Friday, January 30, 2009

മംഗലാപുരം സംഭവം- അഭിപ്രായമില്ല.

ഇതെഴുതുമ്പോള്‍ ആപ്ലിക്കബിള്‍ ആയ നിയമ-സദാചാര പെരുമാറ്റച്ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മംഗലാപുരത്ത് പബ്ബില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെപ്പറ്റി യാതൊന്നും പറയാന്‍ കഴിയില്ല. ശ്രീരാമസേന എന്നത് ഒരു പ്രസ്ഥാനമായതുകൊണ്ട് അവരെ അധിക്ഷേപിക്കാന്‍ നിര്വ്വാഹമില്ല. സംഘപരിവാര്‍ ശ്രീരാമസേന തങ്ങളുടെ ആള്‍ക്കാരല്ലെന്ന് പറഞ്ഞതുകൊണ്ട് ഇനി അങ്ങനെയൊരു സാദ്ധ്യത പരിശോധിക്കുന്നത് ലൈബല്‍ കേസിലേക്ക് കാര്യങ്ങള്‍ നീക്കും. യെഡ്ഡിയൂരപ്പ പബ്ബുകള്‍ നമ്മുടെ സംസ്കാരമല്ല എന്നു പറഞ്ഞത് സംഭവത്തെ ന്യായീകരിക്കുകല്ലെന്നും വ്യക്തമാക്കിയതാണ്‌. മാംഗളൂരും മാലേഗാവുമായി എന്തുബന്ധമെന്ന് ചിന്തിക്കുന്നത് തന്നെ അബദ്ധം- പ്രതികള്‍ മാനനഷ്ടത്തിന്‌ എന്റെ പേരില്‍ കേസ് കൊടുത്തേക്കാം.

മൊത്തത്തില്‍ ഇക്കാര്യത്തില്‍ എനിക്ക് അഭിപ്രായമേ ഇല്ല. നമുക്ക് കവിത ചൊല്ലിക്കളിക്കാം
അടിച്ചല്ലേ പിടിച്ചല്ലേ അടിക്കുത്തില്‍ തൊഴിച്ചല്ലേ
കടുക്ക ഞാന്‍ കുടിച്ചോളാം അമ്മച്ചീ

Tuesday, January 27, 2009

മസ്സാജ്

മസ്സാജ് എന്ന വാക്കിനു ടൂറിസം ഇന്‍ഡസ്ട്രിയും മാദ്ധ്യമങ്ങളും ചേര്‍ന്ന് വ്യഭിചാരമെന്ന് ഒരര്‍ത്ഥം കൊടുത്തുകളഞ്ഞെന്ന് ഈയിടെ ഒരു സുഹൃത്ത് നിരീക്ഷിക്കുകയുണ്ടായി. വളരെയേറെ ഏഷ്യന്‍ ടൂറിസ്റ്റ് സ്പോട്ടുകള്‍ മസ്സാജ് പാര്‍ളര്‍ എന്ന പേരില്‍ വ്യഭിചാരശാലകള്‍ നടത്തുന്നുണ്ടെന്നത് ശരിയുമാണ്‌. യഥാര്‍ത്ഥ തിരുമ്മല്‍ സേവനം ശരിയായ രീതിയില്‍ തന്നെ നടന്നു പോകുകയും ചെയ്യുന്നുണ്ട്.

തിരുമ്മല്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
പട്ടിയെ വളര്‍ത്തുന്നവരോടോ കുതിരക്കമ്പക്കാരോടോ ചോദിച്ചാല്‍ അവര്‍ വിശദമായ ഉത്തരം തരും. സര്‍ക്കുലേഷന്‍, ഊര്‍ജ്ജസ്വലത, ശാന്തപ്രകൃതി... അല്ല മനുഷ്യനെന്താ അപ്പോ മൃഗമല്ലെന്നുണ്ടോ?

തിരുമ്മലിന്റെ ആദ്യാനുഭവം ഓര്‍മ്മയുണ്ടാവില്ല. ഒരു പഴമ്പാളയിലോ റബറൈസ്ഡ് ഷീറ്റിലോ കിടന്ന് കുളിക്കുമുന്നേ ഇങ്ക്വിലാബും വിളിച്ച് ഇടയ്ക്ക് ചെറിയ ചിരിയും കരച്ചിലുമൊക്കെയായി സ്വീകരിച്ച എണ്ണയിട്ടു തിരുമ്മലും അതിനു ശേഷമുള്ള സുഖനിദ്രയും? അമ്മയുടെയും അമ്മൂമ്മയുടെയും എണ്ണതേയ്പ്പിച്ചു കുളിപ്പിക്കല്‍ ഉറക്കത്തിനപ്പുറം പലതും നിങ്ങള്‍ക്ക് തന്നിട്ടുണ്ട് , ശരിയായ ദഹനപ്രക്രിയ, വായുകോപത്തിന്‌ ആശ്വാസം, ഭയവും ആകാംക്ഷയും കുറയ്ക്കല്‍. ഗവേഷിക്കുന്നവര്‍ ഇങ്ങനെ നിരവധി പ്രയോജനങ്ങള്‍ ബേബി മസ്സാജിനു സ്ഥിതീകരിക്കുന്നു. അല്പ്പം കടന്ന അനുമാനങ്ങളെടുക്കുന്നവര്‍ ശൈശവത്തില്‍ തിരുമ്മല്‍ കിട്ടിയവര്‍ വളരുമ്പോള്‍ അക്രമവാസന താരതമ്യേന കുറഞ്ഞവരാണെന്നു വരെ പറയുന്നുണ്ട്, അതായത് കൊച്ചിലേ തിരുമ്മല്‍ കിട്ടിയില്ലെകില്‍ ചെറുപ്പത്തില്‍ ഉരുട്ടല്‍ കിട്ടുമെന്ന്- മുഖവിലയ്ക്ക് എടുക്കാന്‍ മാത്രം ശക്തിയണ്ട് തെളിവുകള്‍ക്കെന്ന് തോന്നുന്നില്ല.

ആദ്യം തിരുമ്മല്‍ സര്‍‌വീസ് കൊടുത്തതോ? കാലു തിരുമ്മിക്കൊടുത്താല്‍ പഞ്ചതന്ത്രവും സിന്‍ബാദിന്റെ കപ്പലോട്ടവും അലാവുദ്ദീന്റെ അത്ഭുതവിളക്കിന്റെ കഥയുമൊക്കെ പറഞ്ഞു തരുന്ന ഒരു അമ്മൂമ്മയുണ്ടായിരുന്നോ വീട്ടില്‍? (സീരിയല്‍ കണ്ട് കണ്ണീരൊഴുക്കി സോഫയിലും അയല്‍ക്കാരന്റെ മക്കളുടെ സ്വഭാവദോഷം പറഞ്ഞ് അടുക്കളയിലും ജീവിതം കഴിച്ചു കൂട്ടുന്ന അമ്മൂമ്മയുള്ളവര്‍ക്ക് സങ്കടം വരാന്‍ പറഞ്ഞതല്ല, വേറേ ഉദാഹരണമില്ല)

ആദ്യത്തെ പ്രഷര്‍ പോയിന്റ് മസ്സാജ്? ഒരു ഉഗ്രന്‍ ക്രിക്കറ്റ് മത്സരമോ ഫുട്ട് ബാള്‍ കളിയോ കഴിഞ്ഞ് വരാന്തയില്‍ ഒരു പായൊക്കെ വിരിച്ച് കിടന്നിട്ട് വീട്ടിലെ അനന്തിരവരോടും അയലത്തെ പിള്ളേരോടും " പുറത്ത് കയറി നടക്കിനെടേ അപ്പികളേ" എന്നൊന്ന് പറഞ്ഞാല്‍ മതി. കുട്ടികള്‍ മുതുകത്ത് കയറി കറ്റമെതിച്ചു തരും. പുറത്തിട്ട് ചവിട്ട് നല്ല രസമുള്ള കളിയായതിനാല്‍ മിക്കവാറും ഒരു മിഠായി പോലും ചിലവു വരില്ല ഈ തിരുമ്മിന്‌.

മിക്കവരുടെയും ജീവിതത്തിലെ തിരുമ്മല്‍ സൗഖ്യം അവിടെ അവസാനിക്കുകയാണ്‌. കയ്യൊന്നുളുക്കിയാല്‍ അടുത്ത വീട്ടിലെ വൈദ്യരെക്കൊണ്ട് ഒരു ആയുര്വ്വേദ തിരുമ്മു നടത്തിച്ച ഓര്‍മ്മയും ചിലര്‍ക്കൊക്കെ ഉണ്ടാവും.

(പഴയ കഥകള്‍ ഹറാമാണെന്ന് ആന്റിനൊസ്റ്റാള്‍ജിയന്‍ സൂരജ് പറയുന്നു, അതുകൊണ്ട് ശങ്കിച്ചാണ്‌ ഇത്രയും എഴുതിയത്)

കൗമാരവും കടന്ന് എന്തെങ്കിലും പണിയും പിന്നെ പണികിട്ടിയ ആധിയും പണിപോകുമോ എന്ന ആധിയും മൂലക്ക് കുത്തിയിരുപ്പും അന്തമില്ലാത്ത അന്തം വിടീലും ഒക്കെയുള്ള അഡല്‍റ്റ് കാലത്തും മസ്സാജിന്റെ സൗഖ്യത്തിനൊരു കുറവുമില്ല. അതിനെ മറന്നു പോകാറുണ്ടെന്നേയുള്ളു.


