. പ്രതികുടുംബം ഏതാണ്ട് ആയിരത്തഞ്ഞൂറു രൂപ വാടകയിനത്തില്‍ മാസാമാസം ലാഭിക്കാം. സ്വകാര്യതയില്ലായ്മ, പങ്കാളിയായ കുടുംബം ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിയമപരമായ ബാദ്ധ്യത തുടങ്ങിയ പ്രശ്നങ്ങള്‍ മാത്രമല്ല, ഫാമിലികള്‍ ഫ്ലാറ്റ് ഷെയര്‍ ചെയ്യുന്നത് നിയമം അനുശാസിക്കുന്നുമില്ല. രണ്ടില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒരു ഫ്ലാറ്റില്‍ താമസിക്കുന്നത് ബുദ്ധിമുട്ടുകള്‍ പല മടങ്ങ് വര്‍ദ്ധിപ്പിക്കും.

ആവശ്യത്തിനു വിദ്യാഭ്യാസവും സാഹചര്യവുമുണ്ടെങ്കില്‍ ദമ്പതികള്‍ ഇരുവരും ജോലി ചെയ്യുന്നതാണ്‌ നല്ലത് (ഗര്‍ഭകാലം, മുലയൂട്ടുന്ന കുട്ടികളെ വളര്‍ത്തുന്ന സമയം തുടങ്ങിയ സമയങ്ങളില്‍ ഇത് കഷ്ടപ്പാടാണ്‌, പ്രത്യേകിച്ചും വീട്ടില്‍ ഭാര്യാഭര്‍ത്തഅക്കന്‍മാര്‍ മാത്രമുള്ള സാഹചര്യമണ്‌ ഒട്ടുമിക്കവര്‍ക്കും, കൈക്കുഞ്ഞുങ്ങള്‍ പലപ്പോഴും ദിവസത്തിലധികവും ബേബിസിറ്റര്‍മാരുടെ ദയയിലാകുന്നു).

ദുബായില്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ഏക ജോലി ട്യൂഷന്‍ പഠിപ്പിക്കല്‍ ആണ്‌. ബേബി സിറ്റിങ്ങ്, ഹോം അസ്സിസ്റ്റിങ്ങ്, എക്സ്റ്റിക്യൂട്ടീവ് ലഞ്ച് പാക്കിങ്ങ് തുടങ്ങി സാധാരണ നഗരങ്ങളില്‍ വീട്ടില്‍ നിന്നും ചെയ്യാവുന്ന കാര്യങ്ങള്‍ മിക്കതും നിയമം അനുവദിക്കുന്നില്ല ഇവിടെ.


ഇനി ഒരു ബാച്ചിലര്‍ ആയി താമസിക്കുകയാണെങ്കില്‍ വരുന്ന ചിലവ് നോക്കാം (ഒട്ടേറെ ജോലികളില്‍ സിംഗിള്‍ അക്കോമൊഡേഷന്‍ കൊടുക്കുന്നുണ്ട് എങ്കിലും താരതമ്യസൗകര്യത്തിനായി അത് കണക്കിലെടുക്കുന്നില്ല


വാടക - ( ആറു പരുടെ ഫ്ലാറ്റ്)- 750
കറണ്ട്, വെള്ളം (സീസണ്‍ ഈക്വലൈസ്ഡ്)-50
പലവ്യഞ്ജനം (ഏറ്റവും കുറഞ്ഞ സാധനങ്ങള്‍)- 300
ഫോണ്‍ ( ഐ എസ് ഡി ) -400
ബസ്സ്/ ടാക്സി - 150
ആകെ പ്രതിമാസ മിനിമം ചിലവ് -1650
മിക്ക കമ്പനികളും ജോലിക്കു പോകാന്‍ സ്റ്റാന്‍ഡേര്‍ഡ് സ്ഥലങ്ങളില്‍ നിന്നും വാഹന സൗകര്യം കൊടുക്കുന്നതുകൊണ്ടും പരമാവധി സമയം വീടിനുള്ളില്‍ തന്നെ വേണമെന്നില്ലാത്തതിനാല്‍ പൊതുഗതാകത വകുപ്പിന്റെ ബസ്സ് സമ്വിധാനം ഉപയോഗിക്കാവുന്നതുകൊണ്ടും കാര്‍ അത്യാവശ്യമാകുന്നില്ല.


"ബാച്ചിലര്‍" ജീവിതം നയിക്കുന്നതില്‍ നിന്നും കുടുംബമായി താമസിക്കുന്നതിലേക്ക് ആറായിരം ദിര്‍ഹമെങ്കിലും അധിക ചിലവ് വരും എന്ന് കണ്ടല്ലോ. ഇന്ത്യന്‍ രൂപയില്‍ പ്രതിവര്‍ഷം ഏതാണ്ട് ഏഴരലക്ഷം രൂപ. ഒരു മാസത്തെ അധിക ചിലവ് വിമാനയാത്രയ്ക്ക് മാറ്റിവച്ച് പ്രതിവര്‍ഷ ലീവ് ഒരാഴ്ച്ച വീതമുള്ള നാലു സ്ലോട്ട് ആക്കി ചിലവാക്കാന്‍ തുനിഞ്ഞാല്‍ മൂന്നു മാസത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാവുന്നതേയുള്ളു.


