Sunday, April 4, 2010

കല്പ്പിത സഭ്യത

"രക്തം, മലം, മൂത്രം, കഫം, ഇന്ദ്രിയം ഇവ പരിശോധിക്കപ്പെടും." എന്നായിരുന്നു ഞാനൊക്കെ സ്കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ മെഡിക്കല്‍ ലാബുകള്‍ വയ്ക്കുന്ന ബോര്‍ഡ് . ആദ്യം ഇതു ശ്രദ്ധിച്ചപ്പോള്‍ ഒരു ജിജ്ഞാസ തോന്നി. ആദ്യത്തെ നാലില്‍ മൂന്നും വൃത്തികേടാണ്‌, അഞ്ചാമത്തെ ഇന്ദ്രിയം എന്താണാവോ.

വീട്ടില്‍ ചെന്ന് നേരേ ചോദിച്ചു. എന്താണ്‌ ഇന്ദ്രിയം?
സെന്‍സസ്- പഞ്ചേന്ദ്രിയങ്ങള്‍ എന്നു വച്ചാല്‍...

അത്രേയുള്ളൂ. ഹ കള.

കുറച്ചു കൂടെ വലുതായി കാര്യവിവരമൊക്കെ വന്നപ്പോള്‍ സംഗതി പിടികിട്ടി. ശേഷം അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ എന്ന പാട്ടു കേട്ടപ്പോള്‍ അതുവരെ തോന്നാത്ത ഗൂഢാര്ത്ഥം എന്തോ വരികളില്‍ തോന്നുകയും ചെയ്തു.

പിന്നെ പിന്നെ ബോര്‍ഡുകള്‍ ബോള്‍ഡ് ആയി. അഞ്ചാമത്തെ വൃത്തികേടായി അവര്‍ ശുക്ലമെന്നു തന്നെ എഴുതി. "ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ" എന്നൊക്കെ പാട്ടു കേള്‍ക്കുമ്പോള്‍ 'ശുഭം' എന്നാണോ ഉദ്ദേശിക്കുന്നതെന്നൊക്കെ എനിക്കു മനസ്സില്‍ അറിയാതെ സംശയം മുളയ്ക്കുന്നത് ബാക്കിയുമായി.

തമിഴുനാട്ടില്‍ ഭാര്യ എന്ന പദം ഇതുപോലെ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ഉന്‍ വൈഫ് എന്നോ നിന്റെ ഉന്നോട പൊണ്ടാട്ടി, മനൈവി എന്നൊക്കെയോ പറയുന്നത് മോശമാണ്‌. ഇംഗ്ലീഷിലാണെങ്കില്‍ ഫാമിലി എന്നു പറയണം, തമിഴിലാണെങ്കില്‍ സംസാരം എന്നും.

പാച്ചുവും കോവാലനും കാര്‍ട്ടൂണില്‍ ഒരിക്കല്‍ വീട്ടുമുറ്റത്ത് വന്ന് മുണ്ടുപൊക്കി കാണിച്ച് അസഭ്യം പറഞ്ഞ സംഭവം പാച്ചു കോടതിയില്‍ "പ്രതി ഞങ്ങളുടെ കവാടത്തിനരികെ വന്ന് ചില ജൗളിത്തരങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പ്രാകൃതമായ രീതിയില്‍ ഞങ്ങളെ വന്ധ്യംകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു" എന്നാണ്‌ ബോധിപ്പിച്ചത്. കോടതില്‍ വൃത്തികേട് പറയാന്‍ പാടില്ലല്ലോ. (സംഗതി ഒറിജിനലി വോഡൗസിന്റേതാണ്‌. I would say what the lady stated was crudely surgical എന്ന് ജീവ്സ്)

പണ്ടൊരിക്കല്‍ ഇറച്ചിക്കടയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് ആടിന്റെ "വെത" വേണമെന്ന് ആവശ്യപ്പെട്ടു വാങ്ങിപ്പോയി. ഇതെന്തു വിശ്വാസത്തിലാണ്‌ ആളുകള്‍ വാങ്ങുന്നതെന്ന് എനിക്കറിയാമായിരുന്നിട്ടും ഒരു രസത്തിനു "അതെന്തു കറിയുണ്ടാക്കാനാ ഹമീദിക്കാ അയാള്‍ ആട്ടിന്റെ വെത വാങ്ങിച്ചത്." എന്നു ചോദിച്ചു. എഴുപതു വയസ്സായ ഇറച്ചിവെട്ടുകാരനു ആ അണ്മെന്‍ഷനബിള്‍ കാര്യം ഇരുപതു വയസ്സുകാരനോട് പറയാനും വാക്കുണ്ട്.

"അതോ? അത് അവനിക്ക് 'ആസത്തി' ഉണ്ടാവാനാടേ ചെല്ലാ."