എങ്ങനെ ഒരു മസ്സാജ് സെന്റര്‍ തിരഞ്ഞെടുക്കണം?
മുകളില്‍ പറഞ്ഞതുപോലെ ടൂറിസ്റ്റ് സ്പോട്ടുകളിലും അല്ലാതെയും പലയിടങ്ങളിലും മസ്സാജ് എന്ന പേരില്‍ വ്യഭിചാരമാണ്‌ നടക്കുന്നത്. മിക്ക രാജ്യങ്ങളിലും യഥാര്‍ത്ഥ മസ്സാജ് സ്പാ ആരോഗ്യവകുപ്പോ മെഡിക്കല്‍ അധികാരികളോ ലൈസന്‍സ് ചെയ്തതവും. ഉദാഹരണത്തിന്‌ ദുബായില്‍ ഡോക്റ്റര്‍മാര്‍ക്ക് പ്രാക്റ്റീസ് അനുമതി നല്‍കുന്ന മിനിസ്ട്രി ഓഫ് ഹെല്‍ത്ത് തന്നെയാണ്‌ മസ്സാജ് സ്പാകള്‍ക്കും ലൈസന്‍സ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളിലും പ്രവേശനകവാടത്തിലുമെല്ലാം ലൈസന്‍സ് നമ്പറും റിസപ്ഷനില്‍ ലൈസന്‍സിന്റെ പകര്‍പ്പും പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്ഥലത്തേക്ക് ധൈര്യമായി കയറിച്ചെല്ലാം. അവിടെ അനാശാസ്യ പ്രവര്‍ത്തികള്‍ ഉണ്ടാവില്ലെന്ന് മാത്രമല്ല, അറിയാതെ എവിടെയെങ്കിലും പിടിച്ചു തിരിച്ച് മനുഷ്യന്റെ പിടലി ഒടിക്കുമെന്ന് ഭയവും വേണ്ട

ഒരു പൊതുസ്ഥലത്ത് ഉദാഹരണം ഷോപ്പിങ്ങ് കോമ്പ്ലക്സ്, ഒരു ഹോസ്പിറ്റല്‍ പോലെ വ്യക്തമായ ബോര്‍ഡും ഓഫീസും റിസപ്ഷനും ബില്ലിങ്ങ് സം‌വിധാനവും അപ്പോയിന്റ്മെന്റ് സിസ്റ്റവും ഒക്കെയുണ്ട് എന്നത് രണ്ടാമത്തെ ഉറപ്പ്

മൂന്നാമത്തേത് സ്പായുടെ റെപ്യൂട്ടേഷന്‍ തന്നെ. എത്ര സ്ഥലങ്ങളില്‍ വര്‍ത്തിക്കുന്നു, കോര്‍പ്പറേറ്റ് ക്ലയന്റ്സ് എത്രപേരുണ്ട്, പഞ്ചനക്ഷതഹോട്ടലുകളിലും ഷോപ്പിങ്ങ് മാളുകളിലും ശാഖകളുണ്ടോ, ആരാണ്‌ ഉടമസ്ഥര്‍ എന്നൊക്കെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഒന്നു വായിക്കാം( കൂട്ടത്തില്‍ ഗസ്റ്റ് ബുക്ക് നോക്കി മിനക്കെടേണ്ടാ, അതില്‍ അനുകൂല്‍ അഭിപ്രായ് മാത്രമേ കാണൂ.)


എന്തു തരം മസ്സാജ്?
മെഡിക്കല്‍ മസ്സാജുകള്‍ (ആയുര്വ്വേദം അടക്കം) വിലയിരുത്താന്‍ ഈ പോസ്റ്റില്‍ ശ്രമിക്കുന്നില്ല. ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട മസ്സാജുകള്‍ ചികിത്സ എന്ന നിലയ്ക്ക് ഡോക്റ്ററുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്‌. സൗഖ്യത്തിനായുള്ള മസ്സാജുകളില്‍ തന്നെ പ്രത്യേകതകളൊന്നും സ്വീഡിഷ്- ഈസ്റ്റ് യൂറോപ്യന്‍ മസ്സാജുകള്‍ക്ക് തോന്നാത്തതിനാല്‍ അവയും ഉള്‍പ്പെടുത്തിയിട്ടില്ല.

തായ് മസ്സാജ്
പ്രഷര്‍ പോയിന്റുകളില്‍ അമര്‍ത്തിയുള്ള തായ് മസ്സാജ് കഠിന മസ്സാജുകളിലാണ്‌ പെടുന്നത്. ശരിക്കുള്ള തായ് മസ്സാജ് ഹോസ്പിറ്റല്‍ കുപ്പായം പോലെ അയഞ്ഞ എന്തെങ്കിലും തുണി ആസകലം ധരിച്ച ആളിനെ നിലത്ത് മൃദുവായ പായ വിരിച്ചോ കട്ടിലില്‍ കിടത്തിയോ ആണ്‌ ചെയ്യുന്നത്. (പല തായ് മസ്സാജ് സെന്ററുകളും കസ്റ്റമറുടെ വസ്ത്രം ചുളുങ്ങുമെന്നതിനാല്‍ അടിവസ്ത്രം ധരിപ്പിച്ച ശേഷം മുകളിലൂടെ ഒരു നീളന്‍ ടവല്‍ പുതപ്പിക്കുകയാണ്‌ ഇപ്പോഴൊക്കെ ചെയ്യാറ്‌)

വളരെയേറെ മര്‍ദ്ദം ഉപയോഗിച്ച് ചെയ്യുന്നതിനാല്‍ ശരിയായ "അഭ്യാസി" അല്ല ചെയ്യുന്നതെങ്കില്‍ പ്രയോജനം ലഭിക്കയില്ലെന്നും വേദനിക്കുമെന്നും മാത്രമല്ല അസ്ഥികള്‍ക്ക് കേടുപാട് സംഭവിക്കാനും സാദ്ധ്യതയുണ്ട്. നല്ല ബോദ്ധ്യമില്ലാത്ത ഇടമാണെങ്കില്‍ തായ് മസ്സാജ് സ്വീകരിക്കാത്തതാണ്‌ ഉചിതം. ഇരുന്നിട്ടുള്ള നടുവേദന പോകാന്‍ നട്ടെല്ലിനു മുകളിലൂടെ തിരുമ്മുന്നതും പേശീവേദന പോകാന്‍ എണ്ണയിലിട്ട് ചൂടാക്കിയ ചെറു കല്ലുകള്‍ മുതുകില്‍ നിരത്തുന്നതും തായ് മസ്സാജില്‍ സാധാരണയാണ്‌.

ചൈനീസ് മസ്സാജ്
ഒരുപക്ഷേ ലോകത്തെല്ലായിടത്തും കാണുന്ന മസ്സാജ് രീതി ഇതായിരിക്കണം. നിശ്ചിത പാതകളിലൂടെ കൈകള്‍ കൊണ്ട് നിശ്ചിത വേഗത്തില്‍ ഓടിച്ച് തിരുമ്മുന്നതും (തുയി നാ) പ്രഷര്‍ പോയിന്റുകള്‍ മൃദുവായി മാത്രം അമര്‍ത്തുന്നതും ചേര്‍ന്നതാണ്‌ ഇന്ന് പ്രചരിച്ചിരിക്കുന്ന രീതി. അടിവസ്ത്രം മാത്രം ധരിച്ച ആളിനു മേല്‍ എന്തെങ്കിലും സുഗന്ധമുള്ള എണ്ണ പുരട്ടിയാണ്‌ മസ്സാജ് ചെയ്യാറ്‌ (എണ്ണ ചര്‍മ്മത്തിനു ചേരാത്തവര്‍ക്കും ഇഷ്ടമല്ലാത്തവര്‍ക്കും ഘര്‍ഷണത്താല്‍ വേദനിക്കാതിരിക്കാന്‍ പൗഡര്‍ ഇടുകയാണ്‌ ചെയ്യുക)

കമിഴ്നു കിടക്കുന്നയാളിനു മുകളില്‍ തുണിച്ചെരുപ്പിട്ട് ചവിട്ടിയുഴിച്ചില്‍ നടത്തുന്നതും സാധാരയാണ്‌. എന്നാല്‍ വലിയ ഭാരം അനുഭവിക്കുകയോ വേദനിക്കുകയോ ചെയ്യാത്തത്ര മര്‍ദ്ദത്തിലേ ചവിട്ടിത്തിരുമ്മാറുള്ളൂ. കൊറിയ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മസ്സാജും വളരയൊന്നും വത്യസ്തമല്ല.

കാല്‌, തല എന്നിങ്ങനെ ഇന്‍സ്റ്റാള്‍മെന്റ് തിരുമ്മലും നടത്താറുണ്ട് പലരും. ഒരു മസ്സാജിന്റെ മൊത്തം സൗഖ്യം അതില്‍ നിന്ന് ലഭിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ. (ഓട്ടം, ഫുട്ട് ബാള്‍, കുത്തിയിരുന്നിട്ടുള്ള കാലുമരപ്പ് തുടങ്ങിയവയ്ക്ക് ഒരു ഫുട്ട് മസ്സാജും മൈഗ്രെനിന്‌ ഒരു തലമസ്സാജും ഫലം ചെയ്യും)

ജാപ്പനീസ് മസ്സാജ്
ജാപ്പനീസ് മസ്സാജ് അല്ലെങ്കില്‍ ഷിയാറ്റ്സു യോഗയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെട്ടതും എന്നാല്‍ ആധുനിക കാലത്ത് ഉരുത്തിരിഞ്ഞതാല്‍ ഏറെ ശാസ്ത്രീയവുമാണെന്ന് വീരവാദമുണ്ട്. ഫലത്തില്‍ സര്‍ക്കുലര്‍ മോഷനും പ്രഷര്‍ പോയിന്റ് സമ്പ്രദായവുമാണ്‌ ഇതെന്ന് സ്വകാര്യ അഭിപ്രായം. ചൈനീസ് മസ്സാജിനെക്കാള്‍ സ്റ്റേജ് എഫക്റ്റ് ഉണ്ടെങ്കിലും എനിക്കിതുവരെ പ്രകടമായ മേല്‍ക്കൈ ഒന്നും തോന്നിയിട്ടില്ല ഈ സമ്പ്രദായത്തിന്‌. ഒരു പക്ഷേ അങ്ങനെ ആയിക്കൂടെന്നുമില്ല, അനുഭവപ്പെട്ടിട്ടില്ലെന്നേയുള്ളു.