കുടുംബം നടത്തുന്ന ഒരാളാണെങ്കില്‍ ദുബായില്‍ ബാച്ചിലറായി ജോലി ചെയ്യുന്നത് പല തരം ജീവിത പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നത് മറക്കുന്നില്ല, ഇരുപതു വര്‍ഷം ഒറ്റയ്ക്ക് ദുബായില്‍ താമസിച്ച് ജലി ചെയ്യുന്ന ഒരു വിവാഹിതന്‍ ഭാര്യയോടും മക്കളോടുമൊത്ത് ഫലത്തില്‍ രണ്ടു വര്‍ഷം പോലും ജീവിക്കുന്നില്ല! ആ ജീവിതം ഒരിക്കലും തിരിച്ചു കിട്ടുകയുമില്ല. ഒറ്റയ്ക്കു താമസിക്കുന്ന ഒരാള്‍ക്ക് മദ്യാസക്തി, പുകവലി, അലസജീവിതരോഗങ്ങള്‍, അനഭിമതഭക്ഷണജന്യ രോഗങ്ങള്‍ തുടങ്ങിയവ വന്നു ചേരാനുള്ള സാദ്ധ്യത വളരെയേറും. പക്ഷേ എടുത്താല്‍ പൊങ്ങാത്തൊരു ജീവിതച്ചിലവ് തലയില്‍ വയ്ക്കുന്നത് കാര്യങ്ങള്‍ ഇതിലും വഷളാക്കും. കഴിയുമോ എന്ന് ചിന്തിച്ച് മാത്രം സകുടുംബം ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.


ഇന്ത്യക്കാരില്‍ മിക്കവരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്നത് ശേഷകാല ജീവിതത്തിനോ മറ്റെന്തിനെങ്കിലുമോ പണം സമ്പാദിക്കാനാണ്‌. അതിനാല്‍ അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഒന്ന്: താമസമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ജോലിയാണെങ്കില്‍ കുറഞ്ഞത് രണ്ടായിരം ദിര്‍ഹം ശമ്പളമില്ലെങ്കില്‍ സ്വീകരിക്കുന്നതിനു പകരം നാട്ടില്‍ തൂമ്പപ്പണി ചെയ്യുകയാകും ബുദ്ധി.

രണ്ട്: എങ്ങനെയെങ്കിലും എത്തിപ്പെട്ടിട്ട് കോടീശ്വരനോ ലക്ഷപ്രഭുവോ ആകുന്ന കഥകള്‍ സിനിമയിലേ സംഭവിക്കൂ. അലഞ്ഞു തിരിഞ്ഞ് പോലീസ് പിടിച്ചു ജയിലിലടയ്ക്കുന്നവരും ഒരു നേരം ഭക്ഷണത്തിനു വിഷമിക്കുന്നവരും ആയിരക്കണക്കിനാണ്‌ ഇവിടെ. പലര്‍ക്കും തിരിച്ചു പോകാന്‍ ആവുന്നുമില്ല.

മൂന്ന്: പ്രതിമാസം നാലായിരം ദിര്‍ഹം കുടുംബനാഥനു വരുമാനമുണ്ടെങ്കില്‍ സകുടുംബം താമസിക്കാനുള്ള വിസ ലഭിക്കും എന്നാല്‍ മുകളിലത്തെ കണക്കു പ്രകാരമുള്ള തുക പ്രതികുടുംബം ഉണ്ടാക്കാന്‍ കഴിയുമെങ്കിലേ ദുബായില്‍ ജീവിക്കാനാവൂ. ക്രെഡിറ്റ് കാര്‍ഡുകള്‍ കുന്നുകൂടുന്ന ജീവിതം ഒടുക്കം ദുരന്തത്തില്‍ ചെന്നു നില്‍ക്കും.

നാല്‌: കൃത്യമായും തന്നെ സംബന്ധിക്കുന്ന നിയമങ്ങള്‍ അറിഞ്ഞിരിക്കണം, അതില്‍ നിന്നാണ്‌ അവകാശങ്ങളുണ്ടാകുന്നത്. നിങ്ങള്‍ തന്നെ നിയമം ലംഘിക്കാത്തിടത്തോളം കാലം ഒട്ടുമിക്ക അവകാശങ്ങളും നേടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം സഹായിക്കും. എന്നാല്‍ ഇവിടത്തെ ജോലി ഒരു അവകാശമല്ല, കരാര്‍ മാത്രമാണെന്ന് ഓര്‍ക്കുക, നിങ്ങളുടെ തൊഴില്‍ക്കരാറില്‍ പറയുന്ന അത്ര മാത്രമേ അവകാശവും ബാദ്ധ്യതയും നിങ്ങള്‍ക്കുള്ളൂ, കാരണം നിങ്ങള്‍ കരാറില്‍ പുറത്തു ജീവിക്കുന്നയാളാണ്‌, പൗരനോ അതിഥിയോ അല്ല.

22 comments:

അനില്‍ശ്രീ... said...

ഇവിടെ പറഞ്ഞിരിക്കുന്നത് ഒരു റഫ് ഐഡിയ ആയതിനാല്‍ വായനക്കാര്‍ക്ക് വേണ്ടി കുറച്ച് കൂറ്റി ചേര്‍ക്കുന്നു.

