Sunday, February 21, 2010

നമുക്കു കണ്ടുപിടിക്കാം

അണ്ണന്‍ ഈ പരസ്യങ്ങളൊന്നും കാണുന്നില്ലേ?
ഏത് മാന്ത്രിക ഏലസ്സിന്റെ ആണോ?

അത് പോട്ട്, ഈ ഹെല്‍ത്ത് ഡ്രിങ്കുകള്‍
അതും മാന്ത്രിക ഏലസ്സ് പോലെ തന്നെ.

അതല്ലണ്ണാ ഗവേഷണത്തില്‍ തെളിഞ്ഞെന്ന് ഇവര്‍ പറയുന്നത് പച്ചക്കള്ളമല്ലേ?
എന്തു തെളിഞ്ഞെന്ന്?

കമ്പ്ലൈന്റ് കുടിക്കുന്ന പിള്ളേര്‍ അതു കുടിക്കാത്തവരെക്കാള്‍ എട്ടിരട്ടി വേഗം വളരുന്നു, ഹീറോക്ലിക്സ് കുടിച്ചു വളര്‍ന്നവര്‍ക്ക് അതു കുടിക്കാത്തവരെക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ മാര്‍ക്ക് കിട്ടുന്നു ബസ്റ്റ് കുടിച്ച പിള്ളേരെക്കാള്‍ പത്തിരട്ടി എന്‍ഡ്യൂറന്‍സ് കിട്ടുന്നു എന്നൊക്കെ തെളിഞ്ഞെന്ന് അവകാശപ്പെടുന്നത്. ഇതെങ്ങനെ നടക്കും?

അതൊക്കെ നടക്കും.
എന്നുവച്ചാ ഇതിന്റെ പത്തിലൊന്നു ക്ലെയിം പോലും നടത്താത്ത ബൂസ്റ്റിനെ ഇടിച്ചു പിരുത്ത അമേരിക്കന്‍ എഫ് ഡി ഏ ചെയ്തത് തെറ്റായെന്നോ?

തെറ്റു ശരികള്‍ അല്ലെടേ പറഞ്ഞത്. പിള്ളേരെ ആവശ്യമില്ലാത്ത പഞ്ചാരേം എണ്ണയും തീറ്റിക്കുന്നതൊക്കെ തെറ്റു തന്നെ. ഗവേഷിച്ച് തെളിയിക്കാന്‍ ഇന്ത്യയില്‍ പറ്റുന്നത് എങ്ങനെ എന്നതല്ലേ വിഷയം.

ശരി എന്നാ ഗവേഷിച്ച് കാണിക്ക്.

സിറ്റി സെലെക്റ്റ് ചെയ്യ്, പ്രോഡക്റ്റും പോപ്പുലേഷന്‍ സൈസും.

ഹൈദരാബാദ്, *****, അഞ്ഞൂറ്.

റെഡി?
റെഡി.

ആദ്യം ഇരുന്നൂറ്റമ്പത് *** ഡ്രിങ്ക് അടിക്കുന്ന പിള്ളേരെ പിടിക്കാം, ബാ നമുക്ക് ബന്‍‌ജാരാ ഹില്‍സിലേക്ക് പൂവ്വാം. ഇവിടത്തെ കൊഴുത്തു മിനുത്ത് തുടുത്ത് മിടുക്കരായി തുള്ളിച്ചാടുന്ന ഇരുന്നൂറ്റമ്പത് എണ്ണത്തെ പൊക്ക്, ഇവരെല്ലാം സപ്ലിമെന്റില്‍ കുളിക്കുന്ന കുഞ്ഞുങ്ങളാ- എന്തൊരു നീളം, പൊക്കം, സ്മാര്‍ട്ട്നെസ്സ്, ഏതു പരീക്ഷയിലാ ഇവര്‍ക്ക് മാര്‍ക്ക് കുറയുന്നത്.

