Monday, June 28, 2010

എസ് വടിവുള്ള അക്ഷരങ്ങള്‍

അങ്ങനെ പോള്‍ മുത്തൂറ്റ് വധം സി ബി ഐ ഒരു കരയടുപ്പിക്കുകയാണ്‌. പഴയ വാര്‍ത്തകള്‍ പലതും ഗൂഗിള്‍ തരുന്നെങ്കിലും ലിങ്കില്‍ ഞെക്കി പത്രങ്ങളുടെ സൈറ്റില്‍ പോകുമ്പോള്‍ ഫയല്‍ നോട്ട് ഫൗണ്ട്, പേജ് ക്യനോട്ട് ബീ ഡിസ്പ്ലേയ്ഡ് എന്നൊക്കെ വരുന്നത് യാദൃശ്ചികം തന്നെയാവണം.


എന്‍ പി ആറിന്റെ പോസ്റ്റ് ഇപ്പോഴും സൈറ്റിലുണ്ട്. കാര്‍ ആക്സിഡന്റിനെ തുടര്‍ന്നുള്ള തര്‍ക്കമാണ്‌ കുത്തില്‍ കലാശിച്ചതെന്ന കേരളാ പോലീസിന്റെ നിഗമനത്തെ പുച്ഛിച്ചു തള്ളാന്‍ എന്‍ പി ആറിനു രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.

വെറുതേ അനുമാനിച്ചതല്ല- ഒരു കുത്തിലെ മുറിവു കണ്ടാല്‍ എസ് ആകൃതിയുള്ള കത്തിയാണെന്ന് മനസ്സിലാക്കാന്‍ കേരളാ പോലീസിനെന്താ മാജിക്ക് അറിയുമോ, പിണറായി വിജയന്‍ പോള്‍ വധക്കേസിനെപ്പറ്റി രണ്ടു പ്രാവശ്യം മാധ്യമങ്ങളോട് സംസാരിച്ചതെന്തുകൊണ്ട്, സാധാരണ എഫ് ഐ ആര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ എഴുതുമ്പോള്‍ ഇത്തവണ ഉന്നതാധികാരികള്‍ വന്നത് യഥാര്‍ത്ഥ കൊലയാളിയെ ഒളിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതുകൊണ്ടല്ലേ എന്നിങ്ങനെ പല വാലിഡ് സംശയങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു- എലിമെന്ററി , കാരിയും കൂരിയുമെല്ലാം പടച്ചുണ്ടാക്കിയ കഥയാണ്‌.കേരളാ പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ട് സി ബി ഐ അന്വേഷിക്കാന്‍ അപേക്ഷിക്കാന്‍ മുത്തൂറ്റ് കുടുംബത്തിന്‌ തീര്‍ച്ചയായും അവകാശമുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പക്ഷേ, കേരളാ പോലീസ് അന്വേഷണം വഴിതിരിച്ചു എന്ന രീതിയില്‍ ആയിരുന്നു.ബിനീഷ് കോടിയേരിയെ അച്ഛന്‍ കുറ്റവിമുക്തനാക്കിയെന്ന് വീക്ഷണം- ഈ കൊലയ്ക്കു പിന്നിലും ബിനീഷ് ആണെന്ന് നമുക്കുറപ്പുള്ളപ്പോള്‍ പിന്നെ ആഭ്യന്തരമന്ത്രിക്ക് തന്റെ മകനെ അങ്ങു തല്ലിക്കൊന്നൂടേ?എസ് ആകൃതിയിലെ ഹര്‍ജ്ജിയെഴുത്തും ഉണ്ടായിരുന്നു.നൂറ്റി എഴുപത് തെളിവുകള്‍ ആണ്‌ രാമങ്കരി പോലീസ് കണ്ടെടുത്തത്. ഇതില്‍ ഒരെണ്ണം- എസ് കത്തി കൃത്രിമമാണെന്ന് സി ബി ഐ കണ്ടെത്തി. ആദ്യമായി എവിഡന്‍സ് പ്ലാന്റിങ്ങ് എന്നു കേള്‍ക്കുമ്പോള്‍ മോശം തോന്നും, പക്ഷേ കോടതിയുമായി (ഏതു രാജ്യത്തെയും) അടുത്തു പരിചയമുള്ളവര്‍ക്ക് മറ്റെല്ലാത്തരത്തിലും കണ്‍‌വിന്‍സിങ്ങ് ആയ കേസില്‍ ഒരു എവിഡന്‍സ് ഇല്ലാതെ തള്ളിപ്പോയേക്കാം എന്ന അവസ്ഥ വരുമ്പോള്‍ പോലീസ് അത് നിര്‍മ്മിക്കാറുണ്ട് എന്ന് അറിയാന്‍ പറ്റിയേക്കും. അങ്ങനെ അറിവില്ലാത്തവര്‍ ഗൂഗിള്‍ ബുക്സില്‍ പോയി പ്ലാന്റഡ് എവിഡന്‍സ് ഫോറന്‍സിക്ക് എന്നിങ്ങനെ രണ്ടുമൂന്നു പദം ഉപയോഗിച്ചാല്‍ ആവശ്യമുള്ള റിസല്‍റ്റ് കിട്ടും. പുറത്തു പറയാന്‍ കൊള്ളരുതാത്ത സത്യം. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ? ഇല്ല. ഇങ്ങനെ ചെയ്യാറുണ്ടോ, ഉണ്ട്. എന്തു ചെയ്യും? ചെയ്യരുതായിരുന്നു, പകരം ക്ഷമയോടെ അന്വേഷിച്ചാല്‍ സി ബി ഐ കത്തി കിട്ടിയേനേ. ( കൊലയ്ക്കു ശേഷം ഏതെങ്കിലും കിണറ്റിലിട്ട കത്തി കണ്ടെടുക്കാന്‍ ഒന്നുകില്‍ പ്രതിയെ ഇടിക്കുക അല്ലെങ്കില്‍ ജോത്സ്യന്റെ അടുത്തു പോകുക എന്നു രണ്ട് വഴിയേ ഉള്ളെന്ന് ഒരു പോലീസുകാരന്‍. )