റ്റി.വി ഒഴിച്ചു കൂടാത്ത ഒരു ഐറ്റം ആയതിനാല്‍ അതിനുള്ള കാശ് കൂട്ടിച്ചേര്‍ക്കണം.- 60

പിന്നെ ഫാമിലി ആയിക്കഴിഞ്ഞാല്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും(ഭൂരിഭാഗം ആള്‍ക്കാരും) ഒരു പ്രാവശ്യം എങ്കിലും ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നു. അതിന്റെ ചിലവ്.- 100

ഫാമിലിക്ക് എയര്‍ റ്റിക്കറ്റ് ഇല്ലാത്തവര്‍ മാസം കരുതി വയ്കേണ്ട തുക. 3000/12 = 250

നാട്ടില്‍ ചെന്നാല്‍ ഒരു മാസം കൊണ്ട് ചിലവാകുന്ന തുകക് കരുതി വയ്കേണ്ട തുക - 400 (depends)

പിന്നെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ മാസം കരുതി വയ്കേണ്ട തുക - (അബു ദാബിയില്‍ ഫാമിലി ഇന്‍ഷുറന്‍സ്, കമ്പനിയുടെ ഉത്തരവാദിത്വം ആണെങ്കിലും ഇത് ദുബായില്‍ നിര്‍ബന്ധം ആക്കിയോ എന്നറിയില്ല)-150

പിന്നെ ഫാമിലിക്ക വേണ്ട വസ്ത്രങ്ങള്‍, അലങ്കാരങ്ങള്‍ (ആവറേജ്) - 100

ഇനിയുമുണ്ട്.

Radheyan said...

ഈ കണക്കുകള്‍ റോക്ക് ബോട്ടമാണ്. സത്യത്തില്‍ എങ്ങനെ പോയാലും ഇതിലുമധികമാവും.

കണ്ണൂസ്‌ said...

ദുബായിലും കമ്പനി മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കണമെന്നത് നിര്‍ബന്ധമാണ്‌. പക്ഷേ പലര്‍ക്കും ഫാമിലി കവറേജ് കാണില്ല എന്നേയുള്ളൂ.

ആന്റണി, കാറിന്റെ ചെലവില്‍ ഒരു പ്രധാന ഐറ്റം കൂടി കണക്കാക്കണം. വര്‍ഷാവര്‍ഷമുള്ള റീ-രെജിസ്റ്റ്രേഷനും ഇന്‍ഷുറന്‍സും. അമ്പതിനായിരം ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സിന്‌ രണ്ടായിരം ദിര്‍ഹം പ്രീമിയം മാറിക്കിട്ടും. രെജിസ്ട്രേഷന്‍ അഞ്ഞൂറ്. ഒരു മാസത്തില്‍ ആയിരം കിലോമീറ്റര്‍ ഓടുന്ന വണ്ടിയാണെങ്കില്‍ വര്‍ഷത്തില്‍ നാല്‌ സര്‍‌വീസുകളെങ്കിലും വേണ്ടി വരും. അതായത് 1000 ദിര്‍ഹം അവിടേയും. റിപ്പയറിന്റെ ഭാഗത്തേക്ക് കടക്കാതിരിക്കുകയാണ്‌ നല്ലത്! മൊത്തത്തില്‍ മാസം ഒരു മുന്നൂറ് ദിര്‍ഹം ഇതിനു മാത്രമായി മാറ്റിവെക്കണം.

തറവാടി said...

"ഒരു മാസത്തെ അധിക ചിലവ് വിമാനയാത്രയ്ക്ക് മാറ്റിവച്ച് പ്രതിവര്‍ഷ ലീവ് ഒരാഴ്ച്ച വീതമുള്ള നാലു സ്ലോട്ട് ആക്കി ചിലവാക്കാന്‍ തുനിഞ്ഞാല്‍ മൂന്നു മാസത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാവുന്നതേയുള്ളു."

നല്ല ഒരു സജ്ജഷനാണിത് പ്രത്യേകിച്ചും വരുമാനം കുറവുള്ളവര്‍ക്ക്.

ഇന്ന് ഈ വിഷയത്തിലുള്ള പോസ്റ്റ് കണ്ടതില്‍ ഒരു യാദൃശ്ചികത , രാവിലെ ഡോര്‍ തുറന്നതും ഒരു നോട്ടീസ് കിടക്കുന്നു , ഒരു അപ്പാര്‍ട്ട് മെന്‍‌റ്റിന് ഒരു കാര്‍ പാര്‍ക്കിങ്ങ് മാത്രം ഫ്രീ , അഡിഷനല്‍ കാറുണ്ടെങ്കില്‍ 4000/- ദിര്‍‌ഹം വര്‍ഷത്തില്‍ കൊടുക്കാന്‍ പാര്‍ക്കിങ്ങിന്. മിക്കവര്‍ക്കും രണ്ട് കാറുകളുണ്ട് കാരണം മിക്ക സ്ത്രീകളും ജോലിക്കാരാണെന്നത് തന്നെ.

സാല്‍ജോҐsaljo said...

ഫൈന്‍,ടോള്‍ മാറിമറിയുന്ന നിയമങ്ങള്‍. ഇവ പോരാഞ്ഞ്,സാധന സാമഗ്രികളുടെ വര്‍ധന. ദിര്‍ഹത്തിന്റെ മൂല്യത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ വന്‍ തിരിച്ചടിയാണ് ദുബൈ മലയാളിക്ക് നല്‍കുന്നത്.

ജിം, റിഫ്രഷ്മെന്റ്, ചെറിയ ടൂറുകള്‍, സിനിമ, ബാര്‍/ഹോട്ടെയ്‌ത്സ്/റെസ്‌ട്രോന്റ്സ്, ഔട്ടിംഗ് , ഡ്രസ്, എന്നിവക്ക് പണം വല്ലപ്പോഴുമെങ്കിലും ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഓരോ ദിര്‍ഹത്തിന്റെയും കണക്കുകള്‍ നിരത്തിവച്ചിരിക്കുന്ന ആളുകളെ സ്ഥിരം കാണാം.