ഇനി വാ ആട്ടോ വിളിച്ച് നാച്ചാറാം ലേബര്‍ കോളനിയില്‍ പൂവ്വാം. ഇവര്‍ന്മാര്‍ക്ക് ഹെല്‍ത്ത് ഡ്രിങ്ക് പോയിട്ട് കഞ്ഞിവെള്ളം കുടിക്കുന്ന ശീലമില്ല. എടുക്ക് അളവും തൂക്കോം ഐക്യൂവും.

അണ്ണാ.
ചെല്ലാ

പോക്രിത്തരം കാണിക്കരുത്.
അത് പുതിയ കണ്ടീഷന്‍ ആണ്‌. പോക്രിത്തരമില്ലാതെ ഗവേഷിക്കാന്‍ നീ ആദ്യമേ പറയണമായിരുന്നു.

അപ്പം അതു തെളിഞ്ഞു അല്ലേ?
വ തന്നെ.


എന്നാലും അണ്ണാ, വേറൊരെണ്ണം കണ്ടിരുന്നോ?
അതേതാടേ?

ഒരു കൊച്ചിനു വളര്‍ച്ചയില്ല, അമ്മ അതിനു പാലും പച്ചക്കറീം പഴങ്ങളും കൊടുക്കാന്‍ ശ്രമിക്കുന്നു. കൊച്ചു തിന്നുന്നില്ല. ഒടുക്കം ഏതാണ്ട് ഡ്രിങ്ക് വാങ്ങിച്ചു കൊടുക്കുന്നു കാറ്റടിച്ച പാമ്പുബലൂണ്‍ പോലെ കൊച്ച് ഒരൊറ്റ വളര്‍ച്ച. അമ്മയ്ക്ക് അഭിമാനം.
ഉവ്വ, അതും കണ്ടു. ആദ്യം പാലും പച്ചക്കറീം പഴങ്ങളും കൊടുക്കാന്‍ ആഗ്രഹിച്ചിട്ടും നടക്കാത്ത അമ്മമാരുടെ കാര്യം ഒരു വഴിക്കാവട്ട്, പിന്നെ ഇതിനെക്കുറിച്ച് ആലോചിക്കാം.

Thursday, February 18, 2010

കൈപ്പള്ളിയും ബ്ലഡി മല്ലൂസും

എന്റെ ഇന്‍സ്ട്രക്റ്ററായിരുന്ന ഒരു സര്‍ദാര്‍ജിയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു
"സര്‍, താങ്കള്‍ ഡോക്റ്റര്‍ ടി എസ് ഗ്രേവാളിനെ അറിയുമോ?"
"തീര്‍ച്ചയായും. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്‌"
"ഓ അതേയോ, എങ്ങനെ അറിയാം അദ്ദേഹത്തെ?"
"സര്‍ദാര്‍ജിമാരില്‍ പഠിച്ച് സീ ഏ പാസ്സാകാന്‍ മാത്രം ബുദ്ധിയുള്ള മൂന്നു നാലു പേരല്ലേയുള്ളൂ, അവര്‍ക്കൊക്കെ തങ്ങളില്‍ അറിയാമല്ലേ അപ്പോള്‍"

സ്വന്തം സമൂഹത്തെപ്പറ്റി അദ്ദേഹം പറഞ്ഞ തമാശയില്‍ ഞങ്ങള്‍ രണ്ടും ചിരിച്ചു. മറിച്ച് മലയാളിയായ ഞാന്‍ "സര്‍ദാര്‍ജിമാര്‍ക്ക് സി ഏ പാസ്സാകാനുള്ള ബുദ്ധിയുണ്ടോ?" എന്നു ചോദിച്ചിരുന്നെങ്കില്‍ അങ്ങേര്‍ എന്റെ കരണം അടിച്ചു പൊളിച്ചേനെ. (സിദ്ദു,ഹര്‍ഭജന്‍ തുടങ്ങിയവരുടെ അടി പ്രസിദ്ധമാണല്ലോ)

ഈ പറയുന്ന മല്ലുപ്രയോഗം "ഒരു തിരുവന്തോരം മലയാളി " എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തന്‍ ചെയ്തതിലെ ധാര്‍മികതയെക്കുറിച്ചുള്ള ചര്‍ച്ച കണ്ടപ്പോള്‍ സര്‍ദാര്‍ജിസാറിനെ ഓര്‍ത്തു.

