Tuesday, August 11, 2009

സൗന്ദര്യച്ചന്ത

സൗന്ദര്യമത്സരം നടന്നാല്‍ കേരളം നശിക്കുമോ അതോ തിളങ്ങുമോ, മത്സരം പ്രോത്സാഹിപ്പിക്കണൊ നിരോധിക്കണൊ ആകപ്പാടെ ബഹളം ചാനല്‍ തോറും. കേട്ടു കേട്ട് ചെവി തഴമ്പിച്ചു. എപ്പ കണ്‍ഫ്യൂഷന്‍ അപ്പ ബേസിക്‌സില്‍ പോണമെന്ന് കണ്‍ഫ്യൂഷന്റെ പുണ്യാളനായ കണ്‍ഫ്യൂഷ്യസ് പറഞ്ഞിട്ടുണ്ട്

എന്താണ്‌ സൗന്ദര്യ മത്സരം?
ശരീരസൗന്ദര്യത്തിന്റെ വ്യപസ്ഥാപിത മാനദണ്ഡങ്ങളനുസരിച്ച് ചിലരെ മഹാസുന്ദരനും സുന്ദരിയുമായി തിരഞ്ഞെടുക്കല്‍

എങ്ങനെയാണിതു നടത്തുന്നത്?
കാളച്ചന്ത പോലെ.


ആരാണിതു നടത്തുന്നത്?
സ്വകാര്യകമ്പനികളാണ്‌. സ്പോണ്‍സര്‍ഷിപ്പ് വഴിയും ടിക്കറ്റ് വഴിയും അവര്‍ക്ക് ലാഭമുണ്ടാകുന്നു.

ആരാണിതിന്റെ സ്പോണ്‍സര്‍മാര്‍?
മിക്കവാറും സ്ത്രീകളെ മോടിപിടിപ്പിക്കുന്ന സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍

ആരാണ്‌ ഇതില്‍ പങ്കെടുക്കാന്‍ വരുന്നത്?
മോഡല്‍ ആയോ ഇന്ത്യന്‍ കോണ്ടക്സ്റ്റില്‍ സിനിമാ നടി ആയോ തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍.

എന്തു തരം ഇമേജ് ആണ്‌ സിനിമാ നടി/ മോഡലുകള്‍ക്ക് വേണ്ടത് ഇന്ത്യയില്‍ ?
തൊലിവെളുപ്പ്, മേനികൊഴുപ്പ്, ആഢ്യത്വം (വര്‍മ്മ കിര്‍മ്മ ദീക്ഷിത് തുടങ്ങിയ പേരിടല്‍, അമേരിക്കയില്‍ ജനിച്ചു, യൂറോപ്പില്‍ വളര്‍ന്നു... മുതല്‍ ആനയും അമ്പാരിയും വളര്‍ത്തല്‍ വരെ ആകാം), കൊഞ്ചല്‍ (ഇംഗ്ലീഷിലാകാം, കൊരച്ച മലയാലം ആകാം ) നാട്യം എറ്റ് സെട്രാ.

എന്തായിരിക്കും അപ്പോള്‍ ബ്യൂട്ടി ക്വീനിനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?
മേല്‍ പറഞ്ഞ സിനിമാ നടി മോഡലുകള്‍ക്ക് വേണ്ടതൊക്കെ തന്നെ.

ഇത്തരം മത്സരങ്ങള്‍ സ്ത്രീ എന്നാല്‍ വെറും ശരീരമാണെന്ന ധാരണ സമൂഹത്തില്‍ ഉണ്ടാക്കുന്നില്ലേ?
മറിച്ചാണ്‌ സംഭവിക്കുന്നത്. സ്ത്രീ എന്നാല്‍ വെറും ശരീരമാണെന്ന ധാരണ സമൂഹത്തിലുള്ളതുകൊണ്ടാണ്‌ ഇത്തരം മത്സരങ്ങള്‍ ഉണ്ടാകുന്നത്.

സൗന്ദര്യ മത്സരങ്ങള്‍ നിരോധിച്ചാല്‍ പ്രയോജനം ഉണ്ടാകുമോ?
സൗന്ദര്യ മത്സരം ഉണ്ടെങ്കിലും ഇല്ലെങ്കിലും പൊതുജനമദ്ധ്യത്തില്‍ ഇത്തരം റോളുകളില്‍ എപ്പോഴും ആളുണ്ടാകും.

സൗന്ദര്യമത്സരങ്ങള്‍ ബുദ്ധിസാമര്‍ത്ഥ്യവും മറ്റും പരിശോധിക്കുന്നുണ്ടോ?
സൗന്ദര്യമത്സരങ്ങള്‍ ടേപ്പില്‍ അളക്കാവുന്ന കാര്യങ്ങളേ പരിശോധിക്കുന്നുള്ളു. സൗന്ദര്യമില്ലാത്തവരും വൃദ്ധകളും തെരഞ്ഞെടുക്കപ്പെടുന്നില്ലല്ലോ.

