Saturday, January 23, 2010

ഓഫീസ് വൈദ്യം

ക്രീങ്ങ്!
ഹലോ ദാരുവീശാ.
അന്തപ്പാ. എന്തരു പറ്റിയത്?

പണ്ട് നിന്റെ ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും എടയ്ക്ക് ഒരു പണി കിട്ടിയില്ലേ, അതെനിക്കും കിട്ടി.
ആപ്പീസില്‍ എന്നു വരും?

മഹാപാപീ, വേദന എങ്ങനുണ്ടെന്ന് പോലും നീ ചോദിച്ചില്ല.
അതിന്റെ വേദന എങ്ങനുണ്ടെന്ന് ചോദിക്കാതെ എനിക്കറിയാം. നീ വന്നിട്ട് ഇവിടെ അത്യാവശ്യമൊണ്ട്.

എനിക്കരിക്കാന്‍ പറ്റുന്നില്ല.
കിടന്ന് സ്വല്പം പണി എടുത്തൂടേ? ഈ ടൈം ആയോണ്ടാ. ഇന്ന് ഒരു ഇമ്പോര്‍ട്ടന്റ് വിസിറ്ററുണ്ട്, നീ അതിനെ ഒന്നു ചുരുട്ടി തരണം, പ്ലീസ്.

നന്ദികേട് പറയാതെടേ, നീ കിടന്നപ്പ നിനക്ക് രണ്ടാഴ്ച അവധി തന്നതല്ലേ ഞാന്‍. ഞാന്‍ കിടന്നപ്പ മൂന്നു ദിവസം കഴിഞ്ഞ് വിളിക്കുന്നോ?
കാലം മാറിയില്ലേ അന്തപ്പാ, റിസഷന്റെ വേദന നടുവിന്റേതിനെക്കാള്‍ വലുതല്ലേ. രണ്ട് പെഗ് അടിച്ചു നോക്ക്,വേദന കുറയും.

ദാരു വീശിയാല്‍ റിസഷന്റെ വേദനയേ കുറയൂ, നടൂന്റെ കുറയത്തില്ല. നിന്നെ കുരു കൊണ്ട് പോട്ട്, ഞാന്‍ വരാം.

ഞൊണ്ടി ഞൊണ്ടി വണ്ടീല്‍ കേറി കാളവണ്ടി സ്പീഡില്‍ ഓട്ടിച്ച് ആപ്പീസിലിറങ്ങി. നമുക്ക് എന്തെങ്കിലും വരുമ്പോള്‍ അത് നേരത്തേ വരാത്ത ആരും ഈ ലോകത്ത് കാണില്ലല്ലോ, സകലരും ചുറ്റും കൂടി "പണ്ട് ഇതുപോലെ എനിക്ക് വന്നപ്പ ഞാന്‍ ചെയ്തത്..." തുടങ്ങി.

നിങ്ങളൊക്കെ എന്തരോ ചെയ്യ്, ഞാന്‍ തല്‍ക്കാലം ഒരു ഫിസിയോ, അടുത്ത വെക്കേഷനു നാട്ടില്‍ ഒരായുര്‍‌വേദ തിരുമ്മല്‍. വേറൊന്നും ചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.

ക്ലാം മീറ്റ് പച്ചയ്ക്ക് തിന്നാ മതി, ഡിസ്കില്‍ അതടിഞ്ഞ് ഒടനേ സുഖമാവും- ചന്ദ്രഗുപ്ത മൗറീന്‍.
പച്ചക്കക്ക എന്റെ പട്ടിപോലും തിന്നൂല്ല, പോടീ.

മുരിങ്ങക്കായ സൂപ്പിട്ട് സ്വല്പ്പം രസവുമൊഴിച്ച്...അടുത്തന്
രസം, അതിരസം, ലഡു, ഘോഷം- ഈ തമിഴന്മാര്‍ക്ക് വേറൊന്നും അറിയത്തില്ലേ?

പാലില്‍ മഞ്ഞളിട്ടു കാച്ചി രാത്രി കുടിച്ചിട്ടു കിടന്നാ എന്റെ വേദന പോയത്- ദാര്വീശ്
പഞ്ചഗവ്യം പ്രിയമായിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു, കുളസ്റ്റ്രോള്‍ തുടങ്ങിയപ്പ അതെല്ലാം ഉപേക്ഷിച്ചു. ഇനി മരുന്നായി പോലും അതേലെ ഒന്നും ഞാന്‍ തൊടത്തില്ല.