ഇതെല്ലാം കഴിഞ്ഞ് മിച്ചം വരുന്ന പണം ആരു നിക്ഷേപിക്കുന്നു. (കള്ളസ്വാമിമാര്‍ക്ക് കൊടുത്തുകൊള്ളൂ, ജാത്യാലുള്ളത് തൂത്താല്‍ പോവില്ലല്ലോ!) ഒന്നും മിച്ചം വയ്ക്കാതെ ഇപ്പോഴും ജീവിച്ചുപോകുന്ന ആളുകള്‍ ഉണ്ട്. അടുത്തവര്‍ഷത്തോടെ നിര്‍ത്തിപോകുന്ന കാര്യം പലരും പറയാറുണ്ട്. ഈ അടുത്ത് വര്‍ഷം വരുന്നില്ലെന്ന് മാത്രം.

കൂടുതല്‍ ശമ്പളത്തില്‍ പുതുതായി വരുന്നവര്‍ ജോയിന്‍ ചെയ്യുന്ന പ്രവണത കൂടുതലായിക്കാണുന്നു. രണ്ടായിരം ദിര്‍ഹമെന്നല്ല മൂവായിരത്തിനുപോലും ആളുകള്‍ വിരളം.

സത്യത്തില്‍ ഇപ്പോഴാണ് പണം അക്കമിട്ട് നോക്കുന്നത്. അനില്‍ശ്രീ, ഓരോ മാസവും ഇതിന് കരുതിവയ്ക്കേണ്ട തുക താങ്കളുടെ ഈ കമന്റ് കണ്ടപ്പോഴാണ് അങ്ങനൊരു വസ്തുത ഓര്‍ക്കുന്നത് പോലും!

ബാച്ചിലര്‍ ലൈഫില്‍ കുഴപ്പമില്ല പക്ഷേ അങ്ങനൊരു പേരും വച്ച് പെണ്ണുകെട്ടരുതെന്നും, സന്തോഷമായി ആര്‍മ്മാദിച്ചുനടക്കുന്ന പാവം പെണ്‍കുട്ടികളെ ഇവിടെ കൊണ്ടുവന്ന് സങ്കടപ്പെടുത്തരുതെന്നുമാണ് എന്റെ പക്ഷം.

അനില്‍ശ്രീ... said...

സത്യമാണ് സാല്‍ജോ, പലരും മറക്കുന്ന കണക്കുകള്‍ ആണിത്. ഒരു നാട്ടില്‍ പോക്ക് എന്നാല്‍ എത്ര ചിലവ് ആണെന്ന് അറിയാമല്ലോ. പോകുന്ന സമയമാകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഒക്കെ ഫുള്‍ ആക്കി പോയി, തിരികെ വരുമ്പോള്‍ ചക്രശ്വാസം വലിക്കേണ്ട ഗതികേടാണ് പലര്‍ക്കും ഉണ്ടാവുക. (അതിനുള്ള തുക മാസാമാസം സേവ് ചെയ്യാന്‍ സാധിക്കില്ല എന്നത് ഒരു സത്യം.)

രാധേയന്‍ പറഞ്ഞത് പോലെ ഇത് റോക്ക് ബോട്ടം ആണ്. സത്യം ഇതിലും എത്രയോ അപ്പുറം.

ഒരു പരസ്യത്തില്‍ പറയുന്നതു പോലെ നാല്പ്പതിനായിരം രൂപയുടെ ജോലി, നാട്ടില്‍ മാളിക പണിയാം എന്ന് സ്വപ്നം കാണുന്നവര്‍ക്ക്, അതില്‍ എത്ര രൂപ ചിലവാകും എന്ന് പരസ്യക്കാര്‍ പറഞ്ഞു കൊടുക്കില്ലല്ലോ.

രണ്ട് പേര്‍ക്കും ജോലി ഉള്ളത് കൊണ്ട് പിടിച്ച് നില്‍ക്കുന്നവരാണ് ഇന്ന് പലരും.

Visala Manaskan said...

കണക്കുകള്‍ ആന്റണിപറഞ്ഞതും കമന്റില്‍ പറഞ്ഞതും എല്ലാം സത്യങ്ങളാണ്.

പക്ഷെ, ഫാമിലിയെ കൊണ്ടുവരുവാന്‍ കയറ് പൊട്ടിച്ച് നടക്കുന്നവര്‍‍ക്കൊരു മുന്നറിയിപ്പാണീ പോസ്റ്റെങ്ങില്‍ റണ്ണിങ്ങ് എക്സ്പെന്‍സുകള്‍ മാത്രം പറഞ്ഞാല്‍ പോര .

വ്യത്യസ്തനല്ലാത്തൊരു ഗള്‍ഫുകാരനാണെങ്കില്‍, വിസയെടുപ്പും, ടിക്കറ്റും, മെഡിക്കലും, വിസ സ്റ്റാമ്പിങ്ങും, സ്കൂള്‍ അഡ്മിഷനും കരന്റ്,വെള്ള,ഗ്യാസ്, ഫ്ലാറ്റ് ഡെപ്പോസിറ്റുകളും ഡൌണ്‍ പേയ്മെന്റും, കിണ്ടി കുടുക്ക വട്ടക ചെമ്പ് ചരക്ക് ഐറ്റംസും ഫര്‍ണിഷിങ്ങും ഒക്കെപാടെ ട്രൌസര്‍ കീറിപ്പറഞ്ഞ് ഏറെക്കുറെ വിരിയാമിട്ടിന്റെ പീസ് പോലെ പൊഴിഞ്ഞ് വീഴും.

മാസാമാസ ചിലവുകള്‍ ടി കളസം റിപ്പയറിങ്ങിന്റെ ഇടയ്ക്കാവുമ്പോള്‍.. ശരിക്കും, മജ ആയേഗ!

:)

ഹരിയണ്ണന്‍@Hariyannan said...