അപ്പോള്‍ ശിശുസൗന്ദര്യമത്സരങ്ങളോ?
ശ്വാനപ്രദര്‍ശനം പോലെ ശിശുപ്രദര്‍ശനവും ഒരുതരം ബ്രാഗിങ്ങ് ആണ്‌. കുട്ടി മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവാണെന്ന വിശ്വാസമാണ്‌ സുന്ദരിക്കുട്ടി മിടുക്കന്‍ കുട്ടി എന്നിവ തങ്ങളുടെ ഉടമസ്ഥതയിലുണ്ടെന്ന് വീമ്പുകാണിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

സൗന്ദര്യമത്സരം കാണുന്നവരെല്ലാം സൗന്ദര്യത്തിന്റെ കോര്‍പ്പറേറ്റ് നിര്വചനം വിശ്വസിക്കുന്നവരാണോ?
സൗന്ദര്യമത്സരം കാണുന്നവര്‍ ടെന്നിസ് കാണുന്നതുപോലെ എലിമിനേഷന്‍ പ്രോസസ് ആസ്വദിക്കുകയും അതേ സമയം പ്രദര്‍ശിപ്പിക്കപ്പെടുന്ന സ്ത്രീ ശരീരത്തെ ആസ്വദിക്കുകയുമാണ്‌ ചെയ്യുന്നത്.

സാധാരണ ജനങ്ങളില്‍ സുന്ദര്‍ന്മാരും സുന്ദരികളും ഈ നിര്‌വചനത്തിനനുസരിച്ചെങ്കിലും അധികമില്ലല്ലോ. അവരെങ്ങനെ തങ്ങളോട് താദാത്മ്യമില്ലാത്ത ഒന്നിനെ ആസ്വദിക്കുന്നു?
മോഹന്‍‌ലാലിന്റെ മാടമ്പി കഥാപാത്രങ്ങളെ ആസ്വദിക്കുന്നവരെല്ലാം മാടമ്പിമാരല്ലന്നു മാത്രമല്ല, നല്ലൊരുശതമാനം മാടമ്പിത്തത്തിന്റെ ദ്രോഹപ്രവര്‍ത്തികള്‍ അനുഭവിച്ചവരുടെ തൊട്ടടുത്ത തലമുറകള്‍ ആണ്‌. ഇത്തരം കളികളുടെ വിജയം സാമ്യം സ്ഥാപിക്കലിലല്ല, ശരിക്കും ഇല്ലാത്ത ഒന്നായി ഭാവനയില്‍ വ്യവഹരിക്കുന്നതിലാണ്‌.

സത്യത്തില്‍ ഇല്ലാത്ത ഒരു പ്രാധാന്യം ചിലര്‍ക്ക് ഇത്തരം ശാരീരികപ്രദര്‍ശനം കൊണ്ട് സമൂഹം കൊടുക്കുന്നില്ലേ?
ഉണ്ട്. അത് പക്ഷേ സൗന്ദര്യറാണിപ്പട്ടം കിട്ടിയവര്‍ക്ക് മാത്രമല്ല. ശാരീരിക സൗന്ദര്യത്തിന്റെ അമിതപ്രാധാന്യം സുന്ദരക്കുട്ടനെയും സുന്ദരിക്കുട്ടിയെയും സ്കൂള്‍ ടീച്ചര്‍മാര്‍ ഓമനകളാക്കുന്നതുമുതല്‍ തുടങ്ങി സകലമാന ജീവിത തുറകളിലും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ അങ്ങേയറ്റത്ത് ഒരു വ്യക്തിയുടെ കഴിവുകളിന്മേല്‍ തങ്ങളുടെ ശതകോടി പണം വിശ്വസിച്ചേല്പ്പിക്കുന്ന കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പില്‍ വരെ കാണാം. എത്ര ചട്ടനെയും കൂനനെയും കോന്ത്രപ്പല്ലനെയും സീ ഈ ഓ ആയും ചെയര്‍മാന്‍ ആയും കമ്പനികള്‍ നിയമിച്ചിട്ടുണ്ട്?

26 comments:

ശുക്രൻ said...

കൊള്ളാം കേട്ടാ..

R. said...

അന്തോണിച്ച,
മൊത്തത്തില്‍ കൈയ്യടി, ഇതിനൊരു സ്പെഷ്യല്‍:

ഇത്തരം മത്സരങ്ങള്‍ സ്ത്രീ എന്നാല്‍ വെറും ശരീരമാണെന്ന ധാരണ സമൂഹത്തില്‍ ഉണ്ടാക്കുന്നില്ലേ?
മറിച്ചാണ്‌ സംഭവിക്കുന്നത്. സ്ത്രീ എന്നാല്‍ വെറും ശരീരമാണെന്ന ധാരണ സമൂഹത്തിലുള്ളതുകൊണ്ടാണ്‌ ഇത്തരം മത്സരങ്ങള്‍ ഉണ്ടാകുന്നത്.

Unknown said...

താങ്കളുടെ വീക്ഷണത്തോട് നൂറു ശതമാനം യോജിക്കുന്നു.

Anonymous said...

അതല്ല രസം, കേരള ബ്യൂട്ടി യെ കണ്ടാല്‍ തോന്നുക കൊരങ്ങിന്റെ മുഖവും പടവലങ്ങ പോലുള്ള ശരീരവും, ഇതിനെയൊക്കെ തിരങ്ങേടുതവരെ മുക്കാലിക്കു കെട്ടി അടിക്കണം, ഇവമ്മരോന്നും പെന്നുങളെ കണ്ടിട്ടില്ലേ ??????

വിനയന്‍ said...

അന്തോണിച്ചാ.....100 മാര്‍ക്ക്....

ഫസല്‍ ബിനാലി.. said...

"പക്ഷിക്ക് ചിറക് പ്രധാനം പോലെ
എനിക്കെന്‍റെ സംസ്ക്കാരം പ്രധാനമാണ്"

ഇത് ഒരു മത്സരാര്‍ത്ഥിയുടെ എന്നെന്നും ഓര്‍മ്മിക്കുന്ന കോട്ടിങ്ങ്..
നോട്ട് ദ പോയിന്‍റെ

അരവിന്ദ് :: aravind said...