പഞ്ച ഗവ്യമോ, അതെന്തരൊക്കെയാ?
പാല്‌, തൈര്‌, വെണ്ണ, ചീസ്, ബീഫ്.

എന്നാ ഉടുമ്പെറച്ചി അവിച്ച് തിന്നേച്ച് മയിലെണ്ണ തേച്ച്...
ഭ. എന്നെക്കാളും ഭൂമിക്ക് ഇപ്പ ഉടുമ്പും മയിലുമാ ആവശ്യം.

ഒരു എപ്പിഡ്യൂറല്‍ എടുക്കാമായിരുന്നില്ലേ- കെല്ലി
അത് പെണ്ണുങ്ങള്‍ പ്രസവിക്കാന്‍ എടുക്കണതല്ലേ കൊച്ചേ?

യോഗയാ നല്ലത്- ദാ ഇങ്ങനെ മലന്നു കെടന്നിട്ടു വളഞ്ഞു തിരിഞ്ഞ് ചുരുണ്ടു മടങ്ങി...
നിര്‍ത്തെടാ, എന്റെ നടു തളന്നു പോണത് കാണാന്‍ നിനക്ക് അത്ര ആഗ്രഹമോ?

എന്നാ ഞാന്‍ പറഞ്ഞു തരാം, അക്യു‌പഞ്ചര്‍ വഴി എല്ലിന്റെ...
എനിക്ക് ആവശ്യത്തിനു ഉപദേശം ഡോക്റ്റര്‍മാര്‍ തരുന്നുണ്ട് .ഒന്നു നിര്‍ത്തി പോയി പണിയെടുക്കിനെടേ. അല്ലെങ്കില്‍ തന്നെ മനുഷ്യനു വേദനിച്ചു പ്രാന്തായി നില്‍ക്കുവാ, വല്ല പേപ്പര്‍ നൈഫും എടുത്ത് പണ്ടത്തി കേറ്റും ഞാന്‍ ങ്ഹാ.

ആരാണ്ട് കാണാന്‍ വന്നെന്ന് പറഞ്ഞല്ലോ?
ബഹറിനീന്ന് ഒരു ബഹറിനി വന്നിട്ടുണ്ട്, എന്തരേലും നടക്കുമോ ആവോ?

ഹല്ലോ!
ഹലഹലോ.

നടു ഉളുക്കി ഇരിക്കുകയാണല്ലേ, റിസപ്ഷനിസ്റ്റ് പറഞ്ഞു. സോറി.
എന്തരു സോറി, എന്റെ നടു നീയല്ലല്ല് ഒടിച്ചത്.

നിങ്ങക്കൊക്കെ വിശ്വാസം ഉണ്ടോന്ന് അറിയില്ല, എന്റെ അനുഭവത്തീന്നു പറയുകയ, ഹെര്‍ണിയേറ്റഡ് ഡിസ്കിനൊക്കെ റെയ്ക്കിയാ നല്ലത് . രാവിലേ എണീറ്റ് മേപ്പോട്ട് നോക്കിയിട്ട്...

റെയ്ക്കിയൊക്കെ എനിക്കറിയാം, അതിലും നല്ല ഒരു പരിപാടിയാ ഞാന്‍ ഇപ്പ ചെയ്തോണ്ട് ഇരിക്കുന്നത്.
അതെന്താ?

കുങ്ങ് ഫൂ വര്‍ക്കൗട്ട്.
കുങ്ങ് ഫൂവോ? ഫലിക്കുമോ?

പിന്നില്ലേ, ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ കുങ്ങ് ഫൂ മാസ്റ്റര്‍മാര്‍ നടുവിനു പലകയും കൂന്താലിക്കൈയ്യും ഒക്കെ അടിച്ച് ഒടിക്കണത്, അവരുടെ നട്ടെല്ല് ഇരുമ്പ് പൈപ്പു പോലെ ആക്കുന്നത് ആ വര്‍ക്കൗട്ട് അല്ലേ.

