Thursday, November 29, 2007

എക്സ്പെക്റ്റന്‍സി ലൈഫ്സൈക്കിള്‍


ഒരിക്കലും തരില്ലെന്ന് പറഞ്ഞില്ലല്ലോ എന്നാല്‍ ഒരിക്കലും തരുന്നതിന്നൊരുക്കമില്ലേ...
 
 അണ്ണന്‍ എന്തര്‌ രാവിലേ ഒരു ജാതി പാട്ടുകള്‌ പാടണത്?

 വര്‍ഷം ഒന്ന് കഴിഞ്ഞെടേ  മാനേജരു കസേരയിലോട്ട് എന്നെ പൊക്കി ഇരുത്താം എന്നു പറഞ്ഞിട്ട്. ചോദിക്കുമ്പഴെല്ലാം പ്രൊപ്പോസല്‍ റീസ്ട്രച്ച്ചര്‍ കമ്മിറ്റിക്കു പോയി, ബഡ്ജറ്റ് ചെക്കിനു പോയി, ബോര്‍ഡ് അപ്പ്രൂവലിനു പോയി തെക്കോട്ടു പോയി വടക്കോട്ട് പോയെന്ന് പറയുന്നതല്ലാതെ എന്റെ പ്രമോക്ഷന്‍ ഇതുവരെ വന്നില്ല, എന്നാല്‍ ദാ വരുന്നു ഇപ്പ വെരും എന്നൊക്കെ പറയുകേം ചെയ്യുന്നു.

അണ്ണാ ഞാന്‍ ഒന്ന് ഈസോപ്പ് ചമഞ്ഞോട്ടോ, പണ്ട് ഷാപ്പിലു കേട്ട ഒരു കഥ വന്ന് മുട്ടി.
നീ യാത് സോപ്പെങ്കിലും ചമ.

രണ്ട് കഴുതക്കുട്ടികള്‍ വലിയ കൂട്ടുകാര്‍ ആയിരുന്നു. ഉടമസ്ഥന്‍ അവരെ രണ്ടാളിനു വിറ്റപ്പോള്‍ കൂട്ടുകാര്‍ രണ്ടു വഴി പിരിഞ്ഞു പോയി. വളരെക്കാലത്തിനു ശേഷം അവര്‍ തെരുവില്‍ വച്ച് കണ്ടുമുട്ടി. പരസ്പരം വിവരങ്ങളും ക്ഷേമവുമൊക്കെ ആരാഞ്ഞു.

"എന്നെ ഒരു അലക്കുകാരന്‍ ആണു വാങ്ങിയത്.  തുണിയൊക്കെ ചുമന്ന് പുഴയിലും തിരിച്ച് വീട്ടിലും എത്തിക്കണം.   അദ്ധ്വാനമുള്ള പണിയാണ്, എങ്കിലും അലക്കുകാരന്‍ നല്ലവനാ, ഇഷ്ടമ്പോലെ ഭക്ഷണമുണ്ട്. അനാവശ്യത്തിനു തല്ലുകയുമില്ല. ജീവിതം മൊത്തത്തില്‍ സുഖമാണെനിക്ക്." ആദ്യത്തെ കഴുത പറഞ്ഞു.

"എന്റെ കാര്യം മറിച്ചാ. ഒരു പലചരക്കു കടക്കാരന്‍  ആണ്‌ എന്നെ വാങ്ങിയത് ‌. രാവിലേ തുടങ്ങി രാത്രി വരെ ഒരു  നടുവൊടിയുന്ന ഭാരമുള്ള ഉപ്പുചാക്കും അരിയും സാമാനവും ചുമന്ന് പൊരി വെയിലത്ത് നടക്കുകയാണു ഞാന്‍. കുടിക്കാന്‍ വെള്ളം പോലും ശരിക്കു കിട്ടില്ല, കടക്കാരന്‍ അടിക്കുന്ന അടി പോരാഞ്ഞ് വഴിയില്‍ കാണുന്ന പിള്ളേരും അടിക്കുകയും കല്ലെടുത്തെറിയുകയും ചെയ്യുന്നു. ഭക്ഷണമൊന്നും തരുന്നില്ല, ഞാന്‍ സിനിമാ പോസ്റ്റര്‍ തിന്നാണ്‌ വിശപ്പടക്കുന്നത്." രണ്ടാമത്തെ കഴുത പറഞ്ഞു.

" ഹോ എന്തു കഷ്ടം, എടാ നീ  ഇങ്ങനെ നരകിക്കുന്നത്  കേട്ടിട്ട് എനിക്കു സഹിക്കുന്നില്ല, നീ എന്റെ കൂടെ വാ, അലക്കുകോളനിയില്‍ എന്തെങ്കിലും നല്ല പണി കിട്ടും" ക-1

"ഇല്ലളിയാ, എത്ര നരകിച്ചാലും ഞാനവിടെ പിടിച്ചു നില്‍ക്കും, ആ വീട്ടില്‍ നിന്നും ഓടിപ്പോകുന്ന പ്രശ്നമില്ല"

"നിനക്കു ഭ്രാന്തുണ്ടോ വെറുതേ കഷ്ടപ്പെടാന്‍?"

"ഭ്രാന്തൊന്നുമില്ല. എടാ, എല്ലാ ദിവസവും വൈകുന്നേരം ആകുമ്പോള്‍ മൊതലാളി കുടിച്ചിട്ട് വന്ന് ഭാര്യയെ എടുത്തിട്ടു തല്ലും. കുറേ കഴിയുമ്പോള്‍ യജമാനത്തി പറയും 'ഈ വൃത്തികെട്ട  മനുഷ്യനോടൊപ്പം കഴിയുന്നതിലും എത്രയോ ഭേദമായിരിക്കും ആ  കഴുതയോടൊത്ത് ജീവിക്കുന്നത്' എന്ന്.  ഇന്നല്ലെങ്കില്‍ നാളെ അവര്‍  അയാളെ വിട്ട് എന്നെ കല്യാണം കഴിക്കും.  പിന്നെ ഞാന്‍ ആരാ? മുതലാളി!. ആ ഒരു പ്രതീക്ഷയിലാണളിയാ ഞാന്‍ അവിടെ പിടിച്ചു നില്‍ക്കുന്നത്".

അണ്ണന്‍ ഈ കഥ കേട്ട് പ്രമോഷന്‍ കിട്ടത്തില്ലെന്ന് വിചാരിക്കേണ്ട ,  ഞാന്‍ ഒരു തമാശ പറഞ്ഞെന്നേയുള്ളു.
പിന്നെന്തിനാണെടേ ഇതിങ്ങനെ വച്ചു താമസിപ്പിക്കുന്നത്? ഒന്നുകില്‍ തരണം, അല്ലെങ്കില്‍  തരൂല്ലെന്ന് പറയണം.

അങ്ങനെ തന്നാല്‍ അതുകൊണ്ട്  കമ്പനി ഉദ്ദേശിക്കുന്ന പ്രയോജനമില്ലണ്ണാ. സാറ്റിസ്ഫൈഡ് പ്രതീക്ഷ മോട്ടിവേറ്റ് ചെയ്യൂല്ല.   അണ്ണനെ ഇങ്ങനെ മധുരപ്രതീക്ഷ തന്‍ പൂങ്കാവനത്തില്‍ ഇരുത്തിയിരിക്കുന്ന അത്രയും കാലം ആ പ്രമോക്ഷം ഫയങ്കര മോട്ടിവേറ്റര്‍ ആണ്‌.

അപ്പോ അനന്തകാലം ഇങ്ങനെ ഇരുത്തുമോ എന്നെ?
ഹേയ് ഇല്ല.  അങ്ങനെ ആയാല്‍ അണ്ണനു കമ്പനിയിലുള്ള വിശ്വാസം പോകും. അപ്പോ ഭയങ്കര ഡീമോട്ടിവേഷന്‍ ആയിപ്പോകും.  അണ്ണന്റെ പ്രതീക്ഷയുടെ മാക്സിമം ലൈഫ് പീരിയഡ് തീരണതിന്റെ അടുത്തു വരെ ഇങ്ങനെ കൊണ്ടുപോകും. എന്നിട്ടു തരും. കിട്ടാന്‍ പോകുന്ന സാധനത്തിന്റെ വില അനുസരിച്ച് പ്രതീക്ഷയുടെ  മാക്സിമം ലൈഫ് പീരിയഡും കൂടും. കഴുതയുടെ കഥയില്‍ അവനു കിട്ടുന്നത് മുതലാളിപ്പട്ടം ആയതുകൊണ്ട് അവന്‍ ഒരുപാടുകാലം പിടിച്ചു നില്‍ക്കും, പകരം ഒരു കലം പിണ്ണാക്ക് ആയിരുന്നെങ്കില്‍ രണ്ടുദിവസം കാക്കുമ്പോഴേക്ക് അവനു ആശയറ്റു പോകും.

ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴാ.
എന്നാല്‍ ഒടനേ കിട്ടും.

Tuesday, November 27, 2007

ലെസ്സണ്‍സ് ലേര്‍‌ണ്‍‌ഡ് ദ ഹാര്‍ഡ് വേ

നമുക്ക് ഓരോ കാര്‍ഡ് മേശപ്പുറത്തടിക്കാം, ഒരു നോളെജ്ബാര്‍ട്ടര്‍?
ആയിക്കോട്ടെ, കൊടുക്കുന്തോറുമേറിടും എന്നല്ലേ.

താന്‍ ചോദിക്ക്. ഞാന്‍ ഏതു കാര്‍ഡ് മലര്‍ത്തണം?
കാര്‍ത്തിക്ക് എങ്ങനെ എപ്പോഴും ഏറ്റവും നല്ല ഓപ്പണിങ്ങ് കണ്ടെത്തുന്നു?

അതില്‍ അങ്ങനെ വലിയ രഹസ്യമൊന്നുമില്ല. ദാ ഈ കമ്പ്യൂട്ടറിന്റെ ഐക്കണ്‍
ട്രേയില്‍ ഒരു കുഞ്ഞു സുനാപ്പി കണ്ടോ, റെസിഡന്റ് വൈറസ് ഷീല്‍ഡ്. അവന്‍
എപ്പോഴും ഓടിക്കൊണ്ടേയിരിക്കും, ബാക്ക് ഗ്രൗണ്ടില്‍ ആരും ശ്രദ്ധിക്കാതെ.
ഈ മെയില്‍ വരുമ്പോള്‍, ഒരു ഫ്ലാഷ് ഡ്രൈവ് കുത്തുമ്പോള്‍, ഒരു വെബ് പേജ്
ലോഡാകുമ്പോള്‍ ഇവന്‍ പിറകിലെവിടെയോ ഒളിച്ചിരുന്ന് ഇതിലുണ്ടോ വൈറസ്,
ഇതിലുണ്ടോ വൈറസ് എന്ന് അന്വേഷിക്കുകയാണ്‌. മറ്റുകലാപരിപാടികള്‍ എല്ലാം
അങ്ങനെ കടന്നു പോകും. അതുപോലെ ഒരു കൊച്ചു പ്രോഗ്രാം എന്റെ മനസ്സില്‍
ഇതിലുണ്ടോ എന്റെ കരീര്‍ എന്ന് എപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
ഓഫീസിലൊരാളു വരുമ്പോള്‍, ഞാന്‍ മറ്റൊരോഫീസില്‍ പോകുമ്പോള്‍, പത്രം
വായിക്കുംമ്പോള്‍, ബാങ്കില്‍ പോകുമ്പോള്‍, മീറ്റിങ്ങുകള്‍ നടക്കുമ്പോള്‍,
ഇപ്പോള്‍ തന്നോട് സംസാരിക്കുമ്പോള്‍, മറ്റൊരു പ്രോഗ്രാമും മുടക്കാതെ,
ആരും ശ്രദ്ധിക്കാതെ എന്റെ റെസിഡന്റ് കരീയര്‍ സേര്‍ച്ചര്‍ ഇവിടെയുണ്ടോ
എന്റെ ജോലി എന്നു തിരക്കിക്കൊണ്ടേയിരിക്കും. ഉണ്ടെങ്കില്‍ അലെര്‍ട്ട്
മെസ്സേജ് തരും.

കൊള്ളാമല്ലോ. എങ്ങനെ പഠിച്ച പാഠം?
എന്റെ ആദ്യത്തെ മൂന്നു ജോലിയും കോംപ്രമൈസ് ആയിരുന്നു. ഹാര്‍ഡ് വേയില്‍
പഠിച്ചത്. ഇനി ആന്റണി പറ, താന്‍ എങ്ങനെ ഇത്രയും പേരുടെ അറ്റെന്‍ഷന്‍
പിടിച്ചു പറ്റുന്നു?

അത് അതിലും സിമ്പിള്‍. ഞാന്‍ ഒരാളെ ആദ്യം കാണുമ്പോള്‍ അയാള്‍ക്ക്
താല്പ്പര്യമുള്ള എന്തെങ്കിലും കണ്ടുപിടിക്കുന്നു, അക്കാര്യത്തില്‍
ചെറുതായി ഒന്നു എക്സൈറ്റ് ചെയ്യുന്ന എന്തെങ്കിലും പറയുന്നു. നമ്മള്‍
ആദ്യം കണ്ടപ്പോള്‍ എന്താണു സംസാരിച്ചതെന്ന് ഓര്‍മ്മയുണ്ടോ?
ഇല്ല.

എന്നാല്‍ എനിക്കോര്‍മ്മയുണ്ട്. ഞാന്‍ തന്റെ കാറില്‍ വന്നു കയറുമ്പോള്‍
താന്‍ 'ഒരു മധുരക്കിനാവിന്‍ ലഹരിയില്‍' എന്ന പാട്ട് റേഡിയോയില്‍ കേട്ട്
താളം പിടിക്കുകയായിരുന്നു.

നല്ല പാട്ട് - ഞാന്‍
അതേ, സിനിമ കാണാമറയത്ത്, ശ്യാമിന്റെ സംഗീതം- താന്‍
ശ്യാമിന്റെ സംഗീതം, ശിവമണിയുടെ ഡ്രംസ്, ഏ ആര്‍ റഹ്മാന്റെ ഓര്‍ക്കസ്ട്ര- ഞാന്‍

ഇതിനു പകരം ഞാന്‍ 'ശ്യാമിന്റെ സംഗീതം, ബിച്ചു തിരുമലയുടെ വരികള്‍,
യേശുദാസ്പാടിയത്' എന്നു പറഞ്ഞാല്‍ ഒരിമ്പ്രഷനും ഉണ്ടാക്കില്ല അത്, കാരണം
അത് പാട്ട് അവതരിപ്പിക്കുന്ന സമയത്ത് ആര്‍. ജെ പറഞ്ഞിട്ടുണ്ടാവും,
ഇല്ലെങ്കില്‍ തന്നെ എല്ലാവര്‍ക്കും അറിയുന്ന കാര്യം. ഒരു എക്സൈറ്റ്മെന്റ്
ഉണ്ടാക്കാന്‍ അതിനു കഴിയില്ല.

ഈ പാഠം എങ്ങനെ പഠിച്ചു?
കോളേജില്‍ നിന്ന്.