ശരിയാണ്. ബ്യൂട്ടി കണ്‍‌ടസ്റ്റിന്റെ പിന്നില്‍ വന്‍ കച്ചവടക്കണ്ണൊക്കെയുണ്ട്.
അതിനെന്താ?
സ്ത്രീ വെറും ശരീരമാണെന്ന് കരുതുന്നത് കൊണ്ടാണോ പാരീസ് ഫാഷന്‍ ഷോയും മറ്റു വിദേശ ബ്യൂട്ടീ കോണ്ടെസ്റ്റുമൊക്കെ? കച്ചവടം ആണെന്നാണ് തോന്നുന്നത്, പ്രധാന മോട്ടീവ്. സ്ത്രീകള്‍ക്ക് ചില പ്രത്യേകതകളൊക്കെയില്ലേ? അണിഞ്ഞൊരുങ്ങാനും സുന്ദരിയായി നടക്കാനും, ഫാഷന്‍ ഭ്രമവും? അതൊക്കെ മുതലാക്കാന്‍ കമ്പനികള്‍ ഇങ്ങനെ ഒരു ഗിമ്മിക്. സോ വാട്ട്? ക്രിക്കറ്റ് ഭ്രാന്തന്മാരെ ലാക്കാക്കി അല്ലേ ക്രിക്കറ്റേഴ്സിനെ വെച്ച് പരസ്യവും , ജേഴ്‌സി വില്‍ക്കലും, എന്തിന് ചില റെസ്റ്റോറന്റ്സ് വരെ.

അനൊനി ആന്റണി താഴോട്ട് സൂചിപ്പിച്ച സാംസ്കാരിക പാപരത്തമുള്ളവര്‍ (പെണ്ണിന് വര്‍മ്മ/നായര്‍,വീരക്ഷത്രിയ വാലു വേണം, വെളുപ്പാണ് അള്‍ട്ടിമേറ്റ് കളര്‍, മലയാലം ഇംഗ്ലീഷ് കലര്‍ത്തി പറയണം (മലയാളം മലയാളമായും ഇംഗ്ലീഷ് ഇംഗ്ലീഷ് ആയും പറയണം എന്നാണ് എന്റെ കാഴ്ചപ്പാട്) ആ ജീര്‍ണ്ണ സംസ്കാരത്തിന്റെ പേരും പറഞ്ഞ് ഇതിനെ എതിര്‍ക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല.

രണ്ട് കറുത്ത സുന്ദരികളെ എടുക്കുമോ സംഘാടകര്‍? അതിന് കോണ്ടസ്റ്റ് എന്തു പിഴച്ചു?

പ്രതിഷേധം കോസ്മെറ്റിക് കച്ചവടത്തിനെതിരെ ആണെങ്കില്‍ പിന്നേം ണ്ട്.

Baiju Elikkattoor said...

fantastic post :)

sophia, valare shari.

Baiju Elikkattoor said...

fantastic post :)

sophia, valare shari.

സെലി ചരിതം said...

very good post

namath said...

അന്തോണിച്ചോ, സൌന്ദര്യവിരുദ്ധരുടെ അപ്പോസ്തലനാകുവാന്നോ?
സൌന്ദര്യക്കടേല് കയറിയിറങ്ങുന്ന വധുവലുകള്‍ പാഴാക്കുന്ന തോനെ പണം!

Readers Dais said...

സൌന്ദര്യ മത്സരം എന്തിനു എന്നുള്ളത് പോട്ടെ, സൌന്ദര്യം ഉള്ളവര്ക് മാത്രമാണ് സ്ഥാനങ്ങള്‍ എന്ന നിഗമനം ഒന്ന് ചിന്തിയ്കെണ്ടാതാണ് ,ഈ കാലഘട്ടത്തില്‍ ceo ആയാലും ഒരു sales executive ആയാലും ബുദ്ധിയുടെ കൂടെ സൌന്ദര്യവും കൂടിയുണ്ടെങ്കില്‍ കഴിവുകള്‍ക്ക് തീര്‍ച്ചയായും മികവെറുമ്,ഉയര്‍ന്ന തസ്തികളില്‍ എത്രയോ സൌന്ദര്യം കുറഞ്ഞ ആള്‍ക്കാരെ നമുക്ക് കാണാം,അവരുടെ കഴിവ് മാത്രംയിരിക്കനമല്ലോ അവിടെ പരിഗണിക്കപ്പെട്ടത് ,കേരളത്തിലെ മത്സരങ്ങളുടെ നിലവാരം ശെരിയ്കരിയില്ല എങ്കിലും ,ഒരു മിസ്സ്‌ ഇന്ത്യ യോ മിസ്സ്‌ വേള്‍ഡ് ഒകെ ആവനമെന്കില്‍ സൌന്ദര്യം മാത്രം പോര എന്നത് തീര്‍ച്ചയാണ് ...കഴിവുല്ലവര്ക് കുറച്ചു സൌന്ദര്യം കൂടി ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ നമ്മള്‍ വിസമ്മതിയ്കേണ്ട കാര്യമുണ്ടോ ?

myexperimentsandme said...

എത്ര ചട്ടനെയും കൂനനെയും കോന്ത്രപ്പല്ലനെയും സീ ഈ ഓ ആയും ചെയര്‍മാന്‍ ആയും കമ്പനികള്‍ നിയമിച്ചിട്ടുണ്ട്?