ബാലിയനീസ് മസ്സാജ്
ചമ്പകപ്പൂവും മുല്ലപ്പൂവും ഇട്ട് കാച്ചിയെടുത്ത വെളിച്ചെണ്ണ തേച്ച് മൃദുവായും എന്നാല്‍ അതിവേഗത്തിലും തടവുന്ന രീതിയാണ്‌ ബാലിയനീസ് മസ്സാജ് . ധാരാളം എണ്ണ തേക്കുന്നതിനാല്‍ അടിവസ്ത്രം മാത്രമിട്ട് മുകളിലും താഴെയും ടവല്‍ വിരിച്ചാണ്‌ (ചിലയിടങ്ങളില്‍ ഡിസ്പോസബില്‍ വിസ്കോസ് ഷീറ്റും) ഇത്തരം മസ്സാജ് ചെയ്യാറ്‌.

ഞെക്കിയും വലിച്ചും തിരിച്ചും പുറത്തു കയറിത്തുള്ളിയും ഒക്കെ മറ്റു മസ്സാജ് രീതികള്‍ തരുന്ന സൗഖ്യം അത്രയളവില്‍ തന്നെ തരാന്‍ ബാലിയനീസ് മസ്സാജിനു കഴിവുണ്ടെന്ന് എന്റെ അനുഭവസാക്ഷ്യം. അതിനാല്‍ തന്നെ പ്രിയപ്പെട്ട രീതിയും ഇതു തന്നെ. ഒരു പ്രശ്നം ചമ്പകവും മുല്ലപ്പൂവും വെളിച്ചെണ്ണയും ഒക്കെക്കൂടി സമ്മാനിക്കുന്ന സ്ത്രൈണമായ ഒരു മണമാണ്‌. ഏഴുവെള്ളത്തില്‍ കുളിച്ചാലും ദിവസങ്ങളോളം ശരീരം മണക്കും.

ഫലപ്രദമായ മസ്സാജിന്റെ ലക്ഷണം
മസ്സാജ് കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ സുഖനിദ്രകഴിഞ്ഞ് രാവിലെ എഴുന്നേല്‍ക്കുന്നത്ര ഉന്മേഷവാനായിരിക്കണം. മസ്സാജ് സമയത്തോ ശേഷമോ വേദനിക്കുകയോ അസുഖം തോന്നുകയോ ചെയ്യരുത്. മസ്സാജിന്‌ മാനസിക സംഘര്‍ഷങ്ങള്‍ വളരയേറെ അയക്കാന്‍ കഴിയണം (താല്‍ക്കാലികമെന്ന് പറയേണ്ടതില്ലല്ലോ). ചെറിയ തരം പുറം വേദനകള്‍, മൈഗ്രെയിന്‍ തുടങ്ങിയവ മാറിയിരിക്കണം. ഏറ്റവും കൃത്യമായി മസ്സാജിന്റെ ഇഫക്റ്റ് അളക്കാന്‍ കഴിയുന്നത് ഹൃദയമിടിപ്പിലും രക്തസമ്മര്‍ദ്ദത്തിലും വന്ന കുറവ് നോക്കിയാണ്‌. മസ്സാജിന്റെ അവസ്സാനം ഹൃദയവേഗവും രക്തസമ്മര്‍ദ്ദവും ശ്വാസവേഗവും സാധാരണ നിങ്ങള്‍ക്കുള്ളതിലും താഴ്ന്ന് കാണപ്പെടണം.

ആണോ പെണ്ണോ?
നിങ്ങള്‍ പുരുഷനാണെങ്കില്‍ ഒരു നഴ്സിനോളം അല്ലെങ്കില്‍ ഡോക്റ്ററോളം പ്രൊഫഷണലായ ഒരു സ്ത്രീയുടെ മുന്നിലും സ്ത്രീയാണെങ്കില്‍ മറിച്ചും അടിവസ്ത്രം ധരിച്ച് സങ്കോചമോ സമ്മര്‍ദ്ദമോ ഒട്ടുമില്ലാതെ നില്‍ക്കാന്‍ മടിയുണ്ടോ (മഹാഭൂരിപക്ഷം ആള്‍ക്കാര്‍ക്കും അങ്ങനെയൊന്നുമില്ലെന്ന് തോന്നുന്നു) എങ്കില്‍ സ്വലിംഗത്തിലുള്ള ഒരു തെറാപിസ്റ്റിന്റെ തെരെഞ്ഞെടുക്കുന്നതാണ്‌ നല്ലത്. അങ്ങനെ അല്ലെങ്കില്‍ - തായ്- ഷിയാറ്റ്സു മസ്സാജുകള്‍ പേശീബലത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്ന ഒന്നായതിനാല്‍ പുരുഷ തെറാപ്പിസ്റ്റിനെയും ചൈനീസ് - ബാലിയനീസ് മസ്സാജുകള്‍ കൂടുതലും കരവിരുതിന്റെ പ്രകടനമായതിനാല്‍ സ്ത്രീ തെറാപ്പിസ്റ്റിനെയും തെരഞ്ഞെടുക്കുന്നതാണ്‌ നല്ലതെന്ന് തോന്നുന്നു.

എപ്പോള്‍ മസ്സാജ് പാടില്ല?
എന്തെങ്കിലും ഗുരുതരമായ അസുഖമോ (പ്രത്യേകിച്ച് അസ്ഥി- വൃക്ക- ഹൃദ്രോഗങ്ങള്‍ ) ഉയര്‍ന്ന പനിയോ ചര്‍മ്മരോഗങ്ങളോ മുറിവ് ചതവ് നീരുകെട്ടലോ ഉണ്ടെങ്കില്‍ മസ്സാജ് ദോഷം ചെയ്തേക്കാം. എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കില്‍ അതെല്ലാം സംശയം തീരും വരെ തെറാപ്പിസ്റ്റിനോടോ അവിടത്തെ കണ്‍സള്‍ട്ടന്റിനോടോ ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്‌.

മറ്റു ചെറുവകകള്‍
ഉറക്കത്തിനു തൊട്ടു മുന്നേ മസ്സാജ് ബുദ്ധിയല്ല . ഉറക്കം വരികയല്ല, മറിച്ച് ഉന്മേഷവാനാകുകയാണ്‌ മസ്സാജ് വഴി സംഭവിക്കുക.
ആശുപത്രികളുടെ ഭാഗമല്ലാത്ത മസ്സാജ് സ്പാകളില്‍ ഫീസിന്റെ ഇരുപത്തഞ്ചു മുതല്‍ മുപ്പത്തിമൂന്ന് ശതമാനം വരെ ടിപ്പ് കൊടുക്കുക ആചാരമാണ്‌. അത് മറന്ന് വെറുതേ തിരുമ്മുശ്ശാപം വിളിച്ചു വരുത്തേണ്ട
എണ്ണ മണം പ്രശ്നമാണെങ്കില്‍ മിക്ക സ്പാകളിലും കുളിക്കാന്‍ സംവിധാനമുണ്ട്
എവിടെ എപ്പോള്‍ മസ്സാജ് സുഖദായകമല്ലെന്ന് തോന്നുന്നോ അപ്പോള്‍ തന്നെ അത് പറയുക. പറഞ്ഞില്ലെങ്കില്‍ തിരുമ്മുകാരന്‍ അറിയാതെ അതാവര്‍ത്തിച്ചുകൊണ്ടേയിരിക്കും

Sunday, January 18, 2009

ആടും ആട്ടും

തൊങ്ക താണി മന്‍ തെലയോരം കണ്ടേ
കോല പമ്പില്‍ കാല്‍ പാവടിയും ഉണ്ടേ
കുന്നിയില കമ്പിളില്‍ പുള്ളില്ലാ മൂവുണ്ടേ
തുടനെഞ്ചില്‍ ഇടിയുണ്ടേ കൊടിതുട്ടും പാട്ടുണ്ടേ
ഇരകാട്ടം കാണാന്‍ കന്നെത്താനുണ്ടേ..

തന്നത്താന്‍ പാടിരസിക്കുന്നോ അന്തപ്പാ. എന്നുവന്നു?
പ്രൊഫസ്സറോ? സ്കില്ലൊക്കെ മറക്കാതിരിക്കാന്‍ ഒന്നു പ്രാക്റ്റീസിയതാ, വന്നിട്ട് കുറേ ദിവസമായി, ഇപ്പ പോകാറായി. ചാണ്ടിച്ചേട്ടാ ലാണ്ട് മട്ടണ്‍ കറിക്ക് ബള്‍ക്ക് ഓര്‍ഡര്‍ എത്തിയിട്ടുണ്ട്.

അവിടെയൊക്കെ മട്ടണ്‍ കിട്ടുമോ അന്തപ്പാ, അതോ ഒക്കെ ലാംബ് തന്നേ?
ങേ അപ്പോ മട്ടണല്ലേ ലാംബ്? ഞാന്‍ കരുതി രണ്ടും ഒന്നാണെന്ന്. എന്തായാലും ഞാന്‍ ചുവന്ന മാംസം നിര്‍ത്തിയതുകൊണ്ട് വാങ്ങിച്ചിട്ടില്ല.

ലാംബ് മൂത്തതാണ്‌ മട്ടണ്‍. ഒരു വയസ്സില്‍ താഴെയുള്ള ആട്ടിനെ വെട്ടിയാല്‍ അത് ലാംബ്. ആടു മൂത്തെങ്കില്‍ ഇറച്ചി മട്ടണ്‍. ഇവിടെയൊക്കെ ആട് വളര്‍ന്ന് പെറ്റുകൂട്ടി വയസ്സാകുമ്പോഴല്ലേ വെട്ട്. സായിപ്പിനത് പഥ്യമല്ല. അതോണ്ട് കൂടുതലും ലാംബ്രട്ടായാ. കിഡ് ആന്‍ഡ് ചെവി എന്നും ചിലര്‍ വിളിക്കും ലാംബ്മട്ടന്മാരെ.

