Thursday, November 27, 2008

ആദരാഞ്ജലികള്‍

ഉദ്ദേശം എട്ടു കൊല്ലം മുന്നേ കുപ്രസിദ്ധ അധോലോക കൊലയാളി ബണ്ഡിയയെ വെടിവച്ചു കൊന്ന ശേഷം മുംബൈ പോലീസിന്റെ ഷാര്‍പ് ഷൂട്ടര്‍ വിജയ് സലാസ്കര്‍ ഇന്റര്വ്യൂവില്‍ ഇങ്ങനെയാണ്‌ അഭിപ്രായപ്പെട്ടത്. "ഒരു എന്‍‌കൗണ്ടറില്‍ ഒന്നുമില്ല, ഒന്നുകില്‍ നിങ്ങള്‍ ഭീകരെക്കൊല്ലുന്നു, അല്ലെങ്കില്‍ അവന്‍ നിങ്ങളെ കൊല്ലുന്നു. ഭാഗ്യം ഒരിക്കല്‍ക്കൂടി എന്റെ വശത്തായിരുന്നു. ഒരു ദിവസം വീതമാണ്‌ ഇത്തരം ജോലി ചെയ്യുന്നവരും കുടുംബവും ജീവിക്കുന്നത്, നാളെയോ എന്താണ്‌ നാളെയെന്നു വച്ചാല്‍?"

അടച്ചുറപ്പുള്ള മുറികള്‍ക്കുള്ളിലിരുന്ന് അനാലിസും ബൗദ്ധികവ്യായാമങ്ങളും നടത്തുന്നവര്‍ സലാസ്കറിനെതിരേ മഷിയൊലിപ്പിച്ചിരുന്നു. സത്യത്തില്‍ ഇത്തരം ക്രൂരവൃത്തികള്‍ എന്തിനാണ്‌? പോലീസിന്റെ പ്രതികാരമോ, പ്രതി പീഡനമോ അതോ ഒരുത്തന്റെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിലെത്തിക്കാനുള്ള മടികൊണ്ട് ശിക്ഷ നടപ്പാക്കുന്നതോ? കണ്ണില്‍ ചോരയില്ലേ, ഭീകരനും അധോലോക പ്രവര്‍ത്തകനും മനുഷ്യനല്ലേ, അവനെ റീഹാബിലിറ്റേറ്റ് ചെയ്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനല്ലേ ശ്രമിക്കേണ്ടത്? കൈക്കൂലി വാങ്ങുന്നുണ്ടോ? പോലീസ് ആരുടെ പിണിയാളാണ്‌? ഭരണകൂട ഭീകരതയുടെയോ അധോലോകത്തിന്റെയോ?

എല്ലാ ചോദ്യങ്ങള്‍ക്കും ഇന്നലെ ഉത്തരം കണ്ടുകഴിഞ്ഞു. എണ്‍പതോളം തവണ തുണച്ച ഭാഗ്യം സലാസ്കറിനെ ഒരൊറ്റത്തവണ കൈവിട്ടതോടെ.

പട്ടാളത്തിലും സന്യാസത്തിലും വേരോടിയ ഭീകരവാദികളെ കയ്യോടെ പിടികൂടി അഴിയെണ്ണിച്ച ഹേമന്ത് കാര്‍കറേ? അദ്ദേഹവും ഇനിയില്ല. ഏതോ സഞ്ചാരികളുടെ, അന്തിഭക്ഷണണത്തിനും മദ്യത്തിനും വന്ന ഏതോ ധനിക കുടുംബങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തൊപ്പിയും ധരിക്കുന്ന ഹേമന്തിന്റെ ഒരു ചിത്രം പത്രത്തില്‍ അടിച്ചു കണ്ടു.

താത്വികവിശകലങ്ങള്‍ നടത്താം, നേരിടേണ്ടിയിരുന്ന രീതി ശരിയായില്ലെന്ന് പറയാം, ഭീകരവാദം ആരുടെ കുഴപ്പം കൊണ്ടാണെന്ന് ചര്‍ച്ച ചെയ്യാം, ശേഷം മറക്കാം അല്ലേ? . പിന്നെ എവിടെയെങ്കിലും എന്തെങ്കിലും പൊട്ടിത്തെറിക്കുമ്പോള്‍ അടുത്ത പോസ്റ്റ് എഴുതിയിടാം.

Sunday, November 23, 2008

നമതും കൊഞ്ചും

നമതിന്റെ പോസ്റ്റ് ഇപ്പോഴാണു കണ്ടത്. കൊച്ചമ്മാച്ചന്‍ സിന്‍ഡ്രോം ബാധിച്ചെന്ന് തോന്നുന്നു എനിക്ക്, അതാണ്‌ കൊഞ്ചാന്‍ മുട്ടിയത്. ( തുടക്കം ഓഫില്‍ ആയിക്കോട്ടെ- കുടുമ്മത്ത് ചുമ്മാ ഉണ്ടുറങ്ങി കൂടിയിരിക്കുന്ന കൊച്ചമ്മാച്ചനെക്കൊണ്ട് വല്ല പണിയും എടുപ്പിക്കണമെന്ന് വീട്ടുകാര്‍ തീരുമാനിച്ചു. എന്തെങ്കിലും ഭാരിച്ച പണി വല്ലതും വന്നാല്‍ "ഓ പറമ്പൊക്കെ കാടുപിടിച്ചു, ഇതു വെട്ടി വെളുപ്പിക്കാന്‍ കൊച്ചമ്മാച്ചനെപ്പോലെ പോലെ ആരോഗ്യമുള്ളവര്‍ക്കേ പറ്റൂ" എന്നോ "ഈ ആഞ്ഞിലിയില്‍ കേറി പഴം പറിക്കാന്‍ ഈ ലോകത്ത് കൊച്ചമ്മാച്ചനേ ധൈര്യം വരൂ" എന്നോ "ബാറ്റ കമ്പനി പോലും ഈ ചെരുപ്പ് തുന്നി ശരിയാക്കില്ല" എന്നോ ഒക്കെ ഉറക്കെ രണ്ട് ഡയലോഗ് പറഞ്ഞാല്‍ മതി കൊച്ചമ്മാച്ചന്‍ യധാക്രമം കൊടുവാള്‍, ഏണി, തുകല്‍സൂചി എന്നിവ എടുത്ത് ചാടിപ്പുറപ്പെട്ടോളും. ഊണു കാലമാകുമ്പോള്‍ "കൊച്ചമ്മാച്ചന്‍ ആളു മഹായോഗിയല്ലേ, രണ്ടുരുളയേ കഴിക്കൂ" എന്നും കൂടി വിളംബരം ചെയ്ത് ചിലവും കുറച്ചു.)

പോസ്റ്റിലെ പോസ്റ്റുലേറ്റ് ഈയിടെ നമതിനു വലിയ കായല്‍ക്കൊഞ്ച് വാങ്ങാവുന്ന വിലയ്ക്കി,കിട്ടിയതുകൊണ്ട് അതു വാങ്ങിക്കഴിച്ചു എന്നതാണ്‌. ചോദ്യങ്ങള്‍

ക. എന്തു കൊഞ്ചാണ്‌ കിട്ടിയത്?
ഖ. എന്തുകൊണ്ട് മുമ്പ് കിട്ടാതിരുന്നത്ര മുട്ടന്‍ കൊഞ്ച് കിട്ടി?
ഗ. എന്തുകൊണ്ട് ആദായ വിലയ്ക്ക് കിട്ടി?
എന്നിവയാണ്‌

എന്തു കൊഞ്ച്?
കൈപ്പത്തി വലിപ്പത്തിലെ കായല്‍ കൊഞ്ച്. ഹും. അരിപ്പക്കൊഞ്ച് (Penaeus indicus) അല്ല, അതിന്റെ കുഞ്ഞുങ്ങളേ കായലിലുള്ളു. കൈവണ്ണം പോയിട്ട് വിരല്‍ വണ്ണവുമില്ലാത്തതിനാല്‍ സാധാരണ ഉണക്കിയാണു വില്‍ക്കുന്നതും. പൂവാലന്‍ കൊഞ്ച് (Metapenaeus Dobsoni) കായലില്‍ അത്ര സുലഭവുമല്ല, കൈപ്പത്തി വലിപ്പത്തില്‍ കിട്ടാന്‍ പ്രയാസവുമാണ്‌. കായലിലെ നാരന്‍ കൊഞ്ച് (Penaeus monodon ) അരയടി സുഖമായി വളരും, സുഫലാം സുലഭാം മാതരവുമഅണ്‌. അപ്പോ പുള്ളി നാരന്‍ കൊഞ്ചായിരിക്കണം വാങ്ങിയത്.

വലിപ്പം, വില
ടൂറിസ്റ്റ് വരവുള്ളപ്പോള്‍ വലിയ കൊഞ്ചുകള്‍ ഓട്ടലിലേക്കും അല്ലാത്തപ്പോള്‍ ഷാപ്പിലേക്കും പോകാറുണ്ട്. എക്സ്പോര്‍ട്ടില്‍ ഒരിടിവുണ്ട്, അത് സാമ്പത്തിക മാന്ദ്യം കൊണ്ട് ഉണ്ടായതല്ല, ഇന്ത്യന്‍ കൊഞ്ചിന്റെ ഏറ്റവും വലിയ (ഓര്‍മ്മ ശരിയാണെങ്കില്‍ ഇരുപത്തഞ്ച് ശതമാനം) ഇറക്കുമതിക്കാരായ അമേരിക്ക സ്വന്തം നാട്ടിലെയും അളിയന്‍ രാജ്യങ്ങളുടെയും കൊഞ്ചു കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യന്‍ കൊഞ്ചിനു മേല്‍ ആന്റി ഡമ്പിങ്ങ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. ഇറക്കുമതിച്ചുങ്കം വഴി നമ്മുടെ കൊഞ്ചിനെ അവര്‍ ഒതുക്കിയെങ്കിലും നമ്മള്‍ കായല്‍ക്കൊഞ്ച് കയറ്റുമതി ചെയ്യുന്നത് വളരെക്കുറച്ചേയുള്ളു, അതിനാല്‍ എക്സ്പോര്‍ട്ട് മാര്‍ക്കറ്റില്‍ ഇവന്‍ കീ വായിക്കുന്നില്ല. ടൂറിസത്തിലെ ഇടിവ് കാരണമായിരിക്കാം, അല്ലെങ്കില്‍ ഒരു ലോജിസ്റ്റിക്ക് പ്രശ്നമുണ്ടായ കൊഞ്ചുപിടിയന്‍ സാധനം മാര്‍ക്കറ്റില്‍ എത്തിച്ചതായിരിക്കാം(ഒരു വണ്‍ ഓഫ് അടിസ്ഥാനത്തില്‍). എം പി ഡി ഏ പോലെ വന്‍ കിട കായല്‍ കൊഞ്ചു കൃഷിക്കാര്‍ ഫലം കണ്ടു തുടങ്ങിയതും ആവാം.

ഇനി നമതിനോട് നമുക്കുള്ള ചോദ്യം. ഇത്രയും നല്ല കൊഞ്ച് കുറഞ്ഞ വിലയ്ക്ക് കിട്ടിയിട്ടും ഒരു മര്യാദയുടെ പേരില്‍ ഞങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല?

വാല്‍ (പോസ്റ്റിന്റെ- കൊഞ്ചിന്റെയല്ല)
തിരുവന്തോരത്ത് കൊഞ്ചു ഫാക്റ്ററി സൂപ്പര്വൈസറായി എറണാകുളത്തുകാരന്‍ ഒരു നന്ദന്‍ ചേട്ടന്‍ (എക്സ് മില്‍ട്രീ) ജോലിക്ക് ചേര്‍ന്നു. കൊഞ്ച് എന്നതിനു ചെമ്മീന്‍ എന്നും തൊലിക്കുന്നതിനു "കിള്ളുന്നു" എന്നും ഒക്കെ മദ്ധ്യകേരള ഭാഷ ഞങ്ങള്‍ക്ക് പരിചയമായത് നന്ദന്‍ ചേട്ടന്‍ ചാണ്ടീസ് വൈറ്റ് ഹൗസില്‍ സന്ദര്‍ശകനായ ശേഷമാണ്‌.

മില്‍ട്രീ അച്ചടക്കം തിരുവന്തോരത്തെ കൊഞ്ചു തൊലിപ്പ് പെണ്ണുങ്ങളെ പഠിപ്പിക്കാന്‍ നന്ദന്‍ ചേട്ടന്‍ തീവ്രമായി ഒന്നു ശ്രമിച്ചപ്പോള്‍ അവര്‍ കൂടി ഒരു പാര അങ്ങ് വച്ചു. കോള്‍ഡ് സ്റ്റോറേജിന്റെ വാതിലില്‍ കയറി നന്ദന്‍ ചേട്ടന്‍ നില്‍ക്കുമെന്നും അതിലേ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ജോലിക്കാരികളെ മുട്ടി ഉരുമ്മാന്‍ ആണ്‌ അതെന്നും (ഇല്ലെന്ന് നന്ദന്‍ ചേട്ടന്‍ ഇട്ട ഒരാണ, ഉണ്ടെന്ന് അമ്പതു പേരിട്ട ആണയാലെ തള്ളിപ്പോയി) അവര്‍ മാനേജര്‍ക്ക് പരാതി നല്‍കി. വാണിങ്ങ് ലെറ്റര്‍ വാങ്ങി ഷാപ്പില്‍ തലയ്ക്ക് കൈവച്ചിരിക്കുന്ന നന്ദന്‍ ചേട്ടനു വേണ്ടി ഉണ്ടാക്കിയ പാട്ട്:
(മായാജാലക വാതില്‍ തുറക്കും മധുര സ്മരണകളേ എന്ന ഈണം)

കോള്‍ഡു സ്റ്റോറേജിന്‍ വാതില്‍ തുറക്കും 'ചെമ്മീന്‍ കിള്ളികളേ'
നന്ദന്‍ ചേട്ടനു പാരകള്‍ പണിയും കൊഞ്ചുവാഹിനികള്‍
നിങ്ങള്‍ ഗുരുത്തദോഷിണികള്‍

വിണ്ടുപോയ നഖമുനയാല്‍ നിങ്ങള്‍ ചെമ്മീന്‍ കിള്ളി വലിച്ചെറിയുമ്പോള്‍
മണ്ണുണ്ടോയെന്നു നോക്കാന്‍ എത്തിവലിഞ്ഞൊരീ സാറിനെ നിങ്ങളിന്ന്
പണിഞ്ഞുവല്ലോ, പണിഞ്ഞുവല്ലോ.

സ്തബ്ദനായി ഇണ്ടാസും വാങ്ങി മിണ്ടാതെ നന്ദന്‍ പുറത്തിറങ്ങുമ്പോള്‍
പൊയ് പോയ മില്‍ട്രിയും മില്‍ട്രിക്കാലത്തെ മില്‍ട്രിയടിയുമുള്ളില്‍
കരിഞ്ഞുവല്ലോ, കരിഞ്ഞുവല്ലോ.

Thursday, November 20, 2008

അന്ധവിശ്വാസം

അണ്ണാ പുതിയ സൂപ്പര്‍ ജംബോ ഇറങ്ങാന്‍ സമയം ആയല്ലോ?
താമസിക്കുമെന്നാണ്‌ കേട്ടത്, രണ്ടുമാസം ഫാക്റ്ററയില്‍ സമരമല്ലായിരുന്നോ.

പണിമുടക്കോ, ബോയിംഗിലോ?
അതെന്താ ബോയിംഗില്‍ സമരം പാടില്ലെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ?

അല്ലാ, ഞാന്‍ കരുതിയത് അമേരിക്കയിലും ഗള്‍ഫിലും ജപ്പാനിലും ഒന്നും സമരങ്ങള്‍ ഇല്ലെന്നാണ്‌.
ഹ ഹ ഹ.

ശരിക്കും ഉണ്ടോ?
എഴുത്തുകാരു പണിമുടക്ക് എന്നു കേട്ടിട്ടുണ്ടോ, അത് അമേരിക്കയില്‍ .ദുബായില്‍ ദേ ഇന്നാള്‌ തൊഴിലാളികള്‍ പണിമുടക്കി വയലന്റ് ആയി ബസ്സിനൊക്കെ തീ വച്ചു. ജപ്പാന്‍ എയറിന്റെ പണിമുടക്ക് ഒത്തു തീര്‍പ്പെത്തിക്കാണില്ലെങ്കില്‍ ഇന്നു തുടങ്ങിക്കാണണം. ലുഫ്താന്‍സയില്‍ ഒത്തു തീര്‍ന്നെന്ന് ഓര്‍മ്മ.

