Monday, April 27, 2009

യാര്‍ വേലുപ്പിള്ളൈ?

അണ്ണാ പ്രഫാകരന്‍ കൊല്ലത്തുകാരന്‍ തന്നീ?
യാത് പ്രഫാകരങ്ങ്?

പുലി നേതാവ് പ്രഫാകരന്‍.
ആര്‌ പറഞ്ഞ്?

അണ്ണന്‍ പത്ര റിപ്പോര്‍ട്ട് ഒന്നും കാണാറില്ലേ?
ഇല്ല, എന്തരാ അതില്‍?

ഏതോ റിപ്പോര്‍ട്ടര്‍ കൊല്ലത്ത് കണ്ണനല്ലൂരില്‍ ഒരു വീട്ടില്‍ ഒരു സ്ത്രീയെ കണ്ടു. തന്റെ അമ്മാവന്‍ വേലുപ്പിള്ള ഇരുപത്തൊന്നു വയസ്സില്‍ നാടുവിട്ടു പോയെന്നും ജാഫ്നയില്‍ ഒരു സ്റ്റോര്‍ നടത്തുകയായിരുന്നെന്നും ജാഫ്നയില്‍ ആ വേലുപ്പിള്ള കല്യാണം കഴിച്ചെന്നും കുറച്ചു കാലം കഴിഞ്ഞ് വന്ന് മകനു പ്രഭാകരന്‍ എന്നു പേരിട്ടെന്നും പറഞ്ഞെന്ന്. സഹോദരി മരിച്ചേപ്പിന്നെ വേലുപ്പിള്ള നാട്ടില്‍ വരാറില്ലെന്ന്.

ഇതിപ്പോ എന്റെ അയലത്തൂന്ന് പണ്ടൊരു വേലുപ്പിള്ള നാടുവിട്ടു പോയെന്നും പ്രഭാകരന്‍ അയാളുടെ മോനാണെന്നും എനിക്കും പറഞ്ഞൂടേടേ?

അണ്ണനെന്താ ഇതില്‍ വിശ്വാസം പോരാത്തത്?
അത്യാവശ്യം പ്രഭാകരനെക്കുറിച്ച് വായിച്ചിട്ടുള്ളതുകൊണ്ട്. ചെല്ലാ, പ്രഭാകരന്റെ അച്ഛന്റെ പേര്‍ കണ്ണനല്ലൂര്‍ വേലുപ്പിള്ള എന്നല്ല, തിരുവെങ്കിടം വേലുപ്പിള്ള എന്നാണ്‌. ഒരു മലയാളിക്ക് തിരുവെങ്കിടം എന്ന പേര്‍ വരാന്‍ ചാന്‍സില്ല. തി. വേലുപ്പിള്ള ജാഫ്നയില്‍ സ്റ്റോര്‍ നടത്തുകയായിരുന്നില്ല, പുള്ളി ഡിസ്ക്ട്രിക്റ്റ് ലാന്‍ഡ് ഓഫീസര്‍ ആയിരുന്നു. നാടുവിട്ട് സര്‍ക്കാര്‍ ജോലിയില്‍ ചെന്നു കേറാന്‍ ശ്രീലങ്ക ഗള്‍ഫിലല്ല.

ഓ അതാണോ കാര്യം?
പിന്നെ ഈ റിപ്പോര്‍ട്ടര്‍ പറയുമ്പോലെ വേലുപ്പിള്ളയ്ക്ക് ഒരു മകന്‍ മാത്രമല്ല, ആദ്യം ജനിച്ചതും പ്രഭാകരനല്ല. നാലുമക്കളല് ഏറ്റവും ഇളയവനാണ്‌ പ്രഭാകരന്‍. അതാണ്‌ അനുജന്‍ എന്നര്‍ത്ഥമുള്ള "തമ്പി" എന്ന വിളിപ്പേര്‍ പ്രഭാകരനു കിട്ടിയത്. പ്രഭാകരന്റെ മൂത്ത സഹോദരി ക്യാനഡയിലാണ്‌ . അവര്‍ ഇടയ്ക്കിടെ ടെലിവിഷനിലും വാര്‍ത്തയിലും വരാറുള്ളത് കണ്ടിട്ടില്ലേ? പ്രഭാകരന്‍ ജനിച്ചതു മാത്രമാണ്‌ ജാഫ്നയില്‍ , വളര്‍ന്നത് വേലുപ്പിള്ള ട്രാന്‍സ്ഫര്‍ ആയി പോയ വാവുനിയ, വെല്‍‌വെട്ടിത്തുറൈ തുടങ്ങിയ സ്ഥലങ്ങളിലാണ്‌.

