Saturday, September 27, 2008

ഗട്ടറില്‍ ചാടിയ തിമിംഗിലം

"പതിമൂന്നുവര്‍ഷമായി തിങ്കളാഴ്‌ച തോറും ഒരു കോളത്തിലൂടെ ഒരു കോടിയോളം മലയാളികളിലെത്തുന്ന ഭാഗ്യവാനാണ്‌്‌ ഈ ലേഖകന്‍. അതൊരു പാരാവാരമാണ്‌. ബ്‌ളോഗ്‌ എന്നുപറയുന്നത്‌ മിഠായിത്തെരുവിലെ റോഡില്‍ ടാറിളകിയുണ്ടായ ഒ'രു കുഴി മാത്രമാണ്‌. ക്ഷമിക്കണം എന്റെ ബ്‌ളോഗിനെക്കുറിച്ചാണ്‌ ഇത്‌ പറയുന്നത്‌. മാരീചന്റെയും മറ്റും ബ്‌ളോഗുകള്‍ക്ക്‌ കുതിരവട്ടം റോഡിലെ കുഴിയോളമെങ്കിലും വലുപ്പം കാണും. അതിനെയും പക്ഷേ അവഗണിക്കാമായിരുന്നു. ഒന്നുണ്ട്‌, പാരാവാരത്തില്‍ നീന്തിത്തിമിര്‍ക്കാന്‍ അവസരം ഉള്ളപ്പോള്‍ത്തന്നെ ബ്‌ളോഗിന്റെ ചെറുകുഴിയിലെ പരല്‍മീനുമാകാന്‍ തുനിഞ്ഞ കേരളത്തിലെ ഒരു പക്ഷേ ആദ്യത്തെ മാധ്യമപ്രവര്‍ത്തകന്‍ ഈ എളിയവനാണ്‌. അതുകൊണ്ട്‌ തന്നെ ബ്‌ളോഗ്‌ ലോകത്തിന്‌ വില കല്‌പ്പിക്കുന്നു ഈ ലേഖകന്‍. അവരെ അവഗണിക്കുകയേ ഇല്ല..."

കേരളത്തില്‍ അറിയപ്പെടുന്ന മാദ്ധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്‌ ഈ വരികള്‍ ബ്ലോഗില്‍ കുറിച്ച ശ്രീമാന്‍ എന്‍ പി രാജേന്ദ്രന്‍. എങ്ങനെ സംഭവിച്ചതോ എന്തോ, ഇദ്ദേഹം ഈ വരികള്‍ എഴുതിയ പേജിലെത്തും മുന്നേ ഞാന്‍ പോയ രണ്ട് ബ്ലോഗുകള്‍ അഹമ്മദിനെജാദിന്റെയും ജാക്കി ചാനിന്റേതും ആയിരുന്നു. (ഇവരുടെ മൂന്നു പേരുടെയും ബ്ലോഗിന്റെ സ്ഥിരം വായനക്കാരനല്ല ഞാന്‍)


എന്‍ പി രാജേന്ദ്രന്‍ എന്ന നീലത്തിമിംഗിലം ബ്ലോഗെന്ന ഗട്ടറില്‍ കിടന്നു ശ്വാസം മുട്ടുകയാണെന്നും ഈ ചളിക്കുഴിയിലെ പാവങ്ങളെ ഓര്‍ത്ത് ആ ഞെരുക്കം അവഗണിച്ച് ഇവിടെ വന്നൊന്നു പിടച്ചിട്ടു പോകാന്‍ സൗമനസ്യം കാണിക്കുകയാണെന്നും പറയുന്നു. വേണമെങ്കിലും വേണ്ടെങ്കിലും സകല മീഡിയയും പിന്നാലെ നടക്കുന്ന അഹമ്മദിനെജാദ് എന്തിനു പിന്നെ ഒരു ബ്ലോഗ് കൂടി എഴുതുന്നു, അതും പ്രശംസയെക്കാള്‍ നിശിത വിമര്‍ശനങ്ങളാണ്‌ അദ്ദേഹത്തിനു കിട്ടുന്ന അഭിപ്രായങ്ങള്‍ എന്നിരിക്കെ?

അഹമ്മദി നെജാദില്‍ നിന്നും ഊരും പേരും മേല്വിലാസവും പ്രത്യേകിച്ച് നാലാളോട് പറയാന്‍ കൊള്ളാവുന്ന ഒന്നുമില്ലാത്ത അണ്ണണ്‍‌കൊണ്ണി അന്തോണിയിലേക്കു വന്നാലും ബ്ലോഗിന്റെ കാര്യത്തില്‍ വത്യാസമൊന്നുമില്ല പ്രിയ രാജേന്ദ്രന്‍. ഞാനും അദ്ദേഹവും ബ്ലോഗ് എഴുതുന്നത് അവനവനുവേണ്ടിയാണ്‌. ഇവിടെങ്ങും ആരും ഞാനോ അഹമ്മദിനെജാദോ എഴുത്തു നിര്‍ത്തിയാല്‍ ആരും തൂങ്ങിച്ചാകില്ല.

എഴുത്തുകച്ചവടക്കാരനായ താങ്കള്‍ സക്കാത്തായി നല്‍കുന്ന എഴുത്തുഭിക്ഷയാണ്‌ ബ്ലോഗെന്ന് ധരിച്ചുവോ? എങ്കില്‍ അതെഴുതിയിട്ട് താങ്കള്‍ക്കോ വായനക്കാരനോ പ്രയോജനമൊന്നുമില്ല, സൈറ്റ് ഹോസ്റ്റ് ചെയ്യുന്നവര്‍ക്ക് സ്വല്പ്പം പൈസ വരുമാനമുണ്ടാകുമെന്നത് മിച്ചം.

കല്പ്പനകള്‍ കേട്ടാല്‍ മാത്രം ചലിക്കുന്ന, തങ്കം പൂശിയ വെള്ളിനിബ്ബിട്ട, മൗ‌ബ്ലോ പേനകള്‍ക്ക് തോന്നിയവഴി വരയാനാവുമോ എന്തോ...
(പൊതുവേ പത്രത്തിലെഴുതുന്നവരോട് അവര്‍ക്കു പ്രയോജനമാകട്ടേ എന്നു കരുതി എന്തെങ്കിലും ഗുണദോഷിച്ചാല്‍ ഉടനേ തൂലികാനാമത്തിലാണെങ്കില്‍ "നിന്നെ എനിക്കറിയാം നീ പണ്ട് ഞാന്‍ ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വച്ച് തല്ലിക തങ്കപ്പനല്ലേ, ഇരുട്ടടി എനിക്കു ഭയമില്ല" എന്നും അതല്ല ഇനി നേരിട്ടു പറയുകയാണെങ്കില്‍ "നീ ആ തങ്കപ്പന്റെ കള്ളും വാങ്ങി കുടിച്ച് എന്നെ തല്ലാന്‍ വന്ന ക്വട്ടേഷന്‍ പാര്‍ട്ടി അല്ലേ" എന്നും പ്രതികരിച്ചു കാണാറുണ്ട്, അതുകൊണ്ട്:

ക. എനിക്കു താങ്കളെ യാതൊരു പരിചയവുമില്ല
ഖ. ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെയും വക്താവുമല്ല ഞാന്‍
ഗ. താങ്കള്‍ക്ക് എന്നെയും അറിയില്ല
ഘ. തിങ്കളാഴ്ചയോ ആഴ്ക്യയിലെ മറ്റ് ആറു ദിവസങ്ങളിലോ ഞാന്‍ മാതൃഭൂമി പത്രം വായിച്ചിട്ട് പത്തിരുപത് വര്‍ഷം കഴിഞ്ഞു. അതിനു മുന്നേ താങ്കള്‍ എഴുതിയതൊന്നും ഞാനോര്‍ക്കുന്നുമില്ല ഇന്ന്
ങ. താങ്കളെ എനിക്കറിയില്ലാത്തതുപോലെ മര്‍ഡോക്കിനെയോ മാരീചനെയോ റെജി മേനോനെയോ എം പി വീരേന്ദ്രകുമാറിനെയോ എനിക്കു യാതൊരു പരിചയവുമില്ല.
ച. എനിക്കു കൈരളിയിലോ ഏഷ്യാനെറ്റിലോ മാതൃഭൂമിയിലോ ഓഹരിയില്ല, വാങ്ങാന്‍ ഉദ്ദേശവുമില്ല. )

Wednesday, September 24, 2008

വിത്തും ബൈയ്യും

കറുപ്പും വെള്ളയുമടിച്ച സര്‍ക്കാര്‍ പള്ളിക്കൂടം. മൊത്തത്തിലൊന്നു വൃത്തിയാവുന്നത് സേവനവാരത്തിനു മാത്രം. ഊഞ്ഞാല്‍ പോലെ ആടുന്ന കാലുള്ള ബെഞ്ചും ഡെസ്കും. ക്രീം കളറിലെ പരുത്തി തുണിയില്‍ തയ്ച്ച ഉടുപ്പും നീല നിക്കറും ഇട്ട ആണ്‍ കുട്ടികളും അതേ കുപ്പായവും ബ്രൗണ്‍ നിറത്തിലെ പാവാടയും ഇട്ട പെണ്‍കുട്ടികളും ഞെങ്ങി ഞെരുങ്ങി നിറഞ്ഞ ഇംഗ്ലീഷ് ക്ലാസ്.

നല്ല ചുവന്ന കണ്ണും മദ്യത്തിന്റെ പുളിച്ച മണവുമുള്ള സാമുവല്‍ സാര്‍ ഒരു കൈ മേശമേല്‍ കുത്തി അങ്ങനെ നില്‍ക്കും. അഡ്വാന്‍സ്ഡ് കമ്മൂണിക്കാവിഷം സ്കില്‍ എന്നൊക്കെ പറഞ്ഞ ആയിരക്കണക്കിനു ഡോളര്‍ ചിലവിട്ട് ഈ നാല്പ്പതാം വയസ്സില്‍ എന്നെ തള്ളി വിടുന്ന ട്രെയിനിങ്ങ് കോഴ്സുകളില്‍ നിന്നൊന്നും എനിക്ക് സാമുവല്‍ സാറിന്റെ പാഠങ്ങളുടെ ഗുണം കിട്ടിയിട്ടില്ല. അത്ര തികവും മികവുമായിരുന്നു അതിന്‌. പറഞ്ഞ് എവിടെയൊക്കെയോ പോയി. പോട്ട്.