ഉള്ളില്‍ മോശമെന്നു തോന്നുന്ന കാര്യത്തിനൊരു ഇല്ലാമാന്യത കല്പ്പിക്കാനാണ്‌ സഭ്യപര്യായങ്ങള്‍ തിരയേണ്ടി വരുന്നത്. ഈയടുത്ത സമയത്ത് ഭാഷയില്‍ വന്നു കയറിയ ഒരു ഇന്ദ്രിയത്തിനെ ശ്രദ്ധിച്ചപ്പോള്‍ ഇതൊക്കെ മനസ്സില്‍ വന്നതാണ്‌. കൂലിത്തല്ലുകാരന്‍, സാമൂഹ്യവിരുദ്ധന്‍, അക്രമി, ആഭാസന്‍ എന്നതിനൊക്കെ പകരമായി നമുക്ക് 'ക്വട്ടേഷന്‍' വന്നു ചേര്‍ന്നു. ആസക്തിയെ കഴപ്പെന്നു വിളിക്കാമോ, മോശമല്ലേ.

12 comments:

കടല്‍മയൂരം said...

അതെ... പലതിനും പകരം പേരുകള്‍ വന്നു കഴിഞ്ഞു.... ഇനിയും വരാനിരിക്കുന്നു...കൊള്ളാം നന്നായിരിക്കുന്നു.......

Unknown said...

കൊള്ളാം :)

Junaiths said...

Euphemism...

R. said...

മുടിഞ്ഞ ഓഫ്: ആ Euphemism കണ്ടപ്പോ കണ്ട്രോള് കിട്ടിയില്ല - http://rajeeshknambiar.blogspot.com/2008/01/blog-post_28.html

സുഗ്രീവന്‍ :: SUGREEVAN said...

ഈ ‘ഒതപ്പ്’ എന്ന് നാട്ടുഭാഷയിലുപയോഗിക്കുന്നത് (ഉതപ്പ് എന്ന് ചിലപ്പോൾ ഉമേശൻ പറഞ്ഞേക്കാം) ഈ ‘ആസത്തിക്ക്’ തുല്യമാകുമോ ആന്റൺ ചെഖോവേ?
:-)
രജീഷിന് കണ്ട്രോളു പോയതു നന്നായി!
:-))

രാജേഷ് ആർ. വർമ്മ said...

ഇന്ദ്രിയസ്ഖലനത്തിന്‌ ബീജനിർഗമനം, ശുക്ലം പോക്ക്‌ എന്ന അർത്ഥം നിഘണ്ടുവിൽ കാണുന്നുണ്ട്‌. ഇന്ദ്രിയം = ശുക്ലം എന്നൊരു ധാരണപരക്കാൻ ഇതായിരിക്കാം കാരണം. ദുഃഖ വെള്ളിയാഴ്ച = ഗുഡ്‌ ഫ്രൈഡേ ആയതുകൊണ്ട്‌ ദുഃഖം = ഗുഡ്‌ എന്നപോലെ :-)

mariam said...

ഒരു മുഴക്കത്തോടെ പ്രത്യക്ഷപ്പെട്ട്, ആത്മവിശ്വാസത്തോടെ അടിവെച്ച്, മെഡിക്കല്‍ ഷോപ്പിന്റെ തട്ടിലേക്ക് മുന്നോട്ടാഞ്ഞ് കൊല്ലുന്ന ചിരിയോടെ “മൂഡ്സ് പ്ലീസ്’ എന്നു പറയണമോ അതോ നാലും കൂട്ടി മുറുക്കി ഒരു മൂളിപ്പാട്ടൊക്കെ പാടി താളത്തില്‍ നടന്ന് “ ഒരു
തൈല മിശ്രിത, വായു മുക്ത, യോനിപ്രവേശക, ശുക്ല സംഭരണ, ജനന വിരോധ, വീര്യ ലിംഗ കവചം ഇങ്ങെടുക്വാ..” എന്നു പറയണമോ എന്നതാണ് ഭാഷാസ്നേഹികള്‍ നേരിടുന്ന പ്രധാന പ്രശ്നം. :-)

രണ്ടാമത്തേതു പറഞ്ഞാല്‍ മെഡിക്കല്‍ ഷോപ്പുകാരന്‍ അപ്പുറത്തേതിന്റെ അപ്പുറത്തുള്ള ആര്യ വൈദ്യ ശാലയിലേക്കു പറഞ്ഞു വിടും!. ഈ വക സാധനങ്ങളൊക്കെ അവിടെയാണ് കിട്ടുന്നതെന്നു പറഞ്ഞ്.

-മറിയം-

അനോണി ആന്റണി said...

