Thursday, January 21, 2010

ഇലക്‌ട്രോമെക്കാനിക്കല്‍ വര്‍ക്സ്

ഞാന്‍ ദാ തിരിച്ചെത്തിയേ.

ങേ ആരാ? നേരത്തേ എന്തിനാ പോയത്?
നമ്മെ മനസ്സിലായില്ലേ? നാം റാഡിക്കുലപതി അന്തോണിത്തമ്പ്രാന്‍.

നിങ്ങളെ നേരത്തേ വിളിച്ചപ്പ കണ്ടില്ലല്ലോ?
അങ്കത്തട്ടില്‍ അണ്ടര്‌വെയര്‍ ഇട്ട് കയറിയാല്‍ ആള്‍ക്കാര്‍ ആര്‍ക്കുമെന്ന് ആര്‍ച്ച പറഞ്ഞിരുന്നു അരിങ്ങോടരേ, ഒരു മൂന്നു മുഴം വീരാളിപ്പട്ട് വാങ്ങാന്‍ പോയിരുന്നതാ.

വേദന കുറവുണ്ടോ?
വേദനയില്‍ പോലും മന്ദഹസിക്കുന്ന മാനവനാകാന്‍ പഠിച്ചു വരികയാണ്‌.

ശരി ക്യാറിപ്പോ.

ച്യാച്ച്യേ ഞാന്‍ കളസമിട്ടേ, തൊടങ്ങാം?
ശരി. ഇത് അള്‍ട്രാസൗണ്ട്. എന്തെങ്കിലും അറിയാനുണ്ടോ?

ഒന്നും കേക്കണില്ലല്ല്?
അത് കേക്കത്തില്ലെടേ, വേദനയില്‍ മാറ്റമുണ്ടോ?

ഇല്ല.
എന്നാ കറണ്ട് തരാം.

നാഷണല്‍ ഗ്രിഡ് എനിക്കെത്രയാ അനുവദിച്ചിരിക്കുന്നത്?
നിനക്ക് സഹിക്കാന്‍ പറ്റുന്നത്രേം ആകുമ്പ പറയണം, അതില്‍ സെറ്റ് ചെയ്യാം.

പെരുക്കുന്നുണ്ടോ?
അല്ലെങ്കില്‍ തന്നെ പെരുത്തിരിക്കുന്ന കാലില്‍ കറണ്ടടിച്ചാല്‍ എങ്ങനെ അറിയും, എനിവേ വേദന കുറയുന്നുണ്ട്.

എക്സലന്റ്. നിങ്ങള്‍ എവിടെന്നാ?
കേരളം, കേരളം...

കരേലാ. ദുബായി മൊത്തം കരേലയാ?
ഒവ്വ. ദുബായി കരേല തീറെഴുതി വാങ്ങി. പുതിയ ഭഗീരഥിയേ, നിങ്ങള്‍ തമിഴ്‌നാട്ടുകാര്യോ മലയാളിച്യോ തുളുനാട്ടുകാര്യോ? ഹിന്ദുമതക്കാര്യോ ഇങ്ങളു ക്രിസ്തുമതകാര്യോ?
മുംബൈക്കാര്‍ ഞങ്ങള്‍ മുംബൈക്കാര്‍.

ട്രാക്ഷനില്‍ ഇടട്ടോ?
ഇനി വേദനിക്കുമോ എന്ന ചോദ്യത്തിനു അര്‍ത്ഥമില്ല . മൂക്കു മുങ്ങിയാ പിന്നെ മൂന്നാളു വെള്ളമായാലെന്തര്‌ നാലാളു വെള്ളമായാ എന്തര്‌.

