Sunday, October 5, 2008

സാറിന്റെ കുതിര, ക്യാപ്റ്റന്റെ കഴുത

(പട്ടയടിയുടെ പഞ്ച "പ"കള്‍ പരമാവധി പാലിക്കാറുണ്ട് ഞാന്‍. ഈ അവധിക്കും സംഗതി കഴിച്ചത് പകലല്ലായിരുന്നു, പലതല്ലായിരുന്നു, പലരില്ലായിരുന്നു, പതറിയുമില്ലായിരുന്നു. പക്ഷേ പറയാന്‍ പോകുന്നു. ചെറുതെറ്റുകള്‍ വല്ലപ്പോഴും വരുത്താമല്ലോ.)

ചീയേര്‍സ്!
എന്നും ചീയറായിരിക്കട്ടെ. ക്യാപ്റ്റന്‍ വലിയ ഉത്സാഹത്തിലാണല്ലോ.
അന്തപ്പായീ, ഒരു വലിയ ദുരൂഹത ഞാങ്ങ് ഒടുക്കം പരിഹരിച്ചെടേ.

അതെന്തര്‌?
എന്റെ സ്റ്റുഡന്റ്സില്‍ ഒരു കൊച്ചു ചെല്ലനുണ്ട്. ലവങ്ങ് എന്റെ കൂടെ ഡ്യൂവല്‍ പറക്കുമ്പോ കൊണ്ട് കിറുകൃത്യമായി സ്മൂത്തായി ലാന്‍ഡ് ചെയ്യും. പക്ഷേ ഓനെ സോളോ പറക്കാന്‍ വിട്ടാല്‍ വന്ന് നിലത്ത് പഠേന്ന് ഇടിച്ച് പെടലി ഉളുക്കി എറങ്ങി വരും. ഓന്‍ തറേ ഇടിച്ചിടിച്ച് ലാന്‍ഡിങ്ങ് ഗീയറില്‍ ക്രാക്ക് വീണെന്നേ. എന്നാ എന്റെ കൂടെ വരുമ്പ പുള്ളി ക്ലീന്‍.

ഇതാരുന്നോ? ടേ, പൊടിയനല്ലേ, ഇത്തിപ്പോരം പോന്ന വിമാനമല്ലേ, ആകാശമല്ലേ, ഒറ്റയ്ക്ക് പെയ്യൂടുമ്പോ അവനു ടെന്‍ഷന്‍ വരുന്നതായിരിക്കും. കൂടെ ഇന്‍സ്റ്റ്റക്ടറുള്ളപ്പോ നല്ല ധൈര്യം കിട്ടും. കമ്പും കൊളിയും ഓരോന്ന് നിങ്ങടെ കയ്യിലും ഇരിപ്പോണ്ടല്ല്, ലവനു തെറ്റിയാലും.

ടെന്‍ഷനല്ലെടേ. ബ്രീഫിങ്ങും ഡീബ്രീഫിങ്ങും നടത്തുമ്പോ ടെന്‍ഷനൊണ്ടോന്ന് നോക്കാറുണ്ട് ഞാന്‍. സോളോ സമയത്തും മച്ചൂനു യാതൊരു റ്റെന്‍ഷനുമില്ല, കണ്‍ഫ്യൂഷനുമില്ല, അപ്പ്രിഹെന്‍ഷനില്ല, അപ്പിയിടാന്‍ മുട്ടാറുമില്ല.

പിന്നെന്തരു പറ്റണത്?
അത് ഞാനും ആഴ്ച്ചകള്‍ ഞാനും തല പുണ്ണാക്കി. ഒടുക്കം ഒരു ദിവസം ഞാന്‍ ലവന്റെ കൂടെ കയറി ഒരു ദിവസം ലാന്‍ഡിങ്ങ് സമയത്ത് അവനെയോ പാനലിലോ നോക്കാതെ ചത്ത കണക്ക് സൈഡ് വിന്‍ഡോയിലേക്ക് ചെരിഞ്ഞു നോക്കി ഒറ്റ ഇരിപ്പിരുന്നു. ചെല്ലന്‍ നേരേ അപ്പ്രോച്ച് ചെയ്തു, ഡിസന്‍ഡ് ചെയ്തു, ടപ്പോ ഒറ്റ കുത്ത് നിലത്ത്, പണ്ടം വായി വന്ന്.