ഓ മൂപ്പിളമപ്രശ്നമാ അല്ലീ? അറബി നാട്ടില്‍ രണ്ടും വെട്ടും. മൂത്താടും കുഞ്ഞാടും. ഞാന്‍ ഇത് വാങ്ങിക്കാത്തോണ്ട് അറിയത്തില്ല. ചെമ്മരിയാടിന്റെ ഇറച്ചി താല്പ്പര്യമില്ല അവിടങ്ങളിലെന്ന് കേട്ടിട്ടുണ്ട്. അതെന്തരോ ആട്ട്, ആട്ടിറച്ചിയെല്ലാം നമ്മക്ക് മട്ടണ്‍ തന്നെ, സായിപ്പും അങ്ങനെ വിളിച്ചാ മതി, ആട്ടിനെ ഇണക്കാന്‍ തുടങ്ങിയത് നമ്മളാണെങ്കില്‍ പേരും നമ്മള്‍ തന്നെ ഇട്ടോളും. അല്ല പ്രൊഫസറേ, വേറൊരു സംശയം.

ബലിയാട് എങ്ങനെ സ്കേപ്പ് ഗോട്ട് എന്നായി ഇംഗ്ലീഷില്‍?
ജൂതന്മാരുടെ ആചാരമനുസരിച്ച് ഒരു ആടിനെ കുറ്റപാപങ്ങളെല്ലാം ചുമത്തി കൂട്ടത്തില്‍ നിന്നും തല്ലിയോടിക്കുമായിരുന്നു. ബലി സംഗതി വേറേ വരും. അങ്ങനെ വേറാരൊക്കെയൊ ചെയ്ത പാപത്തിന്റെ പേരില്‍ എസ്കേപ്പ്- എന്തരെ സ്കേപ്പ്, എക്സൈല്‍ ചെയ്യപ്പെട്ട ആട്- ആണ്‌ സ്കേപ്പ് ഗോട്ട്. നമുക്കൊന്നും ആട്ടിനെ ആട്ടിവിടുന്ന പരിപാടി ഇല്ലാത്തതുകൊണ്ട് ആരുടെയോ ദേവപ്രീതിക്കായി ബലികൊടുക്കപ്പെടുന്ന ആട് ഈ റോളില്‍ കേറിയതാണ്‌.

പൊതി റെഡി സാറേ.
അന്തപ്പാ ഇവിടൊക്കെ തന്നെ ഉണ്ടല്ല്, ഞാന്‍ പോണ്‌.

Saturday, January 10, 2009

സത്യത്തിലെന്തു സംഭവിച്ചു?

ഇന്റര്‍നെറ്റില്‍ കറങ്ങിത്തിരിയുന്ന ചെയര്‍മാന്‍ രാമലിംഗരാജുവിന്റെ രാജിക്കത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി എന്തെങ്കിലും അറിയവയ്യ- സത്യത്തിനുണ്ടെന്ന് വര്‍ഷങ്ങളായി അവര്‍ അവകാശപ്പെട്ട ലാഭവും ജംഗമാസ്തിയും സത്യത്തില്ലായിരുന്നു എന്നതൊഴികെ.

ഇദ്ദേഹം ഒരു കുറ്റസമ്മതം നടത്തി എന്നതുകൊണ്ട് മാത്രം അതിലെഴുതിയിരിക്കുന്നതാണ്‌ വാസ്തമെന്ന് എങ്ങനെയോ ജനം ധരിച്ചു വശായിരിക്കുന്നെന്ന് ഈ-മെയിലില്‍ അഭിപ്രായം കറങ്ങുന്നതില്‍ നിന്നും തോന്നുന്നു. വ്യക്തമല്ലാത്ത കാര്യത്തിന്മേല്‍ പോസ്റ്റ് ഇടാന്‍ നിര്‍ബ്ബന്ധിതനായിപ്പോയത് വരുന്ന മെയിലുകളുടെ എണ്ണവും ആവേശവും കാരണമാണ്‌.

എന്താവാം സഭവിച്ചത്?
സത്യത്തില്‍ എന്തോ പ്രശ്നമുണ്ട് എന്നത് ഒരു വര്‍ഷം മുന്നേ അവര്‍ തുടങ്ങിയ ഓര്‍ഗനൈസേഷണല്‍ റീസ്ട്രച്ചറിങ്ങ് കാലത്തേ തോന്നിയിയിരുന്നു. ചെയര്‍മാന്റെ മകന്‍ നടത്തിപ്പോന്ന മെയ്റ്റാസ് എന്ന ഐടി-ഇതര മേഘലയിലെ കമ്പനിയെ സത്യത്തിനെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ അദ്ദേഹം ഒരു ശ്രമം നടത്തുകയും ഓഹരി ഉടമകള്‍ അത് നിരസിക്കുകയും ചെയ്തതോടെ സംശയം അധികരിച്ചു.



ഫ്രോഡ് നടന്ന വഴി.
വിപ്രോ, ടിസീയെസ്, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ കണക്കില്‍ കാണിച്ചു പോന്ന ലാഭത്തിനു മുകളില്‍ സത്യത്തെ എത്തിക്കണമെങ്കില്‍ രണ്ടേ രണ്ടു വഴിയേ ഫ്രോഡിനുള്ളു- ഒന്നുകില്‍ ഇല്ലാത്ത കച്ചവടം അല്ലെങ്കില്‍ മറ്റുവരുമാബ്നം ഉണ്ടെന്ന് കാണിക്കണം, ഇല്ലെങ്കില്‍ ഉള്ള ചിലവ് ഇല്ലായെന്നു വരുത്തണം.

ഒന്ന്:
കമ്പനി വ്യാജ കച്ചവട രേഖകള്‍ ചമയ്ക്കുന്നു. മിക്കവാറും അത് യഥാര്‍ത്ഥത്തിലില്ലാത്ത വിദേശകമ്പനികളുടെ (ഒരു അമേരിക്കന്‍ പേപ്പര്‍ കമ്പനി ഉണ്ടാക്കാനാണോ പ്രയാസം?) ആയിരിക്കണം. അല്ലെങ്കില്‍ വരാനുള്ള വര്‍ഷങ്ങളുടെ കച്ചവടം തന്നാണ്ടില്‍ കാണിക്കണം. വ്യാജലാഭം കാണിക്കാം.

രണ്ട്:
ഇപ്പോള്‍ പൊതുജനമദ്ധ്യം തകര്‍പ്പന്‍ ഇമേജ് ആയി. പക്ഷേ ഷെയര്‍ഹോള്‍ഡറ്മാരും ഓഡിറ്ററും ചോദ്യം ഉന്നയിക്കും, ഇതില്‍ നിന്നും ഒരു പറ്റുകണക്ക് (debtor) ഉണ്ടായി. അതെന്തേ ഇങ്ങനെ കിടക്കുന്നു എന്ന്. ഇതിനും വഴി രണ്ടാണ്‌. ഒന്ന് കിട്ടാക്കടമായി ഈ പുള്ളിക്കണക്ക് എഴുതിത്തള്ളണം, അല്ലെങ്കില്‍ പണം കിട്ടിയതായി കാണിക്കണം. എഴുതിത്തള്ളിയാല്‍ മുന്നാണ്ട് വന്ന ലാഭം കിട്ടാക്കടക്കണക്കില്‍ പോയിക്കിട്ടും, അതുകൊണ്ട് കിട്ടിയെന്ന് വരുത്തണം.

മൂന്ന്:
മുകളിലെ രണ്ട് കാര്യവും ഏത് കഴുതയ്ക്കും ചെയ്യാം, പക്ഷേ ഇല്ലാത്ത പണം എങ്ങനെ ബാങ്കില്‍ കാണിക്കും? ഒരാഴ്ച ഓഡിറ്റ് പഠിച്ച ഏതു പ്രാന്തനും ഓഡിറ്റ് ചെയ്യുമ്പോള്‍ വര്‍ഷാവസാനം ബാങ്കിന്‌ ഒരെഴുത്തെഴുതും, എന്റെ കക്ഷിക്ക് എത്ര പണം ബാങ്കിലുണ്ടെന്ന് ഒരു സര്‍ട്ടിഫിക്കറ്റ് തരാന്‍. അതിനെ എങ്ങനെ മറികടക്കും?

ഒരു വാദത്തിനു വേണ്ടീ ഓഡിറ്റര്‍ക്ക് പണം നല്‍കിയോ സ്വാധീനിച്ചോ ഈ ഒരു പ്രൊസിഡ്യൂര്‍ വേണ്ടെന്നു വയ്പ്പിച്ചെന്ന് കരുതാമോ? തീര്‍ച്ചയായും ഇല്ല. ഓഡിറ്റിങ്ങ് സ്റ്റാ‌ന്‍‌ഡേര്‍ഡ് 505 വ്യക്തമായി പറഞ്ഞ നടപടികളില്‍ ഒന്നാണ്‌ ഈ ബാങ്കിനെഴുത്ത്, എത്ര പണത്താല്‍ വീഴുന്നവരും ഇത്തരം ഒരാത്മഹത്യാപരമായ ക്ലീന്‍ കേസില്‍ പെടില്ല.

പിന്നെ എങ്ങനെ ഇത് മറികടന്നു? അവിടെയാണ്‌ രാമലിംഗരാജുവിന്റെ വരികള്‍ക്കിടയില്‍ ഒന്ന് വന്ന് തട്ടിയത്. "ഞാനോ എന്റെ കുടുംബമോ അടുത്തിടെ ഷെയര്‍ വിറ്റിട്ടില്ല". വില്‍ക്കാന്‍ പറ്റില്ല, പ്രൊമോട്ടര്‍, അതും ഒരു കോര്‍പ്പറേറ്റ് സൂപ്പര്‍മാന്‍ ഷെയര്‍ വിറ്റാല്‍ കമ്പനി കാക്കകൊണ്ട് പോകില്ലേ.