ആന്റണി കോളേജില്‍ സൈക്കോളജി ആയിരുന്നോ പഠിച്ചത്?
അല്ലല്ല. കോളേജ് പ്രായത്തിലാണ്‌ ഈ ഇമ്പ്രഷന്‍ ക്രേസ് ഉണ്ടാവുന്നത്
ആളുകള്‍ക്ക്. ഞാനാണെങ്കില്‍ മിസ്റ്റര്‍ കോളേജല്ല, കോളേജ് നേതാവല്ല,
പാട്ടുകാരനല്ല, എഴുത്തുകാരനല്ല, റാങ്ക് ഹോള്‍ഡറല്ല, സ്പോര്‍ട്ട്സ്
ചാമ്പ്യനല്ല, എന്തിന്‌ നരച്ചു പിഞ്ഞാത്ത ഒരുടുപ്പോ തേഞ്ഞ് ചെരിയാത്ത ഒരു
ചെരുപ്പോ പോലും ഇല്ല. അങ്ങനെയിങ്ങനെ ഒരു പോം വഴി കണ്ടെത്തിയതാണെന്നേ.
ആരെങ്കിലും അല്ലാത്തവര്‍ക്കും ജീവിക്കണ്ടേ.

Monday, November 26, 2007

വല്യമ്മായീ, മറ്റു കൂട്ടുകാരേ,

കമന്റ് മെയിലായി അയക്കാന്‍ ഒരു വഴിയും കാണുന്നില്ല. അതുകൊണ്ട് ഇനി
കമന്റും പോസ്റ്റാക്കുകയേ നിവൃത്തിയുള്ളു.

വല്യമ്മായീ,
പാവം ചാണ്ടിയോട് എങ്ങനെയാണ്‌ ഞണ്ടിറച്ചി തിന്നാല്‍ അസുഖം മാറുന്നതെന്ന്
ചോദിച്ചാല്‍ അയാള്‍ക്കറിയില്ല. പക്ഷേ ഐ സി ഡി എസ്സിന്‌ അറിയാം. മറ്റു
ചേരികളിലെ കുട്ടികളെ പോലെ കടപ്പുറത്തെ കുട്ടികള്‍ക്കും മിക്ക
അസുഖങ്ങളുടെയും കാരണം മാല്‍ നുട്രീഷന്‍ ആണ്‌. പോഷകാഹാരങ്ങളുടെയും
ധാതുക്കളുടെയും കുറവ്. ഞണ്ടിന്റെ ഇറച്ചി ഒരു കട്ട പ്രോട്ടീനുകളുടെയും
വൈറ്റമിനുകളുടെയും ട്രേസ് എലിമന്റുകളുടെയും സോളിഡ് ബ്ലോക്ക് ആണെന്നു
തന്നെ പറയാം. ഇത്രയും പോഷണം കിട്ടാന്‍ ഇതിലും എളുപ്പ വഴി ഈ കടപ്പുറത്ത്
വേറേയില്ല.

എല്ലാ കൂട്ടുകാര്‍ക്കും ഇവിടെ വന്നു വായിക്കുന്നതിനും അഭിപ്രായം
പറയുന്നതിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. പലപ്പോഴും
അരവിന്ദിന്റെയും മറ്റു പലരുടെയും കമന്റുകള്‍ ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പ്
ഉള്ളവയാണ്‌, പക്ഷേ എനിക്കു കമന്റുകള്‍ എഴുതാന്‍ എല്ലായ്പ്പോഴും
കഴിയില്ലല്ലോ.

ഒരു സംശയം: ഫാരന്‍-ഹീറ്റ് എന്ന് വരമൊഴിയുന്നതെങ്ങനെ? ഫാരഞീറ്റ് ആയിപ്പോകുന്നല്ലോ.

എന്റെ പറുദീസ

നമസ്കാരമുണ്ട് ഡോക്ടറേ.
ഒറ്റമുണ്ട്, മല്ലുമുണ്ട്, കള്ളിമുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്തരാ സാധനം?

കളികള. എനിക്കു തെണ്ണവാ അണ്ണാ.
ആവതുള്ളവരാരും നമ്മളെ കാണാന്‍ വരൂല്ലല്ല്. എന്തരു പറ്റി ചെല്ലാ?

പനി.
വെറും?

അല്ല, അകമ്പടി മൊത്തമുണ്ട്. ചെവിയടപ്പ്, ക്ഷീണം. ഊണിനു നാസ്ത കുറഞ്ഞു,
നിദ്ര നിശയിന്‍‍ കാല്‍ ഭാഗം പോലും ഇല്ലാതെയായി. ഓടുന്ന മൂക്ക്. ശബ്ദം
എന്റെയാണെന്ന് ഭാര്യക്കു പോലും മനസ്സിലാവുന്നില്ല. തല ആന്‍ഡ് നടു വേദന.
സ്നെയര്‍ ഡ്രമ്മും ബേസ് ഗിത്താറും കൂടെയുള്ള കോണ്‍ജുഗല്‍ബന്ധി പോലെ
ചുമയും കുറുകുറുപ്പും. കരളു കുളിരണ്‌ കുളിരു കോരണ്‌, ഈ സായിപ്പു പിള്ളേരു
പറയുമ്പോലെ ജസ്റ്റ് ചില്ലിങ്ങ്.

വാ പൊളി, നിന്റണ്ണാക്കില്‍ കോലിട്ട് കുത്തട്ട്.
ആ.

ഇതെത്രദിവസമായി തുടങ്ങിയിട്ട്?
ദെദ്ദോദീദ്ദദെദ്, ബബ്ബബ്ബാം

എന്തര്‌?
തെര്‍മ്മോമീറ്ററെട്, പറയാം എന്ന്. രണ്ടു ദിവസം.

വൈറല്‍ ഫീവറാ. ആന്റിബയോട്ടിക്ക് എഴുതിത്തരാം.
ഡൗട്ട്.
ഷൂട്ട്.

ആന്റി ബയോട്ടിക്ക് തിന്നാല്‍ അങ്കിള്‍ ചാകുമോ? അല്ല വൈറസ് ചാകുമോ?
വൈറസിനു മരുന്നില്ല, നീ തന്നെ കൊല്ലണം.

പിന്നെന്തരിനു ആന്റിയെഴുതുന്നത്?
നിന്റെ ഉള്ളുടുക്കു കൊട്ടുന്നത് കേട്ടില്ലേ.നെഞ്ചില്‍ അപ്പടി കഫാലെക്സിന്‍ ആണ്‌. അതേലൊക്കെ ബാക്റ്റീരിയ വളര്‍ന്നാല്‍ നിന്റെ കാര്യം കഷ്ടമാവും.

അതായത് വന്ന വൈറസിനു മരുന്നില്ല, വരാന്‍ പോണ ബാക്റ്റീരിയയ്ക്കുണ്ട്.
ഒള്ളതല്ലേ തരാന്‍ പറ്റൂടേ. ഇല്ലാത്തതിനു ഞാന്‍ എന്തരു ചെയ്യും?

എനിക്കീ ആന്റിബയോട്ടിക്കു കഴിച്ചാല്‍ വയറ്റീന്നു പോകും.
കഴിച്ചില്ലെങ്കി പോവൂല്ലേ?

അതല്ല, പോണതിന്റെ ഫ്രീക്വന്‍സി, കൈനറ്റിക് പ്രൊജക്റ്റിലിറ്റി എന്നിവ കൂടുകയും
മോളിക്യുലര്‍ ബോണ്ടിങ്ങ് ദുര്‍ബ്ബലമാവുകയും ചെയ്യുമെന്ന്.
നോ പ്രോബ്ലം. ശത്രു ബാക്റ്റീരിയയ്ക്കു വച്ച കീമോ നിന്റെ നിന്റെ കുടലിലെ
ഗട്ട് ഫ്ലോറേയെയും കൊല്ലുന്നതാ.

ഫ്ലോറിയോ ആരാണവള്‍? ഗട്ട് ഫ്ലോറി‍ മരിക്കുമ്പോള്‍ ഗട്ട് വിമോചന സമരം ഉണ്ടാവുമോ?
പെണ്ണല്ലെടേ. ഫ്ലോറേ എന്നതു ഫ്ലോറ- സസ്യജാലം എന്നതിനിന്റെ ബഹുവചന0.
ഗട്ട് ഫ്ലോറ എന്നാല്‍ നിന്റെ കുടല്‍ പൂങ്കാവനം. കൂടുതലും കൃഷി
ബാക്റ്റീരിയയാ.

കുടല്പ്പൂക്കളെന്നെ കൃഷിക്കാരനാക്കി ... ഞാനെന്തരിനു ഇതു വളര്‍ത്തുന്നു?
നിനക്കിഷ്ടപ്പെട്ട മൂന്ന് ഭക്ഷണം പറ.

കള്ള്, മരച്ചീനി, ബീഫ് ഫ്രൈ.
ടേ, കള്ള് ഭക്ഷണമാണോ?

പിന്നെ മരുന്നാണോ?
ഭക്ഷണവുമല്ല മരുന്നുമല്ല. എ റോസ് ഈസ് എ റോസ് ഈസ് എ റോസ്. കള്ള് കള്ളു
മാത്രമാണ്‌. എന്തരേലും ആവട്ട്, കപ്പയിലെ സ്റ്റാര്‍ച്ച്, കള്ളിലെ
ആല്‍ക്കഹോള്‍ വിഘടിച്ച ഷുഗര്‍, ബീഫിലെ കൊളാജന്‍ എന്നിവ നിന്റെ ദേഹത്തു
പിടിക്കാന്‍ ഗട്ട് ഫ്ലോറ ഇല്ലാണ്ട് വല്യ വെഷമമാ. ഇന്റെ
ഇമ്യൂണിറ്റിക്കും ഈ മരുത്വാമല വേണം.

അപ്പോ എന്റെ ഏദന്‍ തോട്ടം അണ്ണന്റെ ബാക്റ്റീരിയനാശിനി കൊണ്ട് മരുഭൂമി
ആയിപ്പോകുവോ?
സാരമില്ല പോയ ചെടി നിനക്കു പിന്നേം വളര്‍ത്താം. നീ ആയോണ്ട് ഇത്തിപ്പോരം
വിശ്വാസക്കൊറവ്. ടേ, വല്ല ഓര്‍ക്കിഡും വളര്‍ത്തണം കേട്ടോ കഞ്ചാവ്
വളര്‍ത്തല്ലും.

ഇല്ല. ഡോക്ടറണ്ണനറിയാവോ എനിക്കോര്‍മ്മവച്ച കാലം മുതല്‍ ആണ്ടിലൊരിക്കലോ
മറ്റോ വൈറപ്പനി വെരും. വെരുമ്പഴെല്ലാം ആശൂത്രീ പോവും. പോവുമ്പഴെല്ലാം
ഡോക്റ്ററുമാര്‍ ആന്റിബയോട്ടിക്ക് എഴുതി തരും. അപ്പഴെല്ലാം ഞാന്‍
വൈറസിനെന്തിനാ ആന്റിബയോട്ടിക്കെന്ന് ചോദിക്കും.
എന്നിട്ട്. തിരിച്ചെന്തെങ്കിലും ചോദിച്ചാല്‍ നാട്ടില്‍ മിക്കവാറും
ഡോക്റ്റര്‍മാര്‍ക്ക് കുരു പൊട്ടും. ഒന്നീ പിന്നാ അണ്ണണ്‍ ഒന്നും
മിണ്ടൂല്ല, അല്ലേല്‍ ചൂടാവും. അതുമല്ലേല്‍ ആന്റിടെ ബയോ എഴുതിയത് വെട്ടും.

നീ എന്തരു പറഞ്ഞു വരുന്നത്?
ഇതുവരെ കണ്ടിട്ടുള്ള വൈദ്യ ക്രൂരോ യമ ക്രൂരോകളില്‍ ഒരു മയ ക്രൂരോ അണ്ണന്‍
ആണെന്ന്. ശകലം മയം ഉള്ള ഒരണ്ണനെ കണ്ടപ്പോ ജാക്കി ചാന്റെ പടം കണ്ടപോലെ
കൊടുത്ത കാശു മൊതലായ ഒരു ഫീലിങ്ങ്. ഇവിടെ ഗസ്റ്റു ബുക്ക് വല്ലോം
ഇരിപ്പോണ്ടെങ്കില്‍ ഞാന്‍ അതില്‍ മാത്രയഞ്ചക്ഷരം വരുന്ന ഗണങ്ങളെ എട്ടു
ചേര്‍ത്ത് രണ്ടു വരി എഴുതീട്ടു പോകാം.

നണ്ട്രി. മീണ്ടും മീണ്ടും സന്തിപ്പോം.
തള്ളേ, എനിക്കെന്നും അസുഖം വരട്ടെന്നോ?

Thursday, November 22, 2007

ഇന്‍ എ ക്രാബ് ഷെല്‍

ഹാ പ്രൊഫസറ് വൈറ്റ് ഹൗസിലോ? ക്യാറി വരീ. മന്നവനാട്ടേ യാചകനാട്ടേ
വന്നിടുമൊടുവില്‍...
ഞാന്‍ കള്ളടിക്കാന്‍ വന്നതല്ലെടേ, ഷെഫ് ചാണ്ടീസ് ഞണ്ട് റോസ്റ്റ് പാര്‍സലു
വാങ്ങാന്‍ എത്തിയതാ. ഇന്നെന്താ ഡിസ്കഷന്‍?

ഗാട്ട് കരാര്‍ ഇപ്പോ ചര്‍ച്ച തീര്‍ന്നതേയുള്ളു. സാറു വന്നത് ഞണ്ട്
വാങ്ങാനായതുകൊണ്ട് ഇനി വിഷയം അതായിക്കോട്ടേ. ആദ്യമായി പ്രൊഫസര്‍
ഞണ്ടിനെക്കുറിച്ച് അഞ്ചു വാചകം പറയും.
ഞണ്ടെന്നു പറഞ്ഞാല്‍ ഇപ്പ ഒരുപാട് തരം ഉണ്ടല്ല് . അഞ്ചു തരം ഞണ്ടിന്റെ
പേരു പറഞ്ഞാല്‍ തന്നെ അനുവദിച്ച സമയം തീരും. അതുകൊണ്‍റ്റ് ഇപ്പോ കറിയായ
കായല്‍ ഞണ്ടിനെക്കുറിച്ച് പറയാം?
പറയീ.