എന്ന ചോദ്യം കേട്ടാല്‍ ആദ്യമൊന്ന് കൈയ്യടിക്കാന്‍ തോന്നും. അതാണാ ചോദ്യത്തിന്റെ ഒരു ഇത്. പക്ഷേ, ഒന്ന് ദീര്‍ഘിച്ച് ശ്വസിച്ചിട്ടാലോചിച്ചാല്‍ ഉത്തരം, "ഉണ്ടല്ലോ”എന്നായിരിക്കാമായിരിക്കും. നോക്കേണ്ടത് നോക്കിയാല്‍ കാണേണ്ടത് കാണുമായിരിക്കണം എന്നാണല്ലോ പ്രമാണവും ആധാരവും പോക്കുവരവും.

ഇന്ദ്രാ നൂയിയെ നോക്കിക്കേ. ഇത്തവണത്തെ മിസ് കേരളയുടെ കാണാനുള്ള ഗ്ലാമറൊന്നും അവര്‍ക്കുണ്ടെന്ന് എന്റെ സൌന്ദര്യശാസ്ത്രം വെച്ച് എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല.പല്ല് സ്വല്പം കോന്ത്രയല്ലേ എന്നുപോലും സംശയം.

എത്ര ചട്ടനെയും കൂനനെയും കോന്ത്രപ്പല്ലനെയും സീ ഈ ഓ ആയും ചെയര്‍മാന്‍ ആയും കമ്പനികള്‍ നിയമിച്ചിട്ടുണ്ട് എന്ന് ചോദ്യത്തിനുപകരം,
ചട്ടനും കൂനനും കോന്ത്രപ്പല്ലനുമായതുകൊണ്ട് മാത്രം (ബാക്കിയെല്ലാം-കമ്പനിക്ക് വേണ്ടതെല്ലാം ഉണ്ടായിട്ടും) സീയീയോയായും ചെയര്‍മാനായും കമ്പനികള്‍ നിയമിക്കാതിരുന്നിട്ടുണ്ട് എന്ന ചോദ്യത്തിനുത്തരം ഒരു സര്‍വ്വേ നടത്തി കണ്ടുപിടിച്ചാല്‍ ഒരു ചര്‍ച്ചയ്ക്ക് വകയായി.

അല്ലെങ്കില്‍ തല്‍ക്കാലം ഗൂഗിളില്‍ വിമിന്‍ സീയീയോ എന്ന് കൊടുത്തിട്ട് ഓരോരുത്തരുടെയും പടമെടുത്ത് അനലൈസിയാലും മതി.

Calvin H said...

Keyman not working :-/

I am with Aravind. There are hell lot of other things which are marketed in the world.

Also external beauty is not a bad thing to have or evaluated or appreciated.

"സാധാരണ ജനങ്ങളില്‍ സുന്ദര്‍ന്മാരും സുന്ദരികളും ഈ നിര്‌വചനത്തിനനുസരിച്ചെങ്കിലും അധികമില്ലല്ലോ. അവരെങ്ങനെ തങ്ങളോട് താദാത്മ്യമില്ലാത്ത ഒന്നിനെ ആസ്വദിക്കുന്നു?"

I could not understand this point. Beauty is not appreciated because everybody has it, but because only a few has it.

If some people get an advantage because of their beauty whats so wrong in it?

Nishad said...

Well Said..!

Inji Pennu said...

chauvinism comes in many forms, one is this way where one judgmentally intellectually wolf cry about women being 'marketed' in beauty pageants.

എത്ര ചട്ടനെയും കൂനനെയും കോന്ത്രപ്പല്ലനെയും സീ ഈ ഓ ആയും ചെയര്‍മാന്‍ ആയും കമ്പനികള്‍ നിയമിച്ചിട്ടുണ്ട്? - Holy crap! Hamme! Jack Welch stutters! He is supposed to be one of the best in the World. How about Vail Horton? He is really really handicapped!

If you are good enuf to be a CEO, you are CEO. If you can do the job, take the stress, they really don't care. In corporate world, you really don't get leverage for being beautiful unless you are not Mary Kay and drives a pink Cadillac! Enna pinne najanokke enney CEO aayene ;)

Suraj said...

പല സംസ്കാരങ്ങളും സൗന്ദര്യത്തിന് ചില അളവു കോലുകള്‍ വയ്ക്കാറണ്ടായിരുന്നു, വച്ചുകൊണ്ടിരിക്കുന്നു, വച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഒരു മത്സരത്തില്‍ വയ്ക്കുന്ന അളവുകോലുകളെ ആ മത്സരത്തിന്റെ മാത്രം കോണ്ടക്സ്റ്റില്‍ കണ്ടാല്‍ കാര്യം തീര്‍ന്നു. പോസ്റ്റില്‍ സൂചിപ്പിച്ചപോലെ ഷക്കീലയും പാര്വ്വതിയും ആഞ്ജലീയും ഒക്കെ ഓരോ അളവുകോലു വച്ചു സുന്ദരിയായി പ്രഖ്യാപിക്കുന്ന "മിനി മത്സരങ്ങള്‍ " ഓരോ സെക്കന്റിലും മനുഷ്യന്റെ മനസ്സില്‍ നടക്കുന്നുണ്ട്. അതുതന്നെയാണ് ആണ്‍-പെണ്‍ ബന്ധങ്ങളുടെ കാതലും. ചന്തിയിലെ ചുവന്ന മുഴ കാണിച്ച് പെണ്ണിനെ വിഴ്ത്തുന്ന കുരങ്ങനും,പീലി വിരുത്തി തുള്ളുന്ന മയിലും, കൂടുണ്ടാക്കിയിറ്റ് ഇണയെ കളിക്കാന്‍ വിളിക്കുന്ന കിളിയും അനുനിമിഷം താന്താങ്ങളുടെ സൗന്ദര്യ മത്സരങ്ങളില്‍ വിജയികുന്നതു കൊണ്ടാണ് ജീവന്‍ എന്ന പ്രതിഭാസമേ നിലനിന്നു പോകുന്നത്. ആ അര്‍ത്ഥത്തില്‍ "സൗന്ദര്യം" എല്ലാ ജീവികളുടെയും മാര്‍ക്കറ്റിംഗ് വാസനയാണ്.