ജയറാം കറുത്തു തടിച്ച് എരുമയെപ്പോലെ ഇരിക്കുന്ന തമിഴത്തി എന്നു പറഞ്ഞാല്‍ അത് റേഷ്യല്‍ ഹേട്രഡ് ആകേണ്ടതുണ്ട്, ഞാന്‍ ഇതിനു മുന്നേ ഒരു പോസ്റ്റ് ഇട്ടിരുന്നു- കെട്ടിടം ഇടിഞ്ഞു വീണിടത്ത് തോന്ന്യാസം കാണിച്ചവരെ വിമര്‍ശിച്ചുകൊണ്ട്- ആ പോസ്റ്റും കമന്റുകളും ആന്റി മലയാളിയെന്ന് നിങ്ങള്‍ കരുതുന്നോ? എന്റെ സമൂഹത്തെ സ്നേഹിക്കുന്നതുപോലെ തന്നെ വിമര്‍ശിക്കുകയും ചെയ്യും, ചെയ്യണം.

(ഈ പ്രശ്നത്തില്‍ ആവശ്യത്തിലധികം ചര്‍ച്ച നടന്നു കഴിഞ്ഞാണ്‌ ഞാന്‍ കണ്ടത്)

കൈപ്പള്ളിയുടെ കുഴപ്പം ഫീഡ്ബാക്ക് ഇല്ലെങ്കില്‍ പിടിച്ചു വാങ്ങിക്കാം എന്നു കരുതിയതിലാണ്‌. ഫീഡ് ബാക്ക് ഇല്ലേ, കിട്ടുന്നിടത്തു ചോദിക്കുക. അതല്ല യൂസര്‍മാരും ഇല്ലേ, ആവശ്യമുള്ളവര്‍ക്ക് തുറന്നു കൊടുക്കുക. "മല്ലു" ഫോട്ടോയേ ഹാര്‍‌വെസ്റ്റ് ചെയ്താല്‍ കിട്ടൂ എന്നുണ്ടോ? ഇന്ത്യന്‍ ഫോട്ടോഗ്രഫര്‍മാര്‍ക്ക് എല്ലാം തുറന്നു കൊടുത്താലെന്ത്? ലക്ഷക്കണക്കിനു ഫോട്ടോകള്‍ വരട്ടെ, ദശലക്ഷക്കണക്കിനു ഹിറ്റ് വരും, അഞ്ഞൂറു ഫീഡ് ബാക്കെങ്കിലും അപ്പോള്‍ കാണുമല്ലോ?

എന്തിനും പരിഹാരമുണ്ട് ദാസാ, മുടി വലിച്ചു പറിക്കേണ്ട കാര്യമില്ല.

(കമന്റുകള്‍ അതത് ബ്ലോഗ് പോസ്റ്റുകളിലേക്ക് പോയിക്കോട്ടേ)

Wednesday, February 17, 2010

വീണ്ടും

സഹൃദയരും സത്ഗുണസമ്പൂര്‍ണ്ണരുമായ സഹപ്രവര്‍ത്തകരേ,

മാറിയ സാമ്പത്തികലോകത്തിലേക്കാണ്‌ നമ്മള്‍ കാലുനീട്ടുന്നത്. ഇരുപത് പത്തില്‍ പത്തരമാറ്റ് പൊന്ന് വിളയിക്കാമെന്ന വീരവാദം ക്രിയേറ്റീവിറ്റിയുടെയും ഇന്നൊവേഷന്റേയും തലതൊട്ടപ്പന്മാരായ എസ്‌ബേസ്, ഗൂഗിള്‍, ബ്ലാക്ക്ബെറി തുടങ്ങിയവര്‍ പോലും നടത്തിയിട്ടില്ല. പക്ഷേ നമ്മള്‍..അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതറാത്തൊരു പ്രസ്ഥാനം കുലുങ്ങില്ല. ഏവരുടെയും അകമഴിഞ്ഞ മടിയൊഴിഞ്ഞ അളവുതീര്‍ന്ന സഹകരണവും അര്‍പ്പണവും പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ ഇതാ ബഡ്ജറ്റ് സമര്‍പ്പിക്കുന്നു... ചാണക്യനും സുസുകിയും കെയിന്‍സും ഫിലിപ്പ് കോട്ലറും കണ്ഡിഫും സ്റ്റില്ലും ഗോവണിയും നമ്മെ അനുഗ്രഹിക്കട്ടെ.

