Monday, August 18, 2008

ഇതെന്തു നീതി ഇതെന്തു ന്യായം...

മോഹന്‍ തോമസിന്റെ ഉച്ഛിഷ്ടവും അമേദ്ധ്യവും... എന്ന രീതിയിലുള്ള പ്രകടനങ്ങള്‍ സിനിമയില്‍ വരാം. പരമാവധി ഒരു പോലീസുകാരനു പറയാം, ക്രമസമാധാനവും ബലപ്രയോഗവും തെറിവിളിയും മര്‍ദ്ദനവും കുറേയെങ്കിലും കൂടിക്കലര്‍ന്നു പോകാറുണ്ട്. പക്ഷേ ഒരദ്ധ്യാപകന്‍ ഇങ്ങനെ ക്ലാസില്‍ പറഞ്ഞാലോ? പ്രധാനമന്ത്രി സാര്‍ക്ക് ഉച്ചകോടിയില്‍ കയറിപ്പറഞ്ഞാലോ? ചില സ്ഥാനങ്ങള്‍ അതിന്റേതായ മിതത്വം പാലിക്കേണ്ടതുണ്ട്. എനിക്കു നിങ്ങളെ വാടാ മച്ചാ എന്നു വിളിക്കാം, ബുഷ് "ഹലോ ടോണി" എന്നു വിളിച്ചാല്‍ അത് വിമര്‍ശിക്കപ്പെടും.


ഒരു ന്യായപാലകന്‍ (ന്യായാധിപന്‍ പൊതുജനം എന്ന കഴുത തന്നെ, പേരിലെങ്കിലും ജനാധിപത്യമുണ്ടല്ലോ) പറഞ്ഞത് "രാജാവിനെക്കാളും വലിയ രാജഭക്തി.... നിങ്ങളെപ്പോലെയുള്ള സിവില്‍ സേര്വന്റുകളാണ്‌ രാഷ്ട്രത്തിന്റെ ശാപം.." എന്നാ ഡയലോഗ~. ഇതു കേട്ടു നിന്ന സര്‍ക്കാര്‍ ജോലിക്കാരി ഡോക്റ്റര്‍ നിവേദിത ഹരനു ബോധോദയമുണ്ടായിക്കാണും.

അല്ല എന്തിനാണീ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നമ്മള്‍ ശമ്പളം കൊടുത്തു പോറ്റുന്നത്? സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കാന്‍. സര്‍ക്കാര്‍ ഇനി ജനത്തെ വഞ്ചിക്കുകയാണെങ്കില്‍ ഒരു വിസില്‍ ബ്ലോവറായി ശ്രീമതി ഹരനു കോടതിയെയോ മറ്റോ സമീപിക്കാന്‍ ഒരു ജീവനക്കാരിയെന്ന നിലയില്‍ അവകാശമുണ്ട്.


ഇക്കണ്ട തെറിയെല്ലാം ന്യായപാലകക്കസേരയില്‍ നമ്മള്‍ നികുതിദായകര്‍ കൂടി കയറ്റി ഇരുത്തിയ അഡ്വക്കേറ്റ് മയ്യനാട് സിരിജഗന്‍ ഈ സ്ത്രീയെ വിളിക്കാന്‍ കാരണം എന്തെന്ന് ആരാഞ്ഞു നോക്കി. ഒന്നുമില്ലെങ്കിലും രണ്ടും നമ്മള്‍ അരിവാങ്ങിക്കുമ്പോഴും മരുന്നു വാങ്ങുമ്പോഴും സ്മാള്‍ അടിക്കുമ്പോഴും സര്‍ക്കാരില്‍ കെട്ടുന്ന ചുങ്കത്തില്‍ നിന്നും ശമ്പളം വാങ്ങിക്കുന്ന തൊഴിലാളികളല്ലേ.