രാജേഷ് വര്‍മ്മ, അങ്ങനെ തന്നെ ആയിരിക്കണം ആ ഇന്ദ്രിയമുണ്ടായത്. വേറൊരു സാദ്ധ്യതയും കാണുന്നില്ല.

സുഗ്രീവന്‍, ഒതപ്പ് തിരുവന്തോരത്ത് സര്‍ക്കുലേഷനില്‍ ഇല്ല (ഇവിടെ ആകെ ഒഴപ്പ് മാത്രമേയുള്ളൂ- ഒരു പണിയും ചെയ്യാതെ നടപ്പ്) അതുകൊണ്ട് കറക്റ്റ് എറ്റിമോളജി അറിയൂല്ല.

മറിയം,
ആ മൂഡ്സ് പരസ്യത്തിന്റെ മലയാളം വേര്‍ഷന്‍ എല്ലാ കോളേജുകളിലും ഒരുകാലത്ത് ഹിറ്റ് ആയിരുന്നു.

നമ്പ്യാരേ, രണ്ടായിരത്തൊമ്പതില്‍ ഒരു പോസ്റ്റ്, ഒരു വരിപ്പോസ്റ്റ്?

ജുനൈദ്, തെച്ചിക്കോടന്‍- നന്ദി.

കാണാമറയത്ത്- അതേ ഇനിയും പേരുകള്‍ വരും, ഉള്ള പേരുകള്‍ പോകും.

Unknown said...

അന്തോണിച്ച,
ജീവിതമേ മടുത്തുപോയി. :-) ഇപ്പോഴും മുടങ്ങാതെ വായിക്കുന്നത് നിങ്ങളെയാണ്.

ത്രിശ്ശൂക്കാരന്‍ said...

കേരളത്തില്‍ വന്ന് മെഡിസിന് പഠിയ്ക്കുന്ന ഉത്തരേന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് പലപ്പോഴും പല അബദ്ധങ്ങളും പറ്റാറുണ്ട്. പ്രത്യേകിച്ച് ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ പൂത്തു നില്‍ക്കുന്ന ചില നഗരങ്ങളില്‍. അങ്ങിനെയൊരിടത്ത് ആസാമില്‍ നിന്ന് വന്ന ജൂനിയറിനോട് pain എന്ന വാക്കിനര്‍ത്ഥം കഴപ്പ് എന്നാണെന്ന് വിവരിച്ചുകൊടുത്തു ഒരു സീനിയര്‍. ഇടുപ്പു വേദനയുമായി വന്ന മദ്ധ്യവയസ്കനോട് ആസാമി, അപ്പച്ചാ, കഴപ്പാണോ?
അല്‍പ്പം ചമ്മലോടെ ചുറ്റും നോക്കി അപ്പച്ചന്‍, ഹേയ്, കഴപ്പൊന്നുമില്ല, വയങ്കര വേദന.

Villagemaan/വില്ലേജ്മാന്‍ said...

വരാന്‍ അല്പം താമസിച്ചു..പക്ഷെ വരവ് വൃഥാവില്‍ ആയില്ല കേട്ടോ..

ഇനി ഒരല്പം മൂഡ്‌ സ് പുരാണം..
ഒരിക്കല്‍ മരുന്നുമേടിക്കാന്‍ മെഡിക്കല്‍ ഷോപ്പില്‍ ചെന്നു ... കൌണ്ടറില്‍ അച്ഛനും മകനും..
നന്നായി വസ്ത്രം ധരിച്ച ഒരാള്‍ വന്നു അച്ഛനോട് പതുക്കെ മൂഡ്‌സ് ചോദിക്കുന്നു...അച്ഛന്‍ ഇല്ല എന്ന് പറയുന്നു..അയാള്‍ പോകുന്നു..
മകന്‍ ചോദിക്കുന്നു...എന്താച്ചാ? അച്ഛന്‍ കേള്‍ക്കാത്ത ഭാവത്തില്‍ നില്‍ക്കുന്നു...മകന്‍ വീണ്ടും...എന്താച്ചാ ?
അച്ഛന്‍ ഉറക്കെ....ബൂസ്റ്റ്‌ ഉണ്ടോന്നു....മകന്‍ ഒരു പസില്ട് നോട്ടം..എന്നിട്ട് അലമാരയില്‍ നിറച്ചു ഇരിക്കുന്ന ബൂസ്ടിലേക്ക് ഒരു നോട്ടം..എന്നിട്ട്
വീണ്ടും അച്ഛനെ ഒരു നോട്ടം ! ഇങ്ങേര്‍ക്ക് എന്ത് പറ്റി എന്ന രീതിയില്‍ !

വാത്സ്യായനന്‍ said...

"ആസക്തിയെ കഴപ്പെന്നു വിളിക്കാമോ, മോശമല്ലേ."

Nice. :)