അങ്ങനെ സിബി ഐ കുറ്റപത്രം തയ്യാറാകുന്നു, ഒന്നുകില്‍ കണ്ണടയ്ക്കാം, അല്ലെങ്കില്‍ സി ബി ഐയെ പിണറായി സ്വാധീനിച്ചതാണെന്ന് പുതിയ ക്രിമിനല്‍ വാരിയില്‍ എഴുതാം, വേറെന്തു ചെയ്യും.

13 comments:

cALviN::കാല്‍‌വിന്‍ said...

ഇന്റര്‍പോളിനെക്കൊണ്ട് ഒന്ന് അന്വേഷിപ്പിച്ചാലോ?

jamal|ജമാൽ said...

aa hha vannallo vanamaala evideyayirunnu mashe oru vivaravumillallo

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്തായിരുന്നു അക്കാലത്തെ കോലാഹലങ്ങള്‍..?ചത്തത് പോളെങ്കില്‍ കൊന്നത് കോടിയേരിയും പിണറായിയും ചേര്‍ന്ന് എന്നല്ലായിരുന്നോ അച്ചു നിരത്തല്‍ ! എത്ര ന്യൂസ് അവര്‍ ചര്‍ച്ചകള്‍ നടന്നു...എന്നിട്ടിപ്പോ എന്തായി?

എവിടെ പോയി ചാനല്‍ ബുദ്ധിജീവികള്‍?

suraj::സൂരജ് said...
This comment has been removed by the author.
suraj::സൂരജ് said...

മുറിവിന്റെ ഷേപ്പ് വച്ച് ആയുധത്തിന്റെ ഷേപ്പ് മനസ്സിലാക്കാന്‍ പൊലീസിന് മാജിക്കറിയാമോ എന്ന് ചോദിക്കുന്നവന് മെഡിക്കല്‍ ഫൊറെന്‍സിക്സിന്റെ അടിസ്ഥാന വിവരം പോലുമില്ല. നാട്ടില്‍ ഡിസ്കവറി ചാനല്‍ കാണുന്ന ചെറിയ പിള്ളാര്‍ക്കറിയാം entrance wound-ഉം exit wound-ഉം ഒക്കെ എന്താണെന്ന്‍. വിവരമില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ ആ വങ്കത്തരം വച്ചോണ്ട് അങ്ങോട്ട് ക്ലാസെടുക്കാന്‍ പോകുന്ന എന്‍.പി.ആര്‍ സ്വയം കിഴങ്ങനാണെന്ന്‍ മൈക്കു കെട്ടി വിളിച്ചു പറയുകയാണ് ചെയ്യുന്നത് !

suraj::സൂരജ് said...
This comment has been removed by the author.
suraj::സൂരജ് said...