തിരുവന്തോരം ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഉടനടി നടപ്പാക്കിയതാണ്‌ ഇവര്‍ ചെയ്ത പാപം. അവധി ദിവസം കോടതി കൂടി ഗോള്‍ഫ് ക്ലബ് തിരിച്ചു കൊടുക്കാന്‍ ഉത്തരവ് ഇറക്കിയതുമാണ്‌. മാറാടു കേസും അഭയക്കേസും എന്‍ എന്‍ സി ലാവ്‌ലിന്‍ കേസും പരിഗണിക്കാന്‍ പോലും ഞായറാഴ്ച കൂടാത്ത കോടതി ഇങ്ങനെ ചെയ്യണമെങ്കില്‍ ഈ ഗോള്‍ഫ് ക്ലബ് റേഷന്‍‌കടയോ മെഡിക്കല്‍ കോളേജോ പോലെയല്ല, ജനത്തിന്റെ പ്രാണവായു തന്നെ ആയിരിക്കണം.

നാട്ടില്‍ ഞാനുള്ളപ്പോള്‍ പരിചയക്കാരില്‍ ചിലര്‍ ഗോള്‍ഫ് ക്ലബ്ബില്‍ എന്നെ വിളിച്ചുകൊണ്ട് പോകാറുണ്ട്. ഞാന്‍ ഗോള്‍ഫ് കളിക്കാരനല്ല, വിളിച്ചുകൊണ്ട് പോകുന്ന അംഗങ്ങളും ഗോള്‍ഫിന്‍‍‌കോല്‍ ജീവിതത്തിലിന്നേവരെ കൈകൊണ്ട് തൊട്ടിട്ടില്ല. ഉന്നതരായ, മാന്യരായ സഹകുടിയന്മാര്‍ക്കൊപ്പം ഇരുന്ന് മദ്യപിക്കാനും ഒടുക്കം സഫാരിയും ചോളായും പോലെ സാധാരണക്കാര്‍ അടിച്ചു വാളുവയ്ക്കുന്ന അഞ്ചുമിട്ടുട്ടില്‍ എട്ടു കയ്യാങ്കളി കാണാവുന്ന കോമണ്‍മാന്‍സ് ബാറില്‍ കൊടുക്കുന്നതിനെക്കാള്‍ ചെറിയ ഒരു ബില്‍ മാത്രം കൊടുത്ത് ഇറങ്ങിപ്പോരാവുന്ന ഒരു സ്ഥലം. കയ്യില്‍ നാലു ചക്രം ഇരിപ്പുണ്ടെങ്കില്‍ ശ്രീമൂലം ക്ലബ്ബും ലയണ്‍സും അംഗത്വം തരും, പക്ഷേ ഗോള്‍ഫ് ക്ലബ്ബില്‍ കിട്ടണമെങ്കില്‍ പേഴ്സിന്റെ കനം മാത്രം കാണിച്ചാല്‍ പോരാ, അധികാരത്തിന്റെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നും തെളിയിക്കണം, അത്തരം വന്‍ സ്രാവുകള്‍ മാത്രമേ അവിടെ കയറിപറ്റൂ.

അപ്പോ ഇവിടെ ഗോള്‍ഫുകളിയില്ലേ? പിന്നില്ലേ, ആണ്ടറുതിക്കും സംക്രാന്തിക്കും ടെക്നോപ്പാര്‍ക്കില്‍ കരാറൊപ്പിടാന്‍ വന്ന കൂട്ടത്തില്‍ എന്നാലൊരു കളീം നടക്കട്ടെ എന്നു കരുതി വരുന്ന അപൂര്വ്വം ചില ജപ്പാന്‍‌കാര്‍, അതിലും അപൂര്വമ്വമായി ചില യൂറോപ്പുകാര്‍. സ്ഥിരം കളിക്കാരായ പത്തുപേരെപ്പോലും ഗോള്‍ഫ് ക്ലബ്ബിനു അവകാശപ്പെടാനില്ല. നിയമവും നീതിയും ന്യായവും എല്ലായ്പ്പോഴും ഒന്നാകില്ല, പക്ഷേ കടകവിരുദ്ധമാകാന്‍ പാടില്ല. ഗോള്‍ഫ് ക്ലബ് സര്‍ക്കാരിന്റേതാണ്‌. അത് നടത്താന്‍ ആര്‍ക്കും വാടകയ്ക്കു നല്‍കിയിട്ടില്ലാത്തതിനാല്‍ തിരുച്ചു പിടിക്കാനുമാവില്ല എന്നത് നിയമത്തെ വ്യാഖ്യാനിച്ചുവരുമ്പോള്‍ പറ്റുന്ന ഒരു ചെറിയ പിശകാണ്‌. എന്റെ അതിഥിയായി വീട്ടില്‍ താമസിക്കുന്നവനോട് ഇറങ്ങിപ്പോകാന്‍ പറയുമ്പോള്‍ അവനു വാടകച്ചീട്ടില്ല അതിനാല്‍ ഒഴിപ്പിക്കാനുമാവില്ല എന്നു പറയുമ്പോലെ ഒന്ന്.