അങ്ങനെ ആ പ്രശ്നത്തിനു പരിഹാരമായി അല്ലീ?
തന്നെ. ഞാന്‍ വര്‍ഷങ്ങളായി എന്നും ഈ പണി ചെയ്യുവല്ലീ. റ്റച്ച് ചെയ്യുന്ന സമയം ആകുമ്പോ അറിയാതെ നടു നിവര്‍ക്കുകയും മുന്നോട്ട് ആയുകയും ചെയ്തു പോകും. സ്വബോധമില്ലാത്ത ഈ കാപെറുക്കി പയലിന്റെ അബോധമനസ്സിലെ ഇക്വേഷന്‍ ടച്ച് ഡൗണ്‍ മൊമന്റ് = ക്യാപ്റ്റന്‍ നടു നിവര്‍ത്ത് എയര് പിടിക്കണ സമയം എന്ന് ആയിപ്പോയി, ഏത്? അപ്പ ഞാനില്ലാതെ ലാന്‍ഡുമ്പ പുല്ലനു
ഇന്‍സ്ട്രമെന്റ് പാനല്‍ ഇല്ലാത്ത എഫക്റ്റാ.


ഹ ഹ. ക്ലെവര്‍ ഹാന്‍സ് ഇഫക്റ്റിനു പറ്റിയൊരു ഉദാഹരണമാണല്ലോ ഈ പയലിന്റെ കഥ.
അതെന്തരു ക്ലെവര്‍ ഹാന്‍ഡ്സ്?

ഹാന്‍ഡ്സല്ലെടേ, ക്ലെവര്‍ ഹാന്‍സ്. പണ്ടത്തെ ജെര്‍മനിയിലെ ഒരു ഗണിതാദ്ധ്യാപകന്റെ കുതിര ആയിരുന്നു അത്. അവന്‍ കണക്കു കൂട്ടുകയും വാക്കുകള്‍ സ്പെല്‍ ചെയ്യുകയും ഒക്കെ തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് മഹാത്ഭുതമായി.

അതായത് ഈ ചിമ്പന്‍സി ഒക്കെ ചെയ്യുമ്പോലെ മൂന്നു പന്ത് എടുക്കൂ എന്നു പറഞ്ഞാല്‍ അത് മൂന്ന് എണ്ണി കൊണ്ടുവരുന്നതുപോലെ?
അമ്മാതിരി കൂതറക്കണക്കല്ല. "ക്ലെവര്‍ ഹാന്‍സ്, ഒമ്പതിന്റെ സ്ക്വയര്‍ റൂട്ട് എത്രയാണ്‌?" എന്നു ചോദിച്ചാല്‍ അവന്‍ മൂന്നു തവണ കുളമ്പ് നിലത്തടിക്കും. പതിനാറിനെ എട്ടുകൊണ്ട് ഹരിച്ചാലോ എന്നു ചോദിച്ചാല്‍ രണ്ടു തവണ അടിക്കും. ഇന്ന്, തിങ്കളാഴ്ച ആഗസ്റ്റ് മുപ്പത്തൊന്നാണെങ്കില്‍ വരുന്ന ബുധന്‍ എത്രാം തീയതി ചോദിച്ചാലും കൃത്യമായി രണ്ടടിക്കും.

ഓ അങ്ങനെ മൂന്നു നാലു ശബ്ദങ്ങള്‍ കാണാപ്പാഠം പഠിച്ചതാവും കുതിര.
അല്ലെടേ, കാണികള്‍ നൂറുകണക്കിനു ചോദ്യങ്ങള്‍ മാറ്റി മാറ്റി ചോദിക്കും, ക്ലെവര്‍ ഹാന്‍സിനു തെറ്റു പറ്റില്ല.

അത്രയും ബുദ്ധിയുള്ള ഒരു ജന്തുവും ഭൂമുഖത്തില്ല, വരുന്ന സഹസ്രാബ്ദങ്ങളിലൊന്നും ഉണ്ടാകുകയുമില്ല.
അപ്പോ പിന്നെ ഹാന്‍സ് ചെയ്യുന്നതോ? അതിലൊരു ചതിയുമില്ലെന്ന് എല്ലായിടത്തും കാണികള്‍ സമ്മതിച്ചതല്ലേ?