അന്നത്തെ പുകിലെല്ലാം വായിച്ചുകഴിഞ്ഞപ്പം ഞാന്‍ വിചാരിച്ചത് എവിടെയോ കരിസ്മാറ്റിക് ധ്യാനം കൂടിയിട്ട് അച്ചന്‍ പട്ടത്തിനു ചേരാന്‍ തീരുമാനിച്ച് തിരികെ പോകുകയായിരുന്ന പോള്‍ ജോര്‍ജിനെ ദുബായില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയ ബിനീഷ് കോടിയേരി ഓം‌പ്രകാശിന്റെ കൈയ്യില്‍ നിന്ന് ഒരു കത്തി വാങ്ങി കുത്തിക്കൊന്നെന്നും അതുകഴിഞ്ഞ് പുത്തന്‍ പാലം രാജേഷ് എന്നൊരുത്തന്‍ ഇരുന്ന് ജോര്‍ജിനെ വേവിച്ചു തിന്നു എന്നോ മറ്റോ ആയിരുന്നു

അനിയന്‍കുട്ടി | aniyankutti said...

സിബിഐ റിപ്പോര്‍ട്ട് പത്രങ്ങളില്‍ വരാന്‍ സാധ്യത ഇങ്ങനെയാവുമെന്ന് എന്റെ മനസ്സ് പറയുന്നു.

"പോലീസ്‌ നിഗമനം സിബിഐ തള്ളി: കത്തി നിര്‍മ്മിച്ചത്‌ പോലീസ്‌ നിര്‍ദ്ദേശപ്രകാരം"

ബാക്കിയൊക്കെ പഴങ്കഥ!

ബിനോയ്//HariNav said...

ഇനി കോടതിയില്‍ ജഡ്ജിയേമ്മാന്‍ പോലീസിന്‍റെ കത്തിയേക്കുറിച്ച് രണ്ട് കലിപ്പ് പരാമര്‍ശങ്ങളും കൂടെ നടത്തിക്കിട്ടിയാല്‍ കുശാലായി :)

കങ്കാരു said...

ഇതു സംബന്ധിച്ചു ഇന്നലെ മനോരമ പറയുന്നത് നോക്കുക.
സീബിഐ അന്വേഷണം പൂര്‍ത്തിയാക്കി. കേരളപോലീസ് കണ്ടെത്തിയ പ്രതികള്‍ തന്നെ സീബിഐ ചുണക്കുട്ടികളുടെയും പ്രതികള്‍.ജയചന്ദ്രന്‍ ഒന്നാം പ്രതി കാരി സതീശന്‍ രണ്ടാംപ്രതി എന്നിങ്ങനെ ഇരുപതില്‍പരം പ്രതികള്‍.കൊല നടന്നത് വാക്കേറ്റത്തിനൊടുവില്‍...സൊ ഫോര്‍ത്ത് ആന്‍ഡ്‌ സൊ ഓണ്‍ (കേരളപോലീസ് കഥ തന്നെ സീബിഐ 'കഥ' എന്ന് ചുരുക്കം).
ഇനി രായെന്ദ്രന്‍ (പയേ മയിസ്ട്രെറ്റ് ഫയിം)ആക്ഷേപഹാസ്യമെഴുതി നാം ചിരിച്ചു പള്ളയുളുക്കിയ എഴ്ത്തു നോക്കുക.