യാതൊരുവിധ സമൂഹ്യപ്രാധാന്യവുമില്ലാത്ത കേസാണിത്,ടര്‍ഫ് നനയ്ക്കാന്‍ ദൈനം ദിനം അടിച്ചു വിടുന്ന പതിനായിരക്കണക്കിനു ലിറ്റര്‍ വെള്ളം കിള്ളിയാറ്റിലേക്കടിച്ചാല്‍ നഗരത്തിലെ നാറ്റവും കൊതുകും കുറയുമെന്ന് മാത്രമേ ഭൂരിപക്ഷം തിരുവനന്തപുരം നിവാസികളും നിരീക്ഷിക്കുന്നുള്ളു. (കോടതിക്കറിയുമോ എന്തോ, തിരുവനന്തപുരത്തിനു കുടിവെള്ളം കൊടുത്ത് ദാഹമകറ്റാന്‍ അരുവിക്കരയിലെ ഉറവിടം തികയാതെ വന്നിരിക്കുന്നു.)പറയുന്ന പണി ചെയ്യാന്‍ കൂലികെടുത്ത സ്ത്രീയുടെ കര്‍മ്മബോധത്തെ മനസ്സു നിറയെ ഭള്ളുവിളിക്കാന്‍ അവരുടെ കാരണം കാണിക്കല്‍ നോട്ടീസും അവഗണിച്ച് വിളച്ചുവരുത്തിയ ന്യായം നടത്തിപ്പുകാരാ, ഞാന്‍ എന്തിനാണ്‌ അങ്ങേക്കു ശമ്പളം തരുന്നത്?

അതേ ദിവസം തന്നെ "ഇനിയൊരു സൂര്യനെല്ലിയും കവിയൂരും ആവര്‍ത്തിക്കാന്‍ പാടില്ല" എന്ന് പോലീസിനോട് കോടതി ഉത്തരവിട്ടത്രേ. പോലീസ് ഏറ്റവും വിശദമായി അന്വേഷിച്ച് ഏറ്റവും കാര്യക്ഷമതയോടെ കോടതിസമക്ഷം എത്തിച്ച അപൂര്വ്വം കേസുകളില്‍ ഒന്നാണ്‌ സൂര്യനെല്ലി. സാധാരണക്കാരന്‍ ജൂറിയായാല്‍ ഇത്രയും വിശദമായ ഒരു റിപ്പോര്‍ട്ടിന്റെ ആവശ്യം പോലും ഇല്ല്. നിരവധി ആളുകള്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുത്തിയ കുട്ടിക്ക് പതിന്നാലു വയസ്സേ ഉണ്ടായിരുന്നുള്ളു, അവളോട് ബന്ധപ്പെട്ടവര്‍ ആരെന്ന് രാസപരിശോധനയില്‍ വ്യക്തവുമായി. ബാലികമാരെ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പേറ്റുത്തുന്നത് ബലാത്സംഗമാണെന്ന് നിയമമുണ്ട്. ആരെ ശിക്ഷിച്ചു കോടതി? ഇതുവരെ ഏതെങ്കിലും ബാലികാപീഡന അപവാദത്തില്‍ ശിക്ഷ നടപ്പാക്കിയിട്ടുണ്ടോ? പീഡനങ്ങള്‍ പെരുകുന്നതില്‍ പോലീസിനാക്ഷേപിക്കാതെ സ്വയം ശിക്ഷിക്കാന്‍ തയ്യാറുണ്ടോ? തട്ടുപൊളിപ്പന്‍ വാചകം ഇറക്കാനാണെങ്കില്‍ ഞങ്ങള്‍ക്ക് സുരേഷ് ഗോപി തന്നെ ധാരാളം മതി, ഒരു ന്യായപാലകന്റെ ആവശ്യമില്ല.