ഈ നൈസര്‍ഗ്ഗിക മാര്‍ക്കറ്റിംഗിനെ enhance ചെയ്യാമെന്ന് അവകാശപ്പെടുന്ന കച്ചവട സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ കിട്ടണമെങ്കില്‍ യൂണിവേഴ്സലായ ചില മാനദണ്ഡങ്ങള്‍ പ്രചരിപ്പിക്കേണ്ടിവരും. അതിലൊന്നാണ് ഇന്ത്യയില്‍ വെളുത്ത തൊലി=സൗന്ദര്യം എന്ന പോപ്പുലര്‍ കള്‍ച്ചര്‍ സങ്കല്പം. സ്കിന്‍ ക്രീം കമ്പനികള്‍ മാര്‍ക്കറ്റ് ചെയുന്ന ഇത്തരം സങ്കല്പങ്ങള്‍ എതിര്‍ക്കപെടേണ്ടവ തന്നെ, സംശയമില്ല. പക്ഷേ അതിനെ എതിക്കാന്‍ അതിനേക്കാള്‍ നാറ്റമുള്ള ഫ്യൂഡല്‍ മൂല്യങ്ങളുടെ ചൂലെടുക്കുമ്പോള്‍ അതിനെയും എതിര്‍ക്കേണ്ടിവരും - അമ്മാവന്‍ സിന്‍ഡ്റോമുകരെ പ്രത്യേകിച്ചും :)

ഫാഷന്‍ ഇന്‍ഡസ്ട്രിയുടെ മാംസനിബദ്ധതയില്‍ വെപ്രാളപ്പെടുന്നതിലൊന്നും കാര്യമുണ്ടെന്ന് തോന്നുന്നില്ല. എല്ലാ ഫീല്‍ഡിനുമുണ്ട് അത്തരം ചൂഷകവ്യവസ്ഥകള്‍ - എയര്‍ ഹോസ്റ്റസ്സിനോട് ഗര്‍ഭം ധരിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെടുമ്പോലെത്തന്നെയേ ഉള്ളൂ ഫാഷന്‍ ഇന്‍ഡസ്ട്രിയിലുള്ളവര്‍ ഇന്നിന്ന അളവുകളില്‍ ശരീരം സൂക്ഷിക്കണമെന്ന് പറയുന്നതും. പിന്നെ, സൗന്ദര്യ മത്സരത്തില്‍ പ്രകടിപ്പിക്കുന്നു എന്ന് പറയുന്ന ബുദ്ധിവൈഭവം - മെഡിക്കല്‍ കോളെജ് വൈവയ്ക്ക് ഇതിനേക്കാള്‍ സ്റ്റുപ്പിഡായ ഉത്തരങ്ങള് കേള്‍ക്കാറുണ്ട്. ഒന്ന് പൊതു വേദിയിലും മാധമങ്ങളിലും സ്ക്രൂട്ടിനിക്ക് വിധേയമാകുന്നു, മറ്റൊന്ന് വൈവാ റൂമിന്റെ സ്വകാര്യതയില്‍ അവസാനിക്കുന്നു. മത്സരാര്‍ത്ഥി വിജയിയാകുമ്പോള്‍ പത്രമാധങ്ങ്ങള്‍ കെട്ടിയെഴുന്നള്ളിക്കുന്നത് ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി കാണേണ്ടുന്ന മൂന്നാമത്തെ വിഷയം.

മനീഷാ കൊയ്രാള മഹാ സുന്ദരിയാണെന്ന് എനിക്ക് തോന്നാറുണ്ടെന്ന് വച്ച് കെട്ടുന്നപെണ്ണ് അങ്ങനെയാവണമെന്നോ അതുപോലിരിക്കയെങ്കിലും വേണമെന്നോ ഞാന്‍ പറയാന്‍ തുടങ്ങുന്നിടത്ത് സാംസ്കാരിക തീവ്രവാദവും തുടങ്ങുന്നു. സാംസ്കാരിക തീവ്രവാദങ്ങള്‍ മാറ്റിനിര്‍ത്തി നോക്കാമെങ്കില്‍ എല്ലാം ആസ്വാദ്യം തന്നെ.

nalan::നളന്‍ said...

ബുദ്ധിവൈഭവം :: ഹ ഹ മരമണ്ടന്‍ ജഡ്ജസ്സിന്റെ തിരുമണ്ടന്‍ ചോദ്യങ്ങളും ഈ മന്ദബുദ്ധികളുടെ മറുപടികളും കൂട്ടിയാല്‍ ഈ കോമടി കിടിലം റീയാലിറ്റീ ഷോ തന്നെ.

"മറിച്ചാണ്‌ സംഭവിക്കുന്നത്. സ്ത്രീ എന്നാല്‍ വെറും ശരീരമാണെന്ന ധാരണ സമൂഹത്തിലുള്ളതുകൊണ്ടാണ്‌ ഇത്തരം മത്സരങ്ങള്‍ ഉണ്ടാകുന്നത്."