സാമുവല്‍ സാറിന്റെ ഗ്രാമര്‍ പ്രിപ്പോസിഷനല് എത്തി നില്‍ക്കുന്ന സമയം അദ്ദേഹം ചോദിച്ചു. വിവാഹ ക്ഷണക്കത്തില്‍ രാജുവും രാധയും തമ്മിലെ വിവാഹം എന്ന് എങ്ങനെയാണ്‌ എഴുതുക?
"രാജു വിത്ത് രാധ" . ക്ലാസ് അലച്ചു കൂവി.

അത് തെറ്റാണ്‌ . വിത്ത് എന്ന് ഉപയോഗിക്കുക രാജുവിന്റെ രാധയുമായുള്ള വിവാഹം ഇങ്ങനെ ആയിരുന്നു എന്നു പറയാന്‍ മാത്രമാണ്‌. "രാജൂസ് മാര്യേജ് വിത്ത് രാധ വാസ് അന്‍ അട്ടര്‍ ഫെയിലുര്‍" എന്ന് പറഞ്ഞാല്‍ അതു ശരി.

ക്ഷണക്കത്ത് രാജുവിന്റെ അച്ഛനമ്മമാര്‍ അടിക്കുമ്പോള്‍
"മാര്യേജ് ഓഫ് മൈ സണ്‍ രാജു വിത്ത് രാധ" എന്നും ഇനി രാജുവും രാധയും മുറച്ചെറുക്കനും മുറപ്പെണ്ണുമാണെങ്കില്‍ രണ്ടുപേര്‍ക്കും വേണ്ടി വല്യപ്പൂപ്പന്‍ അടിക്കുന്ന കത്തില്‍ "മാര്യേജ് ഓഫ് മൈ ഗ്രാന്‍ഡ് ചില്‍ഡ്രന്‍ രാജു ആന്‍ഡ് രാധ" എന്നുമാണ്‌ ശരിയായ പ്രിപോസിഷണല്‍ ഫ്രേസിങ്ങ്.

നിങ്ങളൊക്കെ കല്യാണം കഴിക്കുമ്പോള്‍ വിത്ത് അടിച്ച കത്തയച്ചാല്‍ ഞാന്‍ വരില്ല, ഓര്‍ത്തോ.

എന്റെ കല്യാണമായപ്പോഴേക്ക് സാറു മരിച്ചു പോയിരുന്നു. എന്നിട്ടും വിത്തിടാതെ കത്തടിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇത്രയും കാലം പിള്ളേര്‍ പഠിച്ചിട്ടും നാട്ടിലിന്നും കത്തുകുത്തുമൊത്തം വിത്ത്. ആരു തുടങ്ങി കല്യാണക്കുറിയില്‍ വിത്തിടീല്‍ എന്ന് ഒരു പിടിയും കിട്ടുന്നില്ല. കത്തില്‍ വിത്തുണ്ടെങ്കില്‍ വരില്ല എന്ന് സാമുവല്‍ സാറിനെപ്പോലെ നിര്‍ബ്ബന്ധം പിടിച്ചാലേ ഇത് അവസാനിച്ചു കിട്ടൂ എന്നു തോന്നുന്നു.

അതുപോലെ ചൊറി വരുന്ന ഒരു സാധനം ആണ്‌ ടെല്ലിവിഷത്തില്‍ പ്രേമഗീതം വയ്ക്കുമ്പോഴെല്ലാം അടിയിലെ സ്ക്രോളിങ്ങ് ടിക്കറില്‍ വരുന്ന ഐ ലവ് യൂ ബൈകള്‍. രാധാ ഐ ലവ് യൂ ബൈ രാജു. രാജു ഐ മിസ്സ് യൂ ബൈ രാധ... ഈ ബൈകള്‍ എങ്ങനെ വന്നു കയറുന്നോ എന്തോ, മിക്കവാറും എല്ലാ സന്ദേശത്തിലും കാണാം.


ഒരു ബന്ധവുമില്ലാത്ത വാല്‍ക്കുറിപ്പ്:
എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു മിമിക്രിക്കാരനയിരുന്നു സൈനുദ്ദീന്‍. അദ്ദേഹം ഷേണായി ആയി വന്ന് "നിങാല്‍ എന്റാന്‌ പരയാന്‍ കൊടുത്തത് പണ്‍റ്റാറം എന്തിനാന്‌ ..." എന്ന മാതിരി സംഭാഷണം നടത്തുന്നത് ശേഷം അനുകരിച്ചവരെല്ലാം വെറുതേ വികൃതമാക്കി നശിപ്പിച്ചു. ഈയിടെ ടെലിവിഷന്‍ വച്ചപ്പോള്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍. അതില്‍ എല്ലാവരും വാഴ്ത്തുന്ന രഞ്ജിനിയെ കാണാന്‍ അങ്ങനെ ഭാഗ്യമുണ്ടായി. മലയാലം ഒലത്തുന്ന ഒത്തിരി പേരെ അറിയാമെങ്കിലും ഈ സ്ത്രീയുടെ സംഭാഷണം കേട്ടപ്പോള്‍ സൈനുദ്ദീന്റെ ഷേണായിയെ ആണ്‌ മനസ്സിലോര്‍ത്തത്. അകാലത്തില്‍ വിടപറഞ്ഞ ആ നല്ല കലാകാരനെ ഓര്‍മ്മിപ്പിച്ചതിനു നന്ദി, രഞ്ജിനി.

Saturday, September 20, 2008

ആന്‍ഡ്

ഊഴിയി ഞാങ്ങ് തീര്‍ത്ത സൊര്‍ഗ്ഗ മണ്ഡപത്തിലെ ഉര്‌വശി മേനക മാരേ..
ഗുഡ് ഈവനിങ്ങ് ചാണ്ടിയണ്ണാ, പാട്ട് ഒറ്റയ്ക്കാണോ , ആരും വന്നില്ലീ?

ആന്റപ്പനോ? ക്യാറി വരീ. തോനെ നാളായല്ല് ഇഞ്ഞോട്ട് വന്നിട്ട്.
പെര പണിയുന്ന തെരക്കായിപ്പോയി. ഒരു വീടു വച്ചു തീര്‍ക്കണേ എന്തരു പാടാ.

യാചകന്‍ ഇവനൊരു രാജമന്ദിരം തീര്‍ത്തു ...
ഊതല്ലേ.. ഊതല്ലേ.

ഞാങ്ങ് പാട്ട് അങ്ങ് തൊടര്‍ന്നതല്ലേടേ.
ഉം.. ഞാനും ചെലത് തൊടരും.. എന്തരൊണ്ട് ന്യൂസൊക്കെ?


ഒരു കാര്യം ശ്രദ്ധിച്ചോടേ ചെല്ലാ. ഇവിടങ്ങളി എല്ലാരും പ്യാരങ്ങ് പരിഷ്കരിച്ച്. ഞാങ്ങ് എന്തരു ചെയ്യും എന്ന് തന്നെ നിരുവിക്കണത്.

എന്തര്‌ പരിഷ്കാരങ്ങള്‌ വന്നെന്ന് അണ്ണന്‍ പറയണത്?
എല്ലാരും ആന്‍ഡ് ചേര്‍ത്ത് പ്യാരു മാറ്റി.

ആന്‍ഡോ?
കണ്ണടച്ചോണ്ടാണോടേ വഴിയേ പെയ്യൂടണത്. ചെല്ലനും ഷാനാസും വിറ്റ കമ്പ്യൂട്ടറു കടേടെ പേര്‌ ഇപ്പോ എന്തരാ? "ഇന്റര്‍നെറ്റ് കഫേ ആന്‍ഡ് കമ്പ്യൂട്ടര്‍ സെന്റര്‍" കണ്ടോ രണ്ട് കട ഉള്ളത് പോലെ തോന്നുന്നില്ലീ?
അത് ഒള്ളത്.

ഫ്രാന്‍സീസ് മെഡിക്കല്‍ സ്റ്റോര്‍ ഇപ്പ "മെഡിക്കല്‍സ് ആന്‍ഡ് വെറ്റിനറി സ്റ്റോര്" എന്നാക്കി.
കൊള്ളാവല്ല്.

സോമണ്ണന്റെ ചായക്കട "ഹോട്ടല്‍ ആന്‍ഡ് ടീ ഷോപ്പ്". തങ്കച്ചന്റെ ലാബ്രട്ടറി ഇപ്പോ "ലാബ് ആന്‍ഡ് പാഥോളജി സെന്റര്‍". രാജൂന്റെ ജൗളിക്കട "ടെക്സ്റ്റയില്‍സ് ആന്‍ഡ് റെഡിമേഡ്സ്"
ഒക്കെ ഇംഗ്ലീഷ് ആക്കിയാ?

ഇംഗ്ലീഷിലല്ലെടേ കാര്യം എല്ലാരും ആന്‍ഡ് ചേര്‍ത്ത്. അലക്കണ പാണ്ടീടെ വണ്ടീല്‍ അലക്ക് & ഇസ്തിരി കട എന്ന് എഴുതി വച്ചേക്കണ്‌. ഉച്ചക്കട രാജ്യത്ത് ഇനി ആന്‍ഡ് ഇല്ലാത്ത ബിസിനസ്സ് നടത്തണത് ഞാങ്ങ് മാത്രമേ ഉള്ളു.

അപ്പ ആ മുറുക്കാന്‍ കടയോ?
അവന്‍ ബേക്കറി & കൂള്‍ ബാര്‍ ആക്കിയില്ലേ അത്.

ബേക്കറിയും കൂള്‍ ബാറുമോ?
വ തന്നെ. ഭരണീല്‍ പപ്സും ബണ്ണും ഫ്രിഡ്ജേല്‍ ഐസും രസ്നേം ഒണ്ടല്ല്. അപ്പം അങ്ങനെ എഴുതാം പോലും.