അങ്ങനെയാണോ? ഞാനൊക്കെ കരുതിയത് വ്യവസായവല്‍ക്കരിച്ച രാജ്യങ്ങളിലൊന്നും തൊഴില്‍ത്തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നാണ്‌.
തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതും ഒഴിവാകുന്നതും പരിഹരിക്കുന്നതും ഒക്കെ വ്യ്വസായത്തിന്റെ ഭാഗമാണ്‌. മനുഷ്യാദ്ധ്വാനത്തെ മാനേജ് ചെയ്യുന്നതിനു സ്പെഷലിസ്റ്റ് സം‌‌വിധാനങ്ങള്‍ തന്നെ ആളുകള്‍ പഠിക്കുന്നത് അതുകൊണ്ടാണ്‌. തര്‍ക്കങ്ങളേ ഇല്ലാതെയിരിക്കണമെങ്കില്‍ ശബ്ദമുയര്‍ത്തുന്നവനെയൊക്കെ വെടിവച്ച് കൊല്ലാനോ നാടുകടത്താനോ നിയമം ഉണ്ടാകണം. ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല അതെന്ന് മാത്രമല്ല, അങ്ങനെ ഏറെക്കാലം ഒന്നും നിലനില്‍ക്കുകയില്ല.


ചൈനയും വിയറ്റ്‌നാമുമൊക്കെ തൊഴിലാളിവര്‍ഗ്ഗം ഭരിക്കുന്ന സ്ഥലമല്ലേ, അവിടെയും ഉണ്ടോ?
ചൈനയില്‍ എവിടെയൊക്കെയോ ദാ ഇന്ന് ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കുകയാണ്‌. നൈക്കി ഷൂ കമ്പനിയില്‍ ഒരെണ്ണം കഴിഞ്ഞതേയുള്ളു. വിയറ്റ്‌നാമില്‍ തുണിമില്ലില്‍ ഭയങ്കര സമരം.

അപ്പോള്‍ കേരളത്തിലെ സമരത്തിനു പ്രത്യേകതയൊന്നുമില്ലേ?
പിന്നില്ലേ, കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങി താരതമ്യേന ഭേദപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ്‌ കൂടുതല്‍ പണിമുടക്കുന്നത്. പൊതുവില്‍ മറിച്ചല്ലേ വരേണ്ടത്. പോരെങ്കില്‍ മുതലാളി സമരം- ബസ്സ് ഉടമ സമരം, തീയറ്റര്‍ ഉടമ സമരം, പെട്രോള്‍ പമ്പ് ഉടമ സമരം, ടാങ്കര്‍ ലോറി സമരം, കോണ്ട്രാക്റ്റര്‍ സമരം തുടങ്ങിയവ വേറെവിടെ കാണും?

അപ്പോ തൊഴില്‍ തര്‍ക്കം കൊണ്ടല്ലേ കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങാത്തതെന്ന് പറയുന്നതോ?
അത്യാവശ്യം ഒരു ബിസിനസ്സ് നടത്തണമെങ്കില്‍ കഴിവു വേണം, കാശു വേണം. പിന്നെ കേരളത്തിലെ ജീവിതനിലവാരം അനുസരിച്ചുള്ള കൂലി അയലത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്‌. ശിവകാശി പടക്കക്കമ്പനി പോലെ കൊച്ചുങ്ങളെ ജോലിക്കു വയ്ക്കാനും കഴിയില്ല. നല്ലതുപോലെ ഒരു സ്ഥാപനം നടത്തുന്നതെങ്ങനെ എന്ന് കൊചൗസേഫ് ചിറ്റിലപ്പള്ളി, തങ്കം ഫിലിപ്പ്, രവീന്ദ്രനാഥന്‍ നായര്‍, എം കെ ഏ ഹമീദ് തുടങ്ങിയവരോട് ചോദിച്ചാല്‍ പറഞ്ഞു തരും. അതിനു കഴിവില്ലാത്തവര്‍ എവിടെ പോയാലും തൊഴില്‍ സമരം, സര്‍ക്കാര്‍ അനാസ്ഥ, നിയമം, കൈക്കൂലി, നൂലാമാല എന്നൊക്കെ പറഞ്ഞ് നിലവിളിച്ചു നടക്കും. വര്‍ഷം നാട്ടിലെ തൊഴിലാളി സമരങ്ങളുടെ കണക്കെടുത്തിട്ട് ഒരു താരതമ്യ പഠനം നടത്താന്‍ ആരെങ്കിലും ഉണ്ടോ? തൊഴില്‍ മന്ത്രിയുടെ കണക്ക് അനുസരിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയിലെ ഒരൊറ്റ സമരവും ഈ വര്‍ഷം കേരളത്തില്‍ തുടങ്ങിയിട്ടില്ല (ചെങ്ങറ, പ്ലാച്ചിമട തുടങ്ങിയവ ഈ വര്‍ഷം ആരംഭിച്ച സമരത്തില്‍ മന്ത്രി കൂട്ടിയിട്ടില്ലേ ആവോ). ഒന്നുമില്ല എന്നത് അങ്ങനെ മുഖവിലയ്ക്ക് എടുക്കാനാവുന്നില്ല, എത്ര ഉണ്ട് എന്നെങ്കിലും ഒന്നറിയേണ്ടേ.

നൈറ്റിയും സ്യൂട്ടും

(രാജേഷ് വര്‍മ്മ വെള്ളെഴുത്തിന്റെ ബ്ലോഗില്‍ പറഞ്ഞ കാര്യം, അവിടെ വിഷയം വേറേ ആയതുകൊണ്ട് കമന്റ് ഇവിടെയാക്കി)

ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ എന്റെ നാട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടില്‍ സാരിയോ സെറ്റുമുണ്ടോ ചട്ടയും മുണ്ടൂമോ കൈലിയും ബ്ലൗസുമോ ആയിരുന്നു ധരിച്ചിരുന്നത്. പെണ്‍കുട്ടികള്‍ പാവാടയും നീളന്‍ ബ്ലൗസും. പുറത്തു പോകുമ്പോള്‍ പൊതുവില്‍ സ്ത്രീകള്‍ സാരിയും കുമാരിമാര്‍ പാവാടബ്ലൗസും തന്നെ ധരിച്ചിരുന്നു. പുറത്ത് ഇട്ടു പഴയതായതും വില കുറഞ്ഞതുമായ ഏതാണ്ട് ഇതേ വേഷം തന്നെയായിരുന്നു വീട്ടിലും. ചില പെണ്‍കുട്ടികള്‍ മിഡി എന്ന ഇടപ്പാവാടയും ധരിക്കാറുണ്ടായിരുന്നു. ചുരിദാര്‍ വിപ്ലവവം എണ്‍പതുകളുടെ മദ്ധ്യത്തിലാണ്‌ തുടങ്ങിയത്. സാരിയേയും മിഡിയേയും നീളന്‍ പാവാടയേയും "ചുരിദാര്‍" (ഖമീസ് മേലാടയായി വരുന്ന എല്ലാത്തരം വേഷ വിധാനത്തിന്റെയും മലയാളത്തിലെ പേര്‍ ചുരിദാര്‍ എന്നാണ്‌) കാറ്റില്‍ പറത്തിയത് പ്രധാനമായും മൂന്നു കാരണം കൊണ്ടാണ്‌

ഒന്ന്: സാരി, നീളന്‍ പാവാട എന്നിവയെക്കാള്‍ അലക്കാനും തേയ്ക്കാനും മടക്കി വയ്ക്കാനും എടുത്തണിയാനും ഉള്ള എളുപ്പം
രണ്ട് : ബൈക്ക്, സ്കൂട്ടര്‍ എന്നിവയില്‍ സഞ്ചരിക്കാനുള്ള എളുപ്പം (ബൈക്കുകളുടെ വന്‍ പ്രചാരവും സ്ത്രീകള്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് സാധാരണയായതും ഏതാണ്ട് ഈ കാലത്താണ്‌)
മൂന്ന് : ഇതെല്ലാം ആയിരിക്കുമ്പോഴും "ചുരിദാര്‍" ഒരു ഇന്ത്യന്‍ വേഷമായും അമ്മൂമ്മമാരുടെ "അടക്കം & ഒതുക്കം" മാനദണ്ഡത്തിനു അനുസൃതമായ വേഷമായും അംഗീകരിക്കപ്പെട്ടതിനാലെ അത് വലിയ "ഫ്യാഷന്‍" ആണെന്ന് ആരും ആരോപിച്ചുമില്ല.

നൈറ്റിയെ നാം സ്വാംശീകരിച്ചത് സൗകര്യം, ചിലവുകുറവ് എന്ന രണ്ടു കാരണങ്ങള്‍ കൊണ്ടാണ്‌. നാട് നല്ലതുപോലെ ഉഷ്ണമുള്ള സ്ഥലമാണ്‌, വര്‍ഷാവര്‍ഷം ചൂടു കൂടുകയാണ്‌, സിമന്റ് വാര്‍ത്ത വീടുകള്‍ കൂടി ആയപ്പോള്‍ വീട്ടു പണി ചെയ്യാന്‍ വിയര്പ്പ് ദേഹത്തൊട്ടാത്ത ഒഴുക്കന്‍ വസ്ത്രങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും ആരോഗ്യകരവുമായി. എത്ര വിലകുറഞ്ഞാലും സാരിക്ക് ഒരു നൈറ്റ് ഗൗണിന്റെ വില വരില്ല.

വേഷവിധാനങ്ങളില്‍ വന്ന പൊതുവായ മാറ്റമാണിത്. ഒന്നരയുടുത്തവരും രണ്ടാം മുണ്ട് ധരിച്ചവരും എന്നും അതു തന്നെ ഇടണമെന്നില്ലല്ലോ.

കോട്ടോ?
സായിപ്പ് പണ്ടേ നമ്മളെ കാട്ടിത്തന്നതാണ്‌ ഈ സാധനം. പണ്ടൊക്കെ മുണ്ടിനു മേലോ കാല്‍ശരായിക്കു മേലോ കോട്ട് ധരിക്കുന്ന മലയാളികള്‍ ഉണ്ടായിരുന്നു. മെല്ലെ അത് ഇല്ലാതെയായി. കല്യാണത്തിനു സ്യൂട്ട് ഇട്ടവരോട് ചോദിച്ചാല്‍ നാട്ടിലെ കാലാവസ്ഥയില്‍ ഇതു ധരിച്ച് കുറേ നേരം നിന്നാല്‍ എങ്ങനെ ഇരിക്കുമെന്ന് അറിയാന്‍ കഴിയും. കൊള്ളാവുന്ന ഒരു സ്യൂട്ട് തുന്നാന്‍ പതിനായിരം രൂപ വരെ ചിലവാക്കേണ്ടിവരും, നാട്ടില്‍ അതൊരു കല്യാണ സാരിയുടെ വിലയായി. ഒരു പക്ഷേ ഈ കാരണം കൊണ്ടാവും ഉന്നത പദവികള്‍ വഹിക്കുന്നവര്‍ മുതല്‍ മന്ത്രിമാര്‍ ബിസിനസ്സുകാര്‍ തുടങ്ങിയവര്‍ പോലും സ്യൂട്ട് പോയിട്ട് ഒരു ടൈ പോലും ധരിക്കാന്‍ കൂട്ടാക്കാത്തത്. അന്താരാഷ്ട്ര ഗേറ്റ്‌വേകളില്‍ പലപ്പോഴും എയര്‍ ലൈന്‍ , ഹോട്ടല്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്യൂട്ട് ധരിക്കേണ്ടി വരാറുണ്ട്, അത് യൂണിഫോമിന്റെ ഭാഗം. നേരു പറയണമല്ലോ, അവര്‍ മിക്കവരും അത് മാന്യമായി തന്നെ ധരിച്ചു കാണാറുമുണ്ട്. വീട്ടിലൊരു വേഷം, ഓഫീസില്‍ മറ്റൊന്ന്, പുറത്ത് നടക്കുമ്പോള്‍ വേറൊരെണ്ണം, വൈകുന്നേരം ഒരിടത്ത് അതിഥിയായി ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഇനിയൊന്ന് എന്നിങ്ങനെ വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലവും ഇതുവരെ നമുക്കായിട്ടില്ല. ടൈ കെട്ടിയവനെ കണ്ടാല്‍ അടുത്ത കാലം വരെ ആളുകള്‍ മെഡിക്കല്‍ റപ്പായി ആണെന്ന് കരുതുമായിരുന്നു.

ചോദ്യം ന്യൂസ് ആങ്കറിനു ജാക്കറ്റ് വേണോ എന്നാണ്‌. ദൂരദര്‍ശന്‍ മലയാളം പ്രക്ഷേപണം തുടങ്ങുമ്പോള്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ ഷര്‍ട്ടും ട്രൗസറുമായിരുന്നു ധരിച്ചിരുന്നത്. ഹിന്ദി ടെലിക്കാസ്റ്റില്‍ അന്നു പുരുഷന്മാര്‍ ചിലര്‍ സ്യൂട്ട് ധരിക്കാറുണ്ടായിരുന്നു, കാരണം ദില്ലിയില്‍ സ്യൂട്ട് അന്യവേഷമല്ല. സി ഐ ഡികളുടെ അന്താരാഷ്ട്രവേഷമിട്ട് രാമദാസനും വിജയനും വരുന്നതുപോലെ ഇനി ന്യൂസ് പ്രസന്റര്‍മാരുടെ അന്താരാഷ്ട്രവേഷമായിക്കണ്ട് എല്ലാ ന്യൂസ് പ്രസന്റര്‍മാരും മലയാളത്തിലും അത് ധരിക്കേണ്ടതുണ്ടോ? ഉണ്ടെന്ന് തന്നെ വയ്ക്കുക, ആദ്യം അത് എന്താണ്‌ എങ്ങനെയാണ്‌ എന്നൊക്കെ ആരോടെങ്ങിലും ചോദിക്കേണ്ടിയിരുന്നു അവര്‍.

ഫാഷനു തീരെ വഴങ്ങാത്ത വളരെ ഫോര്‍മലായ വസ്ത്രവിധാനത്തില്‍ വരുന്നതാണ്‌ ബിസിനസ്സ് സ്യൂട്ട്. കഴിഞ്ഞ നൂറു വര്‍ഷമെങ്കിലുമായി അതിന്റെ നിര്‍മ്മാണത്തിലോ ധരിക്കുന്ന രീതിയിലോ ലോകത്തൊരിടത്തും കാര്യമായ വത്യാസങ്ങളൊന്നുമില്ല. ബിസിസസ്സ് സ്യൂട്ട് ധരിക്കുന്ന രീതിയും നിറങ്ങള്‍, തുന്നല്‍ തുടങ്ങിയവയും എല്ലായിടത്തും ഒരുപോലെയാണ്‌.

സ്യൂട്ട് എന്ന പദത്തിനു അര്‍ത്ഥം തന്നെ തമ്മില്‍ ഒത്തു പോകുന്നത് എന്നാണ്‌. മഞ്ഞ ഉടുപ്പും ചുവന്ന ടൈയും കറുത്ത ബ്ലേസറും ലോഞ്ജ് "സ്യൂട്ട്" ആകില്ല. ഇങ്ങനെ ലോഞ്ച് ധരിച്ചാല്‍‍ "പിമ്പ് സ്യൂട്ട്" എന്ന് പൊതുവില്‍ വിളിക്കും (പെട്ടെന്ന് തിരിച്ചറിയാന്‍ കൂട്ടിക്കൊടുപ്പുകാര്‍ ഈ ജാതി വേഷം ധരിച്ചിരുന്നു) . മലയാളം ചാനലില്‍ സ്ഥിരമായി പിമ്പുകളെ കാണുന്നു. ഡബിള്‍ ബ്രെസ്റ്റ് ഉള്ള ബ്ലേസര്‍ ബട്ടണ്‍ അഴിച്ചിടാന്‍ പാടില്ല,അതും കാണാം. പുതിയ രീതിയായ ഷര്‍ട്ടിന്റെ കളറിലെ ടൈ അല്ലെങ്കില്‍ ഷര്‍ട്ടിനെക്കാള്‍ ഇരുണ്ട നിറമുള്ള ടൈ മാത്രമേ ബ്ലേസറിനുള്ളില്‍ ഉപയോഗിക്കാവൂ എന്നൊക്കെ പല നൂലാമാലകളും ഉണ്ട്. ഇതൊന്നും പാലിക്കാറില്ല. ജെന്റ്സ് ബ്ലേസറിട്ട ഒരു സ്ത്രീയെയും മലയാളം ചാനലിലേ കാണാനാവൂ. എന്തിന്‌ ഇത്ര കഷ്ടപ്പെട്ട് കോമാളിയാകണം എന്നാണ്‌ ചോദ്യം. സ്യൂട്ട് ഇട്ടില്ലെങ്കില്‍ മലയാളി ന്യൂസ് പ്രസന്റര്‍ക്ക് എന്തെങ്കിലും കുറഞ്ഞു പോകുമെന്നാണെങ്കില്‍ ഇമ്മാതിരി സ്യൂട്ട് ഇട്ടാല്‍ തീര്‍ച്ചയായും അതിലും കുറയും.