പ്രൊപ്പണ്‍സിറ്റി കുറഞ്ഞ കാലം, ഇന്‍ഡിഫറന്‍സ് ഉയര്‍ന്ന കാലം, പുത്തന്‍ പുതുക്കാലം മുത്തമിട്ട കാലം... സീറോ ബേസ് ബഡ്ജറ്റിങ്ങാണ്‌, പ്രോഗ്രാം ബേസ്, പ്രോജക്റ്റ് ബേസ്, ആക്ഷന്‍ ബേസ്, നേവല്‍ ബേസ് തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ദാരുവീശന്റെ അടുത്തുണ്ട്.

മറ്റൊരുകാലവും ഇക്കാലം പോലെയല്ല. അതിനാല്‍ കപ്ലാന്റെ കപ്ലിങ്ങാടന്‍ അപ്രോച്ചും നോര്‍ട്ടന്റെ ഗോസ്റ്റ് അപ്രോച്ചും സിഗ്മയുടെ സ്റ്റിഗ്മയും പി ഡി സി ഏ ആധാരമാക്കാമെന്ന് പി ഡി സി വരെ പഠിച്ചിട്ടുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. വരുമാനം അക്ഷയപാത്രമല്ല, ഇലാസ്റ്റിക്കല്ല, പ്ലാസ്റ്റിക്കല്ല, പോളിത്തീന്‍ പോലുമല്ല. ചിലവ് നിശ്ചിതമാണ്‌, ആരെയും തട്ടരുത്, ഒന്നിനും മുട്ടരുത്, ഒന്നും പൊട്ടരുത്... ആയതിനാല്‍

ഒരിക്കല്‍ മാത്രം പരീക്ഷിച്ചു വിജയിക്കപ്പെട്ട ഒരു തന്ത്രമാണ്‌ നമ്മള്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഒറ്റ ഡിപ്ലോയ്മെന്റ്, അതു സക്സസ്. വളരെ പഴയ തന്ത്രം. രണ്ടായിരം വര്‍ഷം മുന്നേ ഒരാള്‍ ഇത് പ്രയോഗിച്ചിട്ടുണ്ട്, എന്താണെന്നറിയില്ല മറ്റാരും അതിനു ശ്രമിച്ചു കണ്ടിട്ടില്ല. ആ രീതി പിന്‍‌തുടര്‍ന്ന് നമ്മളും ഇതാ നിര്‍മ്മിച്ചിരിക്കുന്നു പ്ലാന്‍.

അതായത് വെറും അഞ്ചു പൊറോട്ടയും ഒരു പ്ലേറ്റ് ബീഫ് ഫ്രൈയും കൊണ്ട് അയ്യായിരം പോന്ന സ്റ്റാഫിനെ പന്ത്രണ്ടു മാസം തീറ്റുന്ന പ്ലാന്‍, ഈ സ്ഥാപനം നടത്താന്‍ കാശുമുടക്കിയവര്‍ക്ക് ശകലം ചാറെങ്കിലും ഒഴിച്ചു കൊടുക്കാനുള്ള പ്ലാന്‍, ഇതിനു വേണ്ടി സാധങ്ങളും സേവനങ്ങളും തന്നവര്‍ക്ക് രണ്ട് കറിവേപ്പിലയെങ്കിലും വിളമ്പാനുള്ള പ്ലാന്‍. ഇതെല്ലാം ഉള്‍ക്കൊള്ളിച്ച് ദാ മേശപ്പുറത്തടിക്കുന്നു അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസിന്റെ മാഗ്നം ഓപ്പസ്- ബഡ്ജറ്റ് 2010 !