അണ്ണനിപ്പ എന്താ വേണ്ടത്?
എടേ, നമ്മട ഷാപ്പിനു പ്യാരില്ല. എല്ലാരും ചെയ്യണപോലെ എനിക്ക് ഒരു ആന്‍ഡ് ഇടണം. അത് ഇപ്പ എവിടിടുവെടേ?

അണ്ണാ, എന്തരിനാ ഈ ആന്‍ഡ് എന്നു കേക്കി.
അതെനിക്കറിയാവെടേ, ഒന്നല്ല ബിസിനസ്സ് എന്നു കാണിക്കാനല്ലീ?

കറക്റ്റ്. അണ്ണാ ഹിന്ദുസ്ഥാന്‍ ലീവറിനു പത്തഞ്ഞൂറു ചരക്കുണ്ടെന്നു കാണിക്കണം. അവരു ഡൈവേര്‍സീ അല്ലിയോ. പക്ഷേ ജോണ്‍ വാക്കര്‍ സണ്‍സിനു ഒരൊറ്റ പ്രോഡക്റ്റ് മതി. അവരുടെ മിടുക്ക് ഒള്ള ജോണീവാക്കറിനു മാക്സിമം ഇമേജ് ഉണ്ടാക്കുകയാണ്‌. ആന്‍ഡ് വേണ്ടെന്ന്, ഏത്. അണ്ണന്റെയും വാക്കറണ്ണന്റെയും ബിസിനസ്സ് ഒന്നല്ലീ, ആന്‍ഡിന്റെ കാര്യമില്ലെന്ന് തന്നെ തോന്നണത്.

എന്നാലും നാടോടുമ്പ ഔട്ട് ഓഫ് ഫാഷന്‍ ആവരുതല്ല്.
ശരി, അണ്ണന്‌ എത്ര ആന്‍ഡ് വേണം?

കേറ്റാവുന്നത്രയും.

ശരി . പൊറത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബോര്‍ഡേല്‍ "കള്ള് ഷോപ്പ്- ലൈസന്‍സീ " പി പി ചാണ്ടിക്കുഞ്ഞ് ആന്‍ഡ് സണ്‍സ്" എന്ന് മാറ്റി എഴുത്.

പിന്നെ മതിലേല്‍ എഴുതാന്‍
തെങ്ങിന്‍ കള്ള് & പനങ്കള്ള്

ടേ, ഇവിടെ പനങ്കള്ളില്ല.
നോ പ്രോബ്ലം. ഇവിടെ പനങ്കള്ളിനു ഡിമാന്‍ഡും ഇല്ല. ഇനി അഥവാ ആരെങ്കിലും ചോദിച്ചാല്‍ ഇന്നു സാതനം വന്നില്ലെന്നു പറയീ.

അപ്പോ ആന്‍ഡ് രണ്ടെണ്ണം കിട്ടി അല്ലേ?

ഇഞ്ഞി വരാന്‍ ഇരിക്കുന്നതേയുള്ള് . കറീടെ ബോര്‍ഡ് എടുത്ത് അങ്ങോട്ട് മാറ്റി എഴുത് മൊത്തം:
ചീനി & ചാളക്കറി
പൊറോട്ട & ബീഫ്
ഊണ്‌- വെജിറ്റേറിയന്‍ & നോണ്‍ വെജിറ്റേറിയന്‍
അപ്പം & മുട്ടക്കറി
കരള്‍ & കുടല്‍ കറി
കോഴി & താറാവ് കറി
മുതിര & കടലക്കറി
കക്ക & ചിപ്പി
ചിക്കന്‍ & മട്ടണ്‍ ബിരിയാണി
അങ്ങനെ അങ്ങോട്ട് ബോര്‍ഡിന്റെ ചെവിട് കാണുന്നവരെ ആന്‍ഡ് എഴുത്.
ആന്‍ഡപ്പാ, സമാതാനമായെടേ.

എന്നാ ഒരു എളേത് ആന്‍ഡ് ഗ്ലാസ് എടുക്കീ.

Tuesday, September 16, 2008

സിനിമാക്കിളി ക്വിസ്: (വേറേ ഒരു പണിയുമില്ല)

ചലച്ചിത്രത്തില്‍ ഗാനമുണ്ടായ കാലം മുതലേ നമ്മള്‍ മലയാളികള്‍ കുയിലിനെത്തേടി കുതിച്ചു പാഞ്ഞു നടക്കുകയും ഒടുക്കം കണ്ടെത്തിയപ്പോള്‍ എങ്ങനെ നീ പറക്കും എന്ന് തിരക്കുകയും ചെയ്ത ചരിത്രമുണ്ട്. നാട്ടിലും കാട്ടിലുമുള്ള സകലമാന കിളികളെയും എയ്തിട്ടു തീര്‍ന്നപ്പോള്‍ ഉത്രാടക്കിളിയെയും കരിമിഴിക്കുരുവിയും വാഴപ്പൂങ്കിളിയെയും അമ്മൂമ്മക്കിളിയെയും കൃഷ്ണപക്ഷക്കിളിയെയും പോലെയുള്ള സാങ്കല്പ്പിക പക്ഷികളെയും കണ്ട് വെള്ളിത്തിരയിലെ പാക്കരനും പങ്കജാക്ഷിയും കോരിത്തരിക്കല്‍ തുടങ്ങി.

ചില പാട്ടെഴുത്തുകാര്‍ രാപ്പാടിയുടെ പാതി വെട്ടിക്കളഞ്ഞ് പാതിരാക്കിളി ആക്കി ഫ്രൈ ചെയ്തു. വേറേ ചിലര്‍ താമരക്കോഴിയെയും തൂക്കണാം കുരുവിയെയും ക്രോസ് ചെയ്ത് താമരക്കുരുവിയെ വിരിയിച്ചു . ആകെ ഒരു കിളി മാത്രം കൂട്ടിലുള്ള എഴുത്തച്ഛനും ചക്രവാകത്തെ (ഇന്തിരലോഹത്തിന്‍ ചക്കരവാകം എന്ന് തമിഴു പാട്ടില്‍ -അതിശയ രാഗം അപൂര്വ്വ രാഗം എന്ന് തുടക്കം- കേട്ട് മൂന്നു ദിവസം ഇതെന്താണെന്ന് ആലോചിച്ച് അന്തം വിട്ടിരുന്നിട്ടുണ്ട് ) വളര്‍ത്താന്‍ പാടുപെട്ട മഹാകവിയും ഈ വിഹഗസമൃദ്ധി കണ്ട് നാഷണല്‍ അന്തം വിട്ടുകാണും.

പക്ഷിശാസ്ത്രക്കാരായ ഗാനരചയിതാക്കള്‍ മലയാള സിനിമയുടെ ഒരു പ്രത്യേകതയാണ്‌. വല്ലപ്പോഴും ഒരു കബൂത്തര്‍ (ഇദ്ദേഹം റാവുത്തര്‍ എന്നു പറയുന്നതുപോലെ ആരോ ആണെന്ന് ഞാന്‍ കുറേക്കാലം ധരിച്ചിരുന്നു) ജനാലയ്ക്കല്‍ കാഷ്ഠിക്കാന്‍ വരുമ്പോള്‍ അതിനെ "ജാ ജാ" എന്ന് ആട്ടിപ്പായിക്കുന്ന ഗോസായി നായികയപ്പോലെയല്ല കിളിയില്ലെങ്കില്‍ പ്രേമിക്കില്ലെന്ന് വാശി പിടിക്കുന്ന മലയാളി നായിക. ഈ ക്വിസ്സ് അതുകൊണ്ട് ചലച്ചിത്രത്തിലെ കിളികളെക്കുറിച്ചാകട്ടെ എന്നു വയ്ക്കുന്നു. വെറും ഏഴ് ചോദ്യം. ആറ്‌ എം സി ക്യൂ, ഒരു എന്‍ സി ക്യൂ.

മള്‍ട്ടിപ്പിള്‍ ചോയ്സ് ഒന്നു മുതല്‍ ആറു വരെ
1. കുണുക്കിട്ട കോഴി കുളക്കോഴി കുന്നിന്‍ ചരിവിലെ വയറ്റാട്ടി... ഈ ഗാനത്തില്‍ കാണിക്കുന്ന പക്ഷി ഏത്?

a. കോഴി

b. കുളക്കോഴി

c. താറാവ്

d. ഒരു പക്ഷിയും ഇല്ല.

2. വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ.. ഏകാകിനീ . വേഴാമ്പലിന്റെ ശബ്ദം ഉള്ളില്‍ നിന്നു വരുന്ന ഒരു കുടീരമാണത്രേ നായിക. വില്ലന്‍ ചുമ പിടിച്ചിരിക്കുകയാണോ എന്തോ അവള്‍ക്ക്.. പോട്ടെ കവിയുടെ ഓരോ ഭാവനയല്ലേ. ഗാന ചിത്രീകരണത്തില്‍ ഏതു പക്ഷിയെ കാണിക്കുന്നു?
a. പാണ്ടന്‍ വേഴാമ്പല്‍

b. കാക്കവേഴാമ്പല്‍

c. മലമുഴക്കി വേഴാമ്പല്‍

d. ഒരു പക്ഷിയും ഇല്ല

3. രാജഹംസമേ... ചുവപ്പു നാട കെട്ടി സര്‍ക്കാര്‍ ഫയല്‍ പോലെ സിത്താര എടുത്തെറിയുന്ന പക്ഷി ഏതാണെന്നല്ല ചോദ്യം. താമരനൂലു മാത്രം കഴിക്കുകയും പാലില്‍ വെള്ളം ചേര്‍ത്തു കൊടുത്താല്‍ ലാക്റ്റോ സെപ്പറേഷന്‍ സം‌വിധാനത്തിലൂടെ പാലു മാത്രം കുടിക്കുകയും ചെയ്യുന്ന കവിഭാവനയിലെ ഹംസമായി ചിത്രങ്ങളലും ചലച്ചിത്രത്തിലും സാധാരണ കാണുന്ന പക്ഷി സത്യത്തില്‍ ദൂതു പോയാല്‍ സംഗതി അത്ര ശുഭമാകില്ല, കാരണം അതിനു കാര്യമായ ശബ്ദമൊന്നും ഉണ്ടാക്കി സന്ദേശം കൈമാറാന്‍ കഴിയില്ല എന്നതാണ്‌. രാജഹംസമായി സാധാരണ ചിത്രീകരിച്ചു കാണാറുള്ള ഈ ഈ നീയര്‍-നിശബ്ദന്‍ ആരാണ്‌?