ആന്റണിയുടെ കണക്കുകളിലും അല്പം കൂടി അനില്‍ പറഞ്ഞതിനോ അതിനു മേലെയോ പോയി മുട്ടും സത്യം!
ഇതിനിടക്ക് വണ്ടിയുള്ളവന് ആര്‍.ടി.എ. ചുമത്തുന്ന ഭീമമായ പിഴകളും സാലിക് ഇടിവെട്ടുകളും ഒക്കെയാവുമ്പോള്‍ സംഗതി കൈവിട്ടുപോകും!
നാട്ടില്‍ പോകുമ്പോഴുള്ള ചെലവോര്‍ത്താല്‍ നാട്ടിലേ പോകണ്ടാന്നോര്‍ക്കും!!

പ്രവീണ്‍ ചമ്പക്കര said...

ചിലവുകള്‍ ഇനിയും ഏറെ ഉണ്ട് എങ്കിലും..കുടുബത്തെ കോണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരം.

അതുല്യ said...

ആന്റണീം രാധേയനും ഒക്കെനും പറഞത് നിലനിര്‍ത്തികൊണ്ട് തന്നെ, ഒരു മുന്നറിയിപ്പും ഇല്ലാതെ, വരുന്ന വളരെ വേണ്ടപെട്ടവരുടെ മരണം എന്ന സത്യത്തിന്റെ കണക്കോ മക്കളേ? രണ്ട്,കൊല്ലം മുന്ന് മരണത്തിനു അതും അവിടെ എത്തിയ കാലഘട്ടത്തില്‍ തന്നെ പോകേണ്ടി വന്ന് ആളാണു ഞാനും ഭര്‍ത്താവും. പിന്നെ ആരും പറയാത്തത്, നിര്‍ബ്ബന്ധമായിട്ടും വന്ന് രണ്ട് കൊല്ലമെങ്കിലും കുട്ടികള്‍ക്ക് പോവേണ്ടതായിട്ട് വരുന്ന അറബി ട്യൂഷന്‍, 300 ദിര്‍ഹംസ്.

എല്ലാര്‍ക്കും കാറുണ്ട്, അല്ലെങ്കില്‍ കാറ് ഓടിയ്ക്കാന്‍ പഠിച്ചാല്‍ ജോലി മാറി സെയിത്സില്‍ ആയാല്‍ ശംബളം കൂടും, കീചെയിനില്‍ കാറിന്റെ താക്കോല്‍ കിടന്നാല്‍ ഒരു ഗമ വേറെ എന്നൊക്കെ ഭാര്യ ആക്രാന്തം കാട്ടീ, ലൈസന്‍സ് എടുക്കാന്‍ ചേരുന്ന ഭര്‍ത്താവ് പ്രതിമാസം മാ റ്റി വയ്കേണ്ടുന്ന തുക 500. (ജയം 15 റ്റെസ്റ്റിനു ശേഷവും സ്വാഹ!)

മിനിമം 7000 എങ്കിലും ഇല്ലാതെ ഒറ്റയ്ക് ശബളം മേടിയ്ക്കുന്ന ഭര്‍ത്താവ് എങ്കില്‍ ഭാര്യയേ കൂട്ടികൊണ്ട് ഈ നരകത്തിലേയ്ക് വരാതിരിയ്കാന്‍ ശ്രമിയ്ക്കുക. എന്നിട്ടും വാശി പിടിയ്ക്കുന്ന ഭാര്യയാണെങ്കില്‍,പണ്ട് സ്വാര്‍ഥന്‍ (ആന്റണിഡെയിന്‍) ഒരു പോസ്റ്റിട്ടിരുരുന്നു,കൊണ്ട് വന്നിട്ട് അത് പോലെ ചെയ്യുക :) ഗള്‍ഫ് = സ്വര്‍ഗ്ഗം എന്നാണു ഇപ്പോഴും ഇവിടെം ഞാന്‍ വന്നിട്ടും ആളുകള്‍ പറയണത്. ഒരു റാഫില്‍ റ്റിക്കറ്റടിച്ചാല്‍ ഈ പറയുന്നവരെ ഒക്കേനും ജൂണ്‍ ജൂലായ് മാസങ്ങളില്‍ കൊണ്ട് വന്ന് ഷെയറിങ്/1 ബെഡ് റൂം അക്കമഡേഷനില്‍ താമസിപ്പിച്ച് ഞാന്‍ തിരിച്ചയപ്പിയ്ക്കും.

ആരും പെണ്ണ് കെട്ടരുതെന്നും, ഇങ്ങോട്ട് കൊണ്ട് വരരുതെന്നും ഒന്നും വായിച്ചെടുക്കേണ്ട കാര്യമില്ല. പെണ്ണ് കെട്ടുമ്പോഴ് സത്യം പറഞ്, വരവ് ഇത്രേയുള്ളു, പഠിപ്പുണ്ടെങ്കില്‍ അവളും ഒരു ജോലിയ്ക്ക് പോയാല്‍, തീരാവുന്ന പ്രശ്നമേയുള്ളു. എന്നാല്‍ തന്നെയും, ഉടനെയുണ്ടാവുന്ന കുഞിന്റെ വരവും, പിന്നെ ജോലിയ്ക് പോവാനുള്ള ബുദ്ധിമുട്ടുമെല്ലാം ആവുമ്പോഴ്, ആകെ പൊരിച്ചിലാ‍വും. കഴിയുന്നതും ബാച്ചി ലൈഫിലുള്ളവര്‍ ഇപ്പൊഴ് വല്ലതും ഒക്കെ സ്വരൂപിച്ച് വച്ച്, കുടുംബം ആവുമ്പോഴ് അത് ഉപയോഗിയ്ക്കുവാന്‍ നോക്കുക. കൂടെ താമസിപ്പിയ്ക്കുന്നത് എന്തും കൊണ്ടും നല്ലത് തന്നെ. പ്കഷെ, ഒരു കുഞി കട്ടിലിന്റെ കീഴില്‍,10 ആളുകള്‍ വേറേ ഉപയോഗിയ്ക്കുന്ന അടുക്കളയ്ക്കും, കുളിമുറിയ്ക്കും പങ്കാളിയായിട്ട് അവിടെ ജീവിയ്ക്കുന്നതിനോട് യോജിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്.