ഏഷ്യാ പസഫിക്ക് റീജ്യണില്‍ കായലും കണ്ടലും ഉള്ള സ്ഥലങ്ങളില്‍ മിക്കതിലും
മഡ് ക്രാബിനെ കാണാം. മറ്റു ഞണ്ടുകളെപ്പോലെ തന്നെ മുട്ടവിരിഞ്ഞ് സോവ,
മെഗാലോപ്പ എന്നിങ്ങനെ രണ്ടു സ്റ്റേജും ജീവിച്ചു കഴിഞ്ഞാണ്‌ കായല്‍
ഞണ്ട് അതിന്റെ ആകൃതിയില്‍ എത്തുന്നത്. ഇവ കക്ക, മീന്‍, മറ്റു ജലജീവികള്‍
എന്നിവയെത്തിന്നുമെന്ന് മാത്രമല്ല സ്വവര്‍ഗ്ഗഭോജികളുമാണ്‌. ഒറ്റയടിക്ക്
കാല്‍ കോടി മുതല്‍ അരക്കോടി വരെ മുട്ടയിടുന്ന ഞണ്ടമ്മ വയറിലെ സഞ്ചിയില്‍
രണ്ടുമൂന്നാഴ്ച്ച അട വച്ച് വിരിയിയിച്ചാണ്‌ പുറത്തു വിടുന്നത്.
ചാണ്ടീടെ ചട്ടിയില്‍ പോയില്ലെങ്കില്‍ കായലുഞണ്ട് മൂന്നു വയസ്സുവരെയൊക്കെ
ജീവിക്കും.

വാചകം ആറായിപ്പോയി, എന്നാലും സാതനം എറിച്ച്. കോളേജ് ക്ലാസ്സില്‍
പോകാത്തതിന്റെ ഏനക്കേട് എനിക്കിപ്പ തീര്‍ന്ന്. ഇനി ചാണ്ടി അഞ്ചു വാചകം
പറയും.

വോ എന്തരിത്ര പറയാങ്ങ്. രസ്യം ടേയ്സ്റ്റും തോനെ വെലയും ഒള്ള എനം ആണ്‌
കായലി ഞണ്ട്, വെളഞ്ഞാ മൂന്നു കിലോ വരെ ഒള്ള ഞണ്ട്
വ്യാളിക്കായലിക്കിട്ടും. മേടിക്കുമ്പ ജീവനൊള്ളതിനെ നോക്കി വാങ്ങിക്കണം
ഇല്ലേ മിക്കവാറും പണിയാവും. വെളുത്തവാവ് അടുക്കുമ്പ വാങ്ങിക്കല്ലും,‍
ഓട്ടിയും വെള്ളവുമായിരിക്കും തോനെ, എറച്ചി ഇത്തിപ്പോരവേ കാണൂ. കായലി
ഞണ്ടിനു രണ്ട് ഇറുക്കുകാലും രണ്ട് തൊഴകാലും ആറു പറുകാലും ഒണ്ട്, എല്ലാം
കറിയാക്കാം. ഞണ്ടിനെ ജീവനോടെ പുഴുങ്ങുവാണു എല്ലാരും ചെയ്യാറ്‌,
അപ്പികള്‍ക്കു തിന്നാനാണേല്‍ അവിച്ചു കഴിയുമ്പ തല്ലിപ്പൊട്ടിച്ച് എറച്ചി
എടുത്ത് കുരുമൊളവും കൊച്ചുള്ളീം ഇട്ട് തോരന്‍ വെച്ചാ മതി, തെണ്ണങ്ങളു
വെരുന്നത് മാറും.

എന്റപ്പികളും അയിത്തിങ്ങടെ തള്ളേം ച്വാറും വെളമ്പി ഇരിക്യാ ചാണ്ടീ. നീ
ഒള്ള ഞണ്ടെട്, ഞാന്‍ പെയ്യൂടട്ട്.

Wednesday, November 21, 2007

കാരണം ബാക്റ്റീരിയ.

ഊണിനു ഒരു മോരുകറിയും പപ്പടവും മാത്രമേയുള്ളു. അറ്റെന്‍ഷന്‍ ഒന്നു
തിരിക്കാന്‍ ടെലിവിഷം ഓണാക്കി വച്ചു.

തെളിഞ്ഞു വരുന്നു പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനിലെപ്പോലത്തെ ഒരു
ക്ലോസറ്റിന്റെ ക്ലോസ് അപ്പ്. വിഴുങ്ങിയ ഉരുള അതുപോലെ വായില്‍
തിരിച്ചു കയറി വന്നു. ക്ലോസറ്റില്‍ ബാക്റ്റീരിയ ഉണ്ടത്രേ. അതിനെ
മൊത്തമായി കൊല്ലുന്ന കമ്പനിയുടെ റെപ്രസെന്റേറ്റീവ് വീട്ടില്‍ വരുന്നതുവരെ
ആരും തൂറരുത്.

വന്നു അടുത്ത പരസ്യം. പാത്രത്തില്‍ ബാക്റ്റീരിയ. അതിനെ കൊല്ലാനാണെങ്കില്‍
ആകെ ഒരു വഴി പാത്രത്തിലൊട്ടി അകത്തു പോയി ക്യാന്‍സന്‍ ഉണ്ടാക്കുന്ന സാധനം
ഒഴിച്ചു കഴുകല്‍ ആണ്‌ . ചൂടുവെള്ളമൊന്നും ഒരു ഓപ്ഷനേയല്ല.

വീട്ടിനു പുറത്തിറങ്ങിയാല്‍ ദേഹത്തെല്ലാം ബാക്റ്റീരിയ കേറുമെന്ന്
അടുത്തവന്‍. ലവന്റെ സോപ്പ് കണ്ടാല്‍ ബാക്റ്റീരിയ പ്യാശ എടുത്തു കുത്തി
ഓടും പോലും.

ലോണ്ടെ പല്ലിലെ ബാക്റ്റീരിയക്കുള്ള പേസ്റ്റ്, പതിനായിരത്തൊന്നു
ഡെന്റിസ്റ്റുകള്‍ അംഗീകരിച്ചത്. ഇതേ മോന്മാരു തന്നെയാണു വര്ഷങ്ങളോളം
നമ്മളെ ഫ്ലൂറൈഡ് തീറ്റിച്ച് ആയുഷ്കാല രോഗികള്‍ ആക്കിയതും.

നാക്കിലെ ബാക്റ്റീരിയയ്ക്കു മൗത്ത് വാഷ്. അണ്ണാക്കിലെ ബാക്റ്റീരിയയ്ക്കു
ച്യൂയിങ്ങ് ഗം. തൊണ്ടയിലെ ബാക്റ്റീരിയയ്ക്കു ഗുളിക. മുടിയിലെ
ബാക്റ്റീരിയയ്ക്കു ഷാമ്പൂ. മുഖത്തെ ബാക്റ്റീരിയയ്ക്കു ക്രീം. കഴുത്തിലെ
ബാക്റ്റീരിയയ്ക്കു പൗഡര്‍. കക്ഷത്തിലെ ബാക്റ്റീരിയയ്ക്കു ഡീഓഡറന്റ്.
ആസനത്തിലെ ബാക്റ്റീരിയയെ ചെറുക്കുന്ന ഷഡ്ഡി. കുടിക്കുന്ന വെള്ളത്തിലെ
ബാക്റ്റീരിയയ്ക്കു ഫില്‍ട്ടര്‍, കുളിക്കുന്ന വെള്ളത്തിലേതിനു ലോഷന്‍.

ഉടനേ തന്നെ പ്രതീക്ഷിക്കാവുന്ന ഒരു പരസ്യം- മരുന്നിലൊന്നും ഒരു
കാര്യവുമില്ല, നിങ്ങള്‍ മന്ത്രത്തില്‍ വിശ്വസിക്കൂ. പെരിങ്ങോട്ടുകര സണ്ണി
ലംബോദരന്‍ നിര്‍മ്മിച്ചു നല്‍കുന്ന ബാക്റ്റീരിയോച്ചാടന യന്ത്രം വാങ്ങി
അരയില്‍ ധരിക്കൂ.

ബാക്റ്റീരിയ ഇല്ലാത്ത ലോകം- അതാണു സ്വര്‍ഗ്ഗം. ആന്റി ബാക്റ്റീരിയല്‍
സോപ്പും മറ്റും ഗുണത്തെക്കാളേറെ ദോഷമാണു ചെയ്യുന്നതെന്ന് പറഞ്ഞ്
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനെന്നും മറ്റും ചില തട്ടിപ്പു സംഘടനകള്‍
ഇറങ്ങിയിട്ടുണ്ട്. അമേരിക്ക ലോകത്തെ നശിപ്പിക്കാനായി സി ഐ ഏ
അവരെക്കൊണ്ട് പറയിക്കുന്നതാണെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?
അതിനു ഓശാന പാടാന്‍ കൊറേ യൂറോപ്യന്‍ മെഡിക്കല്‍ കൗണ്‍സിലുകളും.


*****************************
ലോ ഒരു പാമ്പ്, അടി
എന്തരിനു അടിക്കണത്? അതൊരു മൂര്‍ഖനല്ലേ, ബാക്റ്റീരിയ ഒന്നും അല്ലല്ല്?
ഒള്ളതാ പാവം പോട്ട്.

ആള്‍ നെഗറ്റീവ്

മലയാളിയാണല്ലേ?
തന്നെ. നിങ്ങളാരാ?

പ്രസിറ്റമോള്‍ . ഇന്ന് ഇവിടെ പുതിയതായി ജോയിന്‍ ചെയ്തതാ.
പാരസിറ്റമോളോ?

പ്രസീദ.
അങ്ങനെ. നാട്ടില്‍ എവിടെയാ?

വടക്കന്‍ പറവൂര്‍. ഇവിടെ വേറേ മലയാളികള്‍ ആരുമില്ല അല്ലേ?
ഇല്ല. മൂത്താശാരിയെക്കണ്ടുകാണുല്ലോ? അങ്ങേരു ഫ്രഞ്ച്. ലോ നടുവിനു കയ്യും
കൊടുത്തിരിക്കുന്നവന്‍ ദാര്‍‌വീശ്, ഈജിപ്റ്റുകാരന്‍. അന്തം വിട്ടു
കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നത് ഒമര്‍, മുംബായിക്കാരനാ. റിസപ്ഷനില്‍
ഇരിക്കുന്നത് മൗറീന്‍ ഫ്രം മനിലാ.

ശ്ശോ. ഇവരോടൊക്കെ എങ്ങനെ ഇടപെടും?
അതെന്താ പ്രസീദ ഇംഗ്ലീഷ് സംസാരിക്കില്ലേ?

അതല്ല ചേട്ടാ, അവരൊക്കെ അന്യനാട്ടുകാരല്ലേ?
ചേട്ടനല്ല, ആന്റണി. ഇത് പ്രസീദയുടെ വീടല്ല, ഓഫീസാണ്‌. ഇവരൊക്കെ‍ ഏതു
നാട്ടുകാരായാലും മൃഗങ്ങളൊന്നുമല്ല.

എന്നുപറഞ്ഞില്ല, എന്നാലും നമ്മുടെ സംസ്കാരം...
എല്ലാ നാട്ടിനും അതിന്റെ സംസ്കാരം ഉണ്ട്. അതൊന്നും മോശവുമല്ല.
ദാര്‍‌വീശിന്റെ സംസ്കാരം ലോകത്തെ തന്നെ ആദ്യ സംസ്കാരങ്ങളിലൊന്നാണ്‌.
ബൗഡന്റെ നാട്ടിലാണത്രേ നീയാന്‍ഡെര്‍ത്തല്‍ സംസ്കാരം ഏറ്റവും അവസാനം വരെ
മനുഷ്യ സംസ്കാരത്തിനു കീഴടങ്ങി നശിക്കാതെ പിടിച്ചു നിന്നത്.

എന്താ നീയാന്റെര്‍ത്തല്‍?
ഹനുമാന്‍ സ്വാമിയുടെ വംശം.

ഓ പിന്നെ, ഹനുമാന്‍ ഫ്രാന്‍സിലല്ലേ.
പ്രസീദ എന്താ ഈ ജോലിക്ക് ചേരാന്‍ തീരുമാനിച്ചത്?

വീട്ടില്‍ ബോറടിക്കുന്നു. ചേട്ടന്‍ രാവിലേ ജോലിക്കു പോയാല്‍ പിന്നെ ഞാന്‍
ഒറ്റയ്ക്കാ. വെറുതേ കിടന്നുറങ്ങി തടി വല്ലാണ്ട് കൂടുന്നു.
ബോറടി മാറ്റാനുള്ള ക്ലബ്ബായിട്ടാണു ഈ സ്ഥലത്തെ കണ്ടതല്ലേ, നന്നായി. ശരി
പോയിരുന്നു ബോറടി മാറ്റിക്കോളൂ, പിന്നെ ബാക്കി ആരെങ്കിലും ഓഫീസില്‍
ഉണ്ടെങ്കില്‍ എന്നോട് മലയാളം സംസാരിക്കരുത്, അവരെ അന്യരാക്കി
മാറ്റിയതുപോലെ തോന്നും.

ഓ മലയാളിയാണെന്നു പറയാന്‍ നാണക്കേടാണല്ലേ?
മലയാളി ആയിരിക്കാന്‍ എനിക്കൊരുപാട് സ്ഥലം വേറേ ഉണ്ട്, ഇവിടെന്നു ശമ്പളം
പറ്റുന്നത് മലയാളിയാകാനല്ല, ജോലിക്കാരന്‍ ആകാനാണ്‌. ഈ ഇരിക്കുന്നവരില്‍
ഒരാളുടെ പോലും മാതൃഭാഷ ഇംഗ്ലീഷല്ല. എന്നിട്ടും എല്ലാവരും കഷ്ടപ്പെട്ട്
അതു പറയുന്നത് ഒരാളിനോട് സംസാരിച്ചാല്‍ പോലും സകലര്‍ക്കും അത്
മനസ്സിലമ്വാനാണ്‌. ഒരു ടീമിന്റെ ശക്തി കമ്യൂണിക്കേഷനാണ്‌. നേരത്തേ പറഞ്ഞ
ഹനുമാന്‍ വര്‍ഗ്ഗമില്ലേ, അവര്‍ നമ്മുടെ പൂര്വ്വികരെക്കാളും
ശക്തിമാന്മാരും ബുദ്ധിമാന്മാരും ആയിരുന്നു, പക്ഷേ മനുഷ്യനുമുന്നില്‍
തോറ്റു പോയി. കാരണം മനുഷ്യന്റെ കമ്യൂണിക്കേഷന്‍ സ്കില്‍
അവരുടേതിനെക്കാള്‍ മികച്ചതായിരുന്നു.

എന്നാല്‍ പിന്നെ ഞാന്‍ ജോലി തുടങ്ങട്ടെ.
ആയിക്കോട്ടെ. ആരെക്കണ്ടാലും എന്തു കണ്ടാലും അതിലെ മൂന്നു
നല്ലകാര്യമെങ്കിലും മനസ്സില്‍ ഓര്‍ത്തു ശീലിക്കുക. ഉദാഹരണത്തിനു
പ്രസീദയെ ഇന്റര്‍‌വ്യൂ ചെയ്ത ഒമാറിന്റെ കാര്യം തന്നെ നോക്കൂ. ഈ
രീതിയിലുള്ള പ്രസീദയുടെ സംസാരത്തില്‍ നിന്നും അയാള്‍ക്ക് കിട്ടുന്ന
ഇമ്പ്രഷന്‍ "സിനിക്കലി നെഗറ്റീവ്" എന്നാണ്‌. പഠിപ്പോ പരിചയമോ
ഇല്ലാത്തവനെ എടുക്കേണ്ട ഗതികേട് വന്നാലും അത്തരം ആളുകളെ ഒരു കമ്പനിയും
എടുക്കാറില്ല. എന്നിട്ടും ഒമാര്‍ പ്രസീദയെ എടുത്തു, എത്രനല്ല മനുഷ്യന്‍.