ഇദ്ദേഹം കൈവശം വച്ചിരിക്കുന്ന ഒമ്പതോളം ശതമാനം ഓഹരി ഇന്ത്യയിലോ പുറത്തോ പണയം വച്ചോ അല്ലാതെയോ വര്‍ഷാന്ത്യത്തിലോ സ്ഥിരമായോ ഈ പറഞ്ഞ തുക ബാങ്കില്‍ ഇട്ടുകാണണം. കണ്‍ഫര്മേഷന്‍ ചോദിക്കുന്ന തീയതികള്‍ക്കടുത്ത് മാത്രം ഇട്ടതാണെങ്കില്‍ ഓഡിറ്റര്‍ക്ക് ഇത്രയും വലിയൊരു തുകയുടെ "ട്രേസ്" (വ്യക്തതയില്ലാതെ പണം വന്നു പോകല്‍ കണ്ടാല്‍ അതെന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്) കിട്ടിയില്ലെന്നോ അല്ലെങ്കില്‍ കണ്ടില്ലെന്ന് വച്ചെന്നോ കരുതേണ്ടിവരും. ഇന്‍സ്ട്ട്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് അന്വേഷണത്തില്‍ വ്യക്തമാകേണ്ടതാണ്‌.

ഇനി സ്ഥിരമായി ഇത് ബാങ്ക് അക്കൗണ്ടിലാണെങ്കിലോ? ഒരു കച്ചവടം നടന്നു, അതിന്റെ പറ്റുകാരന്‍ ഉണ്ടായി, അവര്‍ പണം തന്നു. ക്രയവിക്രയം കൃത്യമായി പൂര്‍ണ്ണമായി. ഓഡിറ്റര്‍ക്കോ പുറം ലോകത്തിനോ ഇത് മനസ്സിലാവില്ല. തീര്‍ന്നോ?

(മറ്റൊരു സാദ്ധ്യത ബാങ്കുകളെ സ്വാധീനിച്ച് പണം ബാങ്കില്‍ ലഭിച്ചെന്ന് വ്യാജരേഖയുണ്ടാക്കുക എന്നതാണ്‌. അത് നടക്കാന്‍ സാദ്ധ്യത തീരെക്കുറവാണ്‌. നടന്നല് തന്നെ മുകളിലോ താഴെയോ പറയുന്ന കാര്യങ്ങളില്‍ മാറ്റമൊന്നുമില്ല)

നാല്‌:
അങ്ങനെ തീരുമെങ്കില്‍ ലോകത്തെ എല്ലാ കമ്പനികളും ഈ ഫ്രോഡ് പണി ചെയ്യുമല്ലോ. ഇപ്പോള്‍ രാമലിംഗരാജുവിന്റെ സ്വകാര്യധനം കമ്പനി ബാങ്ക് അക്കൗണ്ടിലാണ്‌. ഇതെങ്ങനെ അദ്ദേഹത്തിനു തിരിച്ചു ലഭിക്കും? മെയ്റ്റാസ്!

മെയ്റ്റാസ് എന്ന കമ്പനിയെ സത്യം യതാര്‍ത്ഥ മതിപ്പിലും ഏഴെണ്ണായിരം കോടി പോന്ന ഒരു വിലയ്ക്ക് വാങ്ങുക. ഈ പണം കമ്പനിക്ക് പുറത്തായിക്കിട്ടും. സത്യത്തിനു സ്വന്തം കമ്പനി വിറ്റതിന്റെ പ്രതിഫലമായി മെയ്റ്റാസ് ഉടമയ്ക്ക് ഈ പണം ലഭിക്കുന്നതോടെ വ്യാജലാഭക്കളി പൂര്‍ണ്ണമാവുകയും ഇതിനുവേണ്ടി കമ്പനി അക്കൗണ്ടിലിട്ട പണം വ്യക്തിക്കു തിരിച്ചു ലഭിക്കുകയും ചെയ്യും. ഒരുപക്ഷേ വ്യാജബാങ്ക്‌ ബാലന്‍സ് ആയി കാണിക്കാന്‍ രാജു ഉപയോഗിച്ച ധനം മെയ്താസ് വഴി ലഭിച്ച നാഗാര്‍ജുന ഫൈനാന്‍സിന്റേതാകാന്‍ മതി. മെയ്റ്റാസിലെ ഉന്നതോദ്യോഗസ്ഥനായിരുന്ന പി കെ മാധവിനെ മുന്‍‌കാല കമ്പനിയായ നാഗാര്‍ജ്ജുന ഫൈനാന്‍സില്‍ നടന്ന ഒരു ബില്യണ്‍ അഴിമതിയുടെ പേരില്‍ ഇക്കഴിഞ്ഞ ഡിസം‌ബറില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണെങ്കില്‍ ആ പണം മെയ്റ്റാസ് വാങ്ങിച്ചെന്ന പേരില്‍ തിരിച്ചെത്തിക്കാമെന്ന് രാജു ഉറപ്പു കൊടുത്തിട്ടുണ്ടാവാം, അത് നടക്കാതെ വന്നപ്പോള്‍ മാധവ് കുരുങ്ങിയതാകണം.

രാജുവിന്റെ "കമ്പനിയുടെ വ്യാജബാങ്ക് ബാലന്‍സ് ശരിക്കുള്ള ദ്രവ്യമാക്കി മാറ്റാനുള്ള അവസാനശ്രമം മെയ്റ്റാസ് വാങ്ങലിലൂടെ നടക്കുമെന്ന് കരുതി" എന്ന കുമ്പസാരത്തില്‍ നിന്നും മനസ്സിലാവുന്നത് അങ്ങനെയാണ്‌. എന്നാല്‍ ഓഹരിയുടമകള്‍ക്ക് ഈ ഇടപാട് ബോദ്ധ്യം വന്നില്ല. മെയ്റ്റാസ് വാങ്ങല്‍ അവര്‍ നിരാകരിച്ചു. അവസാന ഘട്ടത്തില്‍ എത്തിനിന്ന ഈ സാമ്പത്തികകുറ്റകൃത്യം അതോടെ പാളിപ്പോയി.


വാല്‍:
പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേര്‍സിന്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അച്ചടക്കനടപടിക്കുള്ള നോട്ടീസ് അയച്ചിരിക്കുകയാണ്‌, അവര്‍ പ്രതികരിച്ചു കഴിഞ്ഞിട്ടില്ല. ഇതുവരെ അംഗങ്ങളുടെ കാര്യത്തില്‍ കര്‍ശനമായും വ്യക്തമായും നടപടിയെടുത്ത ചരിത്രമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യത്തിലും അതു തന്നെ ചെയ്യുമെന്ന് വിശ്വാസമുണ്ട്. എഴുതാന്‍ വന്നത് "ഒരു ഫ്രോഡ് നടന്നു, ഓഡിറ്റര്‍ കണ്ടില്ല അല്ലെങ്കില്‍ അങ്ങനെ നടിച്ചു" അവന്മാരെ തൂക്കിക്കൊല്ലണം എന്ന രീതിയില്‍ പത്രറിപ്പോര്‍ട്ടുകള്‍ കണ്ടു. ഓഡിറ്റര്‍ ഫ്രോഡ് കണ്ടുപിടിക്കുന്ന ഉദ്യോഗസ്ഥനല്ല, കമ്പനിക്കണക്കുകളില്‍ അഭിപ്രായം പറയുക മാത്രമാണ്‌ ഓഡിറ്ററുടെ ചുമതല. കമ്പനി വര്‍ഷാന്ത്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ലാഭവും ബാങ്ക് ബാലന്‍സും ഇല്ലായിരുന്നു എന്നത് ഓഡിറ്റര്‍ എങ്ങനെ അറിയാതെ പോയി എന്നതാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് അന്വേഷിക്കുന്ന കാര്യം. ഇതുവരെയുള്ള എല്ലാ നിയമങ്ങളും അനുസരിച്ച്, ഒരു വിദഗ്ദ്ധനായ ഓഡിറ്റര്‍ സാധാരണ ചെയ്യാറുള്ളതെല്ലാം ചെയ്താണ്‌ പ്രൈസ് വാട്ടര്‍ഹൗസ് ഓഡിറ്റ് നടത്തിയതെന്ന് തെളിഞ്ഞാല്‍ ഓഡിറ്റര്‍ കുറ്റക്കാരനല്ല, ഒരു ജയിലിലും പോകില്ല, ഒരു ലൈസന്‍സും പോകില്ല. ഒരു ഡോക്റ്ററില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ വിദഗ്ദ്ധ നടപടിയും ഉണ്ടായാലും രോഗി മരിച്ചു പോകാറുള്ളതുപോലെയേ അത് വരൂ. മറിച്ചാണെങ്കില്‍, അത് കൂട്ടുനില്പ്പിന്റേതാകണമെന്നില്ല, അശ്രദ്ധയോ പരാജയമോ ആണെങ്കിലും ഓഡിറ്റര്‍മാര്‍ ശിക്ഷിക്കപ്പെടും.

Monday, January 5, 2009

എണ്ണയും ഊഹവും - ഒരു വിശദീകരണം


പ്രേമത്തിനു സ്വയം വളര്‍ത്തുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല എന്നെഴുതിയത് ഖലീല്‍ ജിബ്രാനാണ്‌. മൂലധനത്തിന്റെ കാര്യത്തിലും അതുപോലെ തന്നെ. അതുകൊണ്ടാണ്‌ ധനകാര്യ ഇടപാടുകളില്‍, വിശേഷിച്ചും ഉത്പന്നബന്ധിതമല്ലാത്ത ധനവ്യവഹാരങ്ങളില്‍ ഒരു വെല്‍ഫെയര്‍ നേഷന്റെ സര്‍ക്കാരിന്‌ കര്‍ശനനിയമങ്ങള്‍ ഇറക്കേണ്ടിവരുന്നത്. നിര്‍ഭാഗ്യവശാല്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് നിയമങ്ങള്‍ ഇനിയും മറ്റ് വികസിതരാഷ്ട്രങ്ങളുടെയോ ഇന്ത്യപോലെ വികസ്വരരാഷ്ട്രങ്ങളുടെയോ പോലും അത്ര ശക്തമോ ഫലപ്രദമോ ആയിട്ടില്ല.