സാല്‍ജോҐsaljo said...

പെണ്ണുകെട്ടരുതെന്നല്ലാ അതുല്യാജീ പറഞ്ഞത്. അന്തോനിച്ചന്റെ കണക്കുവച്ച് നോക്കിയാല്‍ 7000 കിട്ടുന്നവന് എന്തു സേവിംഗ്? ആ ‘നരകം‘ തന്നെയാണുദ്ദേശിച്ചത്. :)


ഫാമിലിയായിക്കഴിഞ്ഞ് ഇവിടെ താമസിക്കുന്നതിനോട് യോജിപ്പ് എനിക്കൊട്ടും ഇല്ല. ഗള്‍ഫ് വരുന്ന തലമുറയ്ക്ക് ഒന്നും തരുന്നില്ല എന്ന്തു തന്നെ കാരണം. നാട്ടിലെ രീതികള്‍, കള്‍ച്ചര്‍, എല്ലാമായി ഇണങ്ങി, പറഞ്ഞുനടക്കാന്‍ ഒരുപാടുള്ളൊരു ബാല്യം. അതു നശിപ്പിക്കുന്നത് ക്രൂരതയാണ്. മറ്റുരാജ്യങ്ങളില്‍ നിന്നുവരുന്നവന്‍ എന്നും ഇവിടെ വരത്തന്‍ മാത്രമായിരിക്കും എന്നതാണ് വസ്തുത. ‘ഗോള്‍’ എന്ന സിനിമ കണ്ടാല്‍ അതിലൊരു സീനുണ്ട്. ഞാനിവിടെ ജനിച്ചുവളര്‍ന്നതാണ്. എന്നൊക്കെ ഡയലോഗ് വീട്ടിലിരുന്ന് നടത്തിയെങ്കിലും ഒരു ഫുഡ്‌ബോളറായ ജോണ്‍‌നെ അവര്‍ സെലക്ട് ചെയ്തില്ല. റേസിസം. ഇവിടെയും പരോക്ഷമായി ഒന്നും കുറവല്ല. സെപ്റ്റംബര്‍ മുതല്‍ 2 ടോള്‍ ഗേറ്റ് കൂടി വരുന്നു. ഇന്നുമുതല്‍ വിസിറ്റ് വിസ ആപ്ലീകേഷന്‍ 500 ദിര്‍ഹംസ് ആയി. ഇവിടെയിനി ക്ലച്ച് പിടിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.

ഗള്‍ഫില്‍ അധികമായിട്ടില്ലാത്തവരോട് വര്‍ഷങ്ങളായുള്ളവര്‍ക്ക് എന്താണ് പറയാനുള്ളത് ഭാവിയെ പറ്റി?


തറവാടിമാഷെ ഏതധികചെലവാണുമാറ്റേണ്ടത്? ഒന്നുകൂടി പരത്തിപറയൂ. മനസിലായില്ല. ഏതുകമ്പനി തരും അങ്ങനെ ഇടയ്ക്കിടെ ലീവ്. ദിവസം എത്രയും ആവട്ടെ.

Radheyan said...

അഞ്ചല്‍ക്കാരന്റെ പോസ്റ്റില്‍ ഞാന്‍ രാവിലെ ഇട്ട മറുപടി പ്രസക്തമെന്ന് തോന്നുന്നത് കൊണ്ട് ഇവിടെയും പോസ്റ്റുന്നു,ദുബായി നരകസ്ഥനായ (നഗരസ്ഥനായ)അന്തോണീസേ പൊറുക്കേണമേ...

ഷോക്കിംഗ് എന്നു പറഞ്ഞു കൂടാ.നാം എല്ലാം കണ്ടു കേട്ടുമല്ലേ ഇരിക്കുന്നത്.കുറേ കൂടി വ്യക്തമായി ഇത് അപഗ്രഥിക്കപ്പെടണമെന്ന് തോന്നുന്നു.

ഗള്‍ഫിലേക്ക് വരുന്നത് 10-12 വര്‍ഷത്തിനകം തിരികെ പോകാം എന്ന പ്രതീക്ഷയിലാണ്.പക്ഷെ ഇതൊരു രാവണന്‍ കോട്ടയാണ്.ഇനി വിസാ നീട്ടി കിട്ടില്ലെന്ന സമയമാകുമ്പോഴാണ് പലരും തിരികേ പോകുന്നത്.(നാട്ടിലെത്തി 2 വര്‍ഷത്തിനകം ആള്‍ പരലോകത്തേക്ക് വിസ കിട്ടി പോകും).

വിചാരിക്കുന്ന പോലെ തിരികേ പോവാന്‍ കഴിയാത്തത് വിചാരിച്ച പോലെ ഒന്നും മിച്ചം വെയ്ക്കാന്‍ കഴിയാത്തതു കൊണ്ണ്ടാണ്.തിരികേ പോകുമ്പോഴും ബാകിയായി ഉണ്ടാവുക അവസാ‍നമാസത്തെ ശമ്പളവും ഗ്രാറ്റുവിറ്റിയും ലീവ് സാലറി ക്രഡിറ്റില്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതും മാത്രമായിരിക്കും.