ഏവരും കയ്യും വിസിലും അടിച്ചാട്ടേ. ഇതുണ്ടാക്കാനുള്ള ശ്രമത്തില്‍ എനിക്കെന്റെ നട്ടെല്ലിന്റെ ഒരു ഡിസ്ക് ബലി നല്‍കേണ്ടി വന്നു. മിനിമം അമ്പത് കുപ്പി ബഡ്‌വൈസറെങ്കിലും വിഴുങ്ങേണ്ടി വന്നു. എന്റെ മകന്‍ പത്തടിയെങ്കിലും കൊള്ളേണ്ടി വന്നു. ഭാര്യയെ ഞാന്‍ സ്റ്റേപ്ലര്‍ എടുത്ത് എറിഞ്ഞ് പകരം പേപ്പര്‍ വെയിറ്റിന്‍ ഏറ് തിരിച്ചു കൊള്ളേണ്ടി വന്നു. ത്യാഗസമ്പൂര്‍ണ്ണമായ ഒരു യജ്ഞമായിരുന്നു ഇതിന്റെ സൃഷ്ടി. ഇത് തീര്‍ന്ന ദിവസം ദുബായില്‍ മഴ പെയ്തു, റാസല്‍ഖൈമയില്‍ മഞ്ഞു പെയ്തു. ഭൂമിദേവി പുഷ്പിണിയായി, എന്റെ അയലത്തെ ദേവി ഗര്‍ഭിണിയായി.

ഇത് ഏറ്റു വാങ്ങുക, നെഞ്ചോട് ചേര്‍ക്കുക, നടപ്പിലാക്കുക. എല്ലാം ശുഭമായി വരുമെന്ന് ഉറപ്പുണ്ട്. സഖാക്കളേ, മുന്നോട്ട്!

Monday, February 15, 2010

ഐതരേയമായൊരു മാംസനിര്യാസഹര്‍ഷം

രത്നഗര്‍ഭയ്ക്കുമുകളില്‍ മനുജകുലനിര്‍മ്മിതികളില്‍ ഐതരേയസ്ഥാനത്തേക്ക് ദുബായിലെ ഒരു കെട്ടിടം കടന്നെത്തുന്നതിനു സാക്ഷ്യം വഹിക്കുക എന്ന ഉദ്ദേശത്തിലാണ്‌ ഐല്‍ ഖൈല്‍ റോഡിലെ ഒരു ചെറു മണല്പ്പരപ്പില്‍ എത്തിയത്. ഇവിടെനിന്നും അടുത്തേക്കു പോകാന്‍ ഇച്ഛയില്ലായ്കയില്ല, എങ്കിലും പുരുഷാരവത്തിന്റെ ആധിക്യം നല്‍കുന്ന വിമര്‍ദ്ദിതാവസ്ഥയെക്കുറിച്ചുള്ള വിചാരങ്ങള്‍ എന്നിലെ വിയാതനെ വിരക്തനാക്കി മാറ്റി.


ബുര്‍ജ്ജിന്റെ പേരെന്തെന്നോ ഉത്ഘാടനത്തിന്റെ പ്ലാനെന്തെന്നോ അറിയാതെ ഉഴറി ഞാന്‍ ആ മരുഭൂമിയില്‍ നിന്നു. ബുര്‍ജ്ജ് എന്റെ മുന്നില്‍ അവ്യക്തമായൊരു ആകാശചുംബിയായി.





പ്രതീക്ഷകളുടെ പാരമ്യത്തില്‍ വിദ്യുത് സ്രഗ്ദ്ധരയായി അത് ഉണര്‍ന്നുവന്നു. ബുര്‍ജ്ജ് ഖലീഫ. എന്റെ നയനദ്വയങ്ങള്‍ ധൂലികാ ധൂളീധ്വജധോരണിയില്‍ ധൃഷമായി വന്നു.