അതെങ്ങനെ പറ്റുന്നു അതിന്‌? ശരിക്കും അത്തരം ബുദ്ധി മനുഷ്യനു മാത്രമല്ലേയുള്ളു?
ജര്‍മ്മനിയിലെ വിദ്യാഭ്യാസവകുപ്പ് ഈ അത്ഭുതം പഠിക്കാന്‍ ഒരു പതിമ്മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ പഠനം നടത്തി "ഹാന്‍സിന്റെ പ്രകടനം തട്ടിപ്പോ ചതിയോ അല്ല, ശരിക്കും അവന്‍ ഉത്തരം പറയുകയാണ്‌" എന്ന് റിപ്പോര്‍ട്ട് എഴുതി.

തള്ളേ!
റിപ്പോര്‍ട്ട് കിട്ടിയത് പ്രമുഖ ജെര്‍മ്മന്‍ മനശാസ്ത്രജ്ഞന്‍ ഓസ്കര്‍ ഫൂങ്സ്തിന്റെ കയ്യില്‍. അദ്ദേഹം കച്ച കെട്ടി.

എന്നിട്ട്?
നാലു തരം ചോദ്യങ്ങള്‍ രീതിയില്‍ അദ്ദേഹം കുതിരയ്ക്കു കണക്കു പരീക്ഷ നടത്തി. അതായത്
കുതിര കാണികളെ കാണാതെ നില്‍ക്കുമ്പോള്‍ ചോദ്യം ചോദിക്കുക.
കുതിരയുടെ ഉടമ അല്ലാത്ത ആള്‍ ചോദിക്കുക
ചോദ്യകര്‍ത്താവിനെ കുതിര കാണാതെ ചോദ്യം മാത്രം കേള്‍പ്പിക്കുക
ചോദ്യകര്‍ത്താവിനു ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ എഴുതി കൊടുത്ത് ചോദിപ്പിക്കുക.

എന്നിട്ട്?
ഉടമ ചോദിക്കണമെന്നില്ല, ആരു ചോദിച്ചാലും കുതിര ശരിയുത്തരം പറയും. പക്ഷേ കാണികള്‍ ചുറ്റും കൂടി നിന്നാല്‍ കുതിര കൃത്യമായി ഉത്തരം പറയും. മിനിമം ചോദ്യകര്‍ത്താവിനെ എങ്കിലും കണ്ടുകൊണ്ട് പറയുകയാണെങ്കില്‍ കുറേയേറെ ശരിയാക്കും. പക്ഷേ ചോദ്യകര്‍ത്താവിനെ കുതിര കണ്ടില്ലെങ്കിലോ ചോദിക്കുന്നവര്‍ക്കും കാണികള്‍ക്കും ഉത്തരം അറിയില്ലെങ്കിലോ കുതിര തെറ്റിക്കും.

മനസ്സിലായി. കാണികളുടെ മുഖഭാവത്തില്‍ നിന്നാണു കുതിര ഉത്തരം പറയുന്നത് അല്ലേ?
അതു തന്നെ. ഉത്തരം നാല്‌ എന്നാണെന്നിരിക്കട്ടേ, കുതിര മൂന്നു തവണ കുളമ്പ് നിലത്തു കൊട്ടുമ്പോള്‍ കാണികള്‍ ആവേശഭരിതരാകും. നാലാമത് കൊട്ടുന്നതോടെ ശരിയുത്തരം എന്ന ഭാവം അവര്‍ കാണിക്കും, അതോടെ കുതിര കുളമ്പടിയും നിര്‍ത്തും, ഏത്?