"മാധ്യമങ്ങള്‍ പറയുന്നത്ര മോശക്കാരല്ല കേട്ടോ ഈ കൊട്ടേഷന്‍ തൊഴിലാളികള്‍. മനുഷ്യസ്നേഹം കൊണ്ട് നിലക്കക്കള്ളിയില്ലാതായവരും കൂട്ടത്തില്‍ ഉണ്ടെന്നു Paul വധക്കേസിലെ പോലീസ് കണ്ടെത്തല്‍ വായിച്ചാല്‍ മനസ്സിലാകും...അനീതിയും അധര്‍മ്മവും അവര്‍ക്ക് കണ്ടു നില്‍കാനായില്ല.വേറൊരു വാഹനത്തില്‍ കുതിച്ചു പാഞ്ഞു തല്‍ക്ഷണം കുറ്റവാളിയെ കുത്തികൊല്ലുകയാണ് അവര്‍ ചെയ്തത്..." ഒടുവില്‍ ഇപ്പൊ കേരളപോലീസ് ആരായി,ശ്രീ ശ്രീ എന്‍.പിയാര്‍ ആരാവണം. സീബീഐ ഗൌണ്ടര്‍ ആയി,ഒറപ്പ്.ജനം കൊവര്കഴുതക്ക് ലോകാവസാനം വരെ പഠിക്കും എന്നുറപ്പിച്ചു 'മാധ്യമ' പ്രവര്‍ത്തനം നടത്തുന്ന ഈ ടൈപ്പ് മാധ്യമഭാസ്കരന്മാര്‍ സഹ്യന് വടക്കോട്ട്‌ ഇല്ലാത്തതിനാല്‍ അവിടെ ബന്കാര് ലക്ഷ്മണും ജയജെട്ളിയും,ഫെര്‍ണാണ്ടസും സഭാചോദ്യത്തിന് കോഴ വാങ്ങിയ എംപിമാരും,മനുഷ്യക്കടത്ത് എംപിമാരും ഒക്കെ പെര്മനെന്റായി കട്ടപ്പുറത്തായി. നേരത്തെ പറഞ്ഞ മലയാളമാധ്യമ ശിങ്ങങ്ങള്‍ പിണറായിയുടെ പേ റോളില്‍ ആണോ എന്നാ ഇപ്പൊ സംശയം. അല്ലെങ്കില്‍ ഇത്ര പൊട്ടത്തരം പറഞ്ഞു ജനത്തെ നിരന്തരം പറ്റിക്കുമോ.{ഓംപ്രകാശ് "നാടുകടന്നു" പാര്‍ത്ത ദുഫായി നക്ഷത്രഹോട്ടല് അവിടൊക്കെതന്നെ ഉണ്ടല്ലോ അല്ലെ,മര്‍ഡോക്കേ?}
ഓഫ്‌: 'ക്രിമിനല്‍'വാരികയില്‍ കുറച്ചുദിവസം മുന്പു കണ്ടത് - പിണറായി തച്ചങ്കരി രാജന്‍പീ ദേവ്,ബാലന്‍ കെ നായര്‍,ജോസ്പ്രകാശ് ടീജി രവി എന്നിവരൊക്കെ കുവൈത്തിലെ
Le Maridian (5 നക്ഷത്രം)ഹോട്ടലില്‍ കണ്ടുമുട്ടി.വായിച്ചപ്പോ എനിക്ക് തോന്നിയത് = എടാ പര വങ്കാ ലെമരിഡിയന്‍ ഒരു സെക്കന്റ് ഒഴിയാതെ കേമറ ആളുകളെ ഒപ്പിയെടുത്തുകൊണ്ടിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലല്ലേ.(അങ്ങനെ യാണല്ലോ ഹമാസ് നേതാവിനെ ദുബായി ഹോട്ടലില്‍ കൊന്ന ഇസ്രയെളികളെ തിരിച്ചറിഞ്ഞത്).ഈ "സാമൂഹ്യവിരുദ്ധ കൂടിക്കാഴ്ചയുടെ" ഒരു ബിറ്റ് ഏഷ്യാനെറ്റിനോ,മനോരമക്കോ, ഇന്ത്യാവിഷനൊ കൊടുത്താല്‍ പോരെ. അത് സംഘടിപ്പിക്കാനാണോ പണി. എങ്കില്‍ പിണറായി മറ്റൊരു ബങ്കാരു ലക്ഷ്മണ്‍ എപ്പോ ആയീന്നു ചോദിച്ചാ മതി.

akhilesh said...