വികാരവിജൃംഭിതനായ എന്റെ ബാഹുക്കള്‍ ദീര്‍ഘപുച്ഛങ്ങളെപ്പോലെ ഉലഞ്ഞപ്പോള്‍ ഛായാമാപിനിയില്‍ പതിഞ്ഞ രൂപങ്ങളും സര്‍പ്പിളാകാരം പൂണ്ടു ഫണങ്ങള്‍ വിതിര്‍ത്തുല്ലസിച്ചു.






രക്തവര്‍ണ്ണമാര്‍ന്ന ആ സുന്ദരോരഗങ്ങള്‍ക്കു നടുവിലൂടെ ഒരു നീല നികുംഭില പാഞ്ഞു പോയി.







വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കു മാത്രം പ്രാപ്യമായ ഒന്നാണല്ലോ ബുര്‍ജ്ജ് എന്ന് ആലോചിച്ചു നിന്നപ്പോള്‍ എന്റെ ക്യാമറയുടെ കണ്ണിലെ ബുര്‍ജ്ജും ഒരു സ്റ്റാന്‍ഡില്‍ കുത്തി വച്ച വെള്ളിക്കരണ്ടികളുടെ രൂപമാര്‍ജ്ജിച്ചു.




ഈ ഭീമാകാരനെ നിര്‍മ്മിക്കാന്‍ പുകഞ്ഞ കോടികളെക്കുറിച്ച് സമാംനായം ചെയ്യേണ്ടതില്ലല്ലോ.


(ഈ ഫോട്ടോജേര്‍ണല്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ഫോട്ടോഗ്രഫര്‍മാര്‍ക്കു വേണ്ടി പോസ്റ്റ് ചെയ്ത് ഗുരുസ്ഥാനീയനായ ഇടിവാളിന്റെ കുഞ്ചിത പാദങ്ങളില്‍ സമര്‍പ്പിക്കുന്നു)






Wednesday, February 10, 2010

സ്ക്രോളിങ്

ടെലിവിഷം ഇന്നലെ വച്ചപ്പോള്‍ പാട്ടു പ്രോഗ്രാമായിരുന്നു. അടീക്കുടെ ടിക്കറില്‍ സ്ക്രോള്‍ ചെയ്യുന്ന എസ് എം എസ് സന്ദേശങ്ങള്‍ വായിച്ചപ്പോഴാണ്‌ മനസ്സിലായത് ഇതു കുത്തിയിരുന്നു വായിക്കേണ്ട സാധനം ആണെന്ന്. പതിനഞ്ചു മിനുട്ടുകൊണ്ട് തിരഞ്ഞെടുത്ത പതിന്നാലെണ്ണം ദാണ്ടേ.

1.Advanced Wedding wishes to Haritha & Kiran by Sneha- ബേസിക്ക് വിഷസ് ഒന്നും മതിയാവില്ലെന്നേ.
2.Where are you living, yesterday?- ഇന്നലെകളിലാണോ നീ ജീവിക്കുന്നതെന്ന് ചോദ്യം.
3.I love you Smitha my *********** - അല്ല, നിങ്ങള്‍ ഉദ്ദേശിച്ചതാവില്ല. മൊബൈല്‍ നമ്പറുകള്‍ മാസ്ക് ചെയ്താണ്‌ വരുന്നത്.
4.Kunjumol, happy birth day to all of us- ആട്ടപ്പിറന്നാള്‍ മാത്രമല്ല, കൂട്ടപ്പിറന്നാളുമുണ്ട്.
5.Sam from Eranakulam I love you.- എര്‍ണാളത്തിരുന്ന് ഞാന്‍ നിന്നെ പ്രേമിക്കുന്നു.
6.Good night for a sweet dreams- എന്തരാവോ ഇത്
7.Why you call sometimes? - മേലാല്‍ വിളിക്കരുത്.
8.Someone call me today, it was you. - നീയാണല്ലേ പോള്‍ ബാര്‍ബര്‍?
9.Meet me in Asianet singing 9.30 at night - പുളിയറക്കോണം സ്റ്റുഡിയോയില്‍ കാണാം
10.Call me Orkut haridass- ഓര്‍ക്കുട്ട് നല്ല വിളിപ്പേരല്ലേ? .
11.Prasoon, what is studying? - നിര്‍‌വചിക്കെടാ പ്രസൂനാ.
13.If I call you to bike will you sit- സൈക്കിള്‍ ചവിട്ടാന്‍ പറഞ്ഞാല്‍ നീ ഇരിക്കുമോടീ?
14.Hassan loves Nimisha over boundary - വേലിപ്പൊറത്തൂടെ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ.