ധനകാര്യ"റഷ്" മിക്കതും നാശത്തിലേ കലാശിച്ചിട്ടുള്ളു അവിടെ. ഹൗസിങ്ങ്, ഡിറൈവേറ്റവ്, ഓയില്‍ അവധിവ്യാപാര റഷുകളുടെ കാര്യവും വ്യത്യസ്ഥമല്ലായിരുന്നു. (ഒരു ഓഹരി കുംഭകോണം സെബി മുതല്‍ പ്രമുഖരായ പല ഓഡിറ്റര്‍മാരുടെയും സര്‍ട്ടിഫിക്കേറ്റ് എന്നെന്നേക്കുമായി തിരിച്ചു വാങ്ങലില്‍ വരെ കലാശിച്ച ഇന്ത്യയെവിടെ, അവശ്യസാധനങ്ങളുടെ ഊഹക്കച്ചവട നിയന്ത്രണബില്‍ ചര്‍ച്ച ചെയ്ത് എവിടെയും എത്താതെ പോയ അമേരിക്കന്‍ സര്‍ക്കാര്‍ അവര്‍ അവകാശപ്പെടുന്നതുപോലെ ജനങ്ങള്‍ക്കു വേണ്ടിത്തന്നെയാണോ വര്‍ത്തിക്കുന്നതെന്ന സംശയം ഉയര്‍ത്തുന്നു. എന്‍‌റോണിനു ഒരു സാര്‍ബേന്‍സ് ഓക്സ്ലി നിയമെങ്കിലും നടപ്പില്‍ വരുത്താനായി)

എന്താണ്‌ അവധിവ്യാപാര കരാര്‍?
അവധിവ്യാപാരം എന്നത് നൂറ്റാണ്ടുകളായി കച്ചവടക്കാര്‍ ഉപയോഗിച്ചു പോരുന്ന കരാര്‍ രീതിയാണ്‌, നാളത്തെ വില ഇന്നേ നിശ്ചയിച്ചില്ലെങ്കില്‍ പണം സ്വരൂപിക്കാനോ ഭാവി പദ്ധതികള്‍ തയ്യാറാക്കാനോ കഴിയില്ലല്ലോ. എന്നാല്‍ ഒരു അവധിക്കരാര്‍ തനിക്കു അനുകൂലമായാല്‍ (ഉദാഹരണം ഞാന്‍ രണ്ടായിരത്തി ഒമ്പത് ജൂണിലേക്ക് ചാക്കൊന്നിനു അമ്പതു രൂപയ്ക്ക് ഒരു ടണ്‍ അരിക്ക് കരാര്‍ ഉണ്ടാക്കുന്നു. ജൂണിലെ അങ്ങാടി വില അറുപതു രൂപ ആണെങ്കില്‍ എനിക്ക് ഒരു ചാക്കിന്‍‌മേല്‍ പത്തു രൂപ വച്ച് ലാഭമുണ്ടാകും.) അതില്‍ നിന്നും ലാഭമുണ്ടാക്കാമെന്ന തിരിച്ചറിവ് അവധിക്കരാറിന്മേല്‍ ഊഹക്കച്ചവടം വഴി പണമുണ്ടാക്കാനുള്ള ധനകാര്യ ഇടപാടാകും. എനിക്ക് അരിയുടെ കച്ചവടമില്ല, ശരിക്കും അരിയുടെ ആവശ്യവുമില്ല, അരിക്കു വില കയറും/കുറയും എന്ന ഊഹത്തിന്മേല്‍ പണം ഉണ്ടാക്കാന്‍ ഇറങ്ങുന്ന ധനകാര്യ ഇടപാടുകാരന്‍ മാത്രമാണ്‌ ഞാന്‍- ഈ വെറും കടലാസ് കച്ചവടത്തെ ഡിറൈവേറ്റീവ് മാര്‍ക്കറ്റ് എന്നു പറയും. ഇതിന്റെ സത്യാവസ്ഥയില്‍ ഡിറൈവേറ്റീവ് കച്ചവടക്കാര്‍ കുതിരപ്പന്തയത്തിലെ ബെറ്റുകാരെപ്പോലെയാണ്‌. അവര്‍ക്ക് കുതിരയില്ല, ജോക്കിയില്ല, മത്സരത്തില്‍ പങ്കെടുക്കുന്നുമില്ല. ബെറ്റു വയ്ക്കുന്നു, ചിലര്‍ ജയിക്കുന്നു, ചിലര്‍ തോല്‍ക്കുന്നു.

വിഷയം അവധിക്കച്ചവടക്കാരും എണ്ണവിലയുമാണല്ലോ. സമയസൂചികയില്‍ തന്നെ തുടങ്ങാം

ഒന്ന്:
രണ്ടായിരത്തി ഏഴിന്റെ അവസാനത്തോടെ ഭവനവായ്പ്പാ ചാകര അപകടത്തിലാണെന്ന് പൊതുജനമറിയുന്നില്ലെങ്കിലും ഇന്‍‌വെസ്റ്റ്മെന്റ് മാനേജര്‍മാര്‍ക്ക് തീര്‍ച്ചയായിരുന്നു, അവര്‍ പുതിയ കടും‌വെട്ടിനുള്ള ഭൂമിയായി ന്യൂയോര്‍ക്ക് ചരക്കു മാര്‍ക്കറ്റിലെ അവധിവ്യാപാരത്തെ കണ്ടെത്തി. ക്രൂഡ് ഓയിലില്‍ മാത്രമല്ല, ഗ്യാസ് (പെട്രോള്‍), ഹീറ്റിങ്ങ് ഓയില്‍ എന്നിവയിലും ഊഹക്കച്ചവടക്കാര്‍ കുമിഞ്ഞു കൂടി. പൊതുജനം ഒന്നുമറിയാതെ അപ്പോഴും വീട്ടുവായ്പ്പയുമായി നടന്നു.

ഇക്കാലത്തെ എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നു- ബാരലിനു തൊണ്ണൂറു ഡോളറിനോളം

രണ്ട്:
ന്യൂയോര്‍ക്ക് കമ്പോളത്തിലെ അവധിവ്യാപാരത്തെ നിയന്ത്രിക്കേണ്ടിയിരുന്നത് ചരക്ക് അവധിവ്യാപാര കമ്മീഷന്‍ (സി എഫ് ടി സി) ആണ്‌. എഴുപതുകളില്‍ ശക്തമായിരുന്ന ഈ സുരക്ഷാസ്ഥാപനം തൊണ്ണൂറുകളോടെ ശക്തിക്ഷയിച്ച് മുക്കാല്‍ചക്രത്തിനു കോപ്പുള്ള ഏതു കോര്‍പ്പറേറ്റിനും കൈ കാട്ടി കയറിപ്പോകാവുന്ന ഓട്ടോറിക്ഷയായി. എന്‍‌റോണ്‍, ഗോള്‍ഡ്മാന്‍ സാക്സ് തുടങ്ങി അഗ്രസീവ് സ്ഥാപനങ്ങള്‍ക്ക് പോലും യധേഷ്ടം അവധിവ്യാപാരം നടത്താന്‍ അനുമതി ലഭിച്ചു.

ഇക്കാലത്ത് എണ്ണവില വീണ്ടും ഉയര്‍ന്നിട്ടുണ്ട്- നൂറ്റി അമ്പതെന്ന പീക്കിനോടടുത്ത് വീണ്ടും അല്പ്പം താണു.
മൂന്ന്:
അവധിവ്യാപാരത്തില്‍ പലരും കയ്യൂക്കുകാരായി. മൊത്തം അവധിക്കരാറുകളുടെ പത്തിലേറെ ശതമാനം ഒരിടയ്ക്ക് സ്വിസ്സ് കമ്പനിയായ വിറ്റോള്‍ ആയിരുന്നു കരാറുകാരന്‍. മൊത്തത്തില്‍ ഇന്ധനക്കച്ചവടത്തില്‍ സര്‍ക്കാരിനു കാര്യമായ പങ്കൊന്നുമില്ലെന്ന ആശങ്ക അമേരിക്കന്‍ സെനറ്റില്‍ "ഇന്ധന-ഉപഭോക്തൃസംരക്ഷണ" ബില്‍ (Consumer-First Energy Bill 2008) അവതരിപ്പിക്കാന്‍ കാരണമായി. എന്നാല്‍ സെനറ്റര്‍മാര്‍ ഇതിനെ ചെറുത്തു തോല്പ്പിച്ച് ജനപക്ഷത്തുനിന്നും കമ്പനിപക്ഷത്തേക്ക് കൂറുമാറിക്കളഞ്ഞു.

എണ്ണവില തൊണ്ണൂറുകളിലേക്കും അവിടെനിന്നും മുപ്പതുകളിലേക്കും താണു.

അവധിക്കച്ചവടം തകൃതിയായ സമയത്താണ്‌ എണ്ണവില നൂറുകടന്ന് നൂറ്റമ്പതെന്ന അന്യായത്തിലേക്ക് ഉയര്‍ന്നതെന്നത് ഇതു രണ്ടും തമ്മിലെ പരസ്പരബന്ധം എന്തെന്ന് ആളുകളെ ചിന്തിപ്പിച്ചു.