അപ്പ അതാണ്‌ ക്ലെവര്‍ ഹാന്‍സ് ഇഫക്റ്റ്.
തന്നെ. ഡബിള്‍ ബ്ലൈന്‍ഡ് , റാന്‍ഡം കണ്ട്റോള്‍ തുടങ്ങിയ പലവിദ്യകള്‍ കൊണ്ടും പരീക്ഷിതന്‍ പരീക്ഷകന്റെ മനസ്സിലുള്ള ഉത്തരം തിരഞ്ഞെടുക്കാതിരിക്കാനുള്ള വിദ്യകള്‍ ഗവേഷകര്‍ ആവിഷ്കരിക്കാന്‍ ഒരു തുടക്കമായത് ഫൂങ്സ്റ്റ് ഉരുത്തിരിച്ച ക്ലെവര്‍ ഹാന്‍സ് ഇഫക്റ്റ് കാരണമായി.

കൊള്ളാം, കണക്കു സാറിന്റെ കുതിരയെ നേരത്തേ അറിയുമെങ്കില്‍ ഞാന്‍ എന്റെ മരങ്ങോടന്‍ സ്റ്റുഡന്റിന്റെ പ്രശ്നം ഇത്ര തല പൊകയ്ക്കാതെ കണ്ടുപിടിച്ചേനെ.
അദ്ധ്യാപകര്‍ ഇതിലും അവശ്യം അറിയണ്ടത് പിഗ്മാലിയോണ്‍ ഇഫക്റ്റ് ആണെടേ.

അതൊള്ളത്.
ചെക്ക് പ്ലീസ്!

9 comments:

ajeeshmathew karukayil said...

very interesting.

R. said...

:-)

അണ്ണന്‍ പിന്നേം ഫോമിലായി.

Siju | സിജു said...

ഇവിടെയായിരുന്നെങ്കില്‍ കുതിരയെ ദൈവമാക്കിയേനേ :-)

Babu Kalyanam said...

:-)

ക്ലെവര്‍ ഹാന്‍സിന്റെ വിക്കി ലിങ്ക് കൂടി കൊടുക്കായിരുന്നു.

ജയരാജന്‍ said...

അന്തോണിച്ചൻ ‘ബാക്ക് റ്റു ഫോം’ :) പിഗ്മാലിയോണ്‍ ഇഫക്റ്റ് ലിങ്ക് കൂടെ കൊടുക്കാമായിരുന്നു

അനോണി ആന്റണി said...

രണ്ടു ലിങ്കിനും നന്ദി. ഞാന്‍ പോസ്റ്റുകള്‍ ഈ-മെയില്‍ ആയി ബ്ലോഗിലേക്കയക്കുകയാണു പതിവ്. ഫോര്‍മാറ്റിങ്ങും ലിങ്കിങ്ങും അങ്ങനെ ചെയ്യുമ്പോള്‍ വരുന്നില്ല (എന്തെങ്കിലും സൂത്രം അറിയാവുന്നവര്‍ പറഞ്ഞു തരുമോ?)

Suraj said...

അന്തപ്പന്‍ ചേട്ടോ...ഹാന്‍സീന്ന് പിഗ്മാലിയനില്‍ എത്തിച്ചത് റൊമ്പ പുടിച്ചാച്ച്.

ജേയ്ന്‍ ചേച്ചീടെ പൊറകേ പോയാ ഒരു പൊളിറ്റിക്കല്‍ പോസ്റ്റിനു സ്കോപ്പുണ്ട്... നോക്കുന്നോ ;)

അനോണി ആന്റണി said...

ജെയിന്‍ ഗുഡാള്‍ ചേച്ചി ആണോ? അവരുടെ പിറകേ മരഞ്ചാടി ചാടി പോകുന്നോ എന്ന്!

എന്നെ കൊരങ്ങാന്നു വിളിച്ചതാണല്ലേ, മനസ്സിലായി!

aneel kumar said...

അനോണി ആന്റണി said...

രണ്ടു ലിങ്കിനും നന്ദി. ഞാന്‍ പോസ്റ്റുകള്‍ ഈ-മെയില്‍ ആയി ബ്ലോഗിലേക്കയക്കുകയാണു പതിവ്. ഫോര്‍മാറ്റിങ്ങും ലിങ്കിങ്ങും അങ്ങനെ ചെയ്യുമ്പോള്‍ വരുന്നില്ല (എന്തെങ്കിലും സൂത്രം അറിയാവുന്നവര്‍ പറഞ്ഞു തരുമോ?)
===========
http://help.blogger.com/bin/answer.py?answer=42466