യു.എ.ഇ. ഒരു മായക്കാഴ്ച്ച മാത്രമാണ്.മിനിമം 4500 ദിര്‍ഹം ഇല്ലാതെ ഒറ്റയ്ക്കും 10000 ദിര്‍ഹമെങ്കിലും ഇല്ലാതെ കുടുംബമായും കഴിയുക പ്രയാസമായിരിക്കുന്നു.

ഒരു 4 അംഗ കുടുംബത്തിന്റെ ചിലവ് ഏതാണ്ട് ഇങ്ങനെ വരുമെന്ന് തോന്നുന്നു.
വീട്ടുചിലവ്-1200-1500,വിദ്യാഭ്യാസം-2000,മരുന്ന്-500,വാടക 3000 മുതല്‍ എത്രയും..കാര്‍ ഇന്ധനം-500,ഫോണ്‍-350,ഇതിനു പുറമേ ക്രഡിറ്റ് കാര്‍ഡില്‍ വാങ്ങുന്ന ആവശ്യമുള്ളതും ഇല്ലാത്തതുമായ ചിലവുകള്‍.

ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള സ്വാഭാവിക ബന്ധം ഇവിടെ (റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍) നിലനില്‍ക്കുന്നില്ല.ഖിസൈസിലും നാദായിലും മറ്റും അനേകം കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു.അവയ്ക്ക് 80 മുതല്‍ 120 വരെ ലക്ഷം ദിര്‍ഹം വാടക ആവശ്യപ്പെടുന്നു.ആരും വരുന്നില്ല.എന്നിട്ടും വില മേലോട്ട് തന്നെ.ആരും വരാത്തതിനു കാരണം മാര്‍ക്കറ്റിനെ ബൈപ്പാസ് ചെയ്യാന്‍ ആളുകള്‍ കണ്ടുപിടിച്ച അഞ്ചല്‍ക്കാരന്‍ പറഞ്ഞ് വിവിധ സൂത്രങ്ങളാണ്.അവ സ്വാഭാവികമായി തകരുകയോ അധികാരികളാല്‍ തകര്‍ക്കപ്പെടുകയോ ചെയ്യും.

യു.എ.ഇ റിപ്പാട്ട്രിയേഷന്‍ നിയമങ്ങള്‍ ഇല്ലാത്ത രാജ്യമാണ്.ഇവിടെ സമ്പാദിക്കുന്ന പണം മുഴുവന്‍ നാട്ടിലേക്ക് കടത്തിയാലും സര്‍ക്കാറ് തടയില്ല.ആദ്യകാലങ്ങളില്‍ പണത്തിന്റെ 80 ശതമാനവും ഇങ്ങനെ കടത്തപ്പെടുകയായിരൂന്നു.ഇത് മനസ്സിലാക്കി പണം ഇവിടുത്തെ വിപണിയില്‍ നിന്നും പുറത്തു പോകാതിരിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ വ്യവസ്ഥിതി അവലംബിക്കുന്നു.അങ്ങനെയാണ് ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടിയും മറ്റും ഭരണകൂടം പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത്.പക്ഷെ കണ്ണൂസ് പറഞ്ഞത് പോലെ വിചാരിച്ച റ്റേക്കിംഗ് ഇവയ്ക്കില്ല.ഇന്നും വീണിടം വിഷ്ണുലോകം എന്നു കരുതുന്ന ചില യൂറോപ്യന്മാര്‍ മാത്രമാണ് ഇവിടെ ഫ്ലാറ്റുകളും മറ്റും വാങ്ങുന്നത്.കൊടകരയില്‍ നിന്നും ജബല്‍ അലിക്ക് ദിനവും വന്നു പോകുന്ന മനമങ്ങും മിഴിയിങ്ങുമായ മലയാളികളെ കിട്ടിയാലേ ഈ കച്ചവടം പൊടിപൊടിക്കൂ.പക്ഷെ വളരെ ഹൈപ്പില്‍ ലോഞ്ച് ചെയ്യപ്പെട്ട റിയല്‍ എസ്റ്റേറ്റില്‍ മറുനാട്ടില്‍ നിന്നും വന്‍ തുക ലോണ്‍ എടുത്ത് നിക്ഷേപിക്കാമോ എന്ന് ആധി മലയാളിക്ക്.

20 വര്‍ഷത്തെ ഒരു നിക്ഷേപമായി ഇതിനെ കണ്ടാല്‍ കുഴപ്പമില്ല.ഇപ്പോള്‍ കൊടുക്കുന്ന വാടകയും നിക്ഷേപത്തിനൂ കരുതുന്ന തുകയും ചേര്‍ത്താല്‍ ഒരു പക്ഷെ മാസാമാസമുള്ള അടവാകുമായിരിക്കും.പക്ഷെ 20ആം വര്‍ഷമോ അതിനു മുന്‍പോ ഈ കെട്ടിടമൊക്കെ പഴകി,അത് പൊളിച്ചേക്ക് എന്ന് അധികാരികള്‍ പറഞ്ഞാല്‍........ശുഭം

(നീണ്ട കമന്റിനു മാപ്പ്)

പ്രവീണ്‍ ചമ്പക്കര said...