ശരിയാണു, പക്ഷെ ഇതിന്റെ കൂടെ സംഭവിക്കുന്ന (ഫലങ്ങള്‍) കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
1. സ്ത്രീ എന്നാല്‍ വെറും ശരീരമാണെന്ന ധാരണ reinforce ചെയ്യപ്പെടുന്നു.
2. ഇതാണു സൗന്ദര്യം (തൊലിവെളുപ്പും, ആഢ്യത്വവും തുടങ്ങിയ ഫ്യൂഡല്‍ സൗന്ദര്യബോധങ്ങള്‍) എന്നു ബാക്കിയുള്ളവന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. (തീര്‍ത്തും സബ്ജക്റ്റീവായ ഒന്നാണു സൗന്ദര്യം എന്നു കൂടി ഓര്‍ക്കണം)

ഇപ്പറഞ്ഞ രണ്ടിന്റെയും സ്വഭാവം ഫ്യൂഡലാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ല.
ചുരുക്കിപ്പറഞ്ഞാല്‍ കച്ചവടമെന്ന ഒറ്റ ഉദ്ദേശത്തോടുകൂടി സംഘടിക്കപ്പെടുന്ന ഒന്ന്‍ നടപ്പിലാക്കുന്നതിന്റെ പരിണിത ഫലങ്ങള്‍ ഫ്യൂഡലാണു.

ഒരൊറ്റ നല്ലവശം മാത്രമാണു ഇതിലുള്ളത്.
ശാലീന സൗന്ദര്യമെന്ന മറ്റൊരു ഫ്യൂഡല്‍ സൗന്ദര്യ ബോധത്തെ നിരാകരിക്കുന്നു. ഇതിനുള്ള പ്രായശ്ചിത്തമായിരിക്കണം അധികാരത്തിനോടുള്ള വിധേയത്തം വെളിവാക്കപ്പെടാന്‍ പോന്ന തരത്തിലുള്ള തിരുമണ്ടന്‍ ചോദ്യങ്ങള്‍.

സംഭവം ഇതൊക്കെയാണെങ്കിലും സദാചാരത്തിന്റെയും, സംസ്കാരത്തിന്റെയും പേരില്‍ സൗന്ദര്യമത്സരങ്ങളെ എതിര്‍ക്കുന്നത് സൂരജ് പറഞ്ഞ പോലെ അതിലും ഫ്യൂഡലാണു.

ബിനോയ്//HariNav said...

സൂരജ് പറഞ്ഞത്
"..സ്കിന്‍ ക്രീം കമ്പനികള്‍ മാര്‍ക്കറ്റ് ചെയുന്ന ഇത്തരം സങ്കല്പങ്ങള്‍ എതിര്‍ക്കപെടേണ്ടവ തന്നെ, സംശയമില്ല. പക്ഷേ അതിനെ എതിക്കാന്‍ അതിനേക്കാള്‍ നാറ്റമുള്ള ഫ്യൂഡല്‍ മൂല്യങ്ങളുടെ ചൂലെടുക്കുമ്പോള്‍ അതിനെയും എതിര്‍ക്കേണ്ടിവരും -അമ്മാവന്‍ സിന്‍ഡ്റോമുകരെ പ്രത്യേകിച്ചും.."

അങ്ങനന്നെ സിന്ദാബാദ് :)

അനോണി ആന്റണി said...

Let alone (S)crapping , a suttering problem doesnt even serve as an exception to prove the rule when we are talking about hunchbacks, buckteeth and limps
പ്രതികരിച്ചവര്‍ക്ക് എല്ലാം നന്ദി. ഒന്നു രണ്ട് കാര്യങ്ങള്‍
സൗന്ദര്യമത്സരം സൂരജ് പറഞ്ഞതുപോലെ അനുനിമിഷം പ്രകൃതിയില്‍ നടക്കുന്നു. ഒരു വില നല്‍കി സൗന്ദര്യം പ്രദര്‍ശിപ്പിക്കേണ്ടി വരുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതൊരു പോസ്റ്റാക്കാനുള്ള സാധനമുണ്ട് (തെറ്റാണെന്നും ശരിയാണെന്നുമല്ല)

Inji,
Vail Harton showed up in Forbes Magazine as an inspiration story, of a man setting up a smalltime ( couple of million worth) business despite severe handicap. He owns the business and we are talking about elected, appointed and nominated CEOs. I hope you know what difference it makes.

കുഞ്ഞന്ന said...

ദേ പുതിയ പോസ്റ്റ്‌! പൊതുവെ ചൂടാറാതെ, അന്തോണിയുടെ പോസ്റ്റൊന്നും വായിക്കനൊക്കാത്തതാണ്‌. ഞാന്‍ തപ്പിപ്പിടിച്ച്‌ കണ്ട്‌ വരുമ്പോഴേക്കും പോസ്റ്റും പോസ്റ്റി അന്തോണിയും കമ്ന്റും കമ്ന്റി്‌ മാളോരും പോയ വഴിയെ പൊടി പോലും കാണാറില്ല!

പൊതുവെ അന്തോണിയുടെ സാമൂഹികവിശകലനങ്ങളോട്‌ എനിക്കു്‌ യൊജിപ്പാണ്‌. അതിലുപരി, തികച്ചും യുക്തിപരമായി, ഒരു കാര്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു്‌ ഉറക്കെ ചിന്തിക്കുന്ന രീതിയോടു്‌ വളരെ യോജിപ്പാണ്‌. ഈ പോസ്റ്റിന്റെകാര്യത്തിലും വലിയ അഭിപ്രായവ്യത്യാസങ്ങളൊന്നും ഇല്ല. പക്ഷെ, ഈ കമന്റൊക്കെ വായിച്ചപ്പോള്‍ അല്പം ബന്ധമുള്ള ഒരു കാര്യം പറയാതെ വയ്യ.