ഞാന്‍ ഇവിടെ ഒരുപാട് കാലം നില്‍ക്കില്ല.
നില്‍ക്കണമെന്ന് ഞാനും പറഞ്ഞില്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം.
വൈകുന്നേരം എഴുന്നേല്‍ക്കുമ്പോള്‍ "എത്ര സംതൃപ്തി തന്ന
പ്രവര്‍ത്തിദിവസം" എന്നാലോചിച്ച് ഇറങ്ങിപ്പോകുമ്പോളുള്ള സുഖം അനുഭവിക്കൂ.
ബെസ്റ്റ് ഓഫ് ലക്ക്.

Tuesday, November 20, 2007

എ-പോസ്റ്റീരിയോറി

ഹലോ? ഞാന്‍ ഊര്‍സുലാ.
കരടിയോ? അസ്സലു പേര്‌.. കൊച്ച് കാര്യം പറ.

ഞാന്‍ ഇപ്പോള്‍ ഹയത്ത് റീജന്‍സിയില്‍ ഇരിക്കുകയാ.
ഇരുന്നോ. വേണ്ടെന്ന് ഞാന്‍ പറഞില്ലല്ലോ.

നീ എപ്പോ വരും? ഞാന്‍ കാത്തിരിക്കുകയാണ്.
ഹോട്ടലില്‍ വരാനോ? ക്ഷമാപണം. ഞാന്‍ ഭാര്യേം കുട്ടികളുമായി ജീവിക്കുന്ന
ഒരു മാന്യനാ.

പിന്നെന്തിനാടാ എക്സ്റ്റേര്‍ണല്‍ ഏനല്‍ സ്ഫിങ്ക്റ്ററേ നീ എന്നോട് ഇവിടെ
വരാന്‍ പറഞ്ഞത്?
തെറിപറഞ്ഞാല്‍ പെണ്ണാന്നൊന്നും നോക്കൂല്ല ഞാന്‍, നീ ജന്മത്ത്
കേട്ടിട്ടില്ലാത്തത് കേള്‍പ്പിക്കുമേ. രാവിലേ തന്നെ അടിച്ചു വീലാണല്ലേ?
നമ്പര്‍ നോക്കി വിളിക്കെടീ, നിനക്കാളു തെറ്റി. ഒരുത്തിയോടും ഒരു
ഹോട്ടലിലും വരാന്‍ ഞാന്‍ ഇന്നേവരെ പറഞ്ഞിട്ടില്ല, ഇനി പറയണമെന്ന്
തോന്നിയാല്‍ അപ്പോ അറിയിക്കാം.

761.... അല്ലേ അപ്പോള്‍ ഇത്?
നമ്പര്‍ അതു തന്നെ.

നീ അനോണിയോസ് ആന്റണിയോസ് റോബെര്‍ട്ട് മൗറല്യയോസ് അല്ലിയോസ്?
അതും ഞാന്‍ തന്നെയോസ്.

അപ്പോ നീ തന്നെ ഇന്നലെ വിസിറ്റിങ്ങ് കാര്‍ഡോസ് തന്നിട്ടു ഞാന്‍ ഇവിടെ
വരാന്‍ പറഞ്ഞതോസ്!
മാതാവേ, ഞാന്‍ നിനക്കു കാര്‍ഡ് തന്നെന്നോ? എപ്പ? എവിടെവച്ച്?

ഇന്നലെ വൈകിട്ട് മാര്‍ക്കോപ്പോളോയില്‍ വച്ച്.
പുലിവാലായല്ലോ. ഇതുവരെ നിനക്കാണു വട്ടെന്ന് നിനച്ചിരുന്നതാ. ഇപ്പോ സംശയം
എനിക്കായോ വട്ടെന്നാ.

നീ കളിക്കാതെ വേഗം വാ. ഇവിടെ ബില്ലു കൊടുക്കണം.
പെടയ്ക്കാതെ കൊച്ചേ, ഒരു കാര്യം ചോദിക്കട്ട്. എന്നെ കണ്ടാല്‍ എങ്ങനെ ഇരിക്കും?

ആറടി ഉയരം, കുടവയര്‍, സ്വര്‍ണ്ണ കണ്ണാടി. ഇന്നലെ നേവി ബ്ലൂ സൂട്ട്
ആയിരുന്നു ഇട്ടിരുന്നത്.
ഇപ്പറഞ്ഞതൊന്നും എനിക്കില്ല. പക്ഷേ സംഭവം എന്താണെന്ന് ഇപ്പ മനസ്സിലായി.

എന്തു സംഭവം? നീ വാ.
ടീ, ഇന്നലെ ഇപ്പറഞ്ഞ ലക്ഷണമെല്ലാം തികഞ്ഞ ഒരു ലെബനോണി എന്റെ ഓഫീസില്‍
വന്നിരുന്നു. ഞാന്‍ അവനു എന്റെ കാര്‍ഡും കൊടുത്തിരുന്നു. ഇവിടന്നിറങ്ങി
നേരേ മാര്‍ക്കോപ്പോളോയില്‍ വന്നു. മദ്യപിച്ചു മദോന്മത്തനായ ആ വിടന്‍
മദാലസയായി മധുനുകരുന്ന നീയെന്ന മദിരാക്ഷിയെ കണ്ടപ്പോള്‍ വെപ്രാളത്തില്‍
എടുത്തു തന്ന കാര്‍ഡ് അവന്റെ ആയിരുന്നില്ല. എന്റെ ആയിരുന്നു.

അപ്പോള്‍ അവന്റെ നമ്പര്‍ നിന്റെ അടുത്തുണ്ടോ? എന്നാല്‍ താ.
ക്ഷമിക്കൂ. ഞാന്‍ അവന്റെ നമ്പരു വാങ്ങിച്ചില്ല.

അങ്ങനെ അവന്‍ പോയിക്കിട്ടി. എന്നാല്‍ പിന്നെ നീ വരുന്നോ?
വയ്ക്കെടീ ഫോണ്‍. ഇനി വിളിക്കരുത്.

ഫ്യൂഷന്‍

കൂടിയാട്ടം കുറത്തിയാട്ടം അമ്മാനാട്ടം തില്ലാന
കുച്ചിപ്പുടി കുമ്മിയടീ തന്നാത്തന്നാ തന്നാന
അയ്യമ്പാട്ട് തെയ്യമ്പാട്ട് തിരുവള്ളിയൂരുടുക്ക് പാട്ട്...
അണ്ണനറിഞ്ഞോ, ഇക്കൊല്ലം ദുബായി മലബാറി സംഘം പതിനെട്ടു ദിവസം കൊണ്ടാണ്‌
കേരളീയ സംസ്കാരത്തെ ഉദ്ധരിക്കാന്‍ പോകുന്നത്.വെല്ലാനുണ്ടോ? എന്തരാ
നിങ്ങടെ കലാപരിപാടികള്‍?

കേരളത്തിന്റെ മാത്രമല്ല, മാനവസംസ്കാരം മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്ന
ഒരൊറ്റ ഷോ - സിംഗിള്‍ ഡേ പ്രോഗ്രാം, ഞങ്ങള്‍ ഷാര്‍ജ്ജാ മലയാളി സംഘം
അരങ്ങേറ്റുന്നുണ്ട്.
തള്ളേ, അതെന്തരു പ്രോഗ്രാം?

ഭാരവാഹി തെരഞ്ഞെടുപ്പ്.

Sunday, November 18, 2007

തരികിട എന്ന സിക്ക് പ്രാങ്ക് പരമ്പര

ചേട്ടാ എന്റെ കാറു നിന്നു പോയി, ഞാന്‍ ഒരു ഹാര്‍ട്ടറ്റാക്ക് കഴിഞ്ഞ
ആളാണ്‌ ഒന്നു തള്ളി സ്റ്റാര്‍ട്ട് ചെയ്തു തരുമോ എന്ന് ചോദിച്ച്
നടുറോടില്‍ എന്നെക്കൊണ്ട് ഒരുത്തന്‍ കുറേ നേരം വണ്ടി തള്ളിച്ചിട്ട്
ഒടുക്കം നിന്നെ പറ്റിച്ചേ വണ്ടിക്കൊരു കുഴപ്പവുമില്ല എന്നു പറഞ്ഞാല്‍
അവന്റെ ചെവലക്കുറ്റി പൊഹയ്ക്കത്തില്ലേ?
അതാ ഇരിക്കുന്നൊരു ക്യാമറ എന്നു കൂടി കൂട്ടിച്ചേര്‍ത്താല്‍ എന്റെങ്കിലും
വത്യാസമുണ്ടോ? ചായകുടിച്ചിട്ട് പൈസ കൊടുക്കാതെ കടക്കാരനെ ശല്യം
ചെയ്യുന്നു, പിച്ചച്ചട്ടി എടുത്തുകൊണ്ടോടുന്നു നടക്കാന്‍
വയ്യാത്തയാളിന്റെ ഊന്നുവടി അടിച്ചു മാറ്റുന്നു ഇതൊക്കെ ആളുകള്‍ക്ക്
ആസ്വദിക്കാന്‍ കഴിയുന്നതെങ്ങനെ?

അമ്യൂസ്മെന്റ് എന്നാല്‍ എന്താണ്‌? ഏതെങ്കിലും ഒരു തമാശയെ കീറി
നശിപ്പിച്ചാല്‍ അത് മനസ്സിലാവും.

വീടുപണിയുന്നിടത്തേക്ക് ആശാരിമാര്‍ തുലാം കൊണ്ട് വരികയായിരുന്നു.
വീട്ടുടമയോട് അയല്‍ക്കാരന്‍ പറഞ്ഞു " ഇതാ തുലാം വരുന്നുണ്ട്" .(ഇത്രയും
വായിക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നുകയില്ല)
ഉടമ ഒരു കിണ്ടി വെള്ളം എടുത്ത് അയല്‍ക്കാരന്റെ തലയില്‍ കുടഞ്ഞു "തുലാം
വരുമ്പോ വര്‍ഷം ഉണ്ടാകും (അമ്യൂസ്മെന്റ്- തുലാം എന്ന വാക്കിനു
വീട്ടുകാരന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കണ്ടെടുത്തു) അയല്‍ക്കാരന്‍
വീട്ടുകാരനെ പിടിച്ചു കുനിച്ചു നിര്‍ത്തി മുതുകത്ത് നാലിടി
"തുലാവര്‍ഷത്തിനൊപ്പം നല്ല അസ്സല്‍ ഇടിയും ഉണ്ടാകും" (അമ്യൂസ്മെന്റ്-
അയല്‍ക്കാരന്‍ ഗിവണ്‍ സിറ്റുവേഷനെ വളരെ ഭംഗിയായിഉപയോഗപ്പെടുത്തി)

ഒരാള്‍ പഴത്തൊലിയില്‍ തെന്നി വീഴുന്നതു കണ്ടാല്‍ അഞ്ചുവയസ്സുകാരന്‍ കൈ
കൊട്ടി ചിരിക്കും. തനിക്ക് ഇതു സംഭവിച്ചില്ല, അപരനു സംഭവിച്ചു എന്നതാണ്‌
അവന്റെ അമ്യൂസ്മെന്റ്. മുതിരുമ്പോള്‍ അതേ കാഴ്ച്ച കാണുമ്പോള്‍ അവന്‍
തന്നെപ്പോലെയുള്ള ഒരാള്‍ക്ക് ആപത്ത് വന്നല്ലോ എന്നേ അവന്‍ ചിന്തിക്കൂ.
അമ്യൂസ്മെന്റ് ഇല്ല, കാരണം സര്‍പ്രൈസ് അല്ല ഡിസപ്പോയിന്റ്മെന്റ് ആണ്‌
കിട്ടിയ വികാരം.

തരികിടയുടെ വിക്റ്റിം ആയി സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറോ എം.പിയോ,
വലിയൊരു മുതലാളിയോ എന്തിനു വിലകൂടിയ ഒരു വേഷം ധരിച്ചു പോകുന്നവനെയോ
പോലും കാണാന്‍ കഴിയില്ല. സാധുക്കളെ പരിഹസിച്ചു ചിരിക്കല്‍,
ആവതില്ലാത്തവനെ കല്ലെറിഞ്ഞു രസിക്കല്‍, പഠിപ്പില്ലാത്തവനെ പറഞ്ഞു
പറ്റിക്കല്‍..

നമുക്കെന്തോ കുഴപ്പമുണ്ട്.

വിവേകവും വികാരവും

ദാര്‍‌വീശേ, എന്തരു പറ്റി ചെല്ലാ?

എന്റെ ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും ഇടയില്‍ ന്യൂക്ലിയസ് പള്‍പോസസ് ഒന്നു ഹെര്‍ണിയേറ്റ് ചെയ്തതാ.
നീ കിടപ്പായ മനുഷ്യന്‍ അല്ലേ, ലേ മാന്‍ ഭാഷ പറഞ്ഞാല്‍ മതി.

ടേ, എന്റെ നടു ഒടിഞ്ഞെന്ന്.
കഴിഞ്ഞ കൊല്ലം കുതിരപ്പൊറത്ത് അളിഞ്ഞുപിടിച്ചു കേറി വീണു നീ  നടുവും ഒടിച്ച് ഒരോപ്പറേഷന്‍ ചെയ്യിച്ചതല്ലേ പൊടിയാ?  ഇപ്പഴും അമ്മാതിരി പണി ചെയ്തോ? വയ്യെങ്കി ഒരു ലെവലിനൊക്കെ നിന്നൂടണ്ടേ?

യേ, ഇത്തവണ വീട്ടില്‍ വച്ചു തന്നാ കിട്ടിയത് മുട്ടായി.
എന്തരു പറ്റി?

രാവിലേ കുടുംബത്ത് സാതനം ഒക്കെ ഒന്ന്  അടുക്കിപ്പറക്കിയതാ. വീട്ടില്‍ എട്ടടി പൊക്കത്തില്‍ ഒരു ടെറാക്കോട്ട ചീനഭരണിയുണ്ട്. അതിനെ ഒന്നു മാറ്റി വയ്ക്കാന്‍ ചുമട്ടു തൊഴിലാളികളെ വിളിക്കാന്‍ തുടങ്ങുകയായിരുന്നു.
എന്നിട്ട്?

സൂക്ഷം ആ മുഹൂര്‍ത്തം നോക്കി എന്റെ ബീവി വന്ന് പറഞ്ഞ്, മനുഷേനേ, ആവതില്ലാത്ത നിങ്ങളു ആ ഭരണി എടുത്തു പൊക്കല്ലേ,  വൈകിട്ട് എന്റെ വാപ്പ വന്ന് അത് മാറ്റിവച്ചു തരാമെന്ന് പറഞ്ഞിട്ടൊണ്ടെന്ന്.
എന്നിട്ട്?