പലരും മനസ്സിലാക്കിയത് ഇങ്ങനെയൊക്കെയാണ്‌:

ഒരു കരാറുകാരന്‍ അവധിക്കച്ചവടം വഴി ലാഭമുണ്ടാക്കിയാല്‍ ആ ലാഭം പോകുന്നത് വില്പ്പനക്കാരന്റെ കയ്യില്‍ നിന്നാണ്‌, അതിനാല്‍ വില്പ്പനക്കാരന്‍ വിലവര്‍ദ്ധിപ്പിച്ചു. ഇത് ശരിയല്ല. ഒന്നാമത് വില്പ്പനക്കാരന്‍ ആദ്യം മുതലേ കുത്തകസൗഹൃദസംഘം (കാര്‍ട്ടല്‍) എന്ന രീതിയിലാണ്‌ ഇടപെട്ടിട്ടുള്ളത്. ഏകപക്ഷീയമായി വില വര്‍ദ്ധിപ്പിക്കാനാകുമെങ്കില്‍ അവര്‍ അത് എന്നേ ചെയ്തേനെ. മാത്രമല്ല, ഡിറൈവേറ്റീവ് ഊഹക്കച്ചവത്തില്‍ ഒരാള്‍ക്കുള്ള ലാഭം മുഖ്യമായും മറ്റൊരു ഊഹക്കച്ചവടക്കാരന്റെ പോക്കറ്റില്‍ നിന്നു പോകുന്നതാണ്‌. (ഡിറൈവേറ്റീവ് ചൂതാട്ടക്കമ്പനികളില്‍ ഒട്ടുമിക്കതും ദയനീയമായ അന്ത്യം വരിച്ചത് ഓര്‍ക്കുക)

രണ്ട്:
അതിഭയങ്കരമായ ട്രേഡിങ്ങ് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഡിമാന്‍ഡ് മാര്‍ക്കറ്റിലുണ്ടെന്ന് ധ്വനിപ്പിക്കുകയും തദ്വാരാ യഥാര്‍ത്ഥത്തിലില്ലാത്ത സപ്ലൈക്കമ്മിയുടെ ഫലമുണ്ടാക്കുകയും ചെയ്തു. ഒരു പരിധിവരെ ഇത് ശരിയാണ്‌, എന്നാല്‍ മൊത്തം കരാറുകളില്‍ (ഡിറൈവേറ്റീവുകളിലല്ല) വിലയിലും മൂല്യത്തിലും വളരെയധികമൊന്നും കൂടുതല്‍ വില കുതിച്ചു കയറിയ കാലത്തില്‍ ഉണ്ടായിട്ടില്ല. ഏറ്റവും പെസ്സിമിസ്റ്റ് വീക്ഷണം അനുസരിച്ച് എണ്ണവില നൂറില്‍ നിന്നും നൂറ്റി അമ്പതില്‍ എത്തിച്ചത് ഈ വ്യാജഡിമാന്‍ഡ് ആണ്‌. കുറച്ചു കൂടി മിതമായ എസ്റ്റിമേറ്റ് എണ്ണവിലയില്‍ പത്തുശതമാനം വ്യതിയാനം ഇതുണ്ടാക്കി എന്നാണ്‌. എത്രയായാലും ഒരു പരിമിതമായ പീരിയഡ്- ഹൗസിങ്ങ് ബബിള്‍ വീഴുമെന്ന് കണ്ട ശേഷം സാമ്പത്തിക മാന്ദ്യം വരെ ഏതാണ്ട് ഒന്നര വര്‍ഷത്തോളമേ സ്പെക്യുലേറ്റര്‍ റഷ് ഉണ്ടായിരുന്നുള്ളു. എണ്ണവിലക്കയറ്റം രണ്ടായിരത്തിലെ പ്രതിസന്ധിയോടെ തന്നെ തുടങ്ങിയിരുന്നു.

ഇനി നമുക്ക് ലഭ്യതാ-ആവശ്യ അനുപാതം പരിശോധിക്കാം:



ഇത് ഡിമാന്‍ഡിനനുസരിച്ച് ഓപ്പെക്ക് രാജ്യങ്ങള്‍ സപ്ലൈ കൂട്ടുന്നുണ്ടോ എന്ന കണക്ക്



അവസാനമായി ലോകത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കും എണ്ണയുത്പാദനവുമായുള്ള അനുപാതം






എന്റെ അനുമാനം :
ഊഹക്കച്ചവടക്കാര്‍ക്ക് എണ്ണവിലയെ കാര്യമായ തോതില്‍ സ്ഥിരമായി ഉയര്‍ത്തി നില്‍ത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാജഡിമാന്‍ഡിനു സ്ഥായീഭാവമില്ല. സ്ഥിരമായ ആവശ്യം ലഭ്യതയെ കവച്ചു വച്ചപ്പോള്‍ എണ്ണവില അനിയന്ത്രിതമായി ഉയര്‍ന്നു. മറിച്ചായപ്പോള്‍ വീഴുകയും ചെയ്തു. ഇത് മൂന്നിലൊന്നായി ചുരുങ്ങിയതും സ്ഥായിയായ കുറവല്ല, സെല്ലേര്‍സ് പാനിക്ക് ആണ്‌. മറ്റു സാമ്പത്തികമോ രാഷ്ട്രീയമോ പ്രകൃതിസംബന്ധമോ ആയ വലിയ വത്യാസമുണ്ടായില്ലെങ്കില്‍ രണ്ടായിരത്തി ഒമ്പതില്‍ എണ്ണവില അമ്പതു മുതല്‍ എഴുപത് ഡോളര്‍ വരെ വിലയില്‍ നിലനില്‍ക്കും. (ഡോളര്‍ വില വീണാല്‍ ഇത് ഉയരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

Saturday, January 3, 2009

എണ്ണവില- ഇന്നലെ, ഇന്ന്, നാളെ

ഒരു ബ്ലോഗാത്മസുഹൃത്തിന്റെ (പേരു പറയാമോ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല) ഈമെയിലില്‍ ചോദിച്ചിരിക്കുന്ന കാര്യം ഇത്- ഇന്ധന എണ്ണ വില ഇങ്ങനെ ഇടിഞ്ഞതെന്താണ്‌? സാമ്പത്തിക മാന്ദ്യവും എണ്ണയുമായി എന്ത്?

എണ്ണ വില:
ആദ്യമായി നമുക്ക് എണ്ണ വില എന്താണെന്ന് നോക്കാം, എന്നാലല്ലേ അത് എങ്ങനെ മാറുന്നു എന്നറിയാന്‍ പറ്റൂ- പൊതുവില്‍ ഇന്ധനവില എന്നു പറയുന്നത് ന്യൂയോര്‍ക്ക് അങ്ങാടിവില (ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ച് റേറ്റ്) ആണ്‌. മറ്റേതു ചരക്കും പോലെ മുഖ്യമായും ഇതിനെ നയിക്കുന്നത് ആവ്യശ്യ-ലഭ്യതാ അനുപാത(ഡിമാന്‍ഡ്-സപ്ലൈ) കണക്കുകളാണ്‌. വില്‍ക്കാനുള്ളതിനെക്കാള്‍ കൂടുതല്‍ ആവശ്യം വരുമ്പോള്‍ വില കുതിച്ചു ചാടും, മറിച്ചെങ്കില്‍ ഇറങ്ങി പോരും.

വില്പ്നക്കാര്‍:
സൗദി അറേബ്യ, റഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, വെനീസ്വെല മിക്ക തെക്കന്‍ അറബി രാജ്യങ്ങള്‍ എന്നിവ ചേര്‍ന്നാണ്‌ എണ്ണ കയറ്റുമതിയില്‍ ഭൂരിപക്ഷവും നടത്തുന്നത് . എണ്ണ ഉത്പാദന-കയറ്റുമതി രാജ്യങ്ങളുടെ സഖ്യം (ഒപ്പെക്ക്) ആവശ്യം അളന്ന് ഉത്പാദനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് മാര്‍ക്കറ്റ് ഫോഴ്സ് സ്വയം വില നിര്‍ണ്ണയിക്കുന്നതിനെ നിയന്ത്രിച്ചാണ്‌ എണ്ണ വിലയെ താങ്ങി നിര്‍ത്തുന്നത്. സാധാരണ അങ്ങാടി നിയമം അനുസരിച്ച് ഇതിനെ - "പ്രൈസിങ്ങ് കാര്‍ട്ടല്‍" എന്ന തരം നിയമവിരുദ്ധ കരിഞ്ചന്തയായി കാണുമെങ്കിലും എണ്ണയുടെ വിലയില്‍ ലോകത്തിനു മുഴുവന്‍ താല്പ്പര്യമുള്ളതിനാലും കാശുള്ളവന്‍ കയ്യൂക്കുകാരന്‍ ആയതിനാലും ഒപ്പെക്ക് വാണിജ്യസ്വാധീനത്തെ ആരും നിയമവിരുദ്ധമായി കാണാറില്ല.