a. തുന്ദ്ര സ്വാന്‍

b. മ്യൂട്ട് സ്വാന്‍

c. ട്രമ്പറ്റര്‍ സ്വാന്‍

d. ബ്ലാക് സ്വാന്‍


4. വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ>>>> ഓലേഞ്ഞാലി കുരുവിയോ... തെറ്റ് . ഓലേഞ്ഞാലി കുരുവിയല്ല എന്നു പറയേണ്ടതില്ലല്ലോ. അവന്റെ കുലവും ജാതിയും ഏതാണെന്ന് ആ മുഖഭാവം ഒന്നു ശ്രദ്ധിച്ചാല്‍ അറിയാം. ഏതു സാധാരണ പക്ഷിയുടെ അടുത്ത ബന്ധുവാണ്‌ ഓലഞ്ഞാലി?

a.കോഴി

b. കാക്ക

c. കുയില്‍

d. താറാവ്


5. പട്ടണപ്രവേശം എന്ന ചിത്രത്തില്‍ എന്‍ എല്‍ ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന പക്ഷിനിരീക്ഷകന്‍ ഏതു വര്‍ഗ്ഗത്തില്‍ പെട്ട കിളിയെക്കണ്ടു എന്നാണ്‌ റെസ്റ്റോറന്റില്‍ വച്ച് അവകാശപ്പെടുന്നത് (സംഭാഷണം ഒളിച്ചു കേട്ട സി ഐ ഡികള്‍ ഇയാളെ സംശയിക്കുന്ന രംഗം)

a. വാര്‍ബ്ലര്‍
b. ഫിഞ്ച്
c. സണ്‍ബേര്‍ഡ്
d. ഇതൊന്നുമല്ല


6. അണ്ടന്‍ കാക്ക കൊണ്ടക്കാരി.. അച്ചുവെല്ല തൊണ്ടക്കാരീ.. അന്യന്‍ എന്ന ചിത്രത്തിലെ ഈ സൂപ്പര്‍ഹിറ്റ് എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. അണ്ടന്‍ കാക്ക എന്ന പക്ഷിയെ മലയാളത്തില്‍ എന്തു വിളിക്കും (ചില സ്ഥലങ്ങളില്‍ അണ്ടന്‍ കാക്ക എന്നു തന്നെ വിളിക്കും, സാധാരണ വിളിപ്പേര്‍?)

a. കാക്കത്തമ്പുരാട്ടി
b. മലങ്കാക്ക
c. ബലിക്കാക്ക/കാവതിക്കാക്ക
d. ഇതൊന്നുമല്ല

അങ്ങനെ മള്‍ട്ടിപ്പിള്‍ ചോയിസ് തീര്‍ന്നു. ഇനി ഒരു മള്‍ട്ടിപ്പാര്‍ട്ട് ചോദ്യം:

7 a.ആദ്യത്തെ വാക്കായി രാപ്പാടി വരുന്ന നാലു പാട്ട് പറയുക.

b.ഇനി രണ്ടാമത്തെ വാക്കായി രാപ്പാടി തുടക്കത്തില്‍ വരുന്നത്, മൂന്നാമത്തെ വാക്കായി വരുന്നത്, നാലാമത്തെ വാക്കായി വരുന്നത് എന്നിവ ഓരോന്ന് വീതം എഴുതുക.

c. ഇനി പല്ലവിയുടെ അവസാനം രാപ്പാടി വരുന്ന ഒരു പാട്ടു കൂടി
എഴുതുക.

Sunday, September 14, 2008

ജനനീ ജയിക്ക നീ ജയഭാരതി

അണ്ണന്‍ എന്തര്‌ ഒരു വെടലച്ചിരി ചിരിക്കണത്?
ഒന്നുമില്ല. ലിതു കണ്ടോ കോണ്‍ഗ്രസ്സിന്റെ മലയാളം ടെലിവിഷന്‍ ചാനല്‍ തൊടങ്ങി.

അതിനെന്തര്‌? കമ്യൂണോവിഷന്‍, കമ്യൂണലിസ്റ്റുവിഷന്‍, കുഞ്ഞാട് ടീവി, കുഞ്ഞാലി ടീവി, അമ്മച്ചിട്ടീവി, ദൈവവിളി ടിവി ഒക്കെ തുടങ്ങാമെങ്കില്‍ പിന്നെ കോണ്‍ഗ്രസ്സുകാര്‍ക്ക് എന്തര്‌ കൊറവ്?
ഏയ് ഒരു കൊറവുമില്ല.


പിന്നെന്തരിനു ചിരിക്കണത്?
ഒരു പഴേ കാര്യം ആലോചിച്ചതാ. നീ ഭാരത ധ്വനി എന്നൊരു മാസിക കണ്ടിട്ടുണ്ടോ?

ഛേ, അണ്ണാ പതുക്കെ , മക്കളോ ഭാര്യയോ കേക്കും.
അതിനെന്താ ഭാരതദ്ധ്വനി എന്നു ഒരു പേരു വന്നത്? സാധാരണ സ്റ്റണ്ട്, അമ്മായി, മധുരം, മദനന്‍ എന്നൊക്കെയല്ലേ പേരിടാറ്‌?

ഒള്ളത്. ഞാനും ആലോചിച്ചിട്ടുണ്ട്. അതെന്തരാ അങ്ങനെ പേര്‌?
എടേ, അതു തൊടങ്ങിയപ്പ ക്വാണ്‍ഗ്രസ്സിന്റെ മാസിക ആയിട്ടാണ്‌ തൊടങ്ങിയതെന്ന്, പോവെ പോവെ കൊച്ചുപുസ്തകമായി മാറീയതാ.


ഇപ്പ മനസ്സിലായി അണ്ണന്‍ പ്രിന്റിലെ ചരിത്രം ടെലിക്കാസ്റ്റില്‍ ആവര്‍ത്തിക്കുമെന്ന് കരുതിയാ ചിരിക്കണത് അല്ലേ?
വ തന്നെ. സംഭവിച്ചു കൂടായ്കയില്ല, ഒരിക്കല്‍ സംഭവിച്ചതല്ലേ.

Thursday, September 11, 2008

ഓണം വന്നോണം വന്നോട്ടക്കൈയ്യാ..

ഈ ഓണം മോഹന്‍ ലാലേട്ടനോടൊപ്പം ദുബായില്‍ ആഘോഷിക്കൂ, സരസമ്മ അക്കനോടൊപ്പം ചെങ്കല്‍ ചൂളയില്‍ ആഘോഷിക്കൂ എന്നൊക്കെ പരസ്യത്തിന്റെ ബഹളം ടീവിയിലും പത്രത്തിലും. അല്ലാ ഓണം കെട്ടിയോളും പിള്ളേരുമൊത്ത് വീട്ടില്‍ ആഘോഷിക്കുന്ന പതിവു നിന്നോ?

ഒരു പരസ്യം "ഓണോത്സവ് -2008" എന്ന്. എന്തര്‌ ഉത്സവ്? ഓണം ഗോസായി കൊണ്ടു പോയോ?

ഓണ കച്ചവടത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഇക്കുറിയും സപ്ലൈക്കോയെ കടത്തി വെട്ടും. ഓണം ഉണ്ടില്ലേലും വേണ്ടില്ല, ഓണമടിക്കണം. പൂവേ പൊലി.

തേങ്ങ കിട്ടാനില്ല ദുബായിലെങ്ങും. പാലില്ല, പഴമില്ല, ചേനയും ചേമ്പുമില്ല. ഓണം കാരണം പട്ടിണിയാകുമോ എന്തോ.

ഓണ സദ്യ റെഡി- ചെട്ടിനാട് റെസ്റ്റോറന്റ്. അതു തരക്കേടില്ല. വിഷ് യൂ ഏ ഹാപ്പി ഓണം -എത്തിസലാത്ത് (യു ഏ ഈ ടെലിക്കോം), അതു നന്നായി, മലബാറി എന്ന ജീവിക്കും ഒരഡ്രസ്സുണ്ട് അപ്പോള്‍.

"ഹാപ്പി ഓണം" കാര്‍പ്പാര്‍ക്കില്‍ ഒരീജിപ്തുകാരന്‍ കൈ കൂപ്പി. തള്ളേ ഓണം ഫെയിമസ്സായെടേ!

"നാളെ ഓണവും അവധിയും ഒന്നിച്ചു വരുന്ന ദിവസമാ... എന്തരാകുമോ എന്തോ". ഓണം വെള്ളിയാഴ്ച്ച ആയതില്‍ ഒരു ഗള്‍ഫന്റെ ആശങ്ക ഗുരുസിന്‍‌ഹ.

അങ്ങനെ ടീവിക്കാര്‍ കൂടി കോമാളിയാക്കിയ മാവേലിയും നാട്ടുകാരു കൂടി എടുത്തിട്ടു വിരകി വിരകി നാശമാക്കിയ പച്ചക്കറിയും മഞ്ഞ നിറമുള്ള വാഴയിലയും പച്ച നിറമുള്ള വെള്ളരിക്കയും നീല നിറമുള്ള പഴവും, തുണിക്കടയിലെ തള്ളും ഒക്കെ ആയി. ഓണമായി. ആശംസകള്‍!