ഓള്‍ടെ ഓള്‍ഡ് മാന്‍ ആണു നമ്മളെക്കാള്‍ വലിയ പുലി എന്നു പറഞ്ഞാല്‍ നുമ്മക്കടെ വികാരം വിവേകത്തെ മറികടക്കൂല്ലേ. പിന്നേ, ഇളിയെടുത്ത് നില്‍ക്കാന്‍ ആവതില്ലാത്ത നിന്റെ വാപ്പയ്ക്ക് പറ്റുന്നത് എനിക്ക് എന്താടീ പറ്റാത്തത് എന്നും പറഞ്ഞ് ഞാന്‍ ലതങ്ങ് എടുത്ത് പൊക്കി.
എന്നിട്ട്?

എന്നിട്ട് ചുറ്റും നോക്കുമ്പോ രണ്ടു ഡോക്റ്ററും മൂന്നു നേഴ്സും  താടിക്കു കയ്യും കൊടുത്ത് നില്പ്പൊണ്ട്. അവരോട് എന്താ സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍  പറഞ്ഞു തന്നതാ ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും...
കഷ്ടമായിപ്പോയി. എന്നാലും നീ ഈ മണ്ടത്തരം കാണിച്ചല്ലോ

ടേ നിന്നോട് നിന്റെ ഭാര്യ ആയിരുന്നു നിനക്കാവതില്ലാത്ത ഭാരം പൊക്കാന്‍ അവള്‍ടപ്പനെ വിളിക്കാമെന്ന് പറഞ്ഞിരുന്നതെങ്കിലും നീ ഇതു തന്നെ ചെയ്യൂല്ലേ?
ഛേ, ഞാന്‍ നിന്നെപ്പോലെ അബദ്ധം കാണിക്കൂല്ല ദാരുവീശുകാരാ.

പിന്നെ നീ എന്തു ചെയ്തേനെ?
നിന്റെ അപ്പന്‍ അത്ര ചുണയുള്ള മോന്‍ ആണെങ്കില്‍ ‍ ഇതൊന്നു പൊക്കി നോക്കട്ട്, അങ്ങോരു ഇതെടുക്കാന്‍ വയ്യാതെ കുത്തിയിരിക്കുമ്പോ ഞാന്‍ ഇതെങ്ങനെ പൊക്കണമെന്ന് പുള്ളിക്ക് കാണിച്ചു കൊടുക്കാം എന്നു പറയും.

അപ്പോള്‍?
അപ്പോള്‍ നമ്മള്‍ പന്ത് അപ്പ്രത്തെ കോര്‍ട്ടിലാക്കീടേ. പിന്നെ മാനം രക്ഷിക്കേണ്ട ഡെസ്പറേറ്റ് സിറ്റുവേഷന്‍ കിളവനായില്ലേ.

Thursday, November 15, 2007

വര്‍ക്ക് പോളിസി

എന്തര്‌ ആന്തണി ഒട്ടും ഉത്സാഹമില്ലാതെ?
വോ, ഫൈനാന്‍ഷ്യല്‍ മോട്ടിവേഷന്റെ ഡെഫിഷ്യന്‍സി കൊണ്ടുണ്ടായ ലെതാര്‍ജ്ജി തന്നെ സായ്പ്പേ.

കളി കള എന്തരാ പറ്റിയത്?
ഞാന്‍ സീരിയസ്സാ. മത്തി ഒരു കിലോയ്ക്ക് എട്ടു ദിര്‍ഹം, കപ്പ പത്ത്. വെറും ദാ ഈ ഇത് വെട്ടിക്കളയാനുള്ള ഓപ്പറേഷന്‍ ബാര്‍ബറോസയ്ക്ക് പ്രതിശീര്‍ഷം പതിനഞ്ചാണു ശാര്‍ജ്ജ് വാങ്ങിക്കണത്, വീട്ടുവാടക തോനെ കൂടി, മണിവില പിന്നേം കൊറഞ്ഞ്.  അരിയുടെ കാര്യം പറയണ്ട, തോന്നിയതാ വില. കൊറച്ച് സാമ്പത്തികം കിട്ടിയിരുന്നന്കില്‍ ... എനിക്കൊന്നു ഞെളിയാമായിരുന്നൂ.

മതി നീ അവതാ പറഞ്ഞത്. ആഗ്രഹം ആണു ദു:ഖങ്ങളുടെ  ഉറവിടം എന്ന് ബുദ്ധന്‍ പറഞ്ഞത് ഓര്‍ക്കുക.
സായിപ്പ് കൊള്ളാവല്ലോ, എന്റെ നാട്ടുകാരനെ പിടിച്ചായോ ഉദാഹരണം?

ലങ്ങേരു പറഞ്ഞത് വളരെ ശരിയല്ലേ, ആഗ്രഹം ആണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന്?
തന്നേ? എന്നാല്‍ എന്റെ പൊന്നണ്ണന്‍ ഒരു കാര്യം ചെയ്യ്. അങ്ങ് പറങ്കിപ്പാളയത്തിലോട്ട് ഒരു സന്ദേശം വിട്, ഇത്രയും വല്യ അംബീഷ്യസ് ടാര്‍ഗറ്റും ഇട്ട്  വെറുതേ അവരും നിരാശരായി നമ്മളെയും നിരാശപ്പെടുത്താതെ കിട്ടുന്ന കച്ചോടം മതി എന്നു തീരുമാനിക്കാന്‍. ആര്‍ക്കും ഒട്ടും വെഷമം വരൂല്ല.

നിന്നെക്കൊണ്ട് തോറ്റല്ലോടേ, നിനക്ക് കാശ് കാശ് എന്നല്ലാതെ ഒരു ചിന്തയും ഇല്ലേ?
മറ്റൊരുപാട് ചിന്തകളുണ്ട് അണ്ണാ, പക്ഷേ ഈ ജോബ് സാറ്റിസ്ഫാക്ഷന്‍ എന്നു പറയുന്ന സാധനം എന്താണെന്ന് അറിയുവോ? എടുക്കണ പണിയുടെ കൂലി.

ലോയല്‍റ്റി എന്നൊന്നില്ലേടേ? പണി തരുന്നവനോട് ഒരു സ്നേഹം?
അതൊണ്ട്. അത് പത്തു രൂപ കൂലി കിട്ടിയാല്‍ പതിനൊന്നു രൂപയുടെ പണി ചെയ്ത് ഞാന്‍ പ്രകടിപ്പിക്കും.  കൂലിയില്ലേല്‍ ലോയല്‍റ്റിയുമില്ല. ഓശാരത്തിനു ലോയല്‍റ്റി‌കൃഷി നടക്കൂല്ല മച്ചാ.

എടേ കാശല്ലല്ല് എല്ലാം. നീ ജോണ്‍ ബല്‍ദോണിയുടെ പുസ്തകം വായിച്ചിട്ടുണ്ടോ?
ഇല്ല. അണ്ണന്‍‌ സ്കൂള്‍ യൂണിഫോം അല്ലാത്ത ഒരു നിക്കറും വേണമെന്ന് മോഹിച്ചിട്ട് കിട്ടാതിരുന്നിട്ടുണ്ടോ?

അപ്പോ എന്താ നിന്റെ പോളിസി?
കാര്യേഷു മന്ത്രി, ധനകാര്യേഷു വേശ്യാ.

എന്നു വച്ചാല്‌? എനിക്കു നിന്റെ മലയാല്‍ സ്റ്റേഷന്‍ പിടിക്കത്തില്ലെന്ന് പറഞ്ഞിട്ടില്ലീ.
എന്നുവച്ചാല്‍, സാറിന്റെ മന്ത്രിയെപ്പോലെ ഞാന്‍ ഇവിടത്തെ കാര്യങ്ങള്‍ നോക്കി നടത്തും, പക്ഷേ കാശിന്റെ കാര്യം വരുമ്പോ വേശ്യയെപ്പോലെ പേശി വാങ്ങിക്കും എന്ന്.

Tuesday, November 13, 2007

തുറയേറ്റം

ചൊരിമണല്‍ തുടങ്ങുന്നയിടത്ത്   വണ്ടി നിര്‍ത്തി മൂപ്പന്‍ ചാടിയിറങ്ങി. നുകത്തില്‍ നിന്നും  കനമിറങ്ങിയപ്പോള്‍ വണ്ടിത്തട്ട് പൊക്കി കാള പിടലി കുടഞ്ഞു. പിന്‍പടി എടുത്ത് ഉള്ളിലേക്ക് നോക്കാതെ അയാള്‍ പറഞ്ഞു "ഇറങ്ങാം. അക്കാണുന്നതാണ്‌ താമസിക്കേണ്ട ചാള."

മഠത്തിലമ്മ  തലകുനിക്കാതെ വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ പാടുപെട്ടു.  പുരയിലേക്ക് മണലിലൂടെ അവര്‍ അയാള്‍ക്കൊപ്പം നടക്കുമ്പോള്‍ ഇരുവശത്തുള്ള കൂരകളില്‍ നിന്നും ആളുകള്‍ ഓടിക്കൂടി.
ജനം പിന്നാലെ നടന്നു തുടങ്ങിയപ്പോള്‍ മൂപ്പനൊന്നു തിരിഞ്ഞു നിന്നു. 
"പോകിനെടാ. ആരുടമ്മേടെ പൊടവകൊട കാണാനാ ഇയ് വരുന്നത്?"

വാരിയില്‍ കെട്ടിത്തൂക്കിയിരുന്ന തഴപ്പായ എടുത്ത് വിരിച്ച് അയാള്‍ അവരെ ഇരുത്തി.
"മോരുവെള്ളം വേണോ കുടിക്കാനക്കൊണ്ട്‍?"
"വേണ്ട."
പിന്നെ എന്തു പറയണമെന്ന് അയാള്‍ക്കറിയില്ലായിരുന്നു.

"എന്നെ എന്തിനു  വാങ്ങി മരയ്ക്കാനേ?"
"തമ്പുരാന്‍ റാണിയെ അടിമയാക്കി വില്പ്പനയ്ക്കു വച്ചെന്ന് ഇന്നലെ ചെണ്ടകൊട്ടി വിളംബരമുണ്ടായിരുന്നു. വാങ്ങാനാരുമില്ലെങ്കില്‍ തൃക്കൈ കൊണ്ട് തന്ന പുടവ വാങ്ങിയതാണ്‌  എന്നു കൂടി നിനയ്ക്കാതെ  കഴുവേറ്റുമെന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ വന്നു കൊണ്ടുപോന്നു.  ഇനിയെവിടേക്കാണെന്ന് വച്ചാല്‍ തമ്പുരാട്ടിക്ക് പോകാം."

പോകണം. എവിടെയോ ഒരു ബാലിക ഒളിവില്‍ താമസിക്കുന്നു.  അമ്മാവന്റെ കഴുത്തരിഞ്ഞ, അതു ചോദിക്കാന്‍ ചെന്ന അമ്മയെ അടിമയാക്കി വിറ്റ അവളുടെ പിതാവിന്റെ ചോരയ്ക്കു കൊതിച്ച്.

"കൊച്ചുതങ്ക എവിടെയെന്ന് അന്വേഷിക്കാന്‍ വഞ്ചികള്‍ പുറപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയാല്‍ അവിടേക്ക് പോകാന്‍ ഒരു ഇരുട്ടുകുത്തി തയ്യാര്‍ ചെയ്ത് നിറുത്തിയിട്ടുണ്ട്.  ഉറങ്ങാം. ഇവിടെ ഭയം വേണ്ട. ഇപ്പോള്‍ തിരുവിതാംകൂറിന്റെ റാണിയല്ല, മരയ്ക്കാന്റെ പെണ്ണല്ലേ.പിന്നെ ഇതും വച്ചോളൂ." മൂപ്പന്‍ ഒരു പുതപ്പില്‍ പൊതിഞ്ഞ മൂന്ന് പേര്‍ഷ്യന്‍ വാളുകളും പഴയൊരു ഉറുമിയും  അവര്‍ക്കു കൊടുത്തു.

" മകളെ തിരക്കി പോയവര്‍ ആരെങ്കിലും തിരികെ വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരാം." മൂപ്പന്‍ ഒരു കൈക്കോടാലി എടുത്ത് ചുമലിലിട്ട് പുറത്തേക്ക് നടന്നു.

 മകള്‍! പുത്തന്‍ മരയ്ക്കാത്തി മെല്ലെ കണ്ണു തുടച്ചു.   ആരെങ്കിലും ഇവിടേയ്ക്ക് വന്നിരുന്നെങ്കില്‍ തന്റെ പുരുഷന്റെ പേരെന്തെന്ന് ചോദിക്കാമായിരുന്നു.

സൗജന്യം

കലാസ്നേഹികളേ, പിന്നണി ഭാഗവതര്‍ ശ്രീ. കമലാസനന്‌ പെട്ടെന്ന് വീട്ടില്‍ പോകേണ്ടിവന്നതിനാല്‍ തല്‍സ്ഥാനത്ത് ശ്രീ. ആന്റണിയെ ഉള്‍പ്പെടുത്തി എന്റെ ഈ കഥാപ്രസംഗം തുടരുകയാണ്‌.  അങ്ങനെ നമ്മുടെ നായകന്‍,  ഈ ചമ്മിയിരിക്കുന്ന ചീളു പയല്‌, ബാംഗളൂര്‍ നഗരത്തില്‍  രാത്രി വണ്ടിയിറങ്ങി നടക്കുകയായിരുന്നു. മുകളില്‍ പൂര്‍ണ്ണചന്ദ്രന്‍ വെണ്ണിലാവു പൊഴിച്ചു നില്‍ക്കുന്നു.

കോറമംഗലയാം ഭൂമിക്ക്.. വേളിപ്പുടവയുമായ് വരും വെളുത്തവാവേ...

കാഥികാ, ച്ചിരീം നിര്‍ത്തണേ, ഒരു അനൗണ്‍സ്മെന്റ് കൊടുത്തോട്ടെ.  ഒരു പ്രത്യേക അറിയിപ്പ്. നാളെ രാവിലേ ഉച്ചക്കട ഗവര്‍മ്മെന്റ് സ്കൂളില്‍ സൗജന്യമെഡിക്കല്‍ ഉണ്ടായിരിക്കുന്നതാണ്‌. ഇവിടെയുള്ള എല്ലാവര്‍ക്കും അങ്ങോട്ടു സ്വാഗതം.

സൗജന്യമടിക്കലോ? യെവനെങ്കിലും പട്ടാളത്തീന്നോ ഗള്‍ഫീന്നോ വന്നോ?
വെള്ളമടിയല്ലെടേ, മെഡിക്കല്‍ ക്യാമ്പ്.  കണ്ണു പരിശോധന. റോട്ടറി ക്ലബ്ബ് വക ഫ്രീ.