അതെങ്ങനെയാ, പ്രയാസമാണോ?
അത്ര പ്രയാസമൊന്നുമില്ല. രാവിലേ എണീറ്റ് ഐസ് കട്ടയില്‍ ഒരു മണിക്കൂര്‍ കിടക്കണം, എന്നിട്ട് ഒരു ചട്ടിയില്‍ തീക്കനല്‍ കൂട്ടിയിട്ട് അതില്‍ തലകുത്തി പതിനഞ്ചു മിനുട്ട് നില്‍ക്കണം. എന്നിട്ട് നടുവിനു എണ്‍പതു കിലോ വെയിറ്റ് വച്ച് എണ്‍പത്തി മൂന്ന് പുഷ് അപ്പ്- അത്രയും വെയിറ്റ് വീട്ടിലില്ലെങ്കില്‍ ഭാര്യയും മക്കളും പുറത്തു കയറി ഇരിക്കാന്‍ പറഞ്ഞാല്‍ മതി. ഒടുക്കം നാലു കത്തി- കറിക്കത്തി മതി- മണ്ണില്‍ കുത്തി നിര്‍ത്തിയിട്ട് അതിന്റെ മുകളില്‍ ഒരു അര മണിക്കൂര്‍ കിടക്കണം.

ശരിക്കും ഇങ്ങനെ ചെയ്യുമോ?
എന്നെ കൊല്ല്, കൊല്ല്, കൊല്ല്.

3 comments:

അതുല്യ said...

:( സങ്കടോണ്ട് കേട്ടിട്ട് .. എനിക്കും ഇത് പണ്ട് വന്നട്ടോണ്ട് അതോണ്ടാ ആന്റപ്പാ,

ആരും പറയണത് കേക്ക്ക്കാണ്ടേ, സത്യായിട്ടും മെഡിസിനു പഠിച്ചവരാരെങ്കിലും പറയണത് കേട്ട് നടക്കണേ ആന്റപ്പാ, നടക്കാറാവട്ടേ ആന്റപ്പാ വേഗം, നമുക്ക് ഹട്ടയിലു പോണ്ടേ?

(എന്നാലും അല്പം ഒരു സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ട് രാവിലെ അതും വെള്ളോം കൂടി കുടിച്ചാ ഇനിയങ്ങോട്ട് ഒടിയാതേം ചതയാതേം ഇരിയ്ക്കും)

ഓം ധന്വന്തരമൂര്‍ത്തിയായേ നമ:

Tom Sawyer said...

പാവം അന്തോണിച്ചന്‍ ..

വേം ശര്യാവട്ടെ ..

കുഞ്ഞന്ന said...

അന്തപ്പാ, ഇതന്തപ്പനെഴുതിയ ദിവസം ഞാന്‍ കോട്ടക്കല്‍ ആലുവ ശാഖയില്‍ തിരുമ്മുചികില്‍സ തുടങ്ങിയിരുന്നു. അപ്പം തുല്യദുഖിതരാന്നേ? എനിക്കു കഴുത്തിലാണ്‌ വീക്ക്‌ (ദൈവത്തിന്റെ സ്വന്തം അടി!) കിട്ടിയതെന്നൊരു വ്യത്യസം മാത്രം. അതോണ്ടു പറേകാ: റെഡിക്കുലോപതി വേദനയെന്തെന്നനുഭവിച്ചറിഞ്ഞിട്ടില്ലാത്ത മുറിവൈദ്യക്കാരും ഒറ്റമൂലിക്കാരും എന്തേലും പറയട്ടെ. താങ്കള്‍ വിശ്വസിക്കാവുന്ന ആയുര്‍വേദ വിദഗ്ധരുടെ അടുത്തെത്തി ഒരു പതിന്നാലു ദിവസം (അല്ലെങ്കില്‍ അവര്‍ പറയുന്നത്രയും) ചികില്‍സയും പറ്റുമെങ്കില്‍ അടുത്ത പതിന്നാലു ദിവസം (ചികില്‍സയെടുത്തത്രയും തന്നെ എന്നു സാരം) വിശ്രമവുമെടുക്കാന്‍ വല്ല നിവര്‍ത്തിയുമുണ്ടെങ്കില്‍ അതു ചെയ്യൂ. വേഗം സുഖമാകട്ടെ എന്ന്‌ ആശംസിക്കുന്നു.