Saturday, September 6, 2008

സായിപ്പ് കണ്ട മല-ബാര്‍

ലോഗന്‍ സായിപ്പിന്റെ മലബാര്‍ മാനുവലിനെക്കുറിച്ച് വായിക്കാനെത്തിയവരോട് ക്ഷമാപണം. അംഗങ്ങള്‍ക്കിടയില്‍ സ്വകാര്യ സര്‍ക്കുലേഷ്നുള്ള ഒരു ത്രിമാസികയില്‍ റെസ്റ്റോറണ്ടുകളെപ്പറ്റി കോളമെഴുതുന്ന ഒരു ബ്രിട്ടീഷുകാരന്‍ ദുബായി മലയാളികള്‍ക്കിടയില്‍ പ്രശസ്തമായ ഒരു കേരളൈറ്റ് "ബാര്‍ ആന്‍ഡ് ഫ്യാമിലി റെസ്റ്റോറന്റിനെക്കുറിച്ച് എഴുതിയതിന്റെ ചുരുക്ക രൂപം ഇങ്ങനെ.

"സാധാരണ ഇന്ത്യന്‍ ഭക്ഷണത്തെക്കാള്‍ അസഹ്യമായ രീതിയല് എരിവും പുളിയും കൂടിയ ഭക്ഷണമാണ്‌ ഇവിടെ (പാവം സായിപ്പിന്‍ കേരള ബീഫ് ഫ്രൈയും മത്തി മുളകിട്ടതും ഒക്കെ കൊടുത്തു കാണും). ഇത്രയും മസാല ചേര്‍ന്നതും എണ്ണയില്‍ മുക്കിയതും ഇവിടെ വിളമ്പുന്നതെന്തെന്ന സംശയം ചുറ്റും ഇരുന്ന് കഴിക്കുന്നവരെ ശ്രദ്ധിച്ചപ്പോള്‍ ആണ്‌ ഒരു അനുമാനത്തിലെത്തിച്ചത്. ഇവിടെ കഴിക്കുന്നവരെല്ലാം വളരെ കൂടിയ അളവില്‍ മദ്യം കുടിക്കുവാന്‍ വന്നവരാണ്‌. സ്റ്റാഫിന്റെ പെരുമാറ്റം മര്യാദ കുറഞ്ഞ് ഇരിക്കുന്നതും ഒരുപക്ഷേ ഈ മുക്കുടിയന്മാരോട് ഇടപെട്ട് അങ്ങനെ ആകുന്നതായിരിക്കാം.

ചുരുക്കത്തില്‍ ബോധമില്ലാതെ മദ്യപിക്കുന്നവര്‍ക്ക് വേണ്ടിയുള്ള, രസമുകുളങ്ങളെല്ലാം മരവിച്ചു പോയവരില്‍ രുചിയുണര്‍ത്താനുള്ളത്ര മസാലകള്‍ ചേര്‍ത്ത ഭക്ഷണം കിട്ടുന്ന ഒരു സ്ഥലം അത്രേയുള്ളു."


എനിക്ക് ഏറെ രസിച്ചത്ഈ എരിവിനും മര്യാദയില്ലായ്മക്കും സായിപ്പ് കണ്ടുപിടിച്ച കാരണം ആണ്‌. മുഴുക്കുടിയന്മാര്‍ ഒരു ദേശീയ പ്രശ്നമായ ബ്രിട്ടണില്‍ നിന്നും വന്ന വെള്ളക്കാരനെ വെള്ളമടിച്ച് അന്തം വിടീച്ച പ്രിയ മലയാളി ഡൈനര്‍മാരേ, നിങ്ങളെ നമിച്ചു. കുടിയായാല്‍ അങ്ങനെ വേണം , എടുത്തു താങ്ങി സെക്യൂരിറ്റി പുറത്തു കളയും വരെ. അല്ലെങ്കില്‍ മോശമല്ലേ.

Friday, September 5, 2008

സിനിമ ക്വിസ്സ്- ഹിന്റ്, അപ്ഡേറ്റ്.

ഒരു അപ്ഡേറ്റും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് സൂചനകളും കൊടുക്കുന്നത് അനുയോജ്യം ആകുമെന്ന് തോന്നുന്നു:

1. ആദ്യപാപം എന്ന പുണ്യ പുരാതന അഭിലാഷ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജെറി അമല്‍ദേവ്‌ ആയിരുന്നു. ഗാനങ്ങള്‍ക്ക്‌ ആരാണ്‌ ഈണം കൊടുത്തത്‌?
ഉഷാ ഖന്ന -ശരിയുത്തരം എതിരേട്ടന്‍ പറഞ്ഞു. ഇതിന്റെ മാത്രമല്ല, ഹിന്ദിയിലും മലയാളത്തിലുമായി ഭൂരിഭാഗം ചന്ദ്രകുമാര്‍ സിനിമയ്ക്കും ഉഷാ ഖന്ന ആണ് സം‌ഗീതം.

2. ഷക്കീലയെ നായിക ആക്കുമ്പോള്‍ സംവിധായകര്‍ നേരിട്ടിരുന്ന പ്രധാന പ്രശ്നം അവരുടെ ആകാരവലിപ്പത്തിനു ചേര്‍ന്ന നായകനെ കണ്ടെത്തുക എന്നതായിരുന്നു. "കാതര" എന്ന ചിത്രത്തില്‍ ആരാണ്‌ ഷക്കീലയുടെ ഭര്‍ത്താവായി അഭിനയിച്ചത്‌?
ഉത്തരം കൊച്ചു പ്രേമന്‍ - തോന്ന്യാസിക്കും സിജുവിനും പോയിന്റ്. എതിരന്‍ ചേട്ടനു ഉത്തരം അറിയുമെങ്കിലും ചോദ്യം വായിച്ചതില്‍ പിശകി. പ്രചോദ് മുഖ്യ കഥാപാത്രത്തെയാണു ചെയ്തത്. ഷക്കീലയുടെ ഭര്‍ത്താവായി കൊച്ചു പ്രേമനാണ് അഭിനയിച്ചത്. സിജുവിന്റെ ഊഹം ശരിയായി.

ശരിയുത്തരങ്ങളോളം മികച്ച ഒരു തെറ്റുത്തരം അയല്‍ക്കാരന്‍ പറഞ്ഞു. Call of the question എന്താണെന്നു കിറുകൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ് ഭീമന്‍ രഘു എന്നൊന്നും ചിന്തിക്കാതെ ഇന്ദ്രന്‍സിനെ അയല്‍ക്കാരന്‍ തിരഞ്ഞെടുത്തത്. ഭാഗ്യം തുണച്ചില്ലെന്നു മാത്രം.


3. "മട്ടിച്ചാറ്‌ മണക്കണ്‌ മണക്കണ്‌ മലങ്കാറ്റ്‌ കുളിരണ്‌.." ബ്രഹ്മാനന്ദന്‍ സംഗീതം കൊടുത്ത ഒരേയൊരു ചിത്രമാണ്‌ മലയത്തിപ്പെണ്ണ്‌. ഇതിന്റെ ഗാനരചയിതാവ്‌ ആര്‌ ?

വനയാര്‍ വല്ലഭന്‍ ശരിയുത്തരം. സകല കലാ വല്ലഭന്‍ എതിരേട്ടനും ഗൂഗിള്‍ സഹായം സിജുവും ശരിയാക്കി. പന്തളം സുധാകരന്‍ അല്ല പാമരാ.

വയനാര്‍ വല്ലഭനെ ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം വരികളുടെ മികവാണ്. “മാര്‍കഴിയില്‍ മല്ലിക പൂത്താല്‍ മണ്ണാര്‍ക്കാട് പൂരം.. കാടിറങ്കി നീയും ഞാനും” എന്നൊക്കെ മലയാളത്തില്‍രണ്ടു തമിഴു വാക്ക് മിക്സ് ചെയ്ത് എഴുതി ആദിവാസി ഭാഷ ഉണ്ടാക്കാന്‍ ശ്രമിച്ച പി ഭാസ്കരന്‍ മാഷിന്റെ മുന്നില്‍ “പൂണാന്‍ ഒരു കുളിരോടി നടക്കണെന്ന്“ പ്രവശനാകുന്ന വല്ലഭന്റെ നായകനും നീലപ്പൊന്മാനില്‍ “തെയ്യം തെയ്യം താരെ..കാര്‍ത്തികോത്സവ നാള് കാടിന്‍ ആട്ടപ്പിറന്നാള്” എന്ന് കുമ്മിയെ ഇമ്പ്രൊവൈസ് ചെയ്തു രക്ഷപ്പെടാന്‍ ശ്രമിച്ച വയലാറിന്റെ പാട്ടും മലയത്തിപ്പെണ്ണിലെ “പേരിക്കൊട്ട് കിയുക്കത്തട്ട്..” എന്ന പാട്ടും ഒരേ രംഗം ചിത്രീകരിക്കുന്നതാണ് അവിടെയും വല്ലഭന്റെ വിലാസം മികവു കാണിക്കുന്നു (എന്നു കരുതി ആദിവാസികളെക്കുറിച്ച് അത്യാവശ്യം കൊള്ളാവുന്ന ഒരു ചിത്രമാണ് ഇതെന്ന് ആരും കരുതരുതേ. ആദിവാസികള്‍ ഈ പടം കണ്ടാല്‍ തീയറ്റര്‍ കത്തിക്കും)

4. "ലെവല്‍ ക്രോസ്സ്‌" സുജയ്‌ മാത്യൂ എന്ന നവാഗതന്റെ സിനിമയായിരുന്നു. ഇതിലെ അനുരാധ ശ്രീറാം പാടിയ പാട്ടിനു വരികളും സംഗീതവും നല്‍കിയത്‌ ആരൊക്കെ?
പൂവച്ചല്‍ ഖാദര്‍, എസ് പി വെങ്കിടേഷ്. പാമരന്‍, കൃത്യം.

5. രേഷ്മയുടെ ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ്‌ "സ്നേഹ". ചാള്‍സ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ആരെഴുതി?
ആരും ശരിയുത്തരം പറഞ്ഞിട്ടില്ല. സാജനല്ല എതിരന്‍ ജീ. കോറോത്തേ, അതു നേരാ. സാജനെന്നു വിളിച്ചാല്‍ അങ്ങേരു തല്ലും. മൂര്‍ത്തിയുടെ ജൈ ദേ വാന്‍ പോലെ , മിമിക്രിക്കാരുടെ R A Japan പോലെ അദ്ദേഹം S A Jan ആണ്.