അതിനു ഈ ഇരിക്കണ ആര്‍ക്കും കണ്ണിനു ഒരു പോതരക്കേടും ഇല്ലല്ല്?  ചെലരക്ക് കാഴ്ച്ച ആവശ്യത്തിലും കൂടുതലാ. ഒരുത്തനെ തന്നെ രണ്ടായിട്ടും മൂന്നായിട്ടും കാണാം.  ഇത്രയും കാലം നമ്മുടെ കാഴ്ച്ചയെ കാലാപ്പാനി ഒഴിച്ചുതന്ന് തകര്‍ക്കാതിരുന്ന രാജരാജശ്രീ ചാണ്ടിക്കുഞ്ഞ് അവര്‍കള്‍ക്ക് പൗരസമിതിയുടെ വകയായി ഒരു തിരസ്കാരം കൊടുക്കേണ്ടതാകുന്നു.
ഇതാ പറയണത് ഒരുത്തനും വിവരമില്ലെന്ന്. ഡേ, ഒരസുകവുമില്ലേലും എല്ലാരും പോണം. അവരു കലണ്ടറേലെ അക്ഷരം വായിക്കാന്‍ പറയും. ഒതളങ്ങാ വലിപ്പമുള്ളത് മാത്രം നോക്കി വായിച്ചേച്ച് ബാക്കിയൊന്നും കാണൂടത്തില്ലെന്ന് പറയണം.

അതെന്തരിനെടേ?
അപ്പോള്‍ സൗജന്യ കണ്ണാടി തെരും. ഇനിയെപ്പഴാ മെഡിക്കല്‍ ക്യാമ്പെന്നും അന്നരവും കണ്ണിന്റെ ക്യാമ്പ് തന്നേന്നും ആരിക്കറിയാം? അതിന്റെടേല്‍ വല്ല ഏനക്കേടും വന്നാല്‍ ഈ കണ്ണാടി എടുത്തു വയ്ക്കാവല്ല്. ഇഞ്ഞി തെണ്ണവൊന്നും വന്നില്ലേല്‍  ഇതു വില്‍ക്കാമല്ല്. ഒരമ്പതു രൂപയെങ്കിലും കിട്ടും.

ഡേ, അപ്പോ ഒള്ളതായിട്ടും കണ്ണു കണ്ടൂടാത്ത ആരിക്കെങ്കിലും കിട്ടാനുള്ള കണ്ണാടിയായിരിക്കത്തില്ലേ നമ്മളടിച്ച് മാറ്റണത്?
ഈ റോട്ടറിക്കാരക്കന്നും ചക്രത്തിനു വെലയില്ലെടേ, എത്തറ വേണേലും കണ്ണാടിയോ വെപ്പുകാലോ വാങ്ങിച്ചു കൂട്ടും ലവര്‍, പത്രത്തിലു പടം വരണതല്ലീ. പിന്നെ ക്യാമ്പങ്ങോട്ട് തീരുമ്പ ഒരു വെള്ളവടിയൊണ്ട്. അതേല്‍ ഒരുത്തന്‍ ഞാന്‍ അഞ്ഞൂറു കണ്ണാടി വാങ്ങിച്ചുകൊടുത്തെന്ന് പറയുമ്പ അടുത്തവന്‍ ഞാന്‍ രണ്ടായിരം കൊടുത്തെന്ന് പറയും. എത്ര കൂടുതലെണ്ണം പോകുന്നോ അതാ അവര്‍ക്കു വെയിറ്റ്. അപ്പ നാളെ സ്കൂളില്‍. അനൗണ്‍സ്മെന്റ് കഴിഞ്ഞ്.

രണ്ട് തടസ്സം എടയ്ക്ക് വന്നോണ്ട് കഥപറയഅനുള്ള ലിത്  പോയി. ഇഞ്ഞി നാളെ ആദ്യം മൊതലേ പറയാം. ആന്റണിഫാഗോതരേ, മങ്ങളം പാട്.

മംഗളം നേരുന്നു ഞാന്‍ സദസ്സിനു മംഗളം നേരുന്നു ഞാന്‍. പറഞ്ഞു തീരണ മുന്നേ ഈ കാഥികന്‍ ഇറങ്ങി പോയല്ലുമെങ്കിലും...

Sunday, November 11, 2007

കലിംഗയുദ്ധം അഞ്ചാം ദിവസം

ആന്തണി, നിനക്ക് ആ ഇന്ത്യന്‍ ഡാന്‍സ് ഒന്നു കളിച്ചു കാണിക്കാവോ?
യാത് ഇന്ത്യന്‍ ഡാന്‍സ്?

നിന്റെ വാള്‍ പേപ്പറിലെ എക്സോട്ടിക് കോസ്റ്റ്യൂം ഇട്ട ആ ഡാന്‍സ്?
കഥകളിയോ? സായിപ്പേ, അതങ്ങനെ ചുമ്മാ വെള്ളമടിച്ച് ചാടിയല് വരൂല്ല.  വര്‍ഷങ്ങളു പഠിക്കണം. മാത്രമല്ല കഥകളി പഠിക്കാന്‍ ചെല്ലുമ്പ ഒള്ള ചവിട്ടി തടവലൊണ്ടല്ല്, അത്  കിട്ടിയാല്‍ എന്റെ ബോഡി നിന്റെ ബോഡി പോലെ എരണം കെട്ടുപോകും.

ഛീ, ഇന്ത്യന്‍ ഡാന്‍സ് അറിഞ്ഞൂടാത്ത ഇന്ത്യക്കാരനോ? അയ്യം.
എന്നാ നീ ഫ്രെഞ്ച് ബാരോക്ക് ഒന്നു കളിച്ച് കാണിക്ക്.

അതു കളിക്കാന്‍ ഞാന്‍  വേണ്ട, എന്റെ പെണ്ണ് മതി. ടീ  ഒരെണ്ണം കാണിക്ക്.
കണകുണ കണകുണ കിണിണീം ക്ലാങ്ങ്!
ക്ലീം ക്ക്ലീം  കണണണ കിണിക്ണാ ക്ലീങ്ങ്!

മാതാവേ ഇതും ഡാന്‍സെന്നോ? വല്ലോരും കണ്ടാല്‍ താക്കോല്‍ കൂട്ടം എടുത്തു കയ്യില്‍ പിടിപ്പിക്കുവല്ല്‌.
നീ ഞെളിയണ്ടാ, നിനക്ക് ഇന്ത്യന്‍ ഡാന്‍സ് അറിയില്ലല്ലോ? സ്വന്തം കള്‍ച്ചററിയാത്ത കൂതറപ്പയല്‌.

ഇല്ലെന്ന് എപ്പ പറഞ്ഞ്?  കഥകളി വേണേല്‍ അതിന്റെ കോസ്റ്റ്യൂം വേണം,  സ്ക്രിപ്റ്റ് വേണം, ഡ്രമ്മര്‍ വേണം,  ലൈറ്റ് അപ്പ് വേണം. ഞങ്ങള്‍ക്ക് ഒരുപാട് ക്ലാസ്സിക്കല്‍ ഡാന്‍സ് ഉണ്ട് വേറൊരെണ്ണം കാണിച്ചു തരാം. അതു തൊടങ്ങണമെങ്കില്‍ ഇങ്ങനെ പെഗ്‌മെഷറില്‍ അളന്ന് ഒഴിച്ചാല്‍ പറ്റൂല്ലാ. അരഗ്ലാസ്സ് വിസ്കി, അരഗ്ലാസ്സ് ഐസ് ക്രഷ് ചെയ്തത്. ഒഴിച്ച് നീട്ട്.

ഇന്നാ, പിടി. നെട്ടനെ വലിച്ചുകേറ്റ്. എന്നിട്ട് തൊടങ്ങ്.

അടിച്ച് പോട്, അടി ഢപ്പാങ്കൂത്തേ. മുട്ടാലക്കിടി, അടി ഢപ്പാങ്കൂത്തേ!
സതിരു പോട്, അടി ഡപ്പാങ്കൂത്തേ. കറങ്കിയാട്, അടി ഢപ്പാങ്കൂത്തേ!
കരകം ആട്, അടി ഢപ്പാങ്കൂത്തേ. മയിലാ ആട്, അടി ഢപ്പാങ്കൂത്തേ!


മനോഹരം. നല്ല ഗ്രേസ്, നല്ല ടെമ്പോ,  ഇതിനു റോട്ടോ ടോം കൊണ്ട് ബീറ്റ് കൊടുത്താല്‍ ജനം ഇളകിയാടും. എന്താ ഇതിന്റെ പേര്‌?
ഇതാണു ഡെ പാന്‍ ക്യൂട്ട് .  പെര്‍ക്കഷന്‍ നെയ്യാണ്ടി മേളം ആണ്‌,  റോട്ടോ ടോം ഒക്കെ പ്യാശ വലിച്ചു കെട്ടി പായും ആ അടി കേട്ടാല്‍.

എന്താ നീ ഇപ്പ കളിച്ച  ഈ ഡ പാന്‍ ക്യൂട്ടിന്റെ  സ്റ്റോറി?
അതായത്, രാജേന്ദ്രചോളന്‍ എന്ന ഉഗ്രപതാപിയായ രാജാവ്  വെങ്കിയേയും തോല്പ്പിച്ച് കലിംഗരാജ്യം വലിച്ചു കീറി പാളത്താറുടുത്തുകളഞ്ഞു.  പുള്ളിയുടെ കാലാള്‍പ്പട വിജയശ്രീ എന്ന സിനിമാനടിയുടെ  ലാളനം ഏറ്റുകൊണ്ട് തുള്ളിച്ചാടി തിരികെ നാട്ടിലേക്ക് വന്നു കയറുന്ന സീന്‍ ആണ്‌.

മറ്റേ കോസ്റ്റ്യൂം ഇട്ട ഡാന്‍സിനു ടെമ്പോ  എങ്ങനെവരും?
ഇത്തിപ്പോരം കൊറവായിട്ട്;
നര്‍മ്മദ തീരത്തു നിന്നു പിന്‍‌വാങ്ങവേ .....
പോയിതല്ലോ... ഹര്‍ഷവര്‍ദ്ധനനുടെ ഹര്‍ഷവും പുലികേശിയുടെ കേശവുമാകവേ... എന്ന രീതിയില്‍,

ഇതിലും നല്ലത് ഡെപാന്‍ ക്യൂട്ട് തന്നെ.
തന്നേ?

 

Thursday, November 8, 2007

കുലമഹിമ

ഡേ ആന്റോ,  നെനക്കറിയാവോ ഞങ്ങടെ കുലമഹിമ?
എന്തര്‌ കുമലഹിമ?


അതില്ലാത്തവനോട് പറഞ്ഞിട്ടെന്തരു കാര്യം.  ഡേ, ഞങ്ങളുടെ കുടുംബത്തിനു മൂവായിരം വര്‍ഷത്തെ ചരിത്രമുണ്ട്. രണ്ടായിരം കൊല്ലം മുന്നേ തോമാശ്ലീഹയാ ഞങ്ങളെ വിശ്വാസികളാക്കിയത്. മിഴാവും കുഴിത്താളവും കൊട്ടി സങ്കീര്‍ത്തനം പാടിയിരുന്ന കാരണവന്മാരു കുടുംബത്തിലുണ്ടായിരുന്നു  അന്നു മുതലേ.

അത്തറേയുള്ള്?
പിന്നെത്തറ വേണമെടേ?

എന്നാ കേട്ടോ.  എന്റെ കുടുംബത്തിന്‌ രണ്ടുലക്ഷം വര്‍ഷത്തെ ചരിത്രമുണ്ട്. അങ്ങ് ആഫ്രിക്കയിലായിരുന്നു തറവാട് ആദ്യം. അന്നേ ഞങ്ങള്‍ വിശ്വാസികളായിരുന്നു. തറവാട് ഭാഗം വച്ച് ഞങ്ങള്‌ പലേടത്തായിട്ട് പിരിഞ്ഞ്.  പോയേടത്തെല്ലാം  ബാക്കിയുള്ളവരെ അടിച്ചു ഫിനിഷ് ആക്കി ലോകം മൊത്തം ഭരണം കയ്യടക്കിയ കിണ്ണന്‍ ടീം  ആയിരുന്നു എന്റെ പൂര്വ്വികര്‍. ലക്ഷക്കണക്കിനു വര്‍ഷം മുന്നേ തന്നെ ഞങ്ങള്‍ ഫേയിമസ് എല്ലാംകുഴല്‍ സംഗീത്ഞ്ജരായിരുന്നു, ചിത്രകാരന്മാരായിരുന്നു, വലിയ യോദ്ധാക്കളും മാന്ത്രികരും പുരോഹിതരും ഒക്കെ ആയിരുന്നു.

Tuesday, November 6, 2007

സോപ്പോപ്പറാ 2.0

ഗുഡ് മോര്‍ണിങ്ങ്. തിരക്കുകള്‍ മാറ്റിവച്ച് ഈ ഡെമോ ഇവിടെ കാണാന്‍ വന്ന സകലര്‍ക്കും നന്ദി. സോപ്പോപ്പറാ 2.0 എന്ന ഞങ്ങളുടെ പുതിയ സോഫ്റ്റ്‌വെയര്‍ ബേസിക്കലി ഒരു സ്ക്രിപ്റ്റ് ജെനറേറ്റര്‍ ആണ്‌.  ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി വിവരിക്കുകയാണെങ്കില്‍ ഈ അടുത്തകാലത്തൊന്നും തീരുകയില്ല, അതുകൊണ്ട് ഞാന്‍ നേരിട്ട്  പ്രോഡക്റ്റ് നിങ്ങളെ കാണിക്കുകയാണ്‌. ഇതിന്റെ സാദ്ധ്യതകള്‍ നിങ്ങള്‍ തന്നെ കണ്ടറിയുകയാണ്‌ എളുപ്പം.

സോപ്പോപ്രാ പ്ലാറ്റ്ഫോം ഫ്രീ ആണ്‌. പ്രോഗ്രാം ലോഡ് ചെയ്യാന്‍ ദാ ഇങ്ങനെ ഐക്കണില്‍ മൗസിട്ട് രണ്ട് കിണുക്കിയാല്‍ മതി.

ഇപ്പോള്‍ നമ്മള്‍ മെയിന്‍ മെനുവിലാണ്‌.   കുടുംബം, പ്രേതം, കുറ്റം, കോമഡി, ഭക്തി എന്ന് അഞ്ചു  ബട്ടണുകള്‍ കാണുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് എന്തു തരം സ്ക്രിപ്റ്റാണോ വേണ്ടത് അതില്‍ അമര്‍ത്തുക. ഇപ്പോള്‍ ഞാന്‍ കുടുംബം എന്ന സബ്‌മെനുവിലേക്ക് പോയി. എത്ര എപ്പിസോഡ് വേണം എന്ന് ടൈപ്പ് ചെയ്യുക . ഈ വാല്യൂ എപ്പോള്‍ വേണമെങ്കിലും മാറ്റി  സ്ക്രിപ്റ്റ് റിവൈസ് ചെയ്യാവുന്നതാണ്‌, ഡിഫാള്‍ട്ട് വാല്യൂ ആയിരം.