കൊള്ളാം.
"ഒന്നുകില്‍ കണ്ണടയ്ക്കാം, അല്ലെങ്കില്‍ സി ബി ഐയെ പിണറായി സ്വാധീനിച്ചതാണെന്ന് പുതിയ ക്രിമിനല്‍ വാരിയില്‍ എഴുതാം, വേറെന്തു ചെയ്യും."

സി ബി ഐയ്ക്ക് തെറ്റ് പറ്റിയതാണ് , സംശയമില്ല. ജനവികാരം മാനിച്ചെങ്കിലും അച്ഛനെയും മോനെയും ആദ്യത്തെ അഞ്ചു പ്രതികളില്‍, മിനിമം ആദ്യത്തെ പത്തു പ്രതികളില്‍ പെടുത്തേണ്ടതായിരുന്നു. അത് നടന്നില്ല. പോട്ടെ. ഇനിയും പ്രമാദമായ കൊലക്കേസുകള്‍ നാട്ടില്‍ വരുമല്ലോ. അപ്പൊ നോക്കാം. നോക്കണം.

ചാനലുകാര്‍ പോലും ഇപ്പോള്‍ 'പോളോ? ഏതു പോള്‍?' എന്ന മട്ടിലായി.

Ambi said...

പോള്‍ ജോര്‍ജിനെ ബിനീഷ് കോടിയേരി ചെന്ന് കുത്തിക്കൊന്നെന്ന് പത്രങ്ങളെഴുതും പോലെ തന്നെ അവിശ്വസനീയമല്ലേ വഴിയില്‍ ആരേയോ വണ്ടി തട്ടിയ ദേഷ്യത്തില്‍ കാരി സതീശന്‍ പിറകേ ഓടിച്ചിട്ട് കുത്തിക്കൊന്നെന്നുള്ള വാര്‍ത്തയും.ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നൊക്കെയുള്ള തണ്ടും തടിയുമിക്കെയുള്ള തിരുവന്തോരം അണ്ണന്മാര്‍ കൂടെയുണ്ടായിരുന്നപ്പോഴും.
എസ് ആകൃതിയിലുള്ള കത്തി പ്ലാന്റഡ് തെളിവല്ലല്ലോ. ഫോര്‍ജ്ഡ് തെളിവല്ലേ (കട്:വിക്കി). മറ്റെല്ലാ തരത്തിലും കണ്‍‌വിന്‍സിംഗ് ആയ കേസിലുമല്ല ഈ തെളിവ് ഉണ്ടാക്കിയിരിയ്ക്കുന്നത് ആകപ്പാ‍ടേ ഊഹാപൊഹയങ്ങളില്‍ കിടന്ന് കറങ്ങുമ്പോഴല്ലേ മാധ്യമങ്ങളും പോലീസും ചേര്‍ന്ന് നാട്ടുകാരെ മുഴുവന്‍ ഒരു എസ് ആകൃതിയിലുള്ള കത്തി കാട്ടി വെരട്ടിയത്.
അല്ലെങ്കിലേ ഞാന്‍ ഒരു ഗൂഡാലോചനക്കാരനാണ്. പോലീസും മാധ്യമങ്ങളും ചേര്‍ന്ന് കോടിയേരിയേയും പിണറായിയേയും കാണിച്ച് ജനത്തിന്റെ കണ്ണു വെട്ടിച്ചെന്നാണ് എനിയ്ക്ക് തോന്നുന്നത്.ഇത്ര മാധ്യമ ശ്രദ്ധ ഒക്കെയുള്ള കേസില്‍ പച്ചയായി ഇത്തരമൊരു കള്ളത്തെളിവ് ഉണ്ടാക്കിയവന്‍ അത് ജനം കണ്ട്പിടിയ്ക്കുമെന്നും അത് മുഖ്യ വാര്‍ത്തയാകുമെന്നും അറിയാതെയായിരിയ്ക്കില്ല ഇതൊക്കെ ചെയ്തത്.(അറിയാതെയാണെങ്കില്‍ ഇവന്മാരൊക്കെയാണൊ ഐ പീ എസ് എന്നൊക്കെ പറഞ്ഞ് നിരങ്ങുന്നതെന്നോര്‍ത്ത് പേടിയ്ക്കാം.) ഇടികൊടുത്ത് കത്തി വരുത്തിയ്ക്കാന്‍ വയ്യാഞ്ഞിട്ടാണ് എന്നൊക്കെ പറയുന്നത് മണ്ടത്തരമാകും. പലക്കാട്ട് ഒരു പ്രതിയെ ഇടിച്ചു കൊന്നത് സത്യമെല്ലാം തെളിഞ്ഞ് കഴിഞ്ഞല്ലേ. കാരി സതീശന്‍ കൊന്നെങ്കില്‍ തിന്നവന്‍ എവിടേയോ ഇരുന്ന് ചിരിയ്ക്കുന്നുണ്ടാവും.കള്ള വാര്‍ത്തകളും ലീഡും ബോധപൂര്‍വം നല്‍കി സുന്ദരമായി ആളെപ്പറ്റിച്ചിട്ട്.