10 comments:

വിശാഖ് ശങ്കര്‍ said...

അടിമുടി അഴിമതിയില്‍ മുങ്ങിയ ഒരു സമൂഹത്തില്‍ ജുഡീഷ്യറി മാത്രം അതിനൊരു അപവാദമായി നിലനില്‍ക്കുമെന്നും, നാലാളൊരുമിച്ച് പൂരം കാണാന്‍ പോകരുതെന്നും, പോകുന്ന വഴിയ്ക്കൊരു ബാറില്‍ കേറി സ്മാളടിക്കരുതെന്നുമുള്ള ചില്ലറ വിലക്കുകള്‍ വച്ചാല്‍ ന്യായാധിപന്മാരെ അഴിമതികറ പുരളാതെ രക്ഷിച്ചെടുക്കാമെന്നുമൊക്കെ നമ്മള്‍ വിശ്വസിച്ചേ പറ്റു.

നാലാളറിയുന്നവനാണ് ഞാനെങ്കില്‍ ഈ ഒരു കമന്റ് മതി നാളെ കോടതി അലക്ഷ്യത്തില്‍ തൂങ്ങാന്‍,
അല്ലാത്തതു കുഞ്ഞുകുട്ടി പരാധീനങ്ങളുടെ ഭാഗ്യം..:)

അനംഗാരി said...

നമ്മുടെ കോടതികള്‍ക്ക് മന:സാക്ഷിയില്ല.നീതി നിയമ വിധേയമായി നടപ്പാക്കണം എന്ന് മാത്രമാണ് ചിന്ത.അതിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന മന:സാക്ഷി ഒന്നുണ്ട്.അത് കോടതി കാണിക്കാറില്ല. കാണിക്കാന്‍ പാടില്ല എന്നത്രെ അലിഖിത നിയമം.
ഏതെങ്കിലും ജഡ്ജി ഇനി കവിയൂരും,സൂര്യനെല്ലിയും ആവര്‍ത്തിക്കരുതെന്ന് പോലീസിനോട്പറഞ്ഞാല്‍ ചിരിക്കാതെ എന്തു ചെയ്യും?പറയുന്നത് കേട്ടാല്‍ തോന്നും പോലീസാണ് ഇതൊക്കെ ചെയ്തതെന്ന്!

ഓ:ടോ: അനോണീ,സിരിജഗനാരാണ്? അറിയാമോ? അദ്ദേഹം ഹൈക്കോടതിയില്‍ ഏത് അഭിഭാഷകന്റെ ജൂനിയറായിരുന്നു?ജഡ്ജിയാകാനുള്ള യോഗ്യത എന്തായിരുന്നു?
നമ്മുടെ ജഡ്ജിമാരാരും പരീക്ഷപാസായിട്ടല്ല ജഡ്ജിയാകുന്നത്. അതൊരു രാഷ്ട്രീയ നിയമനമാണ്.പല ജഡ്ജിമാരും ചില ഞായറാഴ്ച വക്കീലിനെക്കാള്‍ കഷ്ടമാണ്.എറണാകുളത്തൊരു പരദേശി ത്യാഗരാജന്‍ ഉണ്ടായിരുന്നു.അങ്ങിനെ എത്ര പേര്‍?...

കണ്ണൂസ്‌ said...

ആരോടോ പക തീര്‍ക്കുന്നതു പോലെയാണ് ജ: സിരിജഗന്റെ പല വിധിന്യാ‍യങ്ങളും. കോടതിക്ക് മനസാക്ഷി നഷ്ടപ്പെടുന്നതിനെപ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.

http://kaaryavichaaram.blogspot.com/2008/08/blog-post.html

സിരിജഗന്റെ പല വിധികളും സുപ്രീം കോടതിയും, ഡിവിഷന്‍ ബെഞ്ചുകളും ദിവസങ്ങള്‍ക്കുള്ളില്‍ തിരുത്തിയിട്ടുമുണ്ട്.

Radheyan said...