ഇനി ഒരു കഥാപാത്രത്തിന്റെ പേരു കൊടുക്കുക. കൊടുത്തയാളിന്റെ ജാതി അനുസരിച്ച് അയാളുടെ  ഭാര്യ, ഭര്‍ത്താവ്, അമ്മ, അമ്മായിയമ്മ, അമ്മായിയച്ഛന്‍,  അച്ഛന്‍, മകള്‍, കാമുകി, അയല്‍ക്കാരന്‍ അയാളുടെ ഭാര്യ, ഭാര്യയുടെ ജാരന്‍, ജാരന്റെ ഭാര്യ, അവളുടെ ജാരന്‍, ആ ജാരന്റെ ഭാര്യ എന്നിങ്ങനെ എല്ലാ വാല്യൂസും ഫോം തനിയേ പുള്‍ അപ്പ് ചെയ്യും. നാനാജാതിയില്‍ നിന്നുമായി ഇരുപതിനായിരം പേരുകള്‍ ഡേറ്റാബേസിലുണ്ട്. മാത്രമല്ല, നിങ്ങള്‍ കൊടുക്കുന്ന പേരിനു അനുയോജ്യമായ പേരുകള്‍ ആയിരിക്കും വരുന്നത്. ഉദാഹരണത്തിനു ഞാന്‍ രാഘവന്‍ എന്നു കൊടുത്താല്‍ ഭാര്യയുടെ പേരു സാവിത്രി എന്നോ മറ്റോ ആയിരിക്കും രാജേഷ് എന്നു കൊടുത്താല്‍ മഞ്ജു എന്ന രീതിയില്‍. നല്ല മനുഷ്യര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പേരിനടുത്ത് ഉള്ള ചെക്ക് ബോക്സ് ടിക്ക് ചെയ്യുക. സാധാരണഗതിയില്‍ ആദ്യം എന്റര്‍ ചെയ്യുന്ന ആള്‍ മാത്രമായിരിക്കും നല്ലയാള്‍. 

ഇനി പാരാമീറ്റേര്‍സ് സെറ്റ് ചെയ്യുക. എത്ര വ്യഭിചാരം, എത്ര ആത്മഹത്യ, എത്ര വിവാഹമോചനം, എത്ര  അവിഹിത ഗര്‍ഭം, എത്ര മാരകരോഗം, എത്ര കള്ളുകുടി, എത്ര കത്തിക്കുത്ത് എന്നിവ അതാത് ഫീല്‍ഡില്‍ ഫില്ല് ചെയ്യുക.  ഡിഫാള്‍ട്ട് വാല്യൂ പത്ത് ആണ്‌. 

സാധാരണഗതിയില്‍ ഇത്രയും പാരാമീറ്റേര്‍സ് മതിയാവും. അഥവാ ഇനി സാധാരണയിലും ഉയര്‍ന്ന  നിലവാരമുള്ള സ്ക്രിപ്റ്റ് ആണ്‌ നിങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അഡ്വാന്‍സ്ഡ് എന്ന ബട്ടന്‍ ഞെക്കി അതില്‍ എത്ര പ്രസവം, അതില്‍ എത്ര കുട്ടികള്‍ അനാഥരായി,വ്യഭിചാരികളെല്ലാം ഒടുക്കം നന്നാവുമോ അതോ മരിക്കുമോ etc ഫീല്‍ഡുകളിലും വാല്യൂ കൊടുക്കുക.

ഇനി റണ്‍ ബട്ടണ്‍ ഞെക്കുക.  ഔട്ട്പുട്ട് എപ്പിസോഡ് വച്ച് പേജ് സ്കിപ്പ് ചെയ്യണമെങ്കില്‍ പ്രിന്റ് പാരമീറ്റേര്‍സില്‍ അതും കൊടുക്കാം.

സീരിയലിന്റെ തലക്കെട്ട്  മലയാളം നിഘണ്ടുവില്‍ നിന്നും റാന്‍ഡം പിക്ക് ചെയ്യുന്നതാണ്‌.   ടൈറ്റില്‍ സോങ്ങ് സ്ക്രിപ്റ്റിലെ തന്നെ വാക്കുകള്‍ റാന്‍ഡം പിക്ക് ചെയ്ത് നാലെണ്ണം വീതം ലൈന്‍ തിരിച്ച്  മൂന്നു പാരഗ്രാഫ് ആക്കിയതും.

ഇനി ഈ സ്ക്രിപ് സേവ് ചെയ്യുക. ഏതെങ്കിലും നടി പിണങ്ങി പോവുകയോ നടന്‍ തട്ടിപ്പോവുകയോ ഒക്കെ ചെയ്താല്‍ ഈ ലോഡ് സേവ്ഡ് സ്ക്രിപ് ബട്ടണ്‍ ഞെക്കിയിട്ട്  പോയ കഥാപാത്രത്തിനു നേരേ 'കില്‍' എന്ന ചെക്ക് ബോക്സ് ഫ്ലാഗ് ചെയ്യുക. എന്നിട്ട് റീറന്‍ ബട്ടണ്‍ അടിക്കുക.  ഒരു പോപ്പ് അപ്പ് വിന്‍ഡോയില്‍ 'റീറണ്‍ ഫ്രം?' എന്ന ചോദ്യം വരും. എവിടെ വച്ചാണ്‌ കഥാപാത്രത്തെ ഫോട്ടോയാക്കേണ്ടത്, ആ എപ്പിസോഡ് നമ്പര്‍ കൊടുക്കുക. ബാക്കി ഭാഗങ്ങളുടെ സ്ക്രിപ്പ് അതനുസരിച്ച് മാറി വരും.

സോപ്പോപ്പറാ 2.0 വേര്‍ഷനിലെ  ഏറ്റവും വലിയ പ്രത്യേകത ലൈവ് അപ്പ്ഡേറ്റ് സം‌വിധാനമാണ്‌. ഓരോ തവണ നിങ്ങള്‍ ഓണ്‍ലൈന്‍ വരുമ്പോഴും ക്ലയര്‍ സോഫ്റ്റ്‌വെയര്‍ ഞങ്ങളുടെ സേര്വറിനെ കോണ്‍റ്റാക്റ്റ് ചെയ്ത് ലേറ്റസ്റ്റ് വാണിഭങ്ങള്‍, പീഡനങ്ങള്‍, ബലാത്സംഗ രീതികള്‍, വ്യഭിചാരശാലകള്‍, കൊലപാതക രീതികള്‍, പ്രേതസങ്കല്പ്പങ്ങള്‍, പുരാണങ്ങള്‍, വിവാദങ്ങള്‍, പേരുകള്‍, തോക്കുകള്‍, വാഹനങ്ങള്‍, അഴിമതിക്കേസുകള്‍, വസ്ത്രത്തിന്റെ ഫാഷന്‍ തുടങ്ങിയവയുടെ ഡേറ്റാബേസുകള്‍ അപ്പ്‌ഡേറ്റ് ചെയ്യുന്നു.

പ്രേതം, ഭക്തി, ക്രൈം, കോമഡി നാവിഗേഷന്‍ സ്ക്രീനുകളും ഇതുപോലെ തന്നെ ആയതിനാല്‍ ഞാന്‍ ആവര്‍ത്തിച്ച് സമയം പാഴാക്കുന്നില്ല. സോപ്പോപ്പറാ 2.0 നെ കുറിച്ചുള്ള സംശയങ്ങളോ കൂടുതല്‍ എന്തെങ്കിലും അറിയാനുണ്ടെങ്കിലോ ദയവായി ചോദ്യങ്ങള്‍ ചോദിക്കുക.

 

റെയര്‍ എന്‍ഡിങ് സ്റ്റോറി

ഠേ.
എന്റെ ഇടത്തേ ഹെഡ്ലൈറ്റും ലവന്റെ വലത്തേ ടെയില്‍ ലാമ്പും കൂട്ടിത്തട്ടി
പൊട്ടിപ്പോയി. പക്ഷേ എന്റെ ബമ്പര്‍ ഞണുങ്ങിയതുപോലെ ലവന്റെ ബമ്പര്‍
ഞണുങ്ങാഞ്ഞത് അനീതിയായിപ്പോയി.

അരികിലോട്ട് ഒതുക്കി. ഞാന്‍ എമര്‍ജന്‍സി നമ്പര്‍ വിളിച്ചു.
ലവന്‍ വിസിറ്റിങ്ങ് കാര്‍ഡ് തന്നു. ഞാന്‍ വിസിറ്റിങ്ങ് കാര്‍ഡ് കൊടുത്തു.

പച്ചേം വെള്ളേമിട്ട് ഒരിടിവണ്ടി വന്നു.

"ഇതാരുടെ വണ്ടി?"
"എന്റെ."
"അപ്പോ നീ
പുറകീന്നു മുട്ടി. "
"ഉവ്വ്."
"അപ്പോള്‍ ആരുടെ കുറ്റം?"
....കുറ്റം സമ്മതിക്കരുത്, മാപ്പു പറയരുത്, സീന്‍ ഓഫ് ക്രൈമില്‍ നിന്നും
മുങ്ങരുത്, ആരെയും അടിക്കരുത്, തെറിയും പറയരുത്, വേണേല്‍ നീ അടി കൊണ്ടോ,
തെറി കേട്ടോ എന്നാണ്‌ ഇന്‍ഷ്വറന്‍സ് ഉപദേശം....

"ആരുടെ കുറ്റമെന്ന് അറിയില്ല. അതായത് ഞാന്‍ ഇങ്ങനെ വരുമ്പോ ഈ മൂപ്പര്‍
പെട്ടെന്ന് ചവിട്ടി, ഞാനും ചവിട്ടി, എന്റെ ഡീസലറേഷന്‍ റേറ്റ് ലവന്റെ
ഡീസലറേഷന്‍ റേറ്റിനെക്കാള്‍ കുറവായത കാരണം ..."

"മതി. റെയര്‍ എന്‍ഡിങ്ങ് നടത്തിയാല്‍ ആരുടെ കുറ്റമെന്ന് അറിയില്ലേ?"
"ആരുടെയാ?"

"നിന്റെ. ഈ ഭൂമിയിലെ സകല റോഡിന്റെയും നിയമം അതാണ്‌."
"പറഞ്ഞു തന്നതിനു നന്ദി."

"ലൈസന്‍സ്, രെജിസ്റ്റ്റേഷന്‍ കൊട്."
"ചുവപ്പ് പേപ്പര്‍ നിനക്ക്. പച്ചപ്പേപ്പര്‍ ലവന്‌. വെള്ളപ്പേപ്പര്‍
എനിക്ക്. നീലപ്പേപ്പര്‍ ബുക്കില്‍ തന്നെ."
"എന്തരേലും പേപ്പര്‍ താ. പോട്ട്. താമസിച്ച്."

"ഈ ഏരിയയില്‍ കാലത്ത് അഞ്ചു മണി മുതല്‍ ഇത് ആറാമത്തെ ആക്സിഡന്റാ.
ആര്‍ക്കും ഒരു ശ്രദ്ധയുമില്ല. എന്തെങ്കിലും വന്നാല്‍ നിന്റെ വീട്ടുകാര്‍
എന്തു ചെയ്യും?
ആറാമത്തെ ആണോ? എന്നാല്‍ ഇത് എന്റെയും ലവന്റെയും കുറ്റമല്ല, റോഡിന്റെ ആയിരിക്കും."

"യള്ളാ, ഗോ കെയര്‍ഫുള്ളി. അസ്സലാമു അലൈക്കും."
"വ അലൈക്കും സലാം."

Monday, November 5, 2007

അമ്പതു പോസ്റ്റായി!

അണ്ണാ, ഞാനിപ്പ എഴുത്തുകാരനാ.
യേത് വീക്കിലിക്ക് ആണെടാ നിന്നെക്കൊണ്ട് എഴുതിക്കേണ്ട ഗതികേട് വന്നത്?

വീക്കിലി ഇനി ഉമിക്കരി പൊതിയാന്‍ പോലും യെവനും വാങ്ങിക്കൂല്ല. ഇത്
ബ്ലോഗാ, ബ്ലോഗ്. ഞാനെഴുതുന്നു ഞാന്‍ തന്നെ പബ്ലിഷും ചെയ്യണത്.
വായനക്കാരനും നീ തന്നെ?

ഊതല്ലേണ്ണാ, അണ്ണന്‍ സാല്വഡോറ് മംഗാനയുടെ "ആര്‍ക്കുവേണം പ്രസാധകനെ?" എന്ന
ലേഖനം വായിക്കണം ആമസോണ്‍ ഡോട്ട്...
അല്ലാ ആന്റോയേ, ഞാനിങ്ങനെ കാലം മാറുന്നത് എങ്ങോട്ടാണെന്ന് ഓര്‍ക്കുവാരുന്ന്.

എങ്ങോട്ടാ?

പണ്ടൊക്കെ ജന നേതാവ് ആകാന്‍ മനുഷ്യസ്നേഹിയും നയതന്ത്രഞ്ജനും ധീരനും ഒക്കെ
ആയവനേ കഴിയുമായിരുന്നുള്ളു. ഇപ്പ ആര്‍ക്കും നേതാവാകാം എന്നായി. ഇച്ചിരേം
ഉളുപ്പില്ലായ്മ മതി കയ്യില്‍.
നേരാണ്ണാ, കക്ഷിരാഷ്ട്രീയം നശിച്ചു.

പണ്ട് യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയുമൊക്കെയായിരുന്നു
പാട്ടുകാര്‌. ഇപ്പം ഐഡിയല്‍ ബാര്‍ സിംഗര്‍ മുതല്‍ ചുമ്മാ ഒന്നു ഫോണ്‍
ചെയ്താല്‍ ഏതു വെള്ളിക്കെട്ടന്‍ പയലിനും ടീവിയില്‍ പാടാം എന്ന രീതിയായി.
ഹോ ശരിയാ, പണ്ടത്തെ പാട്ടാ പാട്ട്. പണ്ടു പാടിയ പാട്ടിലൊരെണ്ണം..

പണ്ടൊക്കെ കാരൂര്‌ എസ് കേ, ഓ വി വിജയന്‍, വീ കേ എന്‍ തുടങ്ങി വലിയ
എഴുത്തുകാരുടെ കൃതികള്‍ ആയിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.. ഇപ്പ.
അണ്ണാ! നിര്‍ത്ത്. ഈ വലിയവരൊക്കെ പണ്ട് ചെറിയവര്‍ ആയിരുന്നു. അവര്‍
വളരാന്‍ കിട്ടിയ അവസരം എല്ലാവര്‍ക്കും കിട്ടണം. ജനകീയ..

കീയണ്ട. എല്ലാ കലാപരിപാടിക്കും അരങ്ങേറ്റം എന്നൊരു സാധനമുണ്ട്.
എലിജിബിലിറ്റി കിട്ടിയാലേ തട്ടേല്‍ കേറി കളിക്കാവൂ എന്ന്. എന്തിനാടേ
കല്യാണം കഴിക്കാന്‍ പതിനെട്ടും ഇരുപത്തൊന്നും വയസ്സ് വേണമെന്ന്
വച്ചിരിക്കുന്നത്? ബ്ലോഗ് എഴുതുമ്പ ശൈശവത്തിലേ നിങ്ങളു കലാപരിപാടി
തുടങ്ങുകയല്ലേ. ആദ്യമേ ഞെളിയാന്‍ തുടങ്ങിയാല്‍ എങ്ങനെ തെളിയുമെടേ?
അണ്ണാ, അതാണതിന്റെ പ്രത്യേകത. ഞാങ്ങ് ഒരെണ്ണം എഴുതുന്നു. കൊള്ളൂല്ലേല്‍
ആരും മൈന്‍ഡ് ചെയ്യൂല്ല. അപ്പ കൊറച്ചൂടെ നന്നാക്കും. അതായത് നടന്നു
തൊടങ്ങുമ്പഴേ തട്ടേല്‍ കേറി ഡാന്‍സ് തുടങ്ങുകയാ, നോ അരങ്ങേറ്റം.
കൊച്ചല്ലേ എന്നു വിചാരിച്ച് ചിലപ്പോ ഏറു കിട്ടില്ലായിരിക്കും, പക്ഷേ
തെളിഞ്ഞില്ലേല്‍ കാണികളു വരൂല്ല, അപ്പ തന്നെ നന്നാവും.