ബിനീഷ് കോടിയേരിയോട് തീര്‍ത്തും സഹതാപമേയുള്ളൂ. അച്ഛന്‍ മന്ത്രിയായിരിയ്ക്കുന്നതുകൊണ്ട് മര്യാദയ്ക്ക് ജീവിയ്ക്കാന്‍ പോലും ജനം അവരെ അനുവദിയ്ക്കുന്നില്ല എന്നത് തികച്ചും ദുര്യോഗം തന്നെ.ഡെങ്കിപ്പനി വരുന്നതിനു കാരണം ശ്രീമതി ടീച്ചറിന്റെ പിള്ളെരാന്ന് ഇവരൊക്കെ എന്നെഴുതിയെന്ന് ചോദിച്ചാല്‍ മതി.

I want U to rebel !!! said...

ഒടുവില്‍ സീ ബീ ഐ കത്തി കണ്ടെടുത്തു .,ഒന്നല്ല രണ്ടെണ്ണം , പക്ഷെ കണ്ടെടുത്ത കത്തികളും ഏകദേശം എസ് ഷേപ്പ് തന്നെയാണ് !!..എസ് ഷേപ്പ് കത്തിയെ കുറിച്ച് നാഴികക്ക് നാല്പതു വട്ടം പറഞ്ഞിരുന്ന ഏഷ്യാനെറ്റിന് ഇപ്പോള്‍ ഒന്നും മിണ്ടാനില്ല .ദുഫായില്‍ നിന്ന് പ്രതികളെ സീ പീ എം കാര്‍ കോണകത്തിനുള്ളില്‍ വെച്ച് നാട്ടിലേക്ക് കൊണ്ട് വന്നുവെന്ന് ഇവര്‍ പറഞ്ഞില്ലല്ലോ .ഭാഗ്യം !!..ഇവരുടെയെല്ലാം ഉദ്ദേശം ഒന്ന് തന്നെയായിരുന്നു ..കേസ് പോലീസ് അന്വേഷിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നാലോ , സീ ബീ ഐ ക്ക് വിട്ടു കാര്യങ്ങള്‍ നയത്തില്‍ തീര്‍ക്കാന്‍ തന്നെയാണ് അവര്‍ ഉദ്ദേശിച്ചത് ,ഇതിനു വേണ്ടി മാധ്യമങ്ങളിലൂടെ വിവാദം സൃഷ്ടിക്കുകയും അവസരം പാര്‍ത്തിരുന്നു തക്ക സമയത്ത് വേണ്ടപ്പെട്ടവര്‍ അവതരിക്കുകയും സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയുമാണ് ഉണ്ടായത് ...പിന്നിലെ കളികള്‍ മനസ്സിലാകാത്ത പൊതുജനം എന്നും കഴുതകള്‍ ആകുന്നു , ഈ നാടകങ്ങളില്‍ ചില മാധ്യമങ്ങള്‍ ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്ന കളികളിലെ കൂട്ടി കൊടുപ്പുകാരുമാകുന്നു.