ഇതേ വിഷയത്തില്‍ ദത്തന്റെ പോസ്റ്റില്‍ ഇട്ട കമന്റ്:

സിരിജഗന്‍ എന്ന ജഡ്ജി ഈ സര്‍ക്കാറിന് അനുകൂലമായി ഒരു വിധിയെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൂന്നത് നന്നായിരിക്കും.

ഇങ്ങനെ വാക്കാല്‍ ഉത്തരവ് നല്‍കുന്ന പതിവ് ഇതിനു മുന്‍പ് ഉണ്ടയിട്ടുണ്ടോ?

ഒരു സിസ്റ്റത്തിന്റെ ഭാഗമാണ് തങ്ങളെന്ന് ഒരിക്കലും അംഗീകരിക്കാത്ത ഇത്തരം ലോര്‍ഡ്‌ഷിപ്പുകള്‍ ബ്രിട്ടീഷ് വ്യവസ്ഥിതിയുടെ തിരുശേഷിപ്പുകളാ‍ണ്.നീതിയെ കുറിച്ച് ഇവരുടെ സങ്കല്‍പ്പം തന്നെ സമ്പന്ന പക്ക്ഷപാതിത്വം നിറഞ്ഞതാണ്.സ്വാശ്രയ വിധികളില്‍ നാം അത് കണ്ടു.പലപ്പോഴും ഇവര്‍ നടത്തുന്ന വിചാരണവേളയിലെ പരാമര്‍ശങ്ങള്‍ ഇവരുടെ ഉള്ളിലെ ദുഷിപ്പ് പുറത്ത് കൊണ്ടുവരുന്നതാണ്.

അടുത്ത് പരിശോധിച്ചാല്‍ അറിയാം ഇന്ത്യന്‍ ജുഡീഷ്യറി മറ്റു രണ്ട് വിഭാഗങ്ങളെ പോലെ തന്നെയോ അതിലേറേയോ കറപ്റ്റാണ്.അതിലേറെ എന്നു പറയാന്‍ കാരണം അവരുടെ അഴിമതി നേരിട്ടുള്ള നീതി നിഷേധത്തിലേക്കാണ് നയിക്കുന്നത്.കോടതി അലക്‍ഷ്യം എന്ന വിരല് കൊണ്ട് തങ്ങളുടെ ഉരല് മോഷണം മറയ്ക്കാന്‍ നോക്കുകയാണവര്‍.ഇടയ്ക്ക് രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിച്ച് കൊണ്ട് ചില ആക്റ്റിവിസ നാടകങ്ങളും.

kaalachakram said...

ചേര്‍ത്തലയിലുള്ള ഒരു ബ്രാഹ്മണ പെണ്‍കുട്ടി എന്റെ ഒരു കസിനുമായി പ്രണയത്തിലായി ഒളിച്ചോടീ വിവാഹം ചെയ്തു.ബ്രാഹ്മണ്യം പേരില്‍ മാത്രവും കൈയ്യിലിരുപ്പ് റ്റിജി രവി കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതുമായ തന്തപ്പടി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു.എന്നിട്ട് പെണ്ണിനെ തട്ടിയെടുക്കാനും ചെറുക്കനെ കൊല്ലാനും ക്വട്ടേഷന്‍ കൊടുത്തു.ഒരു വിധത്തില്‍ ഞങ്ങള്‍ ഇരുവരെയും ഹൈക്കോടതിയില്‍ എത്തിച്ചൂ.

തനിക്ക് 18 വയസ്സായി എന്നും തനിക്ക് ഭര്‍ത്താവിന്റെ കൂടെ പോകണമെന്നും പെണ്ണ്.പെണ്ണിനെ തന്റെ ചേമ്പറില്‍ വിളിച്ച് വരുത്തി അച്ഛന്റെ കൂടെ പോകാന്‍ ജഡ്ജി ആയ നാരായണകുറുപ്പ് സാമ-ദാന ഭേദം എല്ലാം പയറ്റി.ചുരുക്കം പറഞ്ഞാല്‍ ക്വട്ടേഷനെടുത്തത് ജഡ്ജി ആണോ എന്ന് തോന്നി പോയി.

വേണു venu said...