വലി വല്ലാതെ മുറുകുന്നുണ്ടോ?
പി ചന്ദ്രകുമാര്‍ സാറിന്റെ പടത്തിനു ക്യൂ കേജിന്റെ അകത്തൂടെ താഴെ നില്‍ക്കുന്നവരെ ചവിട്ടി ഞൂന്ന് കേറുമ്പ കീഴെയൊള്ളവര്‍ തള്ളക്കു വിളിച്ചോണ്ട് കീഴോട്ട് വലിക്കും കാലേല്‍. ആ വലി ഒക്കെ ശീലിച്ച നമ്മക്ക് ഈ മിഷ്യന്റെ വലിയൊക്കെ പുല്ലാ, പുല്ല്. ചുമ്മ മുറുക്കി വലീ.

കഴിഞ്ഞ്. ഇന്ന് പെയ്യിട്ട് നാളെ വാ. രാവിലേ എണീറ്റ് ചൂടു വയ്ക്കണം, ജെല്ലു തേയ്ക്കണം.
പല്ലു തേയ്ക്കുന്ന കാര്യം പറഞ്ഞില്ല.

കഴിഞ്ഞോ കെട്ട്യോനേ തെറാപ്പി? ഇതെന്തരു വള്ളിക്കളസം മാത്രം, ഉടുതുണി എവിടെ ? ആശുപത്രീലാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് മീറ്റിങ്ങിനാണോ പെയ്യത്?
പാന്റ് വണ്ടീലുണ്ടെടീ. തെറാപ്പിസ്റ്റ് നിക്കറിട്ടു ചെല്ലാന്‍ പറഞ്ഞപ്പ ഞാന്‍ പോയി ഇതൊരെണ്ണം വാങ്ങിച്ച്.

തെറാപ്പിസ്റ്റ് സ്ത്രീയാണല്ലേ?
അതേ.

ചെറുപ്പക്കാരി?
തന്നെ.

നല്ല ഹൈറ്റ്, ഇരു നെറം, മെലിഞ്ഞിട്ട്, വലിയ കണ്ണ്?
ഞാന്‍ പെണ്ണു കാണാനല്ല പോയത്. നീ ഇതെന്താ ഇങ്ങനെ കേക്കണത്?

അല്ല, ഒരു നിക്കര്‍ ഇട്ടു വരാന്‍ പറഞ്ഞപ്പോ നൂറു ദിര്‍ഹംസിന്റെ മുകളില്‍ വിലയുള്ള ഓഫീസ് വെയര്‍ വാങ്ങാത്ത ഒരുത്തന്‍ നേരേ പോയി പോര്‍ഷേ ഡിസൈനര്‍ വെയര്‍ ഷോര്‍ട്ട്സ് വാങ്ങിയെങ്കില്‍, ആ പറഞ്ഞത് കേട്ട മാന്യവ്യക്തിയുടെ സൗന്ദര്യസങ്കല്പ്പ ചിത്രങ്ങള്‍ക്ക് മാച്ചാവുന്ന ഒരു പെണ്ണ് ആയിരിക്കണം പറഞ്ഞതെന്ന് ഏതു ഷേര്‍ലക്ക് ഹോംസിനും മനസ്സിലാവുമല്ലോ.


തള്ളേണെ, കട അടയ്ക്കുന്ന കണ്ടപ്പ കിട്ടിയത് ഓടിക്കേറി എടുത്തതാ. സൂര്യനിലും കാണും കരിപ്പുള്ളികള്‍ പക്ഷേ എന്റെ സ്വഭാവത്തിലില്ലെന്ന് ഇത്രകൊല്ലം എന്റൂടെ കഴിഞ്ഞ നെനക്കറിയൂല്ലേ ചെല്ലക്കിളീ?
ഹും. പക്ഷേ നിന്റെ പ്രായം തൊട്ടാല്‍ പൊട്ടുന്ന പ്രായമല്ലേ, മെന്‍ അറ്റ് ഫോര്‍ട്ടി എന്നു വച്ചാ...ട്രാക്ഷനു പോയാല്‍ അട്രാക്ഷനുമായി വരും.


പഴഞ്ചൊല്ല് അപ്പടി പതിരാടീ, ഇരിക്കാന്‍ പറ്റണില്ല, കെടക്കണം. ചോറു വെളമ്പി താ.