ഈ ചോദ്യത്തിന്റെ ഹിന്റ് : വെറുതേ ഗൂഗിളില്‍ സേര്‍ച്ചി തളരാതെ ചോദ്യം മാത്രം വായിച്ചുകൊണ്ടിരുന്നാല്‍ ഉത്തരം ലഭിക്കും.

6. എയിഡ്സിനെക്കുറിച്ച്‌ യൂ എന്‍ പ്രചാരണം ഇന്ത്യയിലെത്തും മുന്നേ "എയിഡ്സ്‌" എന്ന ചിത്രം നിര്‍മ്മിച്ച്‌ ഈ രോഗത്തെപ്പറ്റി മലയാളികള്‍ക്ക്‌ മുന്നറിയിപ്പു നല്‍കിയ നല്ല സംവിധായകനാണ്‌ വി പി മുഹമ്മദ്‌. ഇദ്ദേഹം ഇതിനു മുന്നേ സംവിധാനം ചെയ്ത ഒരു ചിത്രം സെന്‍സര്‍ബോര്‍ഡ്‌ നിരോധനത്തിനെതിരേ കേരള ഹൈക്കോടതിയില്‍ നിന്നും പ്രദര്‍ശനാനുമതി നേടിയെടുത്ത ആദ്യത്തെ ചിത്രം എന്നാണ്‌ പ്രചാരം നേടിയത്‌. ഏതാണാ ചിത്രം?

ഉത്തരം ഉല്‍പ്പത്തി. അയല്‍ക്കാരന്‍, എതിരന്‍ ജീ എന്നിവര്‍ കൃത്യമായ ഉത്തരം പറഞ്ഞു എന്നു മാത്രമല്ല, ഗൂഗ്ലിയാല്‍ കിട്ടുന്ന വിവരമല്ല അത് എന്നതിനാല്‍ സിനിമാ വിഷയങ്ങളില്‍ അവര്‍ക്ക് ശരിയായ അറിവും ഓര്‍മ്മയുമുണ്ടെന്ന് തിരിച്ചറിഞ്ഞ് നമിക്കുന്നു.

7. പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാര്‍ ഏതു പേരിലാണ്‌ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്‌?
ഉത്തരം- കിരണ്‍. അയല്‍ക്കാരനു മാര്‍ക്ക്. ജ്യേഷ്ഠന്‍ പി ചന്ദ്രകുമാറിന്റെ ചിത്രങ്ങളില്‍ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ചന്ദ്രകുമാറിന്റെ ക്യാമറയും വളരെ തികവുള്ളതാണ്. പ്രത്യേകിച്ച് സാങ്കേതിക മികവ് സിനിമ കാട്ടിത്തുടങ്ങിയിട്ടില്ലാത്ത കാലത്തും (മാര്‍ക്കസ് ബാര്‍ട്ട്ലീ, ഷാജി പോലെയുള്ളവരെ മറന്നതല്ല, പൊതുവേ എണ്‍പതുകളുടെ ആദ്യ പകുതി വരെ സിനിമാട്ടോഗ്രഫി പരിതാപകരമായിരുന്നു മലയാളത്തില്‍ അതും ബിറ്റ് കാണാന്‍ വേണ്ടി മാത്രം ജനം പോകുന്ന മസാലപ്പടങ്ങള്‍ക്കു പോലും ഒന്നാന്തരം ഛായാഗ്രഹണം നടത്തിയ ചന്ദ്രകുമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പി സിയുടെ മസാല അല്ലാത്ത ചിത്രമായ എന്നെ ഞാന്‍ തേടുന്നു കാണുമ്പോള്‍ എനിക്കു ഒരു പത്ത് പന്ത്രണ്ടു വയസ്സേയുള്ളൂ എങ്കിലും അതിലെ പല രംഗങ്ങളും കണ്ടപ്പോള്‍ എന്തു ചേര്‍ന്ന ഫോട്ടോഗ്രഫി എന്നു തോന്നിയിട്ടുണ്ട്.

8. ഇന്ന് മലയാളത്തില്‍ പ്രശസ്തനായ ഒരു സംവിധായകന്‍ ഇതിനു മുന്‍പ്‌ ഗാനരചയിതാവായിരുന്നു. പി ചന്ദ്രകുമാറിന്റെ നല്ല കാലത്ത്‌ എടുത്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ എണ്ണത്തിനു ഗാനങ്ങളെഴുതിയ അദ്ദേഹം ആരാണ്‌?
സത്യന്‍ അന്തിക്കാട്. മൂര്‍ത്തി എന്റെ പോസ്റ്റ് വന്നു അല്‍പ്പ സമയത്തിനുള്ളീല്‍ തന്നെ ഉത്തരം ഇട്ടു. എതിരന്‍ ജീയും പറഞ്ഞു.

9. അമ്മേ നാരായണാ, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയ ഭക്തി ചിത്രങ്ങളും മറ്റും സംവിധാനം ചെയ്ത്‌ ഷെഡ്ഡില്‍ കയറിപ്പോയ സുരേഷ്‌ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നടത്തിയത്‌ ഒരു ഉച്ചപ്പടത്തോടെയാണ്‌. ഏതാണ്‌ ആ ചിത്രം?
ആരും പറഞ്ഞിട്ടില്ല. ഫാഷന്‍ ഗേള്‍സ് അല്ല എതിരന്‍ ചേട്ടാ.

പഴയ ഹിന്റ് ആവര്‍ത്തിക്കുന്നു : വെറുതേ ഗൂഗിളില്‍ സേര്‍ച്ചി തളരാതെ ചോദ്യം മാത്രം വായിച്ചുകൊണ്ടിരുന്നാല്‍ ഉത്തരം ലഭിക്കും.

10. "പെണ്‍ സിംഹം "എന്ന ക്രോസ്‌ ബെല്‍റ്റ്‌ മണി ചിത്രത്തിനും പദ്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ജിജോയുടെ പടയോട്ടം എന്നീ സിനിമകള്‍ക്കും തമ്മിലുള്ള ബന്ധമെന്ത്‌?

ആരും പറഞ്ഞില്ല
ഹിന്റ്: പൊതുവായുള്ളത് ചിത്രങ്ങളുടെ ക്രെഡിറ്റ് ലിസ്റ്റ് എഴുതിക്കാണിക്കുമ്പോള്‍ നമ്മള്‍ സ്ഥിരം ശ്രദ്ധിക്കുന്ന കുറച്ചു പേരില്‍ വരുന്ന ഒരു ജോ‍ലി- ഈ മൂന്നു8 ചിത്രങ്ങള്‍ക്കും ആ കര്‍മ്മം നിര്‍വ്വഹിച്ചത് ഒരാള്‍ തന്നെ. ഗുപ്താ അരപ്പട്ടയും ക്രോസ് ബെല്‍റ്റുമല്ല :)

അതുല്യച്ചേച്ചി:
ചോദ്യം ഇട്ടപ്പോള്‍ മോഡറേഷന്‍ കൊടുക്കാനുള്ള ബുദ്ധി പോയില്ല. എന്നാലും ആളുകള്‍ മുന്‍ ഉത്തരം നോക്കിയല്ല പറഞ്ഞതെന്ന് തന്നെ തോന്നുന്നു.

റോബീ,
മൈനസ് മാര്‍ക്കില്ല, പങ്കെടുക്കുന്നവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനം ആയി ഓരോ നാന സെന്റര്‍ സ്പ്രെഡ് കൊടുക്കും. അതിനു കാരണമുണ്ട്. മലയാള സിനിമയുടെ ചരിത്രം ഒരിക്കലും ആശാവഹമായിരുന്നിട്ടില്ല. ബാലനു തൊട്ടു പിന്നേ ഇറങ്ങാന്‍ തുടങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ പെട്ടിയിലായ ചരിത്രമാണ് നമുക്കുള്ളത്. ജീവിത നൌക മുതല്‍ പ്രേം നസീറിന്റെ കാലം വരെ എന്തും ഓടുമായിരുന്നു, കാരണം പൊതു ജനത്തിനു വേറേ വിനോദോപാധികള്‍ ഇല്ലായിരുന്നു എന്നതുകൊണ്ട് മാത്രം. ശേഷം ജയന്റെ ഭംഗിയുള്ള ശരീരം (അതുവരെ മലയാളി കഷണ്ടി കൊടവയറ്‌ തൂങ്ങിയ നെഞ്ച് നടക്കുമ്പോള്‍ അണപ്പ്, ഇരിക്കുമ്പോള്‍ വായു കോപം ഒക്കെ പുരുഷ ലക്ഷണമാണെന്നു പറഞ്ഞ് തടി ഊരുകയല്ലായിരുന്നോ) കുറച്ചു പടങ്ങള്‍ ഓടിച്ചു. അദ്ദേഹം മരിച്ചപ്പോള്‍ ഉണ്ടായ പ്രതിസന്ധിയില്‍ തീയറ്റര്‍, മുഖ്യധാരയിലെ ദരിദ്രരും അല്ലാത്തവരുമായ സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവരെയും ജീവന്‍ നല്‍കി കിടത്തിയത് ഇത്തരം ചിത്രങ്ങളാണ്. ഭരരതന്‍-പദ്മരാജന്മാരും സൂപ്പര്‍ ഹിറ്റുകള്‍ അടിക്കുന്ന ഐ വി ശശിയും ഒക്കെ അക്കാലത്ത് സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ എടുത്തു പിഴച്ചു പോയവരാണ് (രതി നിര്‍വ്വേദം, ലോറി, പറങ്കിമല, ചാട്ട, ഇണ തുടങ്ങിയവയൊക്കെ ജനം കണ്ടത് കലാമൂല്യം മാനിച്ചാണെന്ന് പ്രസ്തുത പ്രഗത്ഭരുടെ ആരാധകര്‍ പോലും പറയില്ലെന്ന് കരുതുന്നു)