കുറഞ്ഞ വരുമാനക്കാര്‍ക്ക് ആശ്വാ‍സം ആയിരുന്ന ഈ ഷെയറിങ്ങ് ഇതുപോലെ നശിപ്പിച്ചതും , നമ്മള്‍ മലയാ‍ളികള്‍ തന്നെ.ഗിസ്സയിസ്സ് ഏരിയയില്‍ 26 വില്ലകള്‍ വരെ എടുത്ത് കാര്‍ഡ്ബോര്‍ഡ് കൊണ്ട് മറ്ച്ച് മാസം2500 ദിര്‍ഹം വാങ്ങി- 3 മാസം കൊണ്ട് ഒരു വര്‍ഷത്തെ മുഴുവന്‍ വാ‍ടകയും കിട്ടി, പിന്നെയുള്ള 9 മാസ വാടക ലാഭം ആയി കൈയില്‍ വക്കുന്ന മലയാളിയെ എന്തു വിളിക്കണം?
പിന്നെ 5000 ദീര്‍ഹം വീട്ട് അലവന്‍സും 20000 ദിര്‍ഹം ശബളവും ഉള്ള ഒരു എഞിനിയര്‍ 10-7-5 വയസ്സുള്ള പെണ്‍കുട്ടികളുമാ‍യി, ഹോര്‍ലന്‍സില്‍, പട്ടാന്‍മാരുടെ ഇടയില്‍ ഒരു വില്ലയിലെ ഒരു റൂമില്‍ കഴിയുന്നതും കണ്ടു. ആ മലയാളിയെ എന്തു വിളിക്കണം?

വല്യമ്മായി said...

സാല്‍‌ജോ ,

വര്‍ഷത്തില്‍ ഒരുമാസം ഒഴിവുള്ളത് നാലായി പകുക്കുന്ന കാര്യമണുദ്ദേശിച്ചത് അതു പക്ഷെ എത്ര കമ്പനികളില്‍ നടക്കുമെന്നറിയില്ല , മിഡില്‍ മാനേജ് മെന്റിലുള്ളവര്‍ക്ക് കമ്പനികള്‍ എതിര്‍ക്കില്ലെന്നാണെന്‍‌റ്റെ പക്ഷം. സാമ്പത്തികം മാത്രമാണുദ്ദേശിച്ചത്.

തറവാടി said...

ക്ഷമിക്കണേ മുകളിലത്തേത് എന്‍‌റ്റെ കമന്‍‌റ്റായിരുന്നു :)

തറവാടി

asdfasdf asfdasdf said...

പണ്ട് രണ്ടു വര്‍ഷത്തോളം കണ്‍സള്‍ട്ടന്റായിരുന്നപ്പോള്‍ മുന്നുമാസം കഴിയുമ്പോള് നാട്ടില്‍ പോകുമായിരുന്നു. സത്യത്തില്‍ അന്ന് ഒരു നാട്ടില്പോക്ക് നല്ലൊരു ചെലവാണ്. ഇപ്പോള്‍ അത് ഏറേ മാറിയിരിക്കുന്നു. അനോനിയുടെ അഭിപ്രായത്തോട് യോജിക്കുനു.

G.MANU said...

No Gulf , Decided...

സൂര്യോദയം said...

ഗള്‍ഫ്‌ സ്വപ്നം കാണുന്നവര്‍ക്ക്‌ ഒരു ചെറിയ ഡോസ്‌ അല്ലേ? പ്രത്യേകിച്ചും പല സ്ത്രീകളും വായിച്ചിരിക്കേണ്ടതുമായ ഒരു പോസ്റ്റ്‌...

സുഗതരാജ് പലേരി said...

ദില്ലിയിലും ഈ പറഞ്ഞതില്‍ നിന്നും വല്യധികം വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. വാടക കൊടുത്ത്, ഫാമിലിയയി താമസിക്കുന്നവര്‍ക്ക് മിച്ചം വയ്ക്കാന്‍ ഒന്നും സാധിക്കാറില്ല എന്നതാണ്‌ നേര്.

ഓ.... കഴിഞ്ഞുകൂടാം... അത്രമാത്രം...

കണ്ണൂസ്‌ said...

നാട്ടിലെ രീതികള്‍, കള്‍ച്ചര്‍, എല്ലാമായി ഇണങ്ങി, പറഞ്ഞുനടക്കാന്‍ ഒരുപാടുള്ളൊരു ബാല്യം

അതു വേണോ? :) ബാല്യം പറഞ്ഞു നടന്നാല്‍ പോരല്ലോ. വലുതാവുമ്പോ അച്ഛനേം അമ്മയേം പോലെ ഗള്‍ഫില്‍ വരേണ്ട അവസ്ഥയുണ്ടാകാതിരിക്കുകയും വേണ്ടേ?

സാല്‍ജോҐsaljo said...

തന്നെ തന്നെ ;)

റീവ് said...

വെറും ഒരു വര്‍ഷം പ്രായമുള്ള ഗള്‍ഫ് കാരനാണ് ഞാന്‍. വല്യ പ്രതീക്ഷകളൊന്നും കൊണ്ടല്ല വന്നതും എന്നിട്ടും ഈ ജീവിതം നേരിട്ടനുഭവിച്ചപ്പോള്‍ എന്തു വികാരം ആണ് പ്രകടിപ്പിക്കേണ്ടത്‌ എന്ന് അറിയാത്ത അവസ്ഥ. പട്ടിണി കിടക്കാന്‍ വേണ്ടി കടം വാങ്ങേണ്ടി വരുന്ന ഗള്‍ഫുകാരനെ നാട്ടില്‍ ആര്‍ക്കും മനസിലാവില്ല കുബ്ബുസും മറ്റുമൊക്കെയായി ജീവിച്ചു പോയാലും അവശ്യം ചിലവിനും പിന്നെയും ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കേണ്ടി വരുന്നവന്റെ അവസ്ഥ. അനുഭവസ്ഥര്‍ക്കെ മനസിലാവു