മുടങ്ങാതെ കാണണം.

Wednesday, February 3, 2010

ദയവായി പോലീസില്‍ അറിയിക്കുക

തമ്പാനൂരില്‍ കെട്ടിടമിടിഞ്ഞ് കുടുങ്ങിപ്പോയവരില്‍ ഒരാള്‍ മരിച്ചെന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ പോലീസും ഫയര്‍ ഫോര്‍സും കഠിന യജ്ഞം നടത്തുന്നത് തടസ്സപ്പെടുത്തി മൊബൈലില്‍ ചിത്രമെടുക്കാനും മറ്റും തടിച്ചു കൂടിയ ജനത്തെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ലാത്തി വീശിയിട്ടും ജനം കൂട്ടാക്കിയില്ലെന്നും വാര്‍ത്ത ഉണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരില്‍ മരിച്ചവരുടെ എണ്ണം ഇന്ന് പുലര്‍ച്ചയോടെ ആറായി. ക്രെയിനുകള്‍ക്കും മണ്ണുമാന്തികള്‍ക്കും നിര്‍ബാധം സഞ്ചരിക്കാന്‍ കഴിയാത്ത വിധം തിക്കി നിറഞ്ഞ ഫോട്ടോഗ്രഫര്‍മാര്‍ക്കും കട്ടിങ്ങ് വര്‍ക്ക് തടസ്സപ്പെടുത്തി സീന്‍ കണ്ട് രസിച്ച കാണികള്‍ക്കും മരണസംഖ്യ ഉയര്‍ത്തിയതില്‍ അഭിമാനിക്കാം.

അതും പോരാഞ്ഞാണ്‌ ഈ പണിയും. മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ കണ്ടത്.


ഒരു കമ്പനി എസ് ഏ പിയെ വിളിച്ച് റബ്ബര്‍ ബുള്ളറ്റ് ഫയര്‍ ചെയ്യിച്ചിരുന്നെങ്കില്‍ മേലില്‍ ഒരിടത്തും ഇമ്മാതിരി പണി ചെയ്യാന്‍ ആളുകള്‍ ധൈര്യപ്പെടില്ലായിരുന്നു. ചിലപ്പോഴെങ്കിലും എക്സമ്പ്ലറി പണിഷ്മെന്റ് ആവശ്യമാണ്‌- പ്രത്യേകിച്ച് യാതൊരു മാന്യതയും സംസ്കാരവും അച്ചടക്കവും മനസ്സാക്ഷിയും ഇല്ലാത്ത ജനതയില്‍.

തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞു എന്ന പേരില്‍ കറങ്ങുന്ന എന്തെങ്കിലും ചെയിന്‍ മെയില്‍ ഫോട്ടോകളോ ആല്‍ബങ്ങളോ ഫേസ്ബുക്ക്/ ഓര്‍ക്കുട്ട് വീഡിയോ പോസ്റ്റുകളോ കാണുന്നവര്‍ ദയവായി പോലീസില്‍ അറിയിക്കുക -അതിന്റെ ഉടമകള്‍ക്കു മേലേ അടിയന്തിര ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തല്‍, മോഷണം, സര്‍ക്കാര്‍ വക ജംഗമങ്ങള്‍ നശിപ്പിക്കല്‍, ജനജീവിതം അപകടപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ വല്ലതും ചുമത്തേണ്ടതുണ്ടോ എന്ന് അവര്‍ തീരുമാനിക്കട്ടെ.

ഒരുമാതിരി കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാതായി, വയസ്സാകുന്നതിന്റെ ലക്ഷണമാണ്‌. പക്ഷേ തനി പോക്രിത്തരം കണ്ടാല്‍ എന്തു ചെയ്യും?