ഉപഭോക്താക്കള്‍:
എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് അമേരിക്കയാണ്‌- പ്രതിദിനം രണ്ടു കോടി ബാരല്‍ എണ്ണ അമേരിക്ക കത്തിച്ചു തീര്‍ക്കുന്നു . ഇത്രയും എണ്ണയുണ്ടെങ്കില്‍ ഒരു കാറിന്‌ സൂര്യന്‍ മുതല്‍ പ്ലൂട്ടോ വരെ എണ്ണൂറു ട്രിപ്പ് ദിവസേന നടത്താം! ( ഭൗമാന്തരീക്ഷം ഇല്ലാതെ എങ്ങനെ കാറിന്റെ എഞ്ചിന്‍ ഫയറും, റോഡ് ഇല്ലാതെ എങ്ങനെ പ്ലൂട്ടോയ്ക്ക് പോകും എന്നൊന്നും ചോദിക്കല്ലേ, ദൂരത്തിന്റെ കാര്യമാ)

രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന (ഏഴു ദശലക്ഷം+) മൂന്നാം സ്ഥാനത്തെ ജപ്പാന്‍ (അഞ്ചു ദശലക്ഷം+) നാലാം സ്ഥാനത്തെ റഷ്യ, അഞ്ചാം സ്ഥാനത്തെ ജെര്‍മനി, ആറാം സ്ഥാനത്തെ ഇന്ത്യ (എല്ലാവരും മൂന്നു ദശലക്ഷം ബാരലില്‍ താഴെ) ചേര്‍ന്ന് ഉപയോഗിക്കുന്നതിലും അധികമാണ്‌ അമേരിക്കന്‍ ഇന്ധന ഉപയോഗം. (ദശലക്ഷം എന്ന് ഉദ്ദേശിച്ച് കോടി എന്നെഴുതിപ്പോയി- തിരുത്തിയ പാഞ്ചാലി, അയ്അല്‍ക്കാരന്‍, ഹരീ എന്നിവര്‍ക്ക് നന്ദി. മാത്രമല്ല ഈ കണക്കുകള്‍ ഓര്‍മ്മയില്‍ നിന്നെഴുതിയ വെറും ഓട്ടസംഖ്യകളാണ്, കൃത്യമായി ലോകത്തിലെ എല്ലാ പ്രമുഖ രാഷ്ട്രങ്ങളുടെയും എണ്ണ ഉപഭോഗം ഇവിടെ : )


ഫലത്തില്‍ അമേരിക്കയുടെ എണ്ണ ആവശ്യത്തിലെ വ്യതിയാനം ഡിമാന്‍ഡ് കര്വ്വും ഒപ്പെക്ക്-റഷ്യന്‍ എണ്ണ കയറ്റുമതി സപ്ലേ കര്വ്വും വരച്ചു ചേര്‍ക്കുന്ന ഗ്രാഫ് ആണ്‌ എണ്ണവില സൂചിക. ബാക്കി ലോകം ഗുലാന്‍ പെരിശ് കാണുന്നവരെപ്പോലെ ചുമ്മാ "ഇസ്പേഡ് പത്തെറക്ക്" "തുറുപ്പ് ചോദിക്ക്" എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കും, ആരും മൈന്‍ഡ് ചെയ്യൂല്ല.


ഇന്ധനവില
ആയിരത്തി തൊള്ളായിരത്തി അമ്പതു മുതല്‍ രണ്ടായിരം വരെയുള്ള അമ്പതു വര്‍ഷത്തില്‍ ക്രൂഡ് വില ബാരലിനു ഇരുപതു മുതല്‍ മുപ്പത് ഡോളറിന്റെ നടുവില്‍ ആയിരുന്നു (ഇറാനിലെ ഇസ്ലാമിക വിപ്ലവകാലത്ത് ഇത് അമ്പതിലും ഇറാന്‍ ഇറാക്ക് യുദ്ധകാലത്ത് എഴുപതിലും എത്തിയെങ്കിലും വളരെ വേഗം തിരിച്ചിറങ്ങി).

രണ്ടായിരം മുതലുള്ള ഏഴുവര്‍ഷത്തില്‍ പ്രധാനപ്പെട്ട ചില സംഭവങ്ങളുണ്ടായി. ഒന്നാമതായി ഏഷ്യന്‍ മാര്‍ക്കറ്റ്- ചൈന കൊറിയ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ (പ്രതിദിനം ഒരു കോടി ബാരലിനു താഴെക്കിടന്നവന്മാരാ മൂന്നും അഞ്ചുമൊക്കെ ആയെന്നേ) ഇന്ധന ഉപയോഗം കുതിച്ചുയര്‍ന്നു. വെനീസ്വേലയില്‍ സമരവും രാഷ്ട്രീയ ചലനങ്ങളും മൂലം ഇന്ധനോല്പ്പാദനം തീരെക്കുറഞ്ഞു, റഷ്യയെപ്പോലെ ഒപ്പേക്ക് അംഗമല്ലാത്തവരും ഒപ്പെക്ക് വിലനിയന്ത്രണത്തിനൊത്ത് നിന്ന് കൂടിയ വില ഉറപ്പാക്കി. കൂനിന്റെ മുകളില്‍ അമേരിക്കയുടെ ഇറാക്ക് അധിനിവേശവും കൂടെയായപ്പോള്‍ സ്പ്ലൈ കുത്തനെ കുറഞ്ഞു. മറുവശത്ത് ഉപയോഗം കൂടിയെന്നു മാത്രമല്ല, ഡോളറിനു വില ഇടിഞ്ഞ് എണ്ണയുടെ ഡോളര്‍ വില നെട്ടനെ ചാടി. മുപ്പതില്‍ കളിച്ച എണ്ണ വില നൂറ്റമ്പതില്‍ കളി തുടങ്ങി. വിമാനക്കമ്പനികള്‍ തലയ്ക്ക് കൈ വച്ചു. വാണിജ്യം താറുമാറാകുമെന്ന് ഭയന്ന് പല രാജ്യങ്ങളും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സബ്‌‌സിഡി രൂപത്തിലെ താങ്ങ് നല്‍കി വണ്ടികളെ റോഡില്‍ തന്നെ കിടത്തി.

ഉയര്‍ന്ന ഉപഭോഗം, വീണ ഡോളര്‍, എണ്ണ ഖനനം ഉച്ചകോടിയിലെത്തിച്ചു ഓപ്പെക്ക്. ഒപ്പം അസൈര്‍ബൈജാന്‍ ബ്രസീല്‍ തുടങ്ങിയവര്‍ എണ്ണക്കച്ചവടത്തില്‍ എടുത്തു ചാടി മുങ്ങാങ്കുഴിയിട്ടു കളി തുടങ്ങി.

എന്നാ വിലക്കയറ്റം! രണ്ടായിരത്തെട്ട് പകുതിയോടെ ഗ്യാസ് വില നാലു ഡോളറില്‍ എത്തിയതു കണ്ട അമേരിക്കക്കാരന്‍ ആദ്യമായി യാത്ര കുറയ്ക്കാനും കൂടുതല്‍ ട്രെയിന്‍-ബസ് യാത്രകള്‍ നടത്താനും തുടങ്ങി. ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ചരിത്രത്തില്‍ ആദ്യമായി എണ്ണ ഉപഭോഗം അമേരിക്കയില്‍ കുറഞ്ഞു. കുറച്ചൊന്നുമല്ല, മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ. അതിന്റെ മുകളിലാണ്‌ സാമ്പത്തിക പ്രസിസന്ധിയുണ്ടായത്. ലോകത്തിന്റെ ഇന്ധന ഉപഭോഗം വളരെ കുറഞ്ഞു. അന്താരാഷ്ട്ര കയറ്റിറക്കുമതി, യാത്രകള്‍ എന്നിവ കുറഞ്ഞപ്പോള്‍ അതിവേഗം വികസിക്കുന്ന ചൈനയില്‍ പോലും ഇന്ധന ഉപഭോഗം ആറുശതമാനം കുറഞ്ഞു. മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ.

ഇപ്പോള്‍ സപ്ലേ കര്വ്വ് ഡിമാന്‍ഡിനെക്കാള്‍ ഏറെ താഴെ നില്‍ക്കുന്നു. ക്രൂഡ് വില നൂറ്റിനാല്പ്പത്തേഴില്‍ നിന്നും ഒറ്റ വീഴ്ചയില്‍ മുപ്പത്തേഴായി. ഓപ്പെക്ക് എണ്ണ ഉപ്താദനം കുറച്ചിട്ടും ഈ വീഴ്ചക്കൊപ്പം കുറയ്ക്കാന്‍ ഇനിയും ആയിട്ടില്ല. ഒന്നാമത് ഇത്രയും ഒറ്റയടിക്ക് കുറയ്ക്കണമെങ്കില്‍ ഔട്ട്പുട്ട് കുറച്ചാല്‍ മാത്രം മതിയാവില്ല, റിഗ്ഗുകള്‍ അടയ്ക്കേണ്ടിവരും. അങ്ങനെ ഒരു സാമ്പതികാഘാതം മാന്ദ്യത്തിനും പുറമേ താങ്ങാന്‍ പല എണ്ണരാജ്യങ്ങള്‍ക്കും കഴിയില്ല. പോരെങ്കില്‍ വെനീസ്വേല എണ്ണ ഉപ്താദനം വീണിടത്തു നിന്നും കയറി വരികയാണ്‌, അസര്‍ബൈജാനും ബ്രസീലും മാര്‍ക്കറ്റില്‍ ഒന്നു കയറുന്നതേയുള്ളു. കുറയ്ക്കുമ്പോള്‍ എല്ലാവരും കുറയ്ക്കേണ്ടേ, ഇല്ലെങ്കില്‍ നാടോടിക്കാറ്റിലെ കോവൈ വെങ്കിടേശന്റെ ആജ്ഞ പോലെ ഒപ്പെക്ക് നിര്‍ദ്ദേശം കേട്ട് "മൊതലിലേ നീ അടിങ്കെടാ" എന്ന് ഓരോരുത്തരും പരസ്പരം പറഞ്ഞുകൊണ്ടിരിക്കുകയല്ലാതെ ആരും അടിക്കില്ല.

എണ്ണയുടെ രണ്ടായിരത്തി ഒമ്പത്
ബാരലിനു നൂറ്റമ്പത് മാന്യമായ വിലയല്ല, അതുകൊണ്ട് തന്നെ അതിലേക്ക് തിരിച്ചു പോക്ക് ലോകത്തിന്റെ സാമ്പത്തിക പുരോഗതിക്ക് യോജിച്ചതല്ല. പ്രൊഡക്ഷന്‍ സൂചികയും ഉപഭോഗ സൂചികയും ഒരുമാതിരി യോജിപ്പിലെത്തുന്ന രണ്ടായിരത്തി ഒമ്പതില്‍ എണ്ണ വില ഏതാണ്ട് അമ്പതു ഡോളറിനടുത്ത് കിടന്ന് കറങ്ങും- പുതിയ പ്രതിസന്ധിയും കണ്ടവന്റെ രാജ്യത്തിനിട്ട് ബോംബ് ഇടീലും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും വന്‍‌ഫലമുണ്ടാക്കാവുന്ന ശക്തിയില്‍ സംഭവിച്ചില്ലെങ്കില്‍.