Monday, November 17, 2008

പ്രതിസന്ധി തമാശകള്‍

അമ്മായിയമ്മ തമാശകള്‍ പോലെ സാമ്പത്തിക പ്രതിസന്ധി തമാശകളും ഒരു പ്രത്യേക പിരിവ് ആക്കാന്‍ മാത്രം എണ്ണമായെന്ന് തോന്നുന്നു. വന്ന എസ്സെമ്മെസ് കുറച്ചെണ്ണം.

ഹലോ ബാങ്കല്ലേ?
തന്നെ.
എന്റെ ചെക്കു മടക്കിയല്ലോ, കാരണമെന്താ?
ഇന്‍സഫിഷ്യന്റ് ഫണ്ട്സ്.
ആര്‍ക്ക്, എനിക്കോ ബാങ്കിനോ?
**********************

ഹലോ ബാങ്കല്ലേ?
എന്താ?
ഒരു ലോണിന്റെ കാര്യം സംസാരിക്കാനാ.
ദൈവമേ രക്ഷപ്പെട്ടു. എത്ര ലോണ്‍ തരും സാറു ബാങ്കിന്‌?

*************************

ആശാനേ ബോണ്ടും ബോണ്ട് കച്ചവടക്കാരനുമായി എന്താ വത്യാസം?
ബോണ്ട് എന്നെങ്കിലും മെച്വര്‍ ആകും

***************************

സാര്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ക്യാപിറ്റല്‍ എന്താ?
വല്ല പത്തു മുന്നൂറു ഡോളര്‍ ബാക്കി കാണും കുട്ടീ.

*****************************
അളിയാ ഞാന്‍ ഫേയ്മസ്സായി!
എങ്ങനെ?
ഇന്നലെ എന്റെ ചേട്ടന്‍ എന്നോടു നൂറു രൂപ കടം വാങ്ങി.
അതിന്‌?
ഇന്നത്തെ ഫൈനാന്‍ഷ്യല്‍ ടൈംസില്‍ എന്റെ ഫോട്ടോയുണ്ട്, കഴിഞ്ഞ ഒരു മാസത്തില്‍ ഇന്ത്യന്‍ ഏറ്റവും വലിയ ലോണ്‍ കൊടുത്തത് ഞാനാണത്രേ.
******************************
സാമ്പത്തികമാന്ദ്യരക്ഷായന്ത്രം വാങ്ങി ധരിക്കൂ, മാന്ദ്യത്തില്‍ നിന്നു രക്ഷ നേടൂ- ജ്യോത്സ്യന്‍ പോത്തുകാല്‍ രാമകൃഷ്ണന്‍, തിരുവന്തോരം.
മാന്ദ്യഹാരി ലേഹ്യം- പ്രതിസന്ധിയില്‍ നിന്നുളവാകുന്ന സന്ധിവീക്കം, വിളര്‍ച്ച ,തളര്‍ച്ച, തൊണ്ടവരള്‍ച്ച, തലകറക്കം, വിഷാദരോഗം എന്നിവയില്‍ നിന്ന് ഉടന്‍ ആശ്വാസം.
മഹാമാന്ദ്യനിവാരണ അഹോരാത്രയജ്ഞം - തന്ത്രിപ്രമുഖന്‍ കേശവദാസ ഭട്ടതിരിയുടെ നേതൃത്വത്തില്‍.
*****************************

തര്‍ജ്ജിമയ്ക്കു വഴങ്ങാത്ത ഒരെണ്ണം- ജപ്പാനിലെ ബാങ്കിങ്ങ് അവലോകനം.

In the last 7 days the Origami Bank has folded, the Sumo Bank has gone belly up and the Bonsai Bank announced plans to cut some of its branches.

Now, Mitsubishi Bank has stalled due to excessively high gearing.

Sony Bank have seen a big reduction in volume.

Yesterday, it was announced that the Karaoke Bank is up for sale and will likely go for a song.

Today, shares in the Kamikaze Bank were suspended after they suddenly nose-dived into the deck, ruining the carrier trade.

Samurai Bank is trying to soldier on following sharp cuts.

Ninja Bank is reported to have taken a hit and almost turned turtle, but they remain in the black and should survive.

Furthermore, 500 staff at Karate Bank have got the chop

Analysts report that there is something fishy going on at the Sushi Bank where it is feared that staff may get a raw deal.

Sunday, November 16, 2008

തനി നാടന്‍

ഊയെന്റപ്പാ ഊയെന്റമ്മ ഊയെന്റപ്പാ
ഊയെന്റപ്പാ ഊയെന്റമ്മ ഊയെന്റപ്പാ
ഖൊളങ്ങര വയലി വച്ച് ഖൂത്തിപ്പട്ടി ഖടിച്ചേ
ഖൊലേം കൊണ്ട് പെയ്യൂടുമ്പ ഖൂത്തിപ്പട്ടി ഖടിച്ചേ

ഒന്നു നിറുത്തെടേ, ഇതെന്തര്‌ അന്ത്യപ്രളയത്തിന്റെ പാട്ടോ?
ഇത് ദെലേര്‍ മെഹന്ദീടെ ബോലോ താരാരാര അല്ലീ. ചാക്കുണ്ണിച്ചേട്ടനെ പട്ടി കടിച്ചതിന്റെ ആഘോഷമായോണ്ട് വരി മാറ്റി.

എങ്ങനെ ഒപ്പിച്ച്?
ലിങ്ങേരു ഒരു കൊലേം ചൊമന്ന് വയലേ വെരുമ്പ ഒരു പട്ടി ചാടിക്കടിച്ച്.

ആശൂത്രീ പ്യെയ്യില്ലേ?
പെയ്. സൂചീം വച്ച്.

എന്നിട്ടാന്നോ കള്ളുകുടിക്കാന്‍ വന്നത്?
പുള്ളി കള്ളൊന്നും കുടിക്കണില്ല, ചുമ്മാ വേദന മറക്കാന്‍ വന്നിരിക്കണതല്ലീ.

ആരുടെ പട്ടിയാര്‌ന്ന് ?
അതിന്റെ തന്തപ്പട്ടീടേം തള്ളപ്പട്ടീടേം. എടേ അതൊരു ചാവാലിയാ.

പ്രൊഫസറേ, എനിക്കൊരു സംശയം.
ചുമ്മ ചോയീര്‌ അന്തോണീ.

ഓരോ നാട്ടിലെ പട്ടിക്ക് ഓരോ പേരുണ്ട്. അല്‍സേഷ്യന്‍, പൊമറേനിയന്‍, ലാബ്രഡോറ്... ഓരോ എനം പട്ടിക്കും അങ്ങനെ ഓരോ പേര്‍.
തന്നെ.

നമ്മടെ നാടന്‍ പട്ടി എന്തു ഇനമാ?
എടേ, ചാവാലി-ഫെറല്‍ ചിലപ്പോഴൊക്കെ സങ്കര ഇനമാണ്‌, ശുദ്ധരക്തമുള്ള നാടന്‍ പട്ടി ഇന്ത്യന്‍ പറൈയ എന്ന ഇനമാണ്‌.

ഇന്ത്യന്‍ എന്നു കണ്ടപ്പോ മറ്റു ചിലേടത്തും ഇവനുണ്ടെന്ന് സംശയം.
പിന്നില്ലേ, ഇസ്രയേലിലെ കാനാന്‍ പട്ടിയും അമേരിക്കേലെ കരോലിനപ്പട്ടിയും ഒക്കെ പറൈയ കുലത്തിലേത് തന്നെ.

നാടന്‍ പട്ടിക്ക് ബുദ്ധി കുറവാണോ?
ഫോറിന്‍ സാധനങ്ളോട് ക്രേസ് ഉള്ളതുകൊണ്ട് അങ്ങനെ തോന്നണതാടേ. ഇന്ത്യന്‍ പറൈയ അതിന്റേതായ സവിശേഷതകളുള്ള ഇനമാണ്‌. ഒരുമാതിരി പട്ടികള്‍ക്ക് അതിന്റെ യജമാനന്റെ അതിരു തിരിച്ചറിയാന്‍ പറ്റൂല്ല, എന്നാല്‍ നാടനെ വളത്തിയാല്‍ ഒരു വേലിയും ഇല്ലെങ്കിലും അതിനു മനസ്സിലാവും ഏതു സ്ഥലമാണ്‌ കാക്കേണ്ടതെന്ന്.

ശക്തിയോ?
അത് എന്താവശ്യത്തിനു പട്ടിയെ വളര്‍ത്തുന്നു എന്നത് അനുസരിച്ചിരിക്കും. നാടന്‍ വലിപ്പത്തില്‍ മറ്റു ചിലതിനെക്കാള്‍ ചെറുതാണ്‌. പക്ഷേ മറ്റൊരു പട്ടിക്കും ഇല്ലാത്ത ഒരു ഗുണം അവനുണ്ട്. പതിനായിരക്കണക്കിനു വര്‍ഷം ഈ മണ്ണില്‍ തന്നെ ജീവിച്ച അവന്‌ ഒരുമാതിരി ഒരസുഖവും വരൂല്ല, ഏത്?
മാത്രമല്ല, ജീവിച്ചിരിക്കുന്ന വര്‍ഗ്ഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതും ഇവനത്രേ. ഇതുവരെയുള്ള വിശ്വാസം വച്ച് വിശ്വശ്വാനരുടെ ആദികുലം ഈ പറൈയരാണ്‌.

അപ്പോ പട്ടി ഒറിജിനലി ഇന്ത്യക്കാരനാ?
ആവാന്‍ വഴിയില്ല. ചൈനയിലാണ്‌ ഇന്ത്യന്‍ നാടന്‍ ജനിച്ചതെന്ന് ഭൂരിപക്ഷം വിദഗ്ദ്ധരു വിശ്വസിക്കുന്നു.



അല്ല സാറേ, ഈ പറൈയ എന്ന പേരെങ്ങനെ വന്നു?
സായിപ്പ് വരുന്നതുവരെ പട്ടിക്ക് അങ്ങനെ കുടുംബമാഹാത്മ്യമൊന്നും കണക്കാക്കിയിരുന്നില്ല. അവര്‍ക്കെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയിലെ രാജാക്കന്മാര്‍ രാജപാളയം ഹൗണ്ടിനെയും സന്താള്‍ ഹൗണ്ടിനെയും ഉപയോഗിച്ചിരുന്നു. അതുകൊണ്ട് അവറ്റയ്ക്ക് പോരാളിപ്പട്ടം നല്‍കിയപ്പോള്‍ പാവം നാടനെ അവര്‍ വെറും പറൈയ ആക്കി.

അല്ലാ ആ വാക്കിനെന്താ അര്‍ത്ഥം?
പറൈയ എന്നാല്‍ ഇംഗ്ലീഷില്‍ തരം താണവന്‍ , കുലവും പ്രതാപവുമില്ലാത്തവന്‍ എന്നൊക്കെയാണ്‌ അര്‍ത്ഥം.

അല്ലാ അത് നമ്മുടെ..
തന്നെ. സായിപ്പിനു നമ്മള്‍ പറഞ്ഞു കൊടുത്ത തമിഴ് പദം, പറയന്‍. തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവന്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍...

പ്രൊഫസ്സറേ, ആന്റോ, നല്ലോര്‌ പാട്ടു നിര്‍ത്തിച്ചിട്ട് നിങ്ങളു എനിക്കിട്ട് പണി തന്നവന്റെ വീരസ്യം പറയുകയാ?
ഇല്ലില്ല, തൊടരട്ട്. ന്നാ പിടി

ധോട്ട് വക്കേ നടക്കുമ്പ പാഞ്ഞു വന്ന് പട്ടി
ധൊടനോക്കി ചാടിയൊരു കടി തന്ന പട്ടി
ധിരിഞ്ഞ് ഞാങ്ങ് നോക്കുമ്പ ഓടിപ്പോയി പട്ടി
ഭുല്ല് കാലും പോയി മുണ്ടും പോയി കാശും പോയേ...

Saturday, November 15, 2008

ഒബാമയും ഞാനും

മൂന്നാലു കൊല്ലം മുന്നേയാണ്‌, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഉല്‍ഘാടന ചടങ്ങിനു എതിരേട്ടന്‍ സ്ക്രിപ്റ്റെഴുതി സം‌വിധാനം ചെയ്ത The Nightingales എന്ന മെഗാ സ്റ്റേജ് ഷോ കാണാന്‍ പോയപ്പോഴാണ്‌ ഞാന്‍ ആദ്യമായി ഒബാമയെ കാണുന്നത്. ഒരു ബെഞ്ചില്‍ വലത്തേയറ്റത്ത് ഒബാമ, അടുത്തൊരു മദാമ്മ, പിന്നെ നമ്മുടെ അച്ചാമ്മ, അന്നമ്മ, ഇടത്തേയറ്റത്ത് ദലൈലാമ. ഒബാമയ്ക്ക് എന്തൊരു പ്രൗഢി. (പിന്നില്‍ നില്‍ക്കുന്നു എതിരേട്ടന്‍. എന്തൊരു റൗഡി. )അന്നേ ഞാന്‍ മനസ്സില്‍ കരുതിയതാണ്‌ പുള്ളിക്കൊരു പ്രസിഡന്റ് യോഗമുണ്ടെന്ന്.

(സംഗതി ടെലിവിഷനില്‍ കണ്ടത് രാവിലേ ഭാര്യ അവതരിപ്പിച്ച് എന്നെ കാണിച്ച ഒരു രംഗമാണ്‌. കേട്ടപ്പോ എതിരേട്ടന്റെ പോസ്റ്റ് ഓര്‍ത്തു പോയി. ക്ഷമാപണം സോദരാ, ക്ഷമാപണം)

Thursday, November 13, 2008

ശവഭോജനശാല

പറയരെയും തോട്ടികളെയും നിന്ദ്യരായി കരുതിപ്പോന്ന ഹീനസംസ്കാരമാണ്‌ നമ്മളുടേത്. നെല്ല് കതിരിട്ടു കിടക്കുമ്പോള്‍ തത്ത ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ? കൂട്ടമായി വന്ന് അവ നെല്‍ക്കതിര്‍ കറ്റക്കണക്കിന്‌ അറുത്ത് കൊണ്ടുപോകും (തെറ്റെന്നല്ല, നെല്ലുണ്ടേല്‍ തത്ത തിന്നും, അത് ആരുടെയും സ്വകാര്യ സ്വത്താണെന്ന് അവറ്റ വിശ്വസിക്കില്ല) എന്നിട്ടും വസന്തത്തിന്റെ തേരാളിയും കാമദേവന്റെ തോഴനുമൊക്കെയാക്കി വച്ചു നമ്മള്‍. വേട്ടക്കാരനായ പരുന്തിനെ ഭഗവാന്റെ വാഹനമാക്കി, ക്ഷത്രിയ രക്തമല്ലേ. കഴുകനോ? ശവം തീനി, വൃത്തികെട്ടവന്‍, ചണ്ഡാളന്‍.

കന്നുകാലിയെ വളര്‍ത്തി അതിന്റെ കുഞ്ഞിനുള്ള പാലും കുടിച്ച് വയലില്‍ അടിമപ്പണിയും ചെയ്യിച്ച് വയ്യാതെ ആകുമ്പോള്‍ അതിനെ ആട്ടിയിറക്കി വിടുന്ന ഗോപാലന്മാരാണ്‌ നമ്മള്‍ . നമ്മുടെ സമൂഹത്തില്‍ കഴുകന്‍ വഹിക്കുന്ന പങ്ക് എന്തെന്ന് അവനെ അടുത്തറിഞ്ഞാലേ മനസ്സിലാകൂ.

ആയിരക്കണക്കിന്‌ അടി ഉയരത്തില്‍ പറന്നും കാറ്റില്‍ ഒഴുകി നടന്നും നിലത്ത് വീണു കിടക്കുന്ന ശവങ്ങളെയും അപൂര്വ്വമായി ആസന്നമൃത ജീവികളെയും കണ്ടെത്തി അവറ്റ സംഘം ചേര്‍ന്ന് എത്തുന്നു. ഒരു വലിയ പശുവിന്റെ ശവമൊക്കെ അരമണിക്കൂറില്‍ മജ്ജ പോലുമില്ലാതെ നഗ്നമായ എല്ലിന്‍ കൂമ്പാരമാക്കാന്‍ ഒരു പറ്റം കഴുകന്മാര്‍ക്ക് കഴിയും. എത്ര ചീഞ്ഞളിഞ്ഞ മാംസവും കഴുകന്‍ സന്തോഷത്തോടെ തിന്നു തീര്‍ക്കും. അതിന്റെ അതിശക്തമായ ദഹനപ്രക്രിയയില്‍ ആന്ത്രാക്സും കോളറയും ബോട്ടുളിസവും മറ്റു നാനാവിധ രോഗങ്ങളും പരത്തുന്ന അണുക്കള്‍ ക്ഷണം നശിച്ചു പോകും. അവിടെയും തീരുന്നില്ല ഈ അത്ഭുത പക്ഷിയുടെ റോള്‍. ഉണ്ണുന്നതിനിടയില്‍ മുള്ളുന്ന ശീലവും (മൂത്രമൊഴിക്കുന്ന അപൂര്വ്വം പക്ഷികളില്‍ ഒന്നാണ്‌ കഴുകന്‍, സാധാരണ പക്ഷികള്‍ മലത്തിനൊപ്പം യൂറിക്ക് ആസിഡ് വെളുത്ത അമേദ്ധ്യമായി തള്ളിക്കളയുകയേ ഉള്ളു) ഉള്ള ഈ മഹാന്‍ വിസര്‍ജ്ജിക്കുന്ന മൂത്രം സ്വാഭാവിക ലോകത്ത് കാണുന്ന അണുനാശിനികളില്‍ ഏറ്റവും ശക്തമായ ഒന്നാണ്‌. ഒരു ശവം കണ്ടാല്‍ അതിനെ പരിസ്ഥിതിക്ക് ഒരു കേടും വരുത്താതെ സംസ്കരിച്ച് കിടന്ന സ്ഥലവും കൂടി പെടുത്ത് സുരക്ഷിതമാക്കുന്ന കഴുകന്‍ സഞ്ചരിക്കുന്ന സ്റ്റെറിലൈസേഷന്‍ യൂണിറ്റ് ആണ്‌.

പണ്ടു പറ്റിയ അമളികളിലൊന്നായിരുന്നു അമേരിക്കയും യൂറോപ്പും പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ കഴുകന്‍ സമൂഹത്തെ കൊന്നൊടുക്കാന്‍ ശ്രമിച്ചത്(ഏതോ മൂഢന്‍ എലിയെപ്പോലെ കഴുകന്‍ അസുഖങ്ങള്‍ പരത്തുമെന്ന് തിയറിച്ചു.)കഴുകന്റെ അംഗസംഖ്യ കമ്മിയായപ്പോള്‍ പ്ലേഗ് പടര്‍ന്നു പിടിച്ചു. ആന്ത്രാക്സും കോളറയും മറ്റു പലവിധ പകര്‍ച്ച വ്യാധികളും കൊണ്ട് ആളുകള്‍ ചത്തൊടുങ്ങി. ശവം തിന്നു വളരുന്ന തെരുവു നായ്ക്കള്‍ ഭീതിദമാം വിധം എണ്ണത്തില്‍ കൂടി പേ വിഷബാധയും ഭയാനകംഅയ തോതില്‍ വര്‍ദ്ധിച്ചു. അബദ്ധം വേഗം മനസ്സിലാക്കിയ അവര്‍ കഴുകന്‍ വേട്ട നിര്‍ത്തി അവയുടെ അംഗരക്ഷയും ചെയ്തു തുടങ്ങി.

ഇന്ത്യയില്‍ കഴുകനു പഞ്ഞമൊന്നുമില്ലായിരുന്നു അടുത്ത കാലം വരെ. വഴിയില്‍ ചത്തു കിടക്കുന്ന കാലികള്‍ മുതല്‍ മൃതരായ പാഴ്സികളെ വരെ സംസ്കരിച്ച് നിശബ്ദം നിരുപദ്രവിയായി കഴിഞ്ഞു പോന്ന അവറ്റയുടെ എണ്ണം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിനു ശേഷം പത്തു വര്‍ഷം കൊണ്ട് 95% ശതമാനം കുറഞ്ഞു പോയി. എന്നു വച്ചാല്‍ ഉദ്ദേശം എത്ര വരും? ഒരു കോടി കഴുകന്മരോളം.

അന്ധാളിച്ചു പോയ ഗവേഷകരില്‍ ഫലം കണ്ടത് അമേരിക്കയുടെ പെര്‍ജ്ജരിന്‍ ഫണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘമായിരുന്നു. കന്നുകാലികള്‍ക്ക് നല്‍കാന്‍ മാര്‍ക്കറ്റില്‍ ഇറക്കിയ ഡൈക്ലോഫെനാക്ക് എന്ന മരുന്നാണ്‌ കഴുകന്റെ കൊലയാളി എന്ന് അവര്‍ കണ്ടെത്തി. രണ്ടായിരത്തി നാലില്‍ മന്‍‌മോഹന്‍ സിംഗ് സര്‍ക്കാര്‍ ഈ മരുന്നിന്റെ നിര്‍മ്മാണവും വില്പ്പനയും ഇന്ത്യയില്‍ നിരോധിച്ചപ്പോഴേക്ക് ബംഗാള്‍ കഴുകനും ചുട്ടിക്കഴുകനും വംശനാശത്തിന്റെ വക്കിലായിക്കഴിഞ്ഞിരുന്നു. കഴുകനെ ക്യാപ്റ്റീവ് ബ്രീഡിങ്ങ് നടത്തി പ്രകൃതിയിലേക്ക് തിരിച്ചു വിടാന്‍ ശ്രമങ്ങള്‍ നടക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ ഈയിടെ ഒരു കഴുകന്‍ ദമ്പതികള്‍ക്ക് ഒരുണ്ണി വിരിഞ്ഞതുമായിരുന്നു, എന്നാല് കൂട്ടിലടയ്ക്കപ്പെട്ടതുകാരണം സ്വാഭാവിക പകൃതിയില്‍ നല്‍കേണ്ട സം‌രക്ഷണം അതിനു കൊടുക്കാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയാതെ പോയതു മൂലമെന്നു കരുതുന്നു, ഏറെ താമസിയാതെ ആ ആശാകിരണം പൊലിഞ്ഞു പോയി.

ഇത്രയും കഴുകന്‍ പ്രശ്നം എത്ര ഗുരുതരമാണ്‌ എന്ന് വിവരിക്കാന്‍ മാത്രം. പോസ്റ്റിന്റെ വിഷയം കഴുകന്‍‌മാരുടെ രക്ഷകനായ ഹേം സാഗര്‍ ബരാല്‍ കണ്ടെത്തിയ ലളിതമായൊരു മാര്‍ഗ്ഗത്തിന്റെ ഫലസിദ്ധിയെക്കുറിച്ചാണ്‌.

നേപ്പാളില്‍ അദ്ദേഹം ഒരു കഴുകന്‍ റെസ്റ്റോറന്റ് കുറഞ്ഞ ചിലവില്‍ ഫലപ്രദമായി നടത്തിവരുന്നു. റെസ്റ്റോറന്റ് മരങ്ങളും പുല്‍‌മേടും അടങ്ങുന്ന അത്രയൊന്നും ആരും ശല്യം ചെയ്യാത്ത ഒരു സ്ഥലമാണ്‌. അദ്ദേഹത്തിന്റെ ജീവനക്കാരും പക്ഷിസ്നേഹികളും ഗ്രാമീണരുടെ കുടുംബങ്ങളില്‍ ആസന്നമൃതമായ കാലികളെ കണ്ടെത്തി അവറ്റയെ വഴിയില്‍ തള്ളുന്നതിനു പകരം അഞ്ചു ഡോളറിനോ മറ്റോ വാങ്ങുന്നു. അവറ്റയെ കൊല്ലുകയല്ല ചെയ്യുന്നത്, ജീവിക്കുന്നിടത്തോളം കാലം ചികിത്സിക്കുന്നു, ഡൈക്ലോഫെനാക്കിനു പകരം ചിലവേറിയ മറ്റു മരുന്നുകള്‍ കൊടുക്കുന്നെന്ന് മാത്രം. വയസ്സായ ഈ കാലികള്‍ മരിക്കുമ്പോള്‍ രാസപരിശോധനയ്ക്കു ശേഷം കഴുകണ്‍ റെസ്റ്റോറന്റില്‍ പക്ഷികള്‍ക്ക് നല്‍കുന്നു. ബി ബി സി ഇവിടം സന്ദര്‍ശിച്ച ദിവസം ഒറ്റ വരവില്‍ ഇരുപത്തിരണ്ട് ബംഗാള്‍ കഴുകനും ഒരു ഹിമാലയന്‍ കഴുകനും അടങ്ങുന്ന വന്‍ സംഘമാണത്രേ റെസ്റ്റോറന്റില്‍ ഭക്ഷണത്തിനെത്തിതായി റിപ്പോര്‍ട്ട് ചെയ്തത്!

ഇനി ഒരു കുടപ്പനത്തുഞ്ചത്ത് വിശ്രമിക്കുന്ന ബംഗാള്‍ കഴുകനെ കാണാന്‍ ഭാഗ്യമുണ്ടാവുന്നവര്‍ നന്ദിയോടെ കഴുകന്‍ റെസ്റ്റോറന്റിനെ ഓര്‍ക്കുക.

Wednesday, November 12, 2008

പോയറ്റിക്ക് പ്രിന്‍സിപ്പിള്‍

അണ്ണാ കല കലയ്ക്ക് വേണ്ടി എന്നല്ലേ?
കലപിലയ്ക്ക് വേണ്ടി എന്ന് തന്നെ തോന്നണത് അപ്പീ.

എഡ്ഗാര്‍ അല്ലന്‍ പോ ..
എന്നാ ചെല്ലന്‍ പോ.

Tuesday, November 11, 2008

സാഹിത്യ-സാംസ്കാരിക-സര്‍‌വജ്ഞ...

റോഡ് ബ്ലോക്ക് മനുഷ്യനെ റേഡിയോ കേള്‍പ്പിക്കും, എന്തു ചെയ്യാന്‍, കാസറ്റ് വണ്ടിയിലിട്ടാല്‍ ചൂടടിച്ച് നാശമാകും. യന്ത്രം ഓണ്‍ ചെയ്തപ്പോ ആകെ പ്രശ്നം.

അച്യുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനോ? പിണറായി കാലത്തിന്റെ നേതാവോ? വിവാദം വിവാദം. ആളുകള്‍ ഫോണ്‍ ചെയ്ത് ഭയങ്കര ചര്‍ച്ച. അല്ല ആരിത് പറഞ്ഞത്? ഒബാമയോ ഹൂവോ സോണിയയോ പാണക്കാട് തങ്ങളോ പ്രകാശ് കാരാട്ടോ അതോ ഇനി വല്ല രാഷ്ട്രീയ നിരീക്ഷണ പുലികളോ?

വീട്ടില്‍ ചെന്ന് ടെലിവിഷന്‍ വച്ചു നോക്കി. പറഞ്ഞത് എം. മുകുന്ദന്‍. അല്ലാ ഇപ്പോ ഞാനാണത് പറഞ്ഞതെങ്കില്‍ വിവാദമാകുമോ? ആര്‍ക്കും ലോകത്തിനെക്കുറിച്ച് എന്ത് അഭിപ്രായവും പറയാം,മുകുന്ദന്‍ പറഞ്ഞാലെന്താ ഇത്ര വിവാദമാകാന്‍?

അഞ്ചാറുപരോട് തിരക്കി. മുകുന്ദന്‍ സാംസ്കാരിക കേരളത്തിന്റെ കുളിയാണ്ടര്‍ ആണെന്ന് ഒരു കൂട്ടര്‍. വേറേ ചിലരു പറയുന്നു പുള്ളി ഭയങ്കര രാഷ്ട്രീയ നോവല്‍ നൊന്ത ആളാണെന്ന്.

സാഹിത്യം ഒരു വിനോദോപാധിയാണ്‌. ഗോപിനാഥ് മുതുകാടിന്റെയും മോഹന്‍ ലാലിന്റെയും കറണ്ട് മോഹന്റെയും കെ എസ് ചിത്രയുടെയുമൊക്കെ സ്ഥാനമേ സമൂഹത്തില്‍ സാഹിത്യകാരനുള്ളു. എം ജി ശ്രീകുമാര്‍ ഇങ്ങനെ പറഞ്ഞാല്‍ അതൊരു വിവാദമാക്കുമോ നാട്ടുകാര്‍?

മുകുന്ദന്‍ എഴുതിയ മയ്യഴി ഒരു രാഷ്ട്രീയ നോവല്‍ ആണോ? മൊത്തത്തില്‍ എനിക്ക് തോന്നുന്നത് അല്ലെന്നാണ്‌. ശശികുമാര്‍ തേക്കടിയിലെ തേക്കിനു ചുറ്റും നായകനെയും നായികയെയും ചുറ്റിച്ച് പാട്ട് കാണിക്കും. ജോഷി നൈനിറ്റാളിലെ സൈപ്രസ് മരത്തിനു ചുറ്റും ഇവരെ കറക്കി നടത്തും ഐ വി ശശി അങ്ങ് അമേരിക്കയില്‍ വിളക്കുകാലിനു ചുറ്റും ഓടിക്കും . പശ്ചാത്തലം മാറിയെന്നു വച്ച് ശശിയുടെ മരം ചുറ്റി പ്രേമം ശശികുമാറിന്റെ പ്രേമിപ്പിക്കലിനെക്കാള്‍ കേമമായോ? അല്ലാ അപ്പോ ഏഴാം കടലിനക്കരെ അമേരിക്കയെക്കുറിച്ചുള്ള രാഷ്ട്രീയ ചിത്രമാണോ? എങ്കില്‍ പിന്നെ മാഹി സ്ട്രഗിള്‍ ബാക്ക് ഗ്രൗണ്ട് ആക്കിയ മുകുന്ദന്റെ എഴുത്ത് ഏതു വകുപ്പിലെ രാഷ്ട്രീയ നോവല്‍? മഞ്ചലും കാവിയും അധികാരവും പരിണാമവും അഭയാര്ത്ഥികളും മരുഭൂമികളും ഉണ്ടായ നാട് ഇതുതന്നെയല്ലേ സാര്‍? ഇനി ഞാന്‍ വായിച്ചിട്ടില്ലാത്തെ എന്തെങ്കിലും നോവല്‍ ആണോ ആവോ. ആരേലും പറഞ്ഞ് താ.

മനുഷ്യന്‍ ഉണ്ടായ കാലത്തിന്‌ അല്പ്പം കഴിഞ്ഞപ്പോഴേ പിന്‍ തള്ളപ്പെട്ട സ്ത്രീയുടെ കഥ, ലക്ഷക്കണക്കിനു വര്‍ഷത്തിന്റെ കഥ ഒരൊറ്റ നോവല്‍ ആക്കിയതാണ്‌ ഗ്യുന്തര്‍ ഗ്രസ്സിന്റെ ഫ്ലൗണ്ടര്‍. ഒബാമയ്ക്കു പകരം ഹിലാരിയായിരുന്നു ജയിക്കേണ്ടതെന്ന് ഗ്രസ് പറഞ്ഞാല്‍ അതൊരു വിവാദം പോയിട്ട് ടീ വി വാര്‍ത്ത പോലുമാകില്ല ലോകത്ത്. (ചെറിയ തോതിലെങ്കിലും ഒരു വാര്‍ത്ത ആകുകയാണെങ്കില്‍ അത് ഗ്രസ്സ് കുറേ കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതുകൊണ്ടാവുകയും ചെയ്യും)കഥ വേറേ കോതമംഗലം വേറേ.

മുകുന്ദനെക്കുറിച്ച് മാത്രം എഴുതിയതൊന്നുമല്ല, സാഹിത്യ സാംസ്കാരിക നായകര്‍ എന്ന് കൂട്ടിച്ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു കാലമായി നമ്മള്‍ മലയാളികള്‍. സാഹിത്യമെഴുത്തുകാരനെന്നാല്‍ സാംസ്കാരിക പ്രമുഖനെന്ന് നിയമമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ ഒരു സംസ്കാര സമ്പന്നന്റെ വാക്ക് രാഷ്ട്രീയത്തിലെ വലിയ വിലയിരുത്തലുമല്ല. മുകുന്ദന്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടേന്നേ.

Sunday, November 9, 2008

പ്രൊഫഷണല്‍ മാനേജ്മെന്റ്

സ്റ്റേറ്റ് നടത്തുന്ന വാണിജ്യസ്ഥാപനങ്ങള്‍ (ബിസ്-ടൈപ്പ് ഫണ്ട്സ് എന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കണക്കെഴുതുമ്പോഴും പൊതുമേഘലാ സ്ഥാപനമെന്ന് നമ്മള്‍ പത്രത്തില്‍ വായിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍) പലപ്പോഴും കാര്യക്ഷമമായി നടക്കാത്തതിനു കാരണമായി പറയുന്നത് തലപ്പത്തുള്ളവന്റെ കമ്മിറ്റ്മെന്റ് ഇല്ലാതിരിക്കലാണ്‌. എവിടെ നിന്നോ ഒരു ഐ ഏ എസ് കാരന്‍ കുറേ നാള്‍ വന്ന് ഇതിനെ ഭരിക്കുന്നു, കുറേ കഴിയുമ്പോള്‍ അയാള്‍ക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. കമ്പനി ലാഭത്തിലായാലും നഷ്ടത്തിലായാലും കാലാകാലം ശമ്പളം, ബോണസ്, നോണ്‍സെന്‍സ്, പ്രമോഷന്‍. മാനേജ്മെന്റ് പ്രൊഫഷണലൈസ് ചെയ്യണമെന്നും പ്രവര്‍ത്യാര്‍ രാജില്‍ നിന്നും മോചിപ്പിക്കണമെന്നുമൊക്കെ വാശി പിടിച്ചയാളാണ്‌ ഞാനും.


മാനേജ്മെന്റ് പഠിക്കുന്നവനെക്കൊണ്ട് ആവര്‍ത്തിപ്പിച്ച് പറയിച്ച് സത്യമെന്നു വിശ്വസിപ്പിക്കുന്ന ഒരു സംഗതിയുണ്ട് "ഗ്രേറ്റ് മാന്‍ തീയറി അസത്യമാണ്‌, ട്രെയിറ്റ്സ് തീയറി മാത്രമാണ്‌ സത്യം. ഏകം സത്" ഗ്രേറ്റ് മാന്‍ തീയറി അനുരിച്ച് മഹാന്മാരെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വാര്‍ത്തെടുക്കേണ്ടതില്ല. ഗാന്ധിയും ലിങ്കണും പോലെ ജനനേതാക്കളോ നിരവധി കോടീശ്വരന്മാരായ ബിസിനസ്സുകാരോ മാനേജ്മെന്റ് ബിരുദക്കാരല്ല. ബില്‍ ഗേറ്റ്സിനു ഡിഗ്രീയില്ല, ജിം ക്ലാര്‍ക്കിനും ക്ലെമന്റ് സ്റ്റോണിനും ഫ്രെഡി ലേക്കറിനുമൊന്നും ഹൈസ്കൂള്‍ പോലും പരിചയമില്ല. കഴിവ് ഏറിയവന്‍ സ്വയം അത് തെളിയിച്ചുകൊള്ളും. ട്രെയിറ്റ്സ് തീയറി പറയുന്നു, ഗ്രേറ്റ് മാന്‍ എന്നൊന്നില്ല, ഓരോരുത്തരില്‍ പ്രത്യേക തരം കഴിവുകളുണ്ട്, അവ തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കലാണ്‌ ഞങ്ങടെ പണി. ഇവിടെ നിന്നിറങ്ങുന്നവന്‍ മൂന്നു ചക്ക മുള്ളോടെ വിഴുങ്ങും മുള്ളൊരെണ്ണം പോലും പോകാതെ വിസര്‍ജ്ജിക്കുകയും ചെയ്യും.


കമ്പനികള്‍ അതീവസ്സങ്കീര്‍ണ്ണമായതോടെ പ്രെസിഡന്റും ചെയര്‍മാനുമൊക്കെ സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്ന പടത്തിന്റെ പ്രൊഡ്യൂസര്‍മാരെപ്പോലെ കുറേ പണം മുടക്കിയശേഷം സൂപ്പര്‍ സീ ഈ ഓ കാണിക്കുന്നതെല്ലാം കണ്ട് "എവന്‍ എന്തരൊക്കെയോ ചെയ്യുന്നു, ചോദ്യം ചെയ്താല്‍ ചിലപ്പോ ചൂടാകുകയോ പായ്ക്കപ്പ് വിളിക്കുകയോ ചെയ്യുമായിരിക്കും, എന്തരായാലും വല്യ മഹാനല്ലേ, ഒക്കെ നല്ലതാവുമായിരിക്കും" എന്ന് മനസ്സില്‍ വിചാരിച്ച് അന്തം വിട്ട് മൂലയ്ക്ക് ചുരുണ്ടിരിക്കേണ്ട സ്ഥലത്തേക്ക് സംഗതി എത്തിച്ചു. സൂപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാറുകള്‍ സീ ഈ ഓ ആയില്ലേല്‍ ആളുകള്‍ കമ്പനിയെ വിശ്വസിക്കാത്ത അവസ്ഥ എത്തി. ഈ തമ്പുരാന്മാരില്‍ ചില "ഗ്രേറ്റ് മെന്‍" ലീ അയക്കോക്കയെപ്പോലെ പല കമ്പനികളെ ഭംഗിയായി നയിച്ചു. പലരുടെയും ഇഫക്റ്റീവ്നെസ്സ് വെറും പടം ആയിരുന്നു. എന്തായാലും കാശുമുടക്കിയവനല്ലേ ചങ്ക് കഴയ്ക്കൂ, ഈ അഭിനവ കോര്‍പ്പറേറ്റ് മാടമ്പികള്‍ ജീവിക്കുന്നത് ഓഹരിയുടമകളെ രക്ഷിക്കാനാണെന്ന് അവര്‍ വിശ്വസിച്ച് മീറ്റിംഗുകളില്‍ എറാന്‍ മൂളി കുനിഞ്ഞ് നിന്നു. എട്ടു മില്യണ്‍ ഡോളറിന്റെ ഓഫീസ് ഫര്‍ണിഷിംഗ് നടത്തിയ സീ ഈ ഓ യെ ഒരുത്തനും ചോദ്യം ചെയ്തില്ല, ഒരു മുറിയില്‍ എട്ടു മില്യണ്‍ വിലയുള്ള എന്തു സാധനം ഇടാന്‍ എന്ന് ആരോ തിരക്കിയപ്പോള്‍ പിന്നീടറിഞ്ഞത്രേ ഏഴുമില്യണും ചിലവായിരിക്കുന്നത് ഒരൊറ്റ പീസ് ഫര്‍ണിച്ചറിനാണ്‌- പിക്കാസോയുടെ ഒരു പെയിന്റിങ്ങ്. തിരുവായക്ക് ആരും എതിര്‍ വായ പറഞ്ഞില്ല സൂപ്പര്‍ സ്റ്റാറെങ്ങാന്‍ പിണങ്ങിയാലോ, കമ്പനി അതോടെ പൂട്ടും.

അമേരിക്കയില്‍ നിന്നും ഐസ് ലാന്‍ഡിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയ ഒരു സീ ഈ ഓ കമ്പനി ചെലവില്‍ ഒരു ജെറ്റ് ചാര്‍ട്ടര്‍ ചെയ്താണ്‌ ന്യൂയോര്‍ക്കില്‍ നിന്ന് ഐസ് ലാന്‍ഡിലെത്തിയത്. നീളന്‍ യാത്ര കഴിഞ്ഞാല്‍ വിമാനത്തിനു ചില്ലറ ചെക്കിങ്ങ് ഒക്കെ നടത്തേണ്ടേ അത്രയും സമയം പുള്ളിക്ക് ചിലവാക്കനില്ല, അതുകൊണ്ട് പുറപ്പെടും മുന്നേ തന്നെ മറ്റൊരു ജെറ്റ് ഐസ് ലാന്‍ഡിലേക്ക് പറന്ന് ചെക്കിങ്ങ് എല്ലാം കഴിഞ്ഞ് തയ്യാറായി നില്‍ക്കാന്‍ പറഞ്ഞത്രേ ഐസ് ലാന്‍ഡിലെ മൂന്നു നാലു മണിക്കൂര്‍ താമസം ഒഴിവാക്കാന്‍.

യാതൊരു വിധ മുതല്‍ മുടക്കുമില്ലാതെ ഇഷ്ടമുള്ള വിധം സ്ഥാപനങ്ങള്‍ നടത്താന്‍ പരമാധികാരം തീറെഴുതി കൊടുക്കുന്നതിനുമേല്‍ സൂപ്പര്‍ സ്റ്റാറിനോടുള്ള ഭയഭക്തി മാത്രമായിരുന്നു. ഈ ആള്‍ ദൈവങ്ങള്‍ ഗീര്‍‌വാണങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ നെടുങ്കന്‍ ഇംഗ്ലീഷ് ഡയലോഗ് കേട്ട് അന്തം വിട്ടു കയ്യടിക്കുന്ന പാവം വിദ്യാഭ്യാസരഹിതനെപ്പോലെ ജനം ആര്‍ത്തു വിളിച്ചു. ടെലിവിഷനില്‍ നീളത്തില്‍ അതിനു വ്യാഖ്യാനം ചമയ്ക്കുന്നവര്‍ ലളിതമായ കണ്ട്റോള്‍ നിയമം മറന്നു പോയി . അഥോറിറ്റി എന്നും റെസ്പോണ്‍സിബിലിറ്റിക്കും അക്കൗണ്ടബിലിറ്റിക്കും തോള്‍ ചേര്‍ന്നേ നില്‍ക്കാവൂ. റെസ്പോണ്‍സിബിലിറ്റിക്കും അക്കൗണ്ടബിലിറ്റിക്കും അനുപാതത്തിലല്ലാത്ത എന്ത് അഥോറിറ്റിയും പവര്‍ ആണ്‌. പവര്‍ കറപ്റ്റ്സ്. ആബ്സൊല്യൂട്ട് പവര്‍ ആബ്സൊല്യൂട്ട്ലി കറപ്റ്റ്സ് .

വാഷിങ്ങ്‌ടന്‍ മ്യൂച്വല്‍ (പേരിലു മാത്രമേയുള്ളു മ്യൂച്വല്‍, പണി സ്മാള്‍ സേവിങ്ങ്സ് പിച്ച ചട്ടിയില്‍ നിന്നും കയ്യിട്ടു വാരി സബ്‌‌പ്രൈം മാര്‍ക്കറ്റില്‍ ഇടല്‍) നഷ്ടത്തിലായപ്പോള്‍ കമ്പനി അലന്‍ ഫിഷിങ്ങിനെ സീ ഈ ഓ ആയി കൊണ്ടുവന്നു. വെറും പതിനെട്ടു ദിവസം ആ കസേരയില്‍ അദ്ദേഹം ഇരുന്നപ്പോഴേക്ക് സംഗതി പാപ്പരായി. പതിനെട്ടു ദിവസം ജോലിക്കും ജോലിനഷ്ടത്തിനുമെല്ലാം ചേര്‍ത്ത് ഫിഷിങ്ങ് എണ്ണി വാങ്ങിയത് ഇരുപതു മില്യണ്‍ ഡോളര്‍! ലവലേശം ആത്മാര്ത്ഥത ചല്ലിത്തുട്ടുകള്‍ പെറുക്കി സ്മാള്‍ സേവിങ്ങാക്കിയ പാവങ്ങളോടോ ഇപ്പ കമ്പനിയെ രക്ഷിക്കുമെന്ന് കരുതിയ ഷെയര്‍ ഹോള്‍ഡര്‍മാരോടോ? ങേ ഹേ.

വാല്‍ക്കഷണം:
അണ്ണാ ഈ ഷെയര്‍ മാര്‍ക്കറ്റില്‍ വില ചലിക്കുന്നത് എങ്ങനെയാ കണക്കു കൂട്ടുന്നത്?
അതിനു ഒരുപാട് തീയറി ഉണ്ടെടേ. ലെവി ഫ്ലൈറ്റ് രീതിയാണ്‌ സാധാരണ ഉപയോഗിക്കാറ്.
അതെന്തരാ ലെവി ഫ്ലൈറ്റ്?
അതൊരു തരം റാന്‍ഡം വാക്ക് ട്രാജെക്റ്ററി ആണ്‌
റാന്‍ഡം വാക്ക് എന്തുവാ അണ്ണാ?
അത് ഒരു തരം മാര്‍ക്കോവ് പ്രോസസില്‍ വരുന്ന ഡിഫ്യൂഷന്‍ മോഡല്‍ ആണ്‌
ഡിഫ്യൂഷന്‍ എന്തുവാണ്ണാ ആരാ മാര്‍ക്കോവ്?
എടേ അതൊക്കെ കണ്ടീഷണല്‍ പ്രോബബിലിറ്റിയില്‍ ഉള്ള കാര്യങ്ങളാ
പ്രോബബിലിറ്റി എന്തുവാണ്ണാ എന്താ കണ്ടീഷന്‍?
അത് മനസ്സിലാവണേല്‍ ഒത്തിരി കണക്ക് പഠിക്കണം.
തള്ളേ അതൊക്കെ പടിച്ചാലേ ഇപ്പഴത്തെ കാലത്ത് ബിസിനസ്സ് ചെയ്യാന്‍ പറ്റൂ അല്ലേ?
എടേ ബിസിനസ്സ് ചെയ്യണേല്‍ വേറേ ചില കഴിവൊക്കെ മതി. ഇതൊക്കെ ഞങ്ങക്ക് അരി വാങ്ങിക്കാനുള്ള കാശിന്‌ ഓരോരുത്തര്‌ കണ്ടുപിടിച്ച് വച്ചേക്കുന്നതല്ലേ.

Saturday, November 8, 2008

പേ വിഷാണുക്കളെ കണ്ടെത്തുമ്പോള്‍

രണ്ടായിരത്തി ആറ്‌ സെപ്റ്റംബറില്‍ മലെഗാവ് എന്ന നാസിക്കിലെ പട്ടണത്തില്‍ ഒരു മുസ്ലീം സെമിത്തേരിയില്‍ ബോംബ് സ്ഫോടനമുണ്ടായി മുപ്പത്തേഴു പേര്‍ മരിച്ചു. പോലീസ് വളരെ വേഗം കേസ് തെളിയിച്ചു. ഒന്നുകില്‍ ബജ്‌രംഗ് ദള്‍ അല്ലെങ്കില്‍ സിമി വേറേ ആര്‌ സ്ഫോടനം നടത്താന്‍? ബജരംഗ് ദളിനാണെങ്കില്‍ ആര്‍ഡീഎക്സ് കയ്യിലില്ല. രണ്ടുമാസം കൊണ്ട് അവര്‍ സിമി പ്രവര്‍ത്തകരായ പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്തു.
http://economictimes.indiatimes.com/articleshow/610189.cms

മൂന്നു പേര്‍ കുറ്റം സമ്മതിച്ചു. അതില്‍ രണ്ടുപേര്‍ കോടതിയില്‍ തങ്ങളുടെ കുറ്റസമ്മതത്തെ തള്ളിപ്പറഞ്ഞു. എല്ലാവരെയും വെറുതേ വിടുകയും ചെയ്തു.

അടുത്ത സമയത്താണ്‌ ഒരു സന്യാസിനിയെയും കൂട്ടാളികളെയും ഇതേ കേസില്‍ ഭീകരപ്രവര്‍ത്തനാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇത്തവണ കുറ്റസമ്മതങ്ങള്‍ക്ക് പിറകേ തെളിവുകളോടും കൂടി. പക്ഷേ വാര്‍ത്ത വായിച്ചപ്പോള്‍ ഇവരുടെ സംഘടനയുടെ പേര്‍ പരിചിതമെന്ന് തോന്നി- അഭിനവ് ഭാരത്. ഇതെവിടെയോ നേരത്തേ കേട്ടിട്ടുണ്ടല്ലോ. തെറ്റിയില്ല. ആന്‍ഡമാന്‍ ജയിലില്‍ വച്ച് സ്വാതന്ത്ര്യ സമരം തെറ്റായെന്ന് എഴുതി ഒപ്പിട്ട 'വീര' സവര്‍ക്കര്‍ സ്ഥാപിച്ച സംഘടന. തലപ്പത്ത് ഇപ്പോള്‍ ഗോഡ്സേയുടെ അനന്തരവളായ ഹിമാനി സവര്‍ക്കര്‍ എന്ന് പത്രത്തില്‍ വായിച്ചു.

മുസ്ലീം സ്ഫോടനങ്ങളോടുള്ള സ്വാഭാവിക പ്രതികരണമത്രേ ശവക്കോട്ടയില്‍ ആര്‍ ഡി എക്സ് പൊട്ടിയത്. ശ്രീമതി സവര്‍ക്കറില്‍ നിന്നും ഡോക്റ്റര്‍ തൊഗാഡിയയില്‍ നിന്നും തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്ന പ്രതികരണം. പ്രശ്നമതൊന്നുമല്ല, പട്ടാളത്തില്‍ കേണലായി ഉദ്യോഗം നോക്കുന്ന, അതും ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന പുരോഹിതും റിട്ടയര്‍ ചെയ്ത മേജര്‍ (എന്താണോ പേര്‍, മറന്നു) ഒക്കെയാണ്‌ സന്യാസിനിയുടെ പുണ്യവൃത്തികള്‍ക്ക് ആളും ദ്രവ്യയും നല്‍കിയത്.

പേയ് വിഷത്തിന്റെ അണുക്കള്‍ പോലെ രാജ്യത്തിന്റെ തലച്ചോറിനെ ഭീകരര്‍ ബാധിക്കുമ്പോള്‍ എന്താണാവോ ചെയ്യാന്‍ കഴിയുക? മതവും രാഷ്ട്രവും ഭക്തിയും ഭീകരതയും എല്ലാം കൂടിക്കുഴഞ്ഞ് പുരോഗതിയും ഉന്നമനവും പോകട്ടെ, ജീവിക്കാനുള്ള അവകാശത്തിനു വരെ ഭീഷണിയാകുന്നു.

നായ്ക്കള്‍ പരസ്പരം കടികൂടാറുണ്ട്. പക്ഷേ അവ സംഘം ചേര്‍ന്ന് മറ്റൊരു സംഘത്തിനെ വക വരുത്താറില്ല. തന്റെ സംഘത്തിലില്ലാത്ത നായകളെയെല്ലാം കൊന്നു തീര്‍ത്താല്‍ ഭൂമി ഒരു നായ സ്വര്‍ഗ്ഗമാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കാറുമില്ല. നമുക്ക് പട്ടിയില്‍ നിന്ന് പഠിക്കാം ആദ്യം.

Tuesday, November 4, 2008

ആര്‍ത്തി, ഭീതി, പിന്നെ വിവരക്കേടും

മൂലധനം>ഉല്പ്പന്നം>കൂടുല് മൂലധനം എന്നതാണ്‌ ബിസിനസ്സ് ലക്ഷ്യം. കോര്‍പ്പറേറ്റ് രാജിന്റെ കാലം വരെ ഇത് മൂലധനം+ലാഭം=കൂടുതല്‍ മൂലധനം എന്നായിരുന്നു കരുതിപ്പോന്നത്. എന്നാല്‍ ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ ഈ സങ്കല്പ്പത്തെ മറ്റൊരു രീതിയിലാക്കി ഒരു കമ്പനിയുടെ ഓഹരി ഒരാളുടെ മുതല്‍ മുടക്ക്, ഈ ഓഹരിയുടെ വില പരമാവധി കൂട്ടുന്നത് എന്തോ അത് ബിസിനസ്സ് ലക്ഷ്യം.

ഒരു കമ്പനി തുടങ്ങുന്നു. അതിനു ഒരു കോടി രൂപ മുടക്കിയാല്‍ വര്‍ഷാവര്‍ഷം ഇരുപത്തഞ്ച് ലക്ഷം രൂപ ലാഭമുണ്ടാകുമെന്ന് പദ്ധതിയിട്ടെന്നു വയ്ക്കുക. നൂറു രൂപയുടെ ഒരു ലക്ഷം ഷെയറുകള്‍ ഇറക്കി ഈ ഒരുകോടി രൂപ സമാഹരിച്ചാല്‍ ആണ്ടറുതിക്ക് ഓരോഹരിയ്ക്കും നൂറു രൂപ മുടക്കില്‍ ഇരുപത്തഞ്ച് രൂപ, അതായത് ഇരുപത്തഞ്ച് ശതമാനം വരുമാനമുണ്ടാകും.

ഇതൊന്നു കൂട്ടാന്‍ എന്താ വഴി?
അമ്പതിനായിരം ഷെയറേ വില്‍ക്കുന്നുള്ളെന്ന് വയ്ക്കുക. ബാക്കി അമ്പതു ലക്ഷം ഇരുപതു പലിശയ്ക്ക് ബാങ്കില്‍ നിന്നും എടുക്കാം. വര്‍ഷാവസാനം കിട്ടുന്ന ഇരുപത്തഞ്ചു ലക്ഷത്തില്‍ പത്തു ലക്ഷം രൂപ പലിശ അടച്ചാല്‍ ബാക്കി പതിനഞ്ചു ലക്ഷം രൂപ മിച്ചം. ഷെയറൊന്നിനു മുപ്പതു രൂപാ അതായത് മുപ്പത് ശതമാനം ലാഭം. ഒന്നു കൂടെ ചുരുക്കിയാലോ? ഇരുപത്തയ്യായിരം ഷെയറേ വില്‍ക്കുന്നുള്ളി. എഴുപത്തഞ്ച് ലക്ഷം രൂപ കടം. ഇരുപത്തഞ്ചു ലക്ഷത്തില്‍ പതിനഞ്ചു ലക്ഷം പലിശ കഴിഞ്ഞിട്ട് പത്തു ലക്ഷം രൂപ മിച്ചം ഇരുപത്തയ്യായിരം ഓഹരിക്ക്. നാല്പ്പതു ശതമാനം ലാഭം !

ഇരുപതു ശതമാനം ലാഭം കിട്ടുന്ന ബിസിനസ്സില്‍ നിന്നും നാല്പ്പതു ശതമാനം ലാഭമുണ്ടാക്കാന്‍ നമുക്ക് പ്രത്യേകിച്ച് ഒരു പണിയും ചെയ്യേണ്ടി വന്നില്ല, ലോണെടുത്തു. എന്തൊരൈഡിയ!


ഇനി ഇരുപത്തഞ്ചു ലക്ഷം എന്നത് പല വേരിയബിളുകളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. നമ്മളോട് കട്ടയ്ക്ക് നില്‍ക്കുന്ന ഒരുത്തന്‍ കൂടി ബിസിനസ്സ് തുടങ്ങി, പ്രതീക്ഷിച്ചതുപോലെ ഇരുപത്തഞ്ച് ലക്ഷം ലാഭമുണ്ടായില്ല പത്തു ലക്ഷമേ ഉണ്ടായുള്ളു എന്നു വയ്ക്കൂ. ആദ്യത്തെ സെറ്റപ്പില്‍ കമ്പനിക്ക് പത്തു ലക്ഷം രൂപ ലാഭം, രണ്ടാമത്തേതില്‍ കിട്ടിയ പത്തു ലക്ഷം പലിശയില്‍ പോയി. മൂന്നാമത്തേതിലോ? കമ്പനി അഞ്ചു ലക്ഷം രൂപ നഷ്ടത്തില്‍. ഓഹരി-കടം അനുപാതം കൊണ്ടുള്ള കളി ഇരുതലവാളാണ്‌. ലാഭം കൂടി നില്‍ക്കുമ്പോള്‍ മുഴുക്കടക്കാരന്‍ കമ്പനി സ്വര്‍ണ്ണം കൊണ്ടു തരും, ലാഭം അല്പ്പമൊന്നുലഞ്ഞാല്‍ ബാക്കിയെല്ലാവരും സമാധാനത്തില്‍ ഇരിക്കുമ്പോള്‍ ഈ കമ്പനി പൊളിയും.

ഇതിനാണ്‌ ഫൈനാന്‍ഷ്യല്‍ ഗീയറിങ്ങ് റിസ്ക് എന്നു പറയുന്നത്. ടോപ്പ് ഗീയറില്‍ പോകുമ്പോള്‍ ഗ്യാസ് പെഡലേല്‍ കാലൊന്നു തൊട്ടാല്‍ മതി വണ്ടി പറക്കും, പക്ഷേ എടക്കെങ്ങാന്‍ ഒരു ഗട്ടറു കണ്ട് ബ്രേക്കേല്‍ ഞെക്കിയാല്‍ വണ്ടി ഇടിച്ച് ഓഫാകും. അത്രേയുള്ളു കളി.

ലാഭവും റിസ്കും കൈകോര്‍ത്തേ നില്‍ക്കൂ എന്ന് എത്ര തവണ ഇവിടെ ആവര്‍ത്തിച്ചെന്നറിയില്ല. റിസ്ക് പലവിധത്തിലാണ്‌ എണ്ണിയാല്‍ തീരില്ല. ഗീയറിങ്ങ് റിസ്ക് അതിലൊരെണ്ണം മാത്രം, ജ്യോഗ്രഫിക്കല്‍ റിസ്ക്, കോണ്‍സന്‍സ്ട്രേഷന്‍ റിസ്ക്, വിദേശനാണ്യ റിസ്ക് അങ്ങനെ എണ്ണമറ്റ റിസ്കുകളെ മാനേജ് ചെയ്താണ്‌ ഒരു സ്ഥാപനം മുന്നോട്ട് പോകേണ്ടത്. സിക്സറടിച്ചാല്‍ കാണികള്‍ ആര്‍ത്തു വിളിക്കും, പക്ഷേ എല്ലാ ബാളിനും കേറി വീശിയാല്‍ കുറ്റി പോകും, കാണുന്നവന്‍ കൂക്കിവിളിക്കും.

ലാഭത്തിന്റെ ഒരു വിഹിതം കമ്പനിയിലെ ജീവനക്കാര്‍ക്ക് കൊടുക്കുന്നത് പുതുമയൊന്നുമല്ല, ബോണസ് എന്ന സങ്കല്പ്പം തന്നെ അതാണല്ലോ. എന്നാല്‍ ഈ ദശാബ്ദത്തില്‍ പുതിയൊരു കളിയുമായി ഇറങ്ങി കോര്‍പ്പറേഷനുകള്‍.

കമ്പനി ഒരു സീ ഈ ഓ എ എടുക്കുന്നു. ഇന്നത്തെ ഷെയര്‍ വില നൂറു ഡോളര്‍. മൂന്നു കൊല്ലം കഴിയുമ്പോള്‍ അന്നത്തെ ഒരു ലക്ഷം ഷെയറുകള്‍ നിനക്ക് നൂറു ഡോളറിനു തരും. അതായത് ഷെയര്‍ വില വര്‍ദ്ധിച്ചില്ലെങ്കില്‍ സീ ഈ ഓ മച്ചാനു വരുമാനമില്ല ഇരട്ടിയായാല്‍ വരുമാനം പത്തു മില്യണ്‍ ഡോളര്‍, രണ്ടിരട്ടിയായാല്‍ ഇരുപതു മില്യണ്‍!

ഉത്തരവാദിത്വത്തോടെ വര്‍ത്തിക്കേണ്ടവരെ ആര്‍ത്തിപ്പണ്ടാരങ്ങളാക്കി മാറ്റാന്‍ ഈ ഒരു നടപടി കാരണമായി. എങ്ങനെയും ഓഹരിമൂല്യം ഉയര്‍ത്തുക, എന്തു റിസ്കും എടുക്കുക, എന്തും ചെയ്യുക- ഇന്നതെന്നില്ല.

ഫിനാന്‍ഷ്യല്‍ പോസ്റ്റില്‍ കനേഡിയന്‍ സാമ്പത്തികശാത്രജ്ഞന്‍ പ്രൊഫസര്‍ വില്യം വാട്സണ്‍ എഴുതി (സെപ്റ്റംബര്‍ പതിനെട്ട്- റെഗുലേറ്റിങ്ങ് ഹബ്രീസ്) , നമ്മള്‍ ക്യാപിറ്റലിസ്റ്റുകള്‍ക്ക് എല്ലാത്തിനും വ്യക്തമായ ഉത്തരമുണ്ട്.
ആരാണ്‌ ഒരുശതമാനം കിടന്ന ഹൗസിങ്ങ് പണത്തെ ഒരു ഭീമന്‍ കുമിളയാക്കിയത്? ഗ്രീന്‍സ്പാന്‍ ഫെഡ്
ആരാണ്‌ തിരിച്ചടയ്ക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ലോണ്‍ നല്‍കി ജനതയെ പാപ്പരാക്കിക്കളഞ്ഞത്? ഗവണ്‍-മെന്റിന്റെ മൗനാനുവാദം
ആരാണ്‌ ധനകാര്യ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകള്‍ക്ക് ശമ്പളം ഓഹരി ഓപ്ഷനായി നല്‍കുന്ന ഭ്രാന്തിനു നികുതിയിളവു കൂടി നല്‍കി പ്രോല്‍സാഹിപ്പിച്ചത്? തൊണ്ണൂറുകളിലെ കോണ്‍ഗ്രസ്.

ആര്‍ത്തി, ഭീതി, വിവരമില്ലായ്മ. കറ പറ്റെ ഊറ്റിയ സ്ലോട്ടര്‍ ടാപ്പര്‍മാര്‍ ഉണക്കിയ ഇക്കോണമിയില്‍
ഒരു പ്രസിസന്ധി തുടങ്ങുകയായി.

Monday, November 3, 2008

നെയില്‍ പോളീഷ്

അന്തോണീ, സൂപ്പര്‍ ഗ്ലൂ ദേഹത്തൊട്ടിയാല്‍ എന്തു ചെയ്യണം?
അസെറ്റോണ്‍ തേച്ചാല്‍ മതി.
അസെറ്റോണ്‍ എവിടെ കിട്ടും മെഡിക്കല്‍ സ്റ്റോറിലോ?
എടേ ഈ നെയില്‍ പോളിഷ് റിമൂവര്‍ ഒക്കെ അസെറ്റോണാ.
ഞാനും നീയും രണ്ട് ബാച്ചിലര്‍ താമസിക്കുന്ന ഇവിടെ എവിടെയാടേ നെയില്‍ പോളിഷും റിമൂവറും?
അതിന്‌ ഇവിടെ ആരെയാ സൂപ്പര്‍ ഗ്ലൂ ഒട്ടിയത്?
എന്നെ ഒട്ടിയേനേ.
ഏനേ അല്ലേ ഉള്ളു ഒന്നും പറ്റിയില്ലല്ലോ.
ഹും.

ഹും.
ഹും?

അന്തോണീ, ഈ അടുക്കും ചിട്ടയും ഒക്കെ ഓരോരുത്തരുടെ ശീലമാണെന്ന് അറിയാം, എങ്കിലും നമ്മള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ കുറേയൊക്കെ ശ്രദ്ധിക്കേണ്ടേ, സാധനങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കാന്‍.
ഹും?

അതായത് എനിക്ക് രണ്ടാഴ്ചയായി ജോക്കി ഇച്ച് ഉണ്ട്.
എടേ തോന്ന്യാസം പറയരുത്, ഞാന്‍ സാധനം അടുക്കി വയ്ക്കാത്തതുകൊണ്ടാണോ തനിക്ക് ആസനത്തില്‍ ചൊറി വന്നത്? ആരോപണത്തിനും ഒരതിരുണ്ട്.

അതുകൊണ്ടാണു വന്നതെന്ന് ഞാന്‍ പറഞ്ഞില്ല.
പിന്നെ ഞാന്‍ സാധനം അടുക്കണമെന്നും തനിക്ക് വേണ്ടാത്തിടത് ഇന്‍ഫെക്ഷനാണെന്നും ഒറ്റശ്വാസത്തില്‍ പറഞ്ഞു വച്ചതിന്റെ വ്യംഗ്യം എന്താ?

ബാത്ത് റൂമിലെ മെയിന്‍ ലൈറ്റു പോയി, ഇപ്പോ വാഷ് ബേസിനിലെ ലൈറ്റേയുള്ളു.
നീ ഒരുമാതിരി മൂശേട്ട ഭാര്യയെപ്പോലെ സംസാരിക്കല്ലേ, ഞാന്‍ വന്നു കേറിയതേ ഉള്ളു, അടുക്കില്ല ചിട്ടയില്ല, ലൈറ്റില്ല.
പറഞ്ഞു തീര്‍ന്നില്ല.

എന്നാ തീര്‍ക്ക്.
എനിക്ക് ജോക്കി ഇച്ച്..
അത് പറഞ്ഞു കഴിഞ്ഞതഅ, ഇനി ഞാന്‍ ശര്‍ദ്ദിക്കും വരെ ആവര്‍ത്തിച്ചോണ്ട് ഇരിക്കണ്ട.

ജോക്കി ഇച്ച് വന്നപ്പോ ഡോക്റ്ററേപ്പോയി കണ്ട് ഓയിന്മെന്റ് വാങ്ങി വച്ചിരുന്നു, ബാത്ത് റൂമിലെ സ്റ്റാന്‍ഡില്‍.
അത്രേയുള്ളോ, ഞാന്‍ കണ്ടില്ല, എടുത്തില്ല. എനിക്ക് ചൊറിയില്ല. ഇനി വന്നാല്‍ തന്നെ ഡോക്റ്ററെ പോയി കണ്ട് വേറേ വാങ്ങിക്കാന്‍ കമ്പനി എനിക്ക് ഇന്‍ഷ്വറന്‍സ് തന്നിട്ടുണ്ടെടേ, ഐ ആം ഇന്‍ഷ്വേര്‍ഡ്.

എടുത്തെന്ന് ഞാന്‍ പറഞ്ഞില്ല.
എന്താന്നു വച്ചാല്‍ നേരേ പറ, എനിക്കു ചൊറിഞ്ഞു വരുന്നു.

എന്റെ ചൊറി നിനക്കു വരുന്നെങ്കില്‍ നീ എന്റെ ഷഡ്ഡി അടിച്ചു മാറ്റി ഉപയോഗിക്കുന്നുണ്ടാവണം.
ആ ചൊറിയല്ല ഈ ചൊറി. നീ എന്താന്നു നേരേ പറയുന്നോ അതോ ഞാന്‍ എണീച്ചു പോണോ.

എടേ രാവിലേ ഞാന്‍ അരണ്ട വാഷ്ബേസിന്‍ ലാമ്പിന്റെ വെളിച്ചത്തില്‍ സോപ്പും പേസ്റ്റും ഇരിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും എന്റെ ഓയിന്മെന്റ് തപ്പിയെടുത്തു. പുരട്ടാനായി തുറന്നപ്പോള്‍ ഭാഗ്യം കൊണ്ട് മനസ്സിലായി അത് സൂപ്പര്‍ ഗ്ലൂ ആണെന്ന്. എടുത്ത് വേണ്ടാത്തിടത്തു തേച്ചെങ്കില്‍ എന്തായേനെ? മേലാല്‍ ഇങ്ങനെയുള്ള സാധനങ്ങള്‍ കൊണ്ട് മരുന്നിനു മേലേ ഇടരുതെന്ന്.

ഓ ഇപ്പോള്‍ മനസ്സിലായി. എക്സോസ്റ്റ് പൈപ്പ് ഒട്ടി നീ തെണ്ടിപ്പോയേനെ.
അതിലും വലിയ പ്രശ്നം ഇതുമായി ഒരു ആശുപത്രിയില്‍ പോയാല്‍ തന്നെ ഡോക്റ്ററോട് എന്തു പറയും ഞാന്‍?

ക്ഷമിക്കു റൂം ആന്‍ഡ് ബാര്‍ മേറ്റേ. എനിക്ക് അടുക്കും ചിട്ടയും ഇല്ലാതെ ആയിപ്പോയി. ചൊട്ടയില്‍ ശീലിക്കാഞ്ഞത് ഇനിയിപ്പോ ഈ പ്രായത്തില്‍ കിട്ടുകയുമില്ല, അതുകൊണ്ട്.
അതുകൊണ്ട്?

ഞാന്‍ ഒരു നെയില്‍ പോളിഷ് റിമൂവര്‍ വാങ്ങി ഫസ്റ്റ് എയിഡ് കിറ്റില്‍ വച്ചേക്കാം. ഇനിയെങ്ങാന്‍ നീ സൂപ്പര്‍ ഗ്ലൂ എടുത്തു തേച്ചാല്‍ ആശുപത്രിയില്‍ പോകാതെ കഴിക്കാമല്ലോ.

എന്നാല്‍ അത് ഇപ്പോ തന്നെ വാങ്ങി വാ.
അത്ര ഭയമോ?

ഭയമല്ല, രാവിലേ ആ സൂപ്പര്‍ ഗ്ലൂ കയ്യില്‍ കിട്ടിയ ദേഷ്യത്തില്‍ ഞാന്‍ അതെടുത്ത് നിന്റെ പുതിയ ഷൂസ് രണ്ടെണ്ണവും കൂടി തമ്മില്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. എന്റെ മോന്‍ പോയി ഷൂസിനു നെയില്‍ പോളിഷ്റിമൂവറിട്ടോ ചിന്തേരിട്ടോ രണ്ടും രണ്ട് പാത്രത്തിലാക്കിക്കോ.

സാമദ്രോഹീ. എന്റെ അഡിഡാസ്
അടി വേണ്ടേ പോഡാസ്.

ചോറ് സൃഷ്ടിച്ച മാന്ദ്യം

ഇടി വെട്ടി ആളുകള്‍ ചാകാറുണ്ട്, പാമ്പുകടിച്ചും ചാകാറുണ്ട്, വണ്ടിമുട്ടി ചാകാറുണ്ട്, തേളുകുത്തിയും ചാകാറുണ്ട്. ഇടിവെട്ടിയവനെ പാമ്പുകടിച്ചു തേളും കുത്തി വണ്ടയും മുട്ടി എന്നു പറഞ്ഞാലോ? ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്ട്, പക്ഷേ ആ മനുഷ്യന്‍ ഉത്തരവാദിത്തമില്ലാതെ മൂക്കറ്റം കുടിച്ച് പാമ്പും തേളുമുള്ള ഏരിയയില്‍ മഴയത്ത് റോഡില്‍ ബോധം കെട്ടു വീണതാകാനാണു കൂടുതല്‍ സാദ്ധ്യത.

അമേരിക്കന്‍ ഭവനവായ്പ്പാ കുമിള പൊട്ടിയത് സാമ്പത്തിക മാന്ദ്യത്തിന്റെ തിരിച്ചറിഞ്ഞ അനേകം കാരണങ്ങളില്‍ ഒന്നു മാത്രം. പെട്രോളിയം വില വര്‍ധന മറ്റൊരു കാരണമായത് മുഖ്യമായും ഭക്ഷ്യക്ഷാമം വഴിയായിരുന്നു.

ഹരിത വിപ്ലവം (ജയ് സ്വാമിനാഥന്‍‌) ലോകത്തിന്റെ തീറ്റ ഇരുന്നൂറ്റമ്പത് ശതമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ്‌ ലോക ജനസംഖ്യ ഇരട്ടിയായിട്ടും നമ്മള്‍ ചത്തു തീരാഞ്ഞത്. ഇനിയൊരു വിപ്ലവത്തിനു ബാല്യമില്ലെന്ന് കാര്‍ഷികഗവേഷകര്‍. ഇനിക്കൂടുന്ന ജനങ്ങള്‍ക്ക് അന്നം കണ്ടെത്തുക നിസ്സാര പണിയല്ല. ഈയവസരത്തിലാണ്‌ ഇന്ധന എണ്ണയുടെ വില പത്തു കൊല്ലം കൊണ്ട് ആറിരട്ടിയായത്. ഇതെങ്ങനെ കൃഷിയെ ബാധിച്ചു എന്നല്ലേ?

ഒന്നാമതായി രാസവളനിര്‍മ്മാണം പെട്രോളിയത്തെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്. ഏറ്റവും വലിയ വളമായ അമോണിയ നാച്വറല്‍ ഗ്യാസില്‍ നിന്നും . ഇന്ധനവില കഴിഞ്ഞ ദശാബ്ദത്തില്‍ ആറിരട്ടി വര്‍ദ്ധിച്ചു. അതിന്‌ അനുപാതമായി രാസവളത്തിന്റെ വിലയും വര്‍ദ്ധിച്ചു.

രണ്ടാമത്തേത് ബയോഫ്യൂവല്‍ നിര്‍മ്മാണമായിരുന്നു. ഉയര്‍ന്ന ഇന്ധനവില ആളുകളെ മറ്റു സ്രോതസ്സുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചപ്പോള്‍ ബയോഫ്യൂവല്‍ നിര്‍മ്മാണം ത്വരിതപ്പെട്ടു. ഒരു തവണ ടാങ്ക് നിറയ്ക്കാന്‍ നിങ്ങള്‍ക്കു വേണ്ട ഇന്ധനമുണ്ടാക്കാനെടുക്കുന്ന ചോളം ഒരു മനുഷ്യന്‍ ഒരു വര്‍ഷം കഴിക്കുന്ന ധാന്യത്തിനു തുല്യമാണെന്നറിയുമ്പോഴേ അതിന്റെ ഭീകരത മനസ്സിലാവൂ.

ട്രാക്റ്ററുകള്‍, കൊയ്തു മെതിയന്ത്രങ്ങള്‍, ഉല്പ്പനം മാര്‍ക്കറ്റിലെത്തിക്കുന്ന വാഹനങ്ങള്‍, കപ്പലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള ചിലവും കൂടി.

വര്‍ഷാവര്‍ഷം കൂടിയതുകൊണ്ട് ക്ഷാമവുമായി . ഭക്ഷ്യവില മൂന്നും നാലും ഇരട്ടിയിലേക്ക് കുതിച്ചു.
ഇന്നലെ ടീവിയില്‍ കാണിച്ചത്. ഹജ്ജിനെന്ന പേരില്‍ സൗദിയിലേക്ക് അരി കടത്താന്‍ ശ്രമിച്ചവര്‍ എയര്‍പ്പോര്‍ട്ടില്‍ അറസ്റ്റിലായത്രേ. പണ്ടൊക്കെ സ്വര്‍ണ്ണം കടത്തുമ്പോഴായിരുന്നു അറസ്റ്റ്. കലികാലം.

അല്ലാ, ഭക്ഷ്യവില എങ്ങനെ സാമ്പതിക മാന്ദ്യത്തിനു കാരണമായി?

ഒരു ചെറിയ ഉദാഹരണം എടുക്കാം. ഒരു ഏഴു കൊല്ലം മുന്നേ ദുബായില്‍ മാസം പതിനായിരം ദിര്‍ഹം ശമ്പളം എന്നാല്‍ നല്ല വരുമാനമായിരുന്നു. ഇന്ന് പതിനായിരം ദിര്‍ഹം തരാമെന്നു പറഞ്ഞാല്‍ ഒരു എക്സിക്യൂട്ടീവിനെപ്പോയിട്ട് നല്ല സെക്രട്ടറിയെ കിട്ടില്ല. റെന്റ് അഞ്ചെട്ടിരട്ടിയായപ്പോഴേക്ക് പതിനായിരം ദിര്‍ഹത്തിനു ദുബായില്‍ ജീവിക്കാന്‍ പറ്റാതെയായി. ഈ റെന്റ് ഫ്ലേഷന്‍ ദുബായിക്കാരന്‍ മറ്റു സകല കാര്യങ്ങള്‍ക്കും ചിലവിടേണ്ട പണത്തെ തിന്നു തീര്‍ക്കുന്നതുപോലെ അഗ്രിഫ്ലേഷന്‍ ലോകത്തെ മറ്റെല്ലാ ഉത്പനത്തിന്റെയും ഡിമാന്‍ഡിനെ കൊന്നുകളഞ്ഞു
കൂടുതല്‍ ഡിമാന്‍ഡ്=കൂടുതല്‍ നിര്‍മ്മാണം=കൂടുതല്‍ ചിലവിടല്‍ = കൂടുതല്‍ ലാഭം = കൂടുതല്‍ ഡിമാന്‍ഡ് എന്നതാണ്‌ ആരോഗ്യകരമായ ഒരു ബൂം.

ഉള്ള പണം തിന്നാന്‍ ചിലവിട്ടു തീര്‍ന്നാലോ? മറ്റെല്ലാത്തിനും കുറഞ്ഞ ഡിമാന്‍ഡ്.. ബാക്കി പൂരിപ്പിക്കാവുന്നതേയുള്ളു. മാന്ദ്യത്തിന്റെ വിഷമവൃത്തത്തിനു ആക്കം കൂടുകയായി.


ഭൂകമ്പത്തെ പോലെ ഒരു സാമ്പത്തികമാന്ദ്യത്തമ്യും ഒട്ടൊക്കെ പ്രവചിക്കാന്‍ ആകും. ഹൈസ്കൂളില്‍ സാമ്പത്തികശാസ്ത്രം പഠിക്കുന്ന പിള്ളേരുകൂടി അറിയുന്ന കാര്യങ്ങളാണിത്:

ഒരു മാന്ദ്യം വരുന്നതിനു മുന്നോടിയായി കാണിക്കുന്ന ലക്ഷണങ്ങള്‍
ചില സാധനങ്ങള്‍ക്ക് മാത്രമായി അതിഭീമ വിലക്കയറ്റം
സ്റ്റോക്ക് മാര്‍ക്കറ്റില്‍ പരിഭ്രാന്തമായ ക്രയവിക്രയങ്ങള്‍
കണ്‍സ്യൂമര്‍ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറവ്
തൊഴിലില്ലായ്മ വര്‍ദ്ധന
മാന്ദ്യം സംഭവിക്കുമ്പോള്‍ കാണിക്കുന്ന ലക്ഷണങ്ങള്‍
ബാങ്കുകള്‍ പ്രതിസന്ധിയില്‍
തൊഴില്‍മേഘലയില്‍ പരിഭ്രാന്തി
ബിസിനസ് തകര്‍ച്ചകള്‍
ജനതയുടെ പരിഭ്രമം, ഒന്നുമില്ലെന്ന് ജനനായകരുടെ ആവര്‍ത്തനം
എക്സ്ചേഞ്ച് നിരക്കുകള്‍ തോന്നിയവാസം കാട്ടല്‍

ഇങ്ങനെയെല്ലാം കാണിക്കുമ്പോള്‍ എന്താണു വരുന്നതെന്ന് കഴുതയ്ക്കും മനസ്സിലാവും, പക്ഷേ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അതിനു യോജ്യമായ നടപടികള്‍ എടുക്കുന്നതില്‍ നിന്നും സ്വാര്‍ത്ഥമോഹികളെ വിലക്കുന്നു.
പരിഹാരം കയ്യിലിരിക്കെ ഒന്നുമില്ലെന്ന് പറയാനും മൂടിവയ്ക്കാനും രോഗം അടക്കുന്നതിനു പകരം വേദനയ്ക്ക് മരുന്നു കുറിക്കാനും അവരെ പ്രേരിപ്പിക്കുന്നു.

കേരളം അമേരിക്ക പോലെ തന്നെ റിയല്‍ എസ്റ്റേറ്റില്‍ ഗ്രേറ്റര്‍ ഫൂള്‍ സിന്‍ഡ്റോം നടമാടുകയാണ്‌, ഈ കുമിള അടക്കണമെന്ന് ആര്‍ക്കാണറിയില്ലാത്തത്? ലോകപ്രശസ്ത യൂണിവേര്‍സിറ്റികളില്‍ പ്രബന്ധം അവതരിപ്പിച്ച് കൈയ്യടി നേടുന്ന ധനമന്ത്രിക്കോ റീയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് വിലപിക്കുന്ന മുഖ്യമന്ത്രിക്കോ? ഈ കുമിള പൊളിച്ചാല്‍ താല്‍ക്കാലികമായൊരു ശാന്തത ഉണ്ടാകും, മൂല്യമെന്ന വ്യാജേന കേരളത്തിന്റെ സിരകളിലോടുന്ന റിയല്‍ എസ്റ്റേറ്റിന്റെ പഴുപ്പ് നിലയ്ച്ചാല്‍ ഒട്ടൊക്കെ തൊഴിലവസരങ്ങളും പോകും. വോട്ടു പോകും സാര്‍, ചുരുക്കം അതാണ്‌.

സി ഡി സ്വാപ്പ്, സ്റ്റോക്ക് ക്രാഷ്, ഡാര്‍ക്ക് മാര്‍ക്കറ്റ് എന്തെല്ലാം ബാക്കി. ഇത് എഴുതിയിട്ട് എവിടെയും എത്തുന്നില്ല. ശ്രദ്ധയില്ലാതെ എഴുതുന്നതുകാരണം അക്ഷരപ്പിശക്, വ്യാകരണപ്പിശക്, ചില വാചകങ്ങള്‍ പൂര്‍ത്തിയാകുന്നതുപോലുമില്ലെന്ന് ഇന്നാണു കണ്ടത്. മൊത്തത്തില്‍ ബോറടിക്കുന്നോ ?

Sunday, November 2, 2008

വാണിജ്യചക്രങ്ങളും മിഥ്യാര്ത്ഥവാണിജ്യവും.

(പലരും- രാധേയന്‍, വര്‍ക്കേര്‍സ് ഫോറം....- സംഗതി ഗൗരവമുള്ള ചര്‍ച്ചയായി കാണാന്‍ ആഗ്രഹിച്ചതുകൊണ്ട് നാലുവരി എഴുതാനൊരു ശ്രമം. എത്ര എഴുതിയാലും തീരുകയൊന്നുമില്ല, എങ്കിലും ഖണ്ഡശ്ശ ഒരു കണ്ണശ്ശരാമായണം. )


വാണിജ്യ ചാക്രിക ചലനം ഒരു ബൂമില്‍ നിന്നും ഒരു ഡിപ്രഷനിലേക്കും മറിച്ചും നടന്നുകൊണ്ടേയിരിക്കും അതിനെ ഒഴിവാക്കാന്‍ കഴിയില്ല എന്നത് മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രത്തിലും നീയോക്യാപിറ്റലിസ്റ്റ് അര്‍ത്ഥശാസ്ത്രത്തിലും ഒരുപോലെ വരുന്ന കാര്യങ്ങളിലൊന്നാണ്‌. വത്യാസം മാര്‍ക്സ അനിവാര്യമായ ചാക്രിക ചലനങ്ങളുടെ ആക്കം കുറയ്ക്കുന്നതെങ്ങനെ എന്നൊന്നും ആലോചിച്ച് മിനക്കെട്ടില്ല എന്നതിലാവാം. കെയ്നീസ്യന്‍ ശാസ്ത്രജ്ഞര്‍ മഹാപതനങ്ങള്‍ സാധാരണ ചാക്രികഗതിയല്ലെന്നും കുറഞ്ഞപക്ഷം അവയെ ലഘുവാക്കാനെങ്കിലും ക്ഷേമരാഷ്ട്രങ്ങള്‍ക്ക് കഴിയേണ്ടതാണെന്നും ആശിച്ചു.


ബിസിനസ്സ് സൈക്കിളുകളെ കുറിച്ചുള്ള മാര്‍ക്സിയന്‍ വീക്ഷണം (പില്‍ക്കാല കെയ്നീസ്യന്‍ വീക്ഷണത്തിനും ഇതില്‍ നിന്നും വളരെ ദൂരെയല്ല) ലളിതമായി വിവരിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും.
മൂലധനം>ഉല്പ്പന്നം>കൂടുതല്‍ മൂലധനം എന്നതാണ്‌ വാണിജ്യ ലക്ഷ്യം, അതിനാലെ മൂലധനം ഏറ്റവും കൂടുതല്‍ മൂലധനത്തെ എങ്ങനെ കൊണ്ടുവരുന്നോ, അതിലേക്ക് സ്വാഭാവികമായി ഒഴുകും.
ഏതെങ്കിലും ഒരു രംഗം- ഐ ടി എന്നു വച്ചോളൂ, ഡിമാന്‍ഡിനു അനുസരിച്ച് ഉല്പ്പന്നം ലഭ്യമല്ലെന്ന് എവിടെയെങ്കിലും തിരിച്ചറിയുന്നു. വന്‍‌കിട സം‌രംഭങ്ങള്‍ ഐടിയില്‍ എമ്പാടും തുടങ്ങുകയായി. അവ അളവറ്റ ലാഭമുണ്ടാക്കുന്നു. ഐടി തൊഴിലാളികള്‍ക്ക് വന്‍ ആവശ്യം വരുന്നതോടെ ഐ ടി വേതന നിരക്കുകള്‍ കുതിച്ചുയരുന്നു. മറ്റുള്ള മേഘലകളില്‍ പോകേണ്ടിയിരുന്ന മുതല്‍മുടക്ക് ഒരിടത്തു വരുന്നതോടെ അത്തരം ജോലികള്‍ ചെയ്യുന്നവരില്‍ തൊഴിലില്ലായ്മയും അവ ഇനി കാര്‍ഷികമേഘലപോലെ അടിസ്ഥാന രംഗങ്ങളാണെങ്കില്‍ ഉത്പന്ന ദൗര്‍ലഭ്യവും ഉണ്ടാകുന്നു. ഒരു മേഘലയിലെ ബൂം (സെക്ടറല്‍ പുള്‍ ) മറ്റുമിക്കയിടങ്ങളിലും മാന്ദ്യത്തിനു കാരണമാവുന്നു. മൊത്തമായ വാണിജ്യമാന്ദ്യവും ഉല്പ്പന്നങ്ങള്‍ വാങ്ങാന്‍ ഐടി തൊഴിലാളികളോട് കിടപിടിക്കാനാവാത്ത ഭൂരിപക്ഷ ഉപഭോക്താവും അതേ സമയം ഐ ടി മേഘലയില്‍
കിടമത്സരവും ഉയര്‍ന്ന വേതനവും കൂടി ഐ ടി വ്യവസായത്തിന്റെ ലാഭത്തെയും ഇല്ലാതെ ആക്കുന്നു. അങ്ങനെ ഒരു ഡിപ്രഷന്‍ കാലം തുടങ്ങുകയായി.

ഇപ്പോള്‍ ഐടിയില്‍ ലാഭമൊന്നുമില്ലാത്തതുകൊണ്ട് മുതലാളിമാര്‍ മൂലധനം തിരിച്ചു വലിക്കുന്നു. ഐടിയിലെ തൊഴിലില്ലായ്മ നല്ലൊരു ശതമാനം തൊഴിലാളികളെയും മറ്റുമേഘലകളില്‍ കുറഞ്ഞ ശമ്പളത്തില്‍ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാക്കുന്നു. മുടക്കപ്പെടാത്ത മൂലധനം, കുറഞ്ഞ ചിലവിലെ വേതനം, കുറഞ്ഞ ഉത്പാദനം, കൂടുതല്‍ ആവശ്യം. മറ്റൊരു ബൂം - ഒരു പക്ഷേ ടെലിക്കമ്യൂണിക്കേഷന്‍ ബൂം തുടങ്ങുകയായി. അങ്ങനെ ഒരു ബൂം ഡിപ്രഷന്റെയും ഒരു ഡിപ്രഷന്‍ അടുത്ത ബൂമിന്റെയും വിത്തു പാകുന്നു.

താത്വിക തലത്തില്‍ ഏവരും അംഗീകരിക്കുന്ന സത്യമാണ്‌ വാണിജ്യചക്രങ്ങളുടെ അനിവാര്യത. എന്നാല്‍ അസാധാരണ പതനങ്ങള്‍ ഉണ്ടാകുന്നത് അര്‍ത്ഥമിഥ്യകള്‍ മൂലമാണെന്നും ജാഗരൂകരായ സര്‍ക്കാരുകള്‍ക്ക് ഒഴിവാക്കാം എന്നുമാണ്‌ നീയോക്ലാസിക്കല്‍ ക്യാപിറ്റലിസ്റ്റ് ഇക്കണോമിസ്റ്റുകള്‍ കരുതിപ്പോന്നത്. ഉദാഹരണത്തിനു ഐ ടി ബൂമില്‍ തന്നെ തടയിടാമായിരുന്ന ഒരു ദുരന്തം, ഡോട്ട് കോം പതനം ഒഴിവാക്കേണ്ടിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു രീതിയിലെ ഇടപെടല്‍ സംഭവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഈയാണ്ടത്തെ മഹാപതനം ഒഴിവാക്കാമായിരുന്നു. കൃത്യമായ ലക്ഷണങ്ങള്‍ കാണിച്ചിട്ടും രാഷ്ട്രാധിപന്മാര്‍ കണ്ണടച്ചു കളയുക വഴി അങ്ങനെ ഒരു സാദ്ധ്യത ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് നഷ്ടപ്പെടുത്തിക്കളഞ്ഞു.


നിരവധി അര്‍ത്ഥമിഥ്യാ കുമിളകള്‍ (എക്കണോമിക്ക് ബബിള്‍സ്) പൊട്ടിമുളച്ചതില്‍ ഒരെണ്ണം പോലും പൊട്ടി ചലമൊലിക്കും മുന്നേ ആരും കണ്ടെന്ന് നടിച്ചില്ല. ഏറ്റവും വലിയ കുമിള- അമേരിക്കന്‍ വീടുവയ്പ്പ് ഭ്രാന്ത് തുടങ്ങിയത് ഗ്രേറ്റര്‍ ഫൂള്‍ സിന്‍ഡ്രോമില്‍ നിന്നാണ്‌ (ഞാന്‍ ഒരു ഫ്ലാറ്റ് കാണുന്നു, അതിനു അഞ്ചു ലക്ഷം രൂപയേ മതിപ്പു വരൂ, എന്നാല്‍ പത്തു ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുണ്ട്, കാരണം വീടുവില കുതിച്ചുയരുന്ന സമയമാണ്‌. ഞാന്‍ അത് പത്തു ലക്ഷം രൂപയ്ക്ക് വാങ്ങിയാല്‍ ഞാന്‍ വിഢിയാണ്‌, പക്ഷേ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ എന്നെക്കാള്‍ വലിയൊരു വിഢി അത് പതിനഞ്ചു ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ തയ്യാറാകുമെന്നത് എന്നെ അത് വാങ്ങിക്കാന്‍ പ്രലോഭിപ്പിക്കുന്നു. ആ പതിനഞ്ചു ലക്ഷം രൂപക്കാരനോ, അവനെക്കാള്‍ വലിയ വിഢി ഇരുപതു ലക്ഷം രൂപയുമായി വരുന്നത് പ്രതീക്ഷിച്ചാണ്‌ വാങ്ങുന്നത്. ഈ പിരാന്താണ്‌ ഗ്രേറ്റര്‍ ഫൂള്‍ സിന്‍ഡ്റോം)

വീടു ഭ്രാന്ത് അമേരിക്കയില്‍ മൂത്തപ്പോള്‍ ബാങ്കുകള്‍ക്ക് കടം കൊടുക്കല്‍ ഭ്രാന്തും മൂത്തു. പുതിയൊരു രീതി തന്നെ ഉണ്ടായി- സബ് പ്രൈം ലെന്‍ഡിങ്ങ്. പേരു കേട്ടപ്പോള്‍ എന്തോ മഹാ സംഭവമാണെന്ന് കരുതിയോ? നാട്ടില്‍ ബ്ലേഡുകാര്‍ ചെയ്യുന്ന പണി തന്നെ ഇത്. ഒരുത്തന്‍ ജൗളിക്കട നടത്തുന്നു, അവന്‍ സ്വല്പ്പം നഷ്ടത്തിലാണ്‌, കൂടുതല്‍ സാധനം വിറ്റ് എങ്ങനെയെങ്കിലും കച്ചവടം കൂട്ടി രക്ഷപ്പെടാം എന്ന് ആ സാധു കരുതുന്നു. എന്നാല്‍ നഷ്ടക്കണക്കും കടവുമായി ബാങ്കില്‍ ചെന്നാല്‍ ഇനിയൊരു ലോണും അവനു കിട്ടില്ല, കാരണം അവന്റെ തിരിച്ചടയ്ക്കല്‍ ശേഷിയില്‍ ബാങ്കിനു ബോദ്ധ്യമില്ല. അപ്പോഴെത്തും ബ്ലേഡുകാരന്‍. കടയുടെ ആധാരമിങ്ങു തരൂ, ഞാന്‍ തരാം കടം. പലിശ കൂടും, ഞങ്ങള്‍ക്ക് റിസ്ക് കൂടുതലല്ലേ. തുണിക്കടക്കാരന്‍ ബ്ലേഡില്‍ നിന്നു പലിശക്കെടുക്കുന്നു, ഉള്ള പണം കൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ ശ്രമിക്കുന്നു. ഒരു ദിവസം നഷ്ടത്തില്‍ നിന്ന് അടുത്ത ദിവസം വന്‍‌ലാഭമൊന്നുമുണ്ടാക്കാന്‍ കഴിയില്ലല്ലോ. ഉള്ള ലാഭം ബ്ലേഡ് പലിശക്ക് പോലും തികയില്ല, കടം കുമിയുന്നു, കട ബ്ലേഡുകാരനാകുന്നു. ഇങ്ങനെ ശേഷിയില്ലാത്തവന്‍, പണ്ട് പാപ്പരായവന്‍, പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവന്‍, മദ്യാസക്തന്‍ തുടങ്ങിയവരെ സബ്-പ്രൈം കാറ്റഗറിയില്‍ പെടുത്തുന്നു, അവന്റെ പലിശയല്പ്പം കൂട്ടി ലോണ്‍ ആ പണം കൊണ്ട് ഇന്‍ഷ്വറും ചെയ്ത് കടം കൊടുക്കുന്നു. അവനും വീടുപണി തുടങ്ങിക്കോളും, ഒരു ഗ്രേറ്റര്‍ ഫൂള്‍ എത്തുമെന്ന പ്രതീക്ഷയില്‍.


അടുത്തകാലത്തെ ബൂമിനിടെ മന:പൂര്വ്വം ഊതി വീര്‍പ്പിച്ച ഒന്നാമത്തെ കുമിളയായിരുന്നു സബ്-പ്രൈം ലെന്‍ഡിങ്ങ്. എന്നാല്‍ ഗ്രേറ്റര്‍ ഫൂളിനെ പ്രതീക്ഷിച്ച ഫൂളുകള്‍ ലോണടയ്ക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഗ്രേറ്റസ്റ്റ് ഫൂള്‍ താന്‍ തന്നെ എന്നു തിരിച്ചറിഞ്ഞു. തവണകള്‍ മുടങ്ങി ജനതയാകെ പാപ്പരാകുമെന്ന് കണ്ടപ്പോള്‍ മാത്രം ഉണര്‍ന്ന ജോര്‍ജ്ജ് ബുഷ് കണ്ടത് പതിനാലു ട്രില്യണ്‍ ഭവനവായ്പയും ശരാശരി കുടുംബമൊന്നിനു പതിമ്മൂന്നു ക്രെഡിറ്റ് കാര്‍ഡുകളുമാണ്‌. അദ്ദേഹം ഭവനവായ്പ്പയ്ക്കു പരിധി ഏര്‍പ്പെടുത്തിയും പലിശാനിരക്ക് വെട്ടിക്കുറച്ചും കടക്കെണിയില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്താമെന്ന് തീരുമാനിച്ചു.

മറ്റു പല കുമിളകള്‍ക്കും നടുവില്‍ വച്ചായിരുന്നു ഭവനവായ്പ്പാ കുമിളയുടെ ചലം പൊട്ടിയത്. തവണകള്‍ മുടങ്ങുന്നൊപ്പം പലിശ സര്‍ക്കാര്‍ കുറച്ചു, നാടു നീളെ കടങ്ങള്‍ മുടങ്ങിയപ്പോല്‍ ലോണ്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്ന അണ്ടര്‍റൈറ്റര്‍മാര്‍ തകര്‍ന്നു. സകല ബാങ്കുകളും പരസ്പരം ഇടപാടുകള്‍ നടത്തിക്കൊണ്ടേ ഇരിക്കുന്നതിനാല്‍ ആദ്യ വീഴ്ച വീണ നോര്‍ത്തേണ്‍ റോക്ക് ഒരു വന്‍ ഡൊമിനോ ഇഫക്റ്റ് (ചീട്ടു കൊട്ടാരം വീഴല്‍) തുടങ്ങി.

ഒരു പൂര്‍ണ്ണ ചിത്രമാകണമെങ്കില്‍ ഇനിയും അദ്ധ്യായങ്ങള്‍ എഴുതേണ്ടിവരും. സബ്-പ്രൈം ലോണ്‍ മാത്രമല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണഭൂതം. സമയലഭ്യതയനുസരിച്ച് തുടരാം.