ഒരു പക്ഷെ, ഏറ്റവും ഇടുങ്ങിയ സൌന്ദര്യസങ്കല്പങ്ങളുള്ള ഒരു സമൂഹമായിരിക്കും നമ്മുടേത്‌. ഓരോരുത്തരുടെയും വ്യക്തിപരമായ സങ്കല്പങ്ങളെക്കുറിച്ചല്ല (ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്‌ കാഴ്ചയില്‍ എങ്ങിനെയായിരിക്കണം എന്നും മറ്റുമുള്ളവ) ഞാന്‍ പറയുന്നത്‌. സമൂഹത്തില്‍ സ്വീകര്യമായത്‌ ഇതൊക്കെ എന്നുള്ള ധാരണയിലും അതിനോട്‌ ചേരാത്തവരെ തിരസ്കരിക്കുന്നതിലെ വ്യഗ്രതയിലും പ്രകടമായ ഒരു സാമൂഹിക മനോഭാവത്തെയാണ്‌ ഉദ്ദേശിച്ചതു്‌. പൊതുവേ സ്ത്രീകളാണീ പ്രവണതയുടെ തിക്തഫലം കൂടുതലും അനുഭവിക്കുക. കഴുത്തിനൊപ്പിച്ചു്‌ മുടി മുറിച്ച്‌ ഒരു വഴിയരുകില്‍ ബസ്‌ കാത്തുനിക്കുന്ന പെണ്‍കുട്ടിയോട്‌ 'എന്നാ ബാക്കീം കൂടെ ചെരച്ചു കളഞ്ഞേച്ചു്‌ കൊറച്ച്‌ മഞ്ഞളും തേച്ചുനടക്കാന്മേലായിരുന്നോ' എന്നു വിദ്വേഷത്തോടെ ചോദിച്ച, ഒരു ബന്ധവുമില്ലാത്ത, മുറുക്കാങ്കറപിടിച്ച പല്ലുള്ള കാര്‍ന്നോരായലും, അതു കേട്ടാര്‍ത്തു ചിരിച്ച്‌ കളിയാക്കലേറ്റെടുത്ത യുവകോമളന്മാരായാലും - എല്ലാവരും ഒരു പോലെ പ്രകടിപ്പിക്കുന്ന പ്രവണത. മലയാളികളുടെ പൊതു മനോഭാവമനുസരിച്ചു്‌ ഈ കഥ കേട്ടാല്‍ 'കാര്‍ന്നോരു കലക്കി' എന്നോ 'അവള്‍ക്കതു കിട്ടണം' എന്നോ പറയുകയേ ചെയ്യൂ. ആ പെണ്‍കുട്ടിയുടെ മുടി, അവളുടെ (അല്ലെങ്കില്‍ അവള്‍ പ്രതിഫലം കൊടുത്തേര്‍പ്പാടാക്കിയ) കത്രിക വച്ച്‌ , അവള്‍ മുറിച്ചുകൊണ്ടുനടന്നാല്‍ അയാള്‍ക്കൊ വഴിയേപോകുന്നോര്‍ക്കോ എന്തു കാര്യം?. യാതൊരാള്‍ക്കും ഉപദ്രവമില്ലാത്ത, തികച്ചും വ്യക്തിപരമായ ഇത്തരം കാര്യങ്ങളില്‍ പോലും അനിഷ്ടം പ്രകടിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിലെ സാമൂഹികനീതി എന്താണ്‌?. കുറച്ചുപേര്‍ ഇതു പോലെ ഉറക്കെ പറയും, കുറച്ചു പേര്‍ മനസില്‍ വിചാരിക്കും. തോന്നിയാലും, മനസ്സില്‍ വെക്കുന്നവരോടെനിക്കു പരാതിയൊന്നുമില്ല കെട്ടോ. ഒന്നുമില്ലെങ്കിലും അവര്‍ മറ്റുള്ളവരുടെ സ്വാതന്ത്രത്തെ ഹനിക്കുന്നവിധം പ്രത്യക്ഷമായി പെരുമാറുന്നില്ലല്ലോ. ഇത്തരം കാര്യങ്ങളില്‍ വിധി എഴുതാത്തവിധം, അവരുടെ മനസ്സും ചിന്തയും വളര്‍ന്നിരുന്നെങ്കില്‍ എന്നൊരു ചെറിയ ആശ മാത്രം.

പിന്നെ നമ്മുടെ ആളുകള്‍ക്ക്‌ വെളുപ്പിനോടുള്ള അഭിനിവേശവും, കറുത്തവര്‍ഗക്കരോടുള്ള പുഛവും വേറൊരു കാര്യമാണ്‌. (ഇത്‌ ഭാരതത്തിലെ ഒരുവിധം എല്ലാ സംസ്ഥാനക്കാരും പ്രകടിപ്പിക്കുന്ന ഒരു മനോഭാവമാണ്‌).

പൊതുവേ പറഞ്ഞാല്‍, സൌന്ദര്യമല്‍സരം എന്ന തൊലിപ്പുറത്തെ പുണ്ണ്‌ മാത്രമല്ല (ഇഷ്ടമുള്ളവര്‍ ചന്തമുള്ള മറുകെന്നു വിളിച്ചുകൊള്ളൂ) , നല്ലൊന്നാന്തരം അര്‍ബുദവുമുള്ള ഒന്നത്രേ നമ്മുടെ സമൂഹം.

ബോയിങ്‌ 707 said...