അതിനു നീ ഒരു പോസ്റ്റ് ഇട്ടിട്ട് മെയില്‍ അയച്ചും എസ് എം എസ്സ് അയച്ചും
ഓര്‍ക്കുട്ടില്‍ ഇട്ടും പരിചയക്കാരെ എല്ലാം വിളിച്ച് കമന്റ് എഴുതാന്‍
പറഞ്ഞാല്‍ അവരു പടയായി വന്ന് കമന്റ് ഇട്ടിട്ടു പോകുവല്ല്. അതല്ലേ ഈ
സെല്‍ഫ് പബ്ലിഷിങ്ങ് പരിപാടി? ആരും നിന്റെ കോ.. അല്ല പോസ്റ്റ് ഒന്നും
വായിച്ചു പോലും നോക്കൂല്ലെന്ന്. ഇന്നാള്‌ ഒരുത്തന്‍ അവന്റെ കൂട്ടുകാരന്‍
ബൈക്കിടിച്ച് കാലു രണ്ടും വാരിയെല്ല് മൂന്നും ഒടിഞ്ഞു കിടപ്പാണ്‌ എന്ന്
പോസ്റ്റ് ഇട്ടിട്ട് ഓര്‍ക്കുട്ടേല്‍ ഒരു പരസ്യം അങ്ങ് കൊടുത്ത്.
എഴുപത്താറു പേരാ വന്ന് "അടിപൊളി, ചിരിച്ച് മണ്ണു കപ്പി, എന്നും ഇതുപോലെ
പോസ്റ്റ് ഇടണേ " എന്നൊക്കെ കമന്റ് ഇട്ടത്.
അണ്ണാ തള്ളേണെ ഞാന്‍ അനോണിയാ. എനിക്ക് ഓര്‍ക്കുട്ടുമില്ല, മെയിലുമില്ല,
ഒരു കുയിലുമില്ല. പോസ്റ്റ്, പോസ്റ്റ് മാത്രം. വേറൊന്നുമില്ല.

എത്രയെണ്ണം എഴുതി ഇതുവരെ?
അമ്പത്.

ആരേലും വായിച്ചോ?
അത്യാവശ്യം.

ആരും പറയാതെ അവരെങ്ങനെ അറിഞ്ഞ്? എല്ലാം വായിക്കാറുണ്ടോ അവര്‌?
അണ്ണാ, വായനക്കാര്‌, യഥാര്‍ത്ഥ വായനക്കാര്‌, പൂച്ചയെപ്പോലെയാ. മീന്‍
ഉറിയില്‍ ഇരുന്നാലും അവരു മണത്തു വരും. ചാണകം പാത്രത്തിലിട്ടു
കൊടുത്താലും അവരു നൂറേല്‍ പാഞ്ഞുകളയും. അങ്ങനെ ഇപ്പ മീനേതാ ചാണകമേതാന്ന്
എനിക്കു മനസ്സിലായി വരുന്നു. അതല്ലേ അണ്ണന്‍ പറഞ്ഞ എഴുതി തെളിയല്‍?
തന്നെ.

Sunday, November 4, 2007

സ്നെയില്‍ മെയില്‍- ഫോര്‍മലല്ലാതെ പിന്നെങ്ങനെ?

+
എത്രയും സ്നേഹം നിറഞ്ഞ യോഹന്നാന്‍ അറിവതിലേക്ക് ഉച്ചക്കടയില്‍ നിന്ന്
ഈപ്പന്‍ എഴുതുന്നത് എന്തെന്നാല്‍,
ദൈവകൃപയാല്‍ നിനക്കും കുടുംബത്തിനും ഉടുമ്പന്‍‌ചോലയില്‍ സുഖമാണെന്ന്
കരുതുന്നു. ആരോടും യാത്രപറയാതെ പോയതുകൊണ്ട് നിന്നോട് ഇവിടങ്ങളില്‍
എല്ലാവര്‍ക്കും ചെറിയ പരിഭവം ഉണ്ട്. കുറഞ്ഞത് എന്നോടെങ്കിലും പറഞ്ഞിട്ട്
പോകാമായിരുന്നു. അല്ലെങ്കില്‍ പോയിട്ട് ഒരു കത്തെങ്കിലും
അയക്കാമായിരുന്നു.

ഇവിടെ ഞാന്‍ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കുകയാണെന്ന്
നിന്നെ ഒന്ന് അറിയിക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടാണ്‌ നിന്റെ ഈ വിലാസം
കണ്ടുപിടിച്ചത്. ഇത്രയധികം പ്രയാസങ്ങള്‍ ഞാനനുഭവിക്കുന്നതു അറിഞ്ഞ് നീ പല
അവധി പറഞ്ഞിട്ടും മടക്കി തരാതിരുന്ന ആ മൂവായിരം രൂപ ഉടനടി
മടക്കത്തപാലില്‍ തന്നെ മണിയോര്‍ഡര്‍ ആയി അയക്കാന്‍ താല്പ്പര്യപ്പെടുന്നു.
ദൈവേച്ഛ മറിച്ചായി നീ ഇനിയും അവതാ പറയുകയോ അവിടെ നിന്നും വീണ്ടും സ്ഥലം
വിടുകയോ ചെയ്യാനാണുദ്ദേശിക്കുന്നതെങ്കില്‍ അങ്ങോട്ടു വന്ന് കണ്ട് നിന്റെ
കുടുംബത്തെ ഭീഷണിപ്പെടുത്തി കിട്ടാക്കടം പിരിച്ചെടുക്കാനും അതിനും
കഴിഞ്ഞില്ലെങ്കില്‍ നിന്റെ അംഗങ്ങള്‍ വെട്ടിയെടുത്ത് ഇക്കാര്യത്തില്‍
എനിക്കു വന്ന മാനസികവിഷമതകള്‍ക്കെങ്കിലും കുറവു വരുത്താനുമാണ്‌
ഈയുള്ളവന്റെ തീരുമാനമെന്നും തിര്യപ്പെടുത്തിക്കൊള്ളട്ടെ.

പോസ്റ്റുകാര്‍ഡില്‍ ഇനി സ്ഥലമില്ലാത്തതിനാല്‍ മറ്റു വിശേഷങ്ങള്‍ അടുത്ത
കത്തിലേക്ക് മാറ്റിവയ്ക്കുന്നു.
പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍ നിറുത്തട്ടെ.
സസ്നേഹം
ഈപ്പന്‍ മത്തായി
ഉച്ചക്കട, തിരുവനന്തപുരം
19/8/1988

ബ്ലാക്ക് സണ്‍‌ഡേ

ആന്തൊണി, ഈ ബെല്‍റ്റു കൊള്ളാം. ഏതു ബ്രാന്‍ഡാ, ഇറ്റാലിയന്‍ ആണോ?
ഇത് റോഡ് സ്റ്റാര്‍ ബ്രാന്‍ഡ്. നൈഫ് റോഡീന്ന് അഞ്ചു രൂപയ്ക്ക് വാങ്ങിയതാ.

ഇതേല്‍ തൂക്കിയിടാന്‍ ഒരു രസികന്‍ കരിങ്കായ വാങ്ങിച്ച് തരട്ടേ ഞാന്‍?
ആപ്പീസില്‍ നിന്നു പെയ്യിട്ടും ഈ-മെയിലു നോക്കണത് എന്തരിന്‌ അണ്ണാ? പണി
മുച്ചൂടും തീരണതുവരെ ഞാന്‍ ഇവിടെത്തന്നെ കുത്തിയിരിക്കണുണ്ടല്ല്?

ടാ പ്രാകൃതാ, കാലത്തിനൊത്ത് നീ മാറ്‌. ഇപ്പോ ഈ-മെയില്‍ അഞ്ചു
മിനുട്ടിനുള്ളില്‍ വായിച്ച് മറുപടി അയക്കാത്തത് ബാഡ് മാനേര്‍സ് അല്ലീ.
അണ്ണാ, എത്ര നേരം വേണേലും ഇവിടിരുന്ന് പണിയെടുക്കാം , പക്ഷേ കരിങ്കായ
കൊണ്ടു നടക്കുന്നത് ഓഫീസിന്റെ ഒരു കഷണം വെട്ടിയെടുത്ത് പോക്കറ്റിലിട്ട്
നടക്കുന്നത് പോലെയാ. ഇവിടില്ലാത്ത സമയമെങ്കിലും ഞാന്‍ ഞാനായി ജീവിച്ച്
പോട്ടണ്ണാ.

അപ്പ ഞാന്‍ പറഞ്ഞാല്‍ നീ കേക്കൂല്ല അല്ലേ?
പറഞ്ഞാല്‍ കേക്കും. അണ്ണന്റെ പറച്ചില്‍ ആജ്ഞയല്ലീ, എന്റെ കഷ്ടകാലം എന്ന്
മനസ്സില്‍ വിചാരിച്ച് കേള്‍ക്കും. അണ്ണന്‍ ഉത്തരവിട്ടാല്‍ അത്
കരിങ്കല്ല് പൊളക്കും. ഞാന്‍ ഉത്തരവിട്ടാല്‍ ഏമ്പക്കം വിട്ട എഫക്റ്റേ
ഉള്ളല്ല്. കേക്കാം. അനുസരിക്കാം. അണ്ണാ അണ്ണാ അവിടത്തെ മുന്നില്‍ ഞാനാര്‌
ലവന്‍ ആര്‌. ഞങ്ങളൊക്കെ അണ്ണന്‍ കൊണ്ണികള്‍ ആയിപ്പോയല്ല്.

ടാ. നീ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നോ എന്നെ?
അണ്ണന്‍ ഇമോഷണല്‍ ആയാല്‍ ചൂടാവാം. ഞാന്‍ ഇമോഷണല്‍ ആയാല്‍ വേറേ എന്തരു
ചെയ്യാന്‍ ബ്ലാക്ക് മെയില്‍ അല്ലാതെ.

എന്തു പറഞ്ഞാലും നീ ബ്ലാക്ക് ബെറി കെട്ടും വാവേ. നെനക്കെന്തിനാടേ
ലിതിനോട് ഇത്ര ദേഷ്യം.
അണ്ണാ, ഈ ബ്ലാക്ക് ബെറി ഒക്കെ ഇപ്പവന്ന സുനാപ്പിയല്ലേ, അണ്ണനു ഇത്
പുത്തരിയാ. അങ്ങ് ആര്‍ഷഭാരതത്തില്‍ ഇതിനു സമാനമായ വേറൊരു പരിപാടി പണ്ടേ
ഉണ്ട്. അതുകൊണ്ട് ഇതിന്റെ എഫക്റ്റ് എനിക്കൊക്കെ കൊച്ചിലേ അറിയാം.

കരിങ്കായ പോലത്തെ വേറേ എന്തരു പരുവാടി?
കരിങ്കുരുതി. അണ്ണന്‍ എന്നെ മനസ്സില്‍ വിചാരിച്ച് ആപ്പീസില്‍ ഒരു
കരിങ്കുരുതി പുഴുങ്ങിയാല്‍ മതി. എനിക്ക് പിന്നെ ഓഫീസ്, ജോലി , ജോലി,
ഓഫീസ് എന്നല്ലാതെ വേറൊരു വിചാവും വരില്ല.

ആഭിചാരമോ? ഇത് ശരിക്കും ഫലിക്കുമോ? ചുമ്മാ പറയണതല്ലേ?
ഫലിക്കുവോന്നോ, അണ്ണന്‍ എന്തര്‌ പറയണത്? ഞങ്ങടെ തെക്കേലെ ജയലക്ഷ്മി
ച്യാച്ചിക്ക് സെവന്‍‌ത് യീയര്‍ ഇച്ച് തുടങ്ങിയ കാലത്ത് ഒരു ചീളു
പയലുമായി ലൈന്‍ തൊടങ്ങി. കൊച്ചിനേം കളഞ്ഞ് ലവരു ഒളിച്ചോടാന്‍
സാദ്ധ്യതയുണ്ടെന്ന് കണ്ട് ചേച്ചീടെ ഭര്‍ത്താവ് ബാവുവണ്ണന്‍ മണ്ണന്തല
കേശൂനെക്കൊണ്ട് വീട്ടില്‍ ഒരു കരിങ്കുരുതി അങ്ങ് നടത്തി. കുരുതി പുഴുങ്ങി
അടുത്ത ദെവസം രാവിലേ ജയലക്ഷ്മി ച്യാച്ചി എണീറ്റത് എന്റെ പുന്നാര
ബാവുവണ്ണാ എന്നും വിളിച്ചോണ്ടാ, യേത് പൊടവൊടേടെ അടുത്ത ദെവസം രാവിലേ
വിളിച്ച അതേ വിളി. ഇപ്പം വീട്, ബാവുവണ്ണന്‍, അപ്പി എന്നല്ലാതെ ഒരു
വിചാരവും ച്യാച്ചിക്കില്ല.

ബ്ലാക്ക് മാജിക്ക് കമ്പനി എത്തിക്സിനു ചേരുമെന്ന് തോന്നുന്നില്ല,
അതുകൊണ്ട് നീ ബ്ലാക്ക് ബെറി തന്നെ കെട്ടേണ്ടിവരും.
എന്നെ കൊല്ലെടേ, കൊല്ല്.

പെര്‍വേര്‍ഷന്‍

രാശി മാപ്രാണങ്ങള്‍ മാറിയിട്ടോ ചീന രാശിയില്‍ വീണുപോയിട്ടോ എന്തരോന്തോ, എനിക്ക്‌ എരണം കെട്ട പാട്ടുകളാണ്‌ ഇഷ്ടം.

സ്റ്റാന്‍ഡേര്‍ഡ്‌ ഉള്ള ഷാപ്പ്‌ പാരഡികള്‍ നുമ്മക്കടെ നിലവാരത്തിനും മീതേയാണ്‌. കാതോഡ്‌ കാഥോറം എന്ന സിനിയമിലെ "ഡേവിഡ്‌ യൂതര്‍ പാടി" എന്ന പാട്ട്‌ ഓര്‍ത്ത്‌"യേശുദാസു പാടി സില്‍ക്ക്‌ സ്മിത ആടി കണ്ടു നിന്ന മമ്മൂട്ടി മുണ്ടുപൊക്കി ഓടി..." എന്ന രീതിയിലെ കൂതറപ്പാട്ട്‌