കോടതി അലക്ഷ്യം എന്നൊരു വകുപ്പുണ്ട്....

കണ്ണൂസ്‌ said...

കോടതി അലക്ഷ്യം! ഒലക്ക!

ജയരാജന്‍ said...

നല്ല നിരീക്ഷണം അനോണിച്ചാ! സ്വാശ്രയ കേസുകളിലെ പല വിധികളും എന്നെയും ചിന്തിപ്പിച്ചിരുന്നു.

കുഞ്ഞന്‍ said...

ആനപ്പുറത്തിരിക്കുമ്പോള്‍ നായയുടെ കുരയെ പേടിക്കേണ്ടല്ലൊ പക്ഷെ, ആന വിളറി പിടിച്ചാല്‍..!

ഈ സിരിഗജന്‍, അങ്ങേരുടെ വിധികളില്‍ ഒരു ശരി കാണാന്‍ പറ്റില്ല പകരം ഒരു തരം പകയാണ് കാണുന്നത്

vimathan said...

ശ്രീ സിരിജഗന്‍ എന്ന ജ്ഡ്ജി കൊച്ചിയില്‍ ഒരു കത്തോലിക്കാ സ്കൂളിന്റെ വാര്‍ഷികത്തിന് അദ്ധ്യക്ഷം വഹിച്ചത് നേരില്‍ കണ്ട ഒരാളാണ് ഞാന്‍. മേല്പറഞ്ഞ കതോലിക്കാ സ്കൂള്‍ ഒരു അണ്‍ എയ്ഡഡ് സി ബി എസ് സി സ്കൂള്‍ ആണ്. സ്വാശ്രയ നിയമവുമായോ, കേരളസര്‍ക്കാര്‍ നിയമങളുമായോ യാതൊരു ബന്ധവുമില്ല്ലാത്ത സ്കൂള്‍. എങ്കിലും, പ്രിന്‍സിപ്പാള്‍ അച്ചന്‍ സ്വാഗത പ്രസംഗം തുടങിയപ്പോള്‍ തന്നെ കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങള്‍ക്കെതിരെ സംസാരിക്കുകയും, നമ്മുടെ ബഹുമാന്യ അതിഥി, ജഡ്ജി ശ്രീ സിരി ജഗന്‍ ആ നയങള്‍ക്കെതിരെ വിധി പ്രഖ്യാപിച്ച, നമുക്കൊപ്പം നിന്ന മഹാനായ ഒരു ന്യായാധിപന്‍ ആണെന്ന് വാഴ്ത്തുകയും ചെയ്തു. അതു കൊണ്ടാണ് തങള്‍ ശ്രീ സിരി ജഗനെ തന്നെ ഇന്നത്തെ മുഖ്യാതിഥി ആക്കിയത് എന്ന് തോന്നിപ്പിക്കുന്ന പ്രസംഗം. ഇങനെയൊക്കെ തുറന്ന് പറയുന്നത് അച്ചന്റെ വിവരക്കേട് എന്ന് വിചാരിക്കുമ്പോള്‍ അതാ ശ്രീ സിരിജഗന്റെ മറുപടി പ്രസംഗം. എന്റെ കുടുംബത്തിനും ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂള്‍ ഉണ്ട് എന്നും, അതു കൊണ്ട് സ്വകാര്യ മാനേജ്മെന്റുകള്‍ അനുഭവിക്കുന്ന വിഷമം എനിക്ക് നന്നായി മനസ്സിലാകും എന്നും മറ്റും... പിന്നീട്, ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയുന്ന അഭിഭാഷക സുഹൃത്തിനോട് ഇത് പറഞ്ഞപ്പോള്‍, ഒരു പ്രമുഖ ജാതി സംഘടനയുടെ നോമിനി ആയി വലത് മുന്നണി നിയമിച്ചതാണ് ശ്രീ സിരിജഗനെ എന്നും,സ്വാശ്രയ വിഷയത്തില്‍ മാത്രമല്ലാ, എതു വിഷയത്തിലും തീര്‍ത്തും ജന വിരുദ്ധ ന്യായ വിധികള്‍ക്ക് കുപ്രസിദ്ധനാണ് ഇദ്ദേഹം എന്നും മനസ്സിലായി.