പ്രഭാകരന്റെ വയസ്സായ അമ്മച്ചി പാര്വ്വതിയമ്മാള്‍ തിരുച്ചിയില്‍ വയ്യാണ്ട് കിടപ്പായിരുന്നു. ഈയിടെ മരിച്ചോന്നും ഉറപ്പില്ല, ശ്രീലങ്കന്‍ സര്‍ക്കാര്‍, വേലുപ്പിള്ളയുടെ സര്‍ക്കാര്‍ ജോലിയുടെ ഫാമിലി പെന്‍ഷന്‍ അയക്കുന്നതും ക്യാനഡയിലെ മൂത്തമകള്‍ അയക്കുന്നതുമല്ലാതെ അഞ്ചു പൈസ വരുമാനമില്ലെന്ന് ഇടയ്ക്കിടെ അവര്‍ തമിഴു പേപ്പറുകളില്‍ ആണയിടാറും ഉണ്ടായിരുന്നെന്നേ.

ഇഞ്ഞി നീ പറ.
ഇഞ്ഞി എന്തര്‌ പറയാങ്ങ്?

എന്നാ ഞാങ്ങ് പറയാം.
ഷേക്സ്പീയര്‍ ഒരു അറബി ആണ്‌. ഷേഖ് പീര്‍ എന്നാണ്‌ ശരിക്കുള്ള പേര്‍.
അല്ലണ്ണാ ഷേക്സ്പീയര്‍ ഒരു പട്ടരാ. ശേഷപ്പ അയ്യര്‍ എന്നാണ്‌ പേര്‍.

നീ തെളിഞ്ഞല്ലോടേ!

Thursday, April 16, 2009

വോട്ടുകള്‍ വോട്ടുകള്‍ വോട്ടുകള്‍

ചീയേഴ്സ്.
ബീയേഴ്സ്.
മൊത്തത്തില്‍ എങ്ങനെ ഒണ്ടാരുന്നു അന്തോണീ?
അറിയൂല്ലണ്ണാ, ആവുന്നതൊക്കെ ചെയ്തു. ഇല്ലാത്ത നേരമുണ്ടാക്കി ഒള്ള കാശുനുള്ളിപ്പറക്കി വണ്ടിക്കൂലി കൊടുത്ത് നാട്ടില്‍ വന്നു, വോട്ട് ചെയ്തു. വഴിയേ നടന്നു ആളുകളോട് സംസാരിച്ചു. "ഓ എന്തര്‌ എലക്ഷങ്, യെവനോ ജയിച്ചാ നമ്മക്കെന്തരാടേ" എന്നൊക്കെ പറഞ്ഞു നടക്കുന്നവരോട് കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ...

എന്തരു പക്ഷേ?
അണ്ണന്‍ ശ്രദ്ധിച്ചില്ലേ, നമ്മടെ തിരുവന്തോരത്തെ പ്രബുദ്ധത? പത്തമ്പത്തേഴ് ശതമാനം പേരാ വോട്ട് ചെയ്തത്, അതീ തന്നെ സിറ്റിക്കകത്തു മുപ്പത്തഞ്ചേയുള്ളെന്ന്. നമ്മളൊക്കെ ഇങ്ങനെ പോരാണ്ണാ.