പോസ്റ്റ്‌ ഇഷ്ടായി.. എന്നാലും ഒരു സംസയം.. ഈ മല്‍സരങ്ങല്‍ മല്‍സരങ്ങല്‍ അയി മത്രം കന്ദാല്‍ പൊരെ? അതിനെ സംസ്കാരവും അയി കൂട്ടികുഴകണൊ? ഇഷ്ടമുളവര്‍ പങ്കെദുക്കുകയും കാണുകയും ചെയുന്ന ഒരു മല്‍സരം..

അരവിന്ദ് :: aravind said...

അല്ല നളന്‍ , ഫ്യൂഡല്‍ വ്യവസ്ഥയുടെ പുഴുകുത്തുകള്‍ നമ്മുടെ സം‌സ്കാരത്തിന്റെ കുഴപ്പമല്ലേ? ബ്യൂട്ടി കോണ്ടസ്റ്റിനേയും ആ കണ്ണു വെച്ചു വിലയിരുത്തുന്നവരുണ്ടെന്നും കൊണ്ട് ആ കോണ്ടസ്റ്റ് അസ് സച്ച് എന്ത് പിഴച്ചു?
മിസ്സ് അമേരിക്ക ആഫ്രിക്കനും മിസ്സ് ദക്ഷിണ ആഫ്രിക്ക മദാമ്മയും ആവുന്നത് കണ്ടെങ്കിലും ചിലര്‍ ബ്യൂട്ടീ കണ്‍സെപ്റ്റില്‍ അല്പം മാറ്റം വരുത്തിയാല്‍ നല്ലതല്ലേ?

എന്റെ അനുഭവത്തില്‍ ആദ്യം ഫാഷന്‍ റ്റി വി കാണുമ്പോള്‍ ഇതൊക്കെ എന്ത് കെട്ടിമാറാപ്പുകള്‍ എന്ന് തോന്നുമായിരുന്നു.ഇട്ടിരിക്കുന്ന വേഷമല്ല, മോഡലിന്റെ അളവും മുഖശ്രീയും വെച്ചായിരുന്നു അനുമാനം. കുറേ കണ്ടപ്പോള്‍ അത് മാറി. ഇപ്പോള്‍ സമയം കിട്ടുമ്പോള്‍ ഇടക്കൊക്കെ കാണാറുണ്ട്, എഫ് റ്റി വി. ഫാഷനും മ്യൂസിക്കും തന്നെയാണ് ശ്രദ്ധ.

അങ്ങനെ ഒരു റീ ഫോക്കസ്സിംഗ് ചിലപ്പോള്‍ നടന്നേക്കും. :-)

Sathu said...

nalla blog!

ennalum ithoru business matramalle? apol pinne vittu pidi.. nammude naatil ithilum important ayitulla enthoke nadakunu.. namal athinethire aanu prathikarikendathu..

soundarya malsaram enna peril thanne undallo ithenthavum ennu. budhi malsaram ennonum peridathathum vere onum alla. Athu nadathial kaanano sponsor cheyan arem kittila.. athu thanne..

iniyum nalla bolgugal pratheekshikunu

nalan::നളന്‍ said...

അരവിന്ദെ,
കോണ്ടസ്റ്റ് ആസ് സച് കച്ചവടമാണുദ്ദേശിക്കുന്നതെന്നാണല്ലോ ഞാനും പറഞ്ഞത്. കോണ്ടസ്റ്റിനെ ആ തലത്തില്‍ എതിര്‍ക്കേണ്ടതുമില്ല, കച്ചവടത്തിനു വേണ്ടി എന്തു കോപ്പും ഈ വ്യവസ്ഥിതി അനുവദിക്കുന്നുണ്ട്.

ഇതാണു സൌന്ദര്യം എന്നു എന്നോടു പറയാന്‍ ഇവര്‍ക്കാരാണധികാരം കൊടുത്തത്. അനോണി ആന്റണി ഈ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയ പോലെ പതിവായി ഈ മത്സരത്തിലെ വിജയികളെല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തവരാകുമ്പോള്‍ എന്താണു ഈ മത്സരങ്ങള്‍ കാണുന്നവര്‍ അനുമാനിക്കേണ്ടത്. ഈ അടിച്ചേല്‍പ്പിക്കുന്ന സൌന്ദര്യ ബോധത്തെ എതിര്‍ക്കേണ്ടതുണ്ട്.

അനോണി ആന്റണി said...

കുഞ്ഞന്നേ,
ആരൊക്കെയോ ഇവിടൊക്കെ പറഞ്ഞ ഫ്യൂഡലിസത്തിന്റെ ശേഷിപ്പാണ്‌ വഴിയില്‍ നില്‍ക്കുന്ന പെണ്ണ് എങ്ങനെ മുടിവെട്ടണം, അവള്‍ ഉറക്കെ ചിരിക്കാന്‍ പാടുണ്ടോ, എന്നൊക്കെ ഞാവാലിക്കാരണവര്‍ അല്ലേല്‍ ആരെങ്കിലും കേറി അഭിപ്രായംന്‍ മൂളിച്ചാല്‍ അതു കേള്‍ക്കാനും ആളുണ്ടാവുന്നത്.

തൊലിവെളുപ്പിന്റെ മനശാസ്ത്രം ഒരു പോസ്റ്റാക്കാന്‍ മാത്രമുണ്ട്. അത് അങ്ങോട്ട് വിട്ടു.

ഫാഷന്‍ ഇന്‍ഡസ്ട്രി ഒരു കച്ചവടത്തിനു മീതെയും താഴെയും ഒന്നുമല്ലെന്ന കണ്‍സെന്‍സസില്‍ എല്ലാവരും എത്തിയെന്ന് തോന്നുന്നു.