തുടര്‍ന്ന് പൈങ്കിളി വാരികകള്‍ പ്രചാരം നേടിയപ്പോള്‍ പുതുനിര പ്രൊഡ്യൂസര്‍മാരായ ബ്ലേഡ് കമ്പനിക്കാര്‍ നിര്‍മ്മിക്കുന്ന മമ്മൂട്ടി മാമാട്ടി പെട്ടി ചിത്രങ്ങളായി മലയാളം സിനിമയുടെ താങ്ങ്. ടെലിവിഷന്‍ മലയാളം പ്രക്ഷേപണം തുടങ്ങിയപ്പോള്‍ മനുഷ്യജീവിതവുമായി ബന്ധമുള്ള ചില സീരിയലുകള്‍ കാട്ടി തുടങ്ങിയതോടെ കുടുംബ ബന്ധങ്ങള്‍ (എന്നു വച്ചാല്‍ മനോരോഗം എന്നര്‍ത്ഥം) ഉള്ള സിനിമ ഓടാതായി. ശേഷമൊരു അഞ്ചെട്ടു കൊല്ലം സാധാരണക്കാരന്റെ ജീവിതത്തിലെ സംഭവങ്ങളായി താങ്ങി നിര്‍ത്തല്‍. (ടി പി ബാലഗോപാലന്‍ യുഗം?) ജനത്തിനു അതു ബോറഡിച്ചപ്പോള്‍ സാധാരണക്കാരന്റെ ജീവിതത്തിലും വന്നേക്കാവുന്ന അസാധാരണ ഹാസ്യ സംഭവങ്ങളിലേക്ക് തിരിഞ്ഞു കാര്യങ്ങള്‍ (നാടോടിക്കാറ്റ്, റാംജി റാവു..) അതു മൂത്തപ്പോള്‍ കോമഡിയുമില്ല, കഥയുമില്ല എന്ന രീതിയിലായി കാര്യങ്ങള്‍. സിനിമ വീണ്ടും കാലവര്‍ഷം ചതിച്ച കര്‍ഷകനെപ്പോലെ തെണ്ടീ. ഈ സമയത്തായിരുന്നു മസാലച്ചിത്രങ്ങളുടെ രണ്ടാം വരവ്. രണ്ടാംതരം‌ഗത്തിലെ സം‌വിധായകരും നടീനടന്മാരും പക്ഷേ ഒന്നാം കാലഘട്ടത്തിലെ ആളുകളെപ്പോലെ മികവോ തികവോ ഉള്ളവരായിരുന്നില്ല എന്നതിനാല്‍ ഏറെയൊന്നും സിനിമയെ താങ്ങാ‍ന്‍ അവര്‍ക്കായില്ല. സീഡികളും മൊബൈല്‍ ഫോണുകളും ടോറന്റ് പ്രചാരത്തിലായതോടെ തലയില്‍ മുണ്ടിട്ട് അശ്ലീലം കാണാന്‍ മിനക്കെട്ടു പോകാതെ വീട്ടിലിരുന്ന് ഇതെല്ലാം കാണാമെന്ന അവസ്ഥ കൂടി ആയതോടെ രണ്ടാം ചെറുത്തു നില്‍പ്പ് വീണു. ഒട്ടേറെ ബി ക്ലാസ് തീയറ്ററുകള്‍ വിവാഹ ഓഡിറ്റോറിയമായി. കോടമ്പാക്കത്ത് പട്ടിണിയും പരിവട്ടവും കൂടി. ഈ കഥ ഇതുവരെ ആയി നില്‍ക്കുമ്പോള്‍ മസാല പടങ്ങളുടെ പ്രത്യേകത രണ്ടു തവണ മലയാളം സിനിമയെ രക്ഷിച്ച മറ്റൊരു തരംഗം ഇല്ല എന്നതാണ്.

Thursday, September 4, 2008

ഇവിടെയും സിനിമ ക്വിസ്സ്‌

എതിരന്‍ ചേട്ടന്‍ നടത്തിയ ക്വിസ്സിന്റെ വന്‍ വിജയം കണ്ടപ്പോള്‍ എനിക്കും ഒരാഗ്രഹം. നമുക്കറിയാവുന്ന കാര്യങ്ങളൊക്കെ വച്ച്‌ ഒരു ക്വിസ്സ്‌ കൂട്ടി വച്ചിട്ടുണ്ട്‌. ( വലിയ കാര്യമൊക്കെ ചോദിച്ചാല്‍ കൊള്ളാമെന്നുണ്ട്‌, എന്തു ചെയ്യാന്‍ എതിരേട്ടന്‍ ചോദിക്കുമ്പോലെ വല്ലോം നമുക്കറിയേണ്ടേ?)

ഒന്നാം സമ്മാനം നൂണ്‍ ഷോയുടെ ബാല്‍ക്കണി ടിക്കറ്റ്‌. സ്പോണ്‍സര്‍ ചെയ്യുന്നത്‌ ആള്‍ കേരള ബിറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍, ഉച്ചക്കട യൂണിറ്റ്‌.

1. ആദ്യപാപം എന്ന പുണ്യ പുരാതന അഭിലാഷ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജെറി അമല്‍ദേവ്‌ ആയിരുന്നു. ഗാനങ്ങള്‍ക്ക്‌ ആരാണ്‌ ഈണം കൊടുത്തത്‌?

2. ഷക്കീലയെ നായിക ആക്കുമ്പോള്‍ സംവിധായകര്‍ നേരിട്ടിരുന്ന പ്രധാന പ്രശ്നം അവരുടെ ആകാരവലിപ്പത്തിനു ചേര്‍ന്ന നായകനെ കണ്ടെത്തുക എന്നതായിരുന്നു. "കാതര" എന്ന ചിത്രത്തില്‍ ആരാണ്‌ ഷക്കീലയുടെ ഭര്‍ത്താവായി അഭിനയിച്ചത്‌?

3. "മട്ടിച്ചാറ്‌ മണക്കണ്‌ മണക്കണ്‌ മലങ്കാറ്റ്‌ കുളിരണ്‌.." ബ്രഹ്മാനന്ദന്‍ സംഗീതം കൊടുത്ത ഒരേയൊരു ചിത്രമാണ്‌ മലയത്തിപ്പെണ്ണ്‌. ഇതിന്റെ ഗാനരചയിതാവ്‌ ആര്‌ ?

4. "ലെവല്‍ ക്രോസ്സ്‌" സുജയ്‌ മാത്യൂ എന്ന നവാഗതന്റെ സിനിമയായിരുന്നു. ഇതിലെ അനുരാധ ശ്രീറാം പാടിയ പാട്ടിനു വരികളും സംഗീതവും നല്‍കിയത്‌ ആരൊക്കെ?

5. രേഷ്മയുടെ ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ്‌ "സ്നേഹ". ചാള്‍സ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ആരെഴുതി?

6. എയിഡ്സിനെക്കുറിച്ച്‌ യൂ എന്‍ പ്രചാരണം ഇന്ത്യയിലെത്തും മുന്നേ "എയിഡ്സ്‌" എന്ന ചിത്രം നിര്‍മ്മിച്ച്‌ ഈ രോഗത്തെപ്പറ്റി മലയാളികള്‍ക്ക്‌ മുന്നറിയിപ്പു നല്‍കിയ നല്ല സംവിധായകനാണ്‌ വി പി മുഹമ്മദ്‌. ഇദ്ദേഹം ഇതിനു മുന്നേ സംവിധാനം ചെയ്ത ഒരു ചിത്രം സെന്‍സര്‍ബോര്‍ഡ്‌ നിരോധനത്തിനെതിരേ കേരള ഹൈക്കോടതിയില്‍ നിന്നും പ്രദര്‍ശനാനുമതി നേടിയെടുത്ത ആദ്യത്തെ ചിത്രം എന്നാണ്‌ പ്രചാരം നേടിയത്‌. ഏതാണാ ചിത്രം?

7. പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാര്‍ ഏതു പേരിലാണ്‌ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്‌?

8. ഇന്ന് മലയാളത്തില്‍ പ്രശസ്തനായ ഒരു സംവിധായകന്‍ ഇതിനു മുന്‍പ്‌ ഗാനരചയിതാവായിരുന്നു. പി ചന്ദ്രകുമാറിന്റെ നല്ല കാലത്ത്‌ എടുത്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ എണ്ണത്തിനു ഗാനങ്ങളെഴുതിയ അദ്ദേഹം ആരാണ്‌?

9. അമ്മേ നാരായണാ, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയ ഭക്തി ചിത്രങ്ങളും മറ്റും സംവിധാനം ചെയ്ത്‌ ഷെഡ്ഡില്‍ കയറിപ്പോയ സുരേഷ്‌ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നടത്തിയത്‌ ഒരു ഉച്ചപ്പടത്തോടെയാണ്‌. ഏതാണ്‌ ആ ചിത്രം?

10. "പെണ്‍ സിംഹം "എന്ന ക്രോസ്‌ ബെല്‍റ്റ്‌ മണി ചിത്രത്തിനും പദ്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ജിജോയുടെ പടയോട്ടം എന്നീ സിനിമകള്‍ക്കും തമ്മിലുള്ള ബന്ധമെന്ത്‌?

ഉത്തരം പറയാന്‍ രണ്ടേ രണ്ടു ദിവസം മാത്രം. ശനിയാഴ്ച ഇന്ത്യന്‍ സമയം ആറുമണി അടുപ്പിച്ച്‌ ഈ ക്വിസ്‌ പൂട്ടി ശരിയുത്തരം ഇടുന്നതായിരിക്കും.