(തുടരാം ..എന്നും)

10 comments:

വല്യമ്മായി said...

ഫിസിയോതെറാപ്പി ഫലം ചെയ്യാറുണ്ട് :)
(ആയുര്‍‌വേദം കുടി പരീക്ഷിക്കാമായിരുന്നില്ലേ?)

aneel kumar said...

വേദനയിലാണല്ല് തോന തമാശ്.
ഇതിപ്പം വെയിറ്റ് വല്ലതും കൂട്ടിയാ?

ജയരാജന്‍ said...

അപ്പ അതായിരുന്നു സംഗതി അല്ലേ? ശ്രീമതി കൊള്ളാം :)

Suraj said...

വേദനയെപ്പോലും വേദാന്തമാക്കിയ.... അണ്ണാ.. നമോവാകം ! ‘കുലപതി’മാറി വാ !

മരത്തലയന്‍ said...

നടുവ് പൊക്കാൻ വയ്യാതെ ട്രാക്ഷൻ ഇട്ടു കിടക്കുന്നവന് അട്രാക്ഷൻ ഉണ്ടായിട്ട് കിം ഫലം?

R. said...

പെട്ടന്ന് സുഖമാവട്ട് അന്തോണിച്ചാ. അതുവരെ വീട്ടിലിരുന്ന് അര്‍മ്മാദിക്ക്!

kunjali said...
This comment has been removed by the author.
kunjali said...

ഹൌസിംഗ് പൊളിഞ്ഞു കെടന്നാലും attraction വിടല്ല്. ഇളിക്കൂട് അനക്കാതെ വല്ലടത്തൂം പോയി കെടക്കീന്‍ അന്തോണിച്ചാ!

Visala Manaskan said...

ആന്റണിക്ക് ട്രാക്ഷൻ പുല്ലാ..ണ് ല്ലേ?

:) എല്ലാം പെട്ടെന്ന് ശരിയാവട്ടേ.

അനോണി ആന്റണി said...

നന്ദി കൂട്ടുകാരേ.
വല്യമ്മായീ, ആയുര്‍‌വേദം നോക്കുന്നുണ്ട്, അടുത്ത വെക്കേഷനു നാട്ടില്‍ പോയിട്ട്. ഇവിടെ പരീക്ഷിക്കാന്‍ ധൈര്യമില്ല, ഇന്‍ഷ്വറന്‍സ് ഒട്ടു കവര്‍ ചെയ്യുകയുമില്ല.

അനിലണ്ണാ,
വേദനയും ഒരു തമാശയായി കാണുകയേ നിവൃത്തിയൊള്ള്.

ജയരാജാ,
സത്യമായിട്ടും അതല്ലകാര്യം. എന്റെ നട്ടെല്ലു പുണ്യാളാ, ആരും എന്നെ വിശ്വസിക്കണില്ലല്ല്.

സൂരജ്,
കുലപതി കുറഞ്ഞു വരുന്നുണ്ട്. ഒടനേ പഴയതിലും ശക്തിയായി ഫീല്‍ഡില്‍ ഇറങ്ങാമെന്ന് തന്നെ തോന്നണത്.


മരത്തലയേട്ടാ, കുഞ്ഞാലീ,

അതായത്, എന്റെ ജൂലിയറ്റ് കാറു പോകുന്നതു കണ്ടാല്‍ ഉടനേ കുരച്ചോണ്ട് പിറകേ ഓടും. ഓടിയാല്‍ അവള്‍ക്ക് കാറ് പിടിച്ചു നിര്‍ത്താന്‍ പറ്റുമോ? ഇനി അധവാ നിര്‍ത്തിയാല്‍ തന്നെ എന്തരു ചെയ്യുമെന്ന്? ഡ്രൈവ് ചെയ്തോണ്ട് പോകുമോ? പിന്നെ ഇതൊക്കെ ഒരു തരം ജന്മവാസനകള്‍ അല്ലേ.
ആര്‍, ശ്രീവല്ലഭന്‍, വിശാലാ, നന്ദി.