അതിപ്പ അങ്ങനല്ലേ വരൂ. സമൂഹത്തിന്റെ ചിലവില്‍ മിടുക്കനായി പഠിച്ചു സാമൂഹ്യവിരുദ്ധനായവനും നിയമത്തിനതീതനും നിയമം കയ്യിലെടുത്തു നടക്കുന്നവനും മറ്റു നാനാവിധ മാന്യന്മാര്‍ക്കും ഇന്ത്യന്‍ ജനാധിപത്യമെന്നാല്‍ പരമ പുച്ചമല്ലേ ചെല്ലാ. വോട്ടു ചെയ്യലൊക്കെ വെറും അഴുക്ക പയലുകളുടെ ജോലിയാ, നമ്മള്‍ ഗീര്‌വ്വാണം വിട്ടേച്ച് സ്മാളുമടിച്ച് കിടന്നുറങ്ങണ്ട ടീമല്ലേ, എന്നു ചിന്തിക്കുന്ന സാറന്മാര്‍. ദാണ്ടേ സ്ഥാന ആര്‍ത്തി പോലും
ജീവിതത്തില്‍ ആദ്യമായി വോട്ടു ചെയ്തത് താന്‍ എലഷനു നിന്നപ്പോഴാണെന്ന് പറഞ്ഞില്ലേ.

എന്നാലും അങ്ങന്‍ പറഞ്ഞ സാനാര്‍ത്തി ലിവന്മാരുടെ റോള്‍ മോഡലല്ലേ. ആ സാറിനു വോട്ടിടാനെങ്കിലും ഈ പയലുകള്‍ ജനാധിപത്യമൊന്ന് രുചിക്കുമെന്ന് നെരുവിച്ച ഞാന്‍ മണ്ടന്‍.
തന്നെ. നീ മണ്ടന്‍

സ്റ്റീഫാ ഒരു ബീഫ് ഫ്രൈ താടേ.
ഈ എണ്ണയും കൊഴുപ്പും വലിച്ചു കേറ്റുന്നത് എന്തരിനെടേ, വല്ല ചിക്കന്‍ കറീം പറ.

ഇതിനി എത്ര നാളാന്നറിയൂല്ലണ്ണാ. ആരക്കറിയാം, അടുത്ത എലഷന്‍ ആവുമ്പഴേക്ക് ബീഫ് ഇവിടങ്ങളടക്കം ഓളിന്ത്യയില്‍ നിരോധിക്കുവോന്ന്. ബീഫും ഒരു തരം വോട്ടല്ലേ.

അങ്ങനേം വോട്ടിടാവോ. സ്റ്റീഫാ ആ കാതലി വിഴുന്താള്‍ എന്ന പടത്തിലെ പാട്ടൊന്ന് ഇട്ടേടേ.
കാതലി അല്ല സാറേ വിഴുവുന്നത് കാതലില്‍ - പ്രേമത്തില്‍ വിഴുന്തേന്‍-ഞാന്‍ വിഴുന്നു.

മാടു ശത്താന്‍ മനുസന്‍ തിന്നാന്‍ തോലെ വച്ച് മേളം കട്ടി കൂത്ത് കെട്ടഡാ..
അഡ്രാഡ്രാ നാക്കു മുക്ക നാക്കു മുക്ക..

യ്യോ എന്തരു മേളമാണ്ണാ ഈ കെട്ടിയത്? വായു വെലങ്ങിക്കുന്ന ബീറ്റോ!
ഇതും ഒരു വോട്ടാ അമ്പീ. ഇമ്മാതിരി എഴുതിയാ തമിഴു നാട്ടിനു വടക്കോട്ട് സിനിമ കാണാന്‍ വന്നവരെ പച്ചയ്ക്ക് കത്തിക്കൂല്ലേ. ഇവിടേം ഇനി എത്ര കാലമോ.

എന്റെ മുത്തുമാരിയമ്മാ, ഇവിടെങ്കിലും ഒന്നും വെരുത്തല്ലേ.
അമ്മന്റെ കാര്യവും പരുങ്ങലിലാ ചെല്ലാ. അമ്മനെ എല്ലാം എളക്കി പൂണൂലിട്ടവന്റെ ഫ്രണ്‍സിനെ ഒറപ്പിച്ചോണ്ടിരിക്കുവാ ഇവിടങ്ങളിലെല്ലാം. അമ്മനും മാടനും യക്ഷിയമ്മേം ഉച്ചമകാളീം ഒക്കെ പിരിച്ചുവിടപ്പെട്ടോണ്ടിരിക്കുവാ.

സ്റ്റീഫാ ബില്‍ ഫ്രൈ കൊണ്ടുവാടേ , കള്ളടിച്ചിട്ട് ഒരു കാര്യവുമില്ല ഇന്നിനി.
ഓക്കേ ആന്റപ്പാ, അടുത്ത വരവിക്കാണാം.