Wednesday, September 3, 2008

പ്രഗോപനം

കാര്യങ്ങള്‍ തൃപ്തികരമല്ലാത്ത വേഗത്തിലാണ്‌ നീങ്ങുന്നതെന്ന നിങ്ങളുടെ ... അമീറ വാക്കുകള്‍ക്ക് പരതി.
നിങ്ങളുടെ ആശങ്ക എത്രമാത്രം കഴമ്പുള്ളതാണെന്ന് എനിക്കുറപ്പില്ല എങ്കിലും നിങ്ങളുടെ ഭീതികള്‍ അകറ്റേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി ഞങ്ങള്‍ യു എസ്സിലെ കോര്‍ ഡെവലപ്പ്മെന്റ് ടീമില്‍ നിന്നും അലെസ്റ്റെയറെയും ഇന്ത്യയിലെ ഫസ്റ്റ് ലൈന്‍ സപ്പോര്‍ട്ടില്‍ നിന്നും മാല്‍‌വീകയെയും സൈറ്റിലേക്ക് വരുത്തിയിട്ടുണ്ട്.

നിങ്ങള്‍ ഉണ്ടെന്നു സംശയിക്കുന്ന സ്നാഗുകള്‍ പരിശോധിച്ച് ഉടനടി പരിഹരിക്കാനാണ്‌ ഞാന്‍ വന്നത്, ഒക്കെ കഴിഞ്ഞേ പോകുന്നുന്നുള്ളു.സംശയമുണ്ടെങ്കില്‍ എന്നെ ഇവിടെ പൂട്ടിയിട്ടോളൂ- അലിസ്റ്റെയര്‍ ചിരി വില്‍ക്കാന്‍ ശ്രമിച്ചു.

ഉണ്ടെന്നു സംശയിക്കുന്നതല്ല അലിസ്റ്റെയര്‍, ഉള്ള സ്നാഗുകള്‍. ഞാന്‍ നിലപാട് വ്യക്തമാക്കി.

കാസ്പര്‍ ശ്വാസം ഉച്ചത്തിലൊന്നു വിട്ടു. അവന്‍ സംസാരിക്കാനൊരുങ്ങുകയാണ്. ഇനിയൊരു മഴയില്‍ അമീറയും അലിസ്റ്റെയറും മാളവികയും നനഞ്ഞു കയറുമ്പോഴേക്ക് മീറ്റിംഗ് അവസാനിക്കാനുള്ള സമയമാകും.

നിന്റെ ഊഴമായി എന്നയര്‍ത്ഥത്തില്‍ അമീറ മാളവികയെ നോക്കി.

അവളോ? ഇമല്‍ഷന്‍ പെയിന്റ് പോലെ ആ മെല്ലിച്ച ദേഹത്തൊട്ടുന്ന ഒരു വഴുക്കന്‍ നീല സാരിയി‍ലൊളിച്ച്, മയങ്ങിപ്പോകുന്ന കണ്ണുകള്‍ കൊണ്ട് സ്വന്തം സഹപ്രവര്‍ത്തകരടക്കം ഒരു സംഘം അപരിചിതരെ മാറി മാറി നോക്കിക്കൊണ്ടിരിക്കുന്നു. അവളിരുന്നിട്ടും കസേരയില്‍ ഒരാള്‍ക്കുള്ള സ്ഥലം ബാക്കിയുണ്ട്.

"മിസ്റ്റര്‍ കാസ്പര്‍ അയച്ച സ്നാഗുകള്‍ ഞാന്‍ കണ്ടു, ഡാറ്റാ ഹാര്‌വെസ്റ്റ് ചെയ്യുമ്പോള്‍ വരുന്ന തെറ്റുകള്‍ താല്‍ക്കാലികമായി പരിഹരിക്കാന്‍ ഞാന്‍ ഒരു' ഗുയി' ഉണ്ടാക്കിയിട്ടുണ്ട്"

എന്റെ മലയാളിത്തം നിറഞ്ഞ ഇംഗ്ലീഷ് വര്‍ഷങ്ങളായി കേള്‍ട്ടു ശീലിച്ചതുകൊണ്ട് മാത്രമാവണം കാസ്പറിന്‌ അവളുടെ 'ഗുയി' മനസ്സിലായത്.

"യൂസര്‍ എഴുതുകയും തിരുത്തുകയും ചെയ്യുന്ന ഡാറ്റ കൊണ്ട് ഞങ്ങള്‍ തൃപ്തിപ്പെടുമെങ്കില്‍ ഈ പ്രോജക്റ്റ് തന്നെ ആവശ്യം വരില്ലായിരുന്നു" പ്രകടമായ നീരസത്തോടെ അയാള്‍ പറഞ്ഞു.

മാളവിക മാലയില്‍ ലോക്കറ്റിനു പകരം തൂക്കിയിരുന്ന ഒരുണ്ണികൃഷ്ണന്‍ ഒറ്റച്ചാട്ടത്തിനു അവളുടെ കയ്യിലെത്തി.
"എന്നോടു ക്ഷമിക്കൂ, ഞാന്‍ ഇന്നു രാവിലേ അഞ്ചു മണിക്കാണ്‌ ഇവിടെ എത്തിയത്. ഇത്രയും നേരം കൊണ്ട്.."

"താല്‍ക്കാലികം എന്നാണ്‌ അവള്‍ പറഞ്ഞത് കാസ്പര്‍, പ്രതിവിധി എന്നല്ല. എന്താ ഹാര്‍‌വെസ്റ്റിന്റെ പ്രശ്നം തീരുന്നതുവരെയുള്ള ഡാറ്റ നിങ്ങള്‍ക്ക് വേണമെന്നില്ലേ? അത് പിന്നെ എങ്ങനെ ചെയ്യണം, മറ്റെന്തെങ്കിലും പോം വഴി തോന്നുന്നുണ്ടോ?" അലിസ്റ്റെയര്‍ ഒച്ചയുയര്‍ത്തി പറഞ്ഞു.

"കാര്യങ്ങള്‍ ഇങ്ങനെയായതില്‍ അതൃപ്തിയുണ്ട്... " ഞാന്‍ മാളവികയെ നോക്കി " പക്ഷേ നിങ്ങള്‍ കുറ്റക്കാരിയെന്ന് ആരോപിക്കുന്നില്ല."

കാസ്പര്‍ ശാസനയുള്ളശ ഒരൊളിനോട്ടം എന്റെ നേര്‍ക്കെറിഞ്ഞു.
"ആന്റണി പറഞ്ഞത് ശരിയാണ്‌, ആരെയും വ്യക്തിപരമായി കുറ്റക്കാരാക്കുന്നില്ല ഞങ്ങള്‍, പക്ഷേ പ്രസ്ഥാനമെന്ന് നിലയ്ക്ക് നിങ്ങളെ എല്ലാവരെയും അടച്ച് കുറ്റക്കാരാക്കുന്നു താനും."
അവളുടെ കൃഷ്ണന്‍ ഗോവര്‍ദ്ധനത്തിന്റെ താഴ്വാരത്തേക്കു തിരിച്ചു പോയി.

രണ്ടു വളയിട്ടിട്ടുണ്ട്, ഒരു ചാരിറ്റി റിസ്റ്റ് ബാന്‍ഡുമുണ്ട് , ഡീപ്പ് പര്‍പ്പിള്‍ നിറമുള്ള ബാന്‍ഡ് ഏതു ചാരിറ്റിയാണോ. മേക്കപ്പൊന്നുമില്ല, കൈത്തണ്ടയിലെ രോമങ്ങളൊന്നും വാക്സ് ചെയ്തിട്ടില്ല. ഇത്തിരി ദിവസം കൂടി കഴിഞ്ഞ് ഞാന്‍ മുതിര്‍ന്ന ആളായിക്കോളാം എന്നു പറയുമ്പോലെ. ഉണ്ണിമുലച്ചീ, നിനക്കൊരു സ്കര്‍ട്ടും ജാക്കറ്റും ഇട്ടുകൂടായിരുന്നോ.


"അടുത്ത വെള്ളിയാഴ്ച കാണുമ്പോഴേക്ക് പ്രധാന പ്രശ്നങ്ങളെങ്കിലും പരിഹരിച്ചേ മതിയാവൂ" കാസ്പര്‍ എനിക്കു കാക്കാതെ പുറത്തേക്കു നടന്നു. പക്ഷേ കോഫീ ഷോപ്പ് എത്തിയപ്പോള്‍ ഞാനൊപ്പമെത്താന്‍ നിന്നു.

"ഓരോ കാപ്പി കുടിച്ചു പോകാം. മറ്റു കടകള്‍ ഇപ്പോള്‍ തുറക്കില്ല, റമദാന്‍ കാലമല്ലേ."
ഞാനൊന്നും പറഞ്ഞില്ല.
"അടുത്താഴ്ചയെങ്കിലും ഇത് എവിടെയെങ്കിലും എത്തിയില്ലെങ്കില്‍... എനിക്ക് മടുത്തു"
വശത്ത് ഭംഗിയുള്ള പ്രാഡ ഷര്‍ട്ടുകള്‍ തൂക്കിയ കട.
"ശരിയാണ്‌."
"എന്തു ശരിയാണെന്ന് ആന്റണീ?"
"എന്ത്?"
"നിന്റെ മകനു സുഖമല്ലേ?"
"അതേ."
"നേരത്തേ ചോദിക്കണമെന്നു കരുതിയതാണ്. ആന്റണീ, നീ എന്തേ വിവാഹ മോതിരം ഇടാത്തത്? ഒഴിഞ്ഞ വിരലുകള്‍ കാണുമ്പോ നിനക്കെന്തോ കുറവുള്ളതുപോലെ തോന്നും."
എത്ര കൃത്യമായി ഇയാള്‍ മനസ്സു വായിക്കുന്നു. വലിയ ബഹുമാനം തോന്നി, കുറച്ച് അസൂയയും.

"മോതിരം? അതിട്ടാല്‍ ടൈപ്പ് ചെയ്യാന്‍ വിഷമം."
"അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് അടുത്താഴ്ചയുള്ള മീറ്റിംഗില്‍?"

"അടുത്താഴ്ച നിനക്കൊപ്പം ഈ മാരണം മീറ്റിംഗിനു ദര്‍‌വീശ് വന്നാല്‍ പോരേ? എനിക്കു നാലാം ക്വാര്‍ട്ടര്‍ പ്രൊജക്ഷന്‍ കൊടുക്കണം."
"ശരി. ദര്‍വീശിനെ അയച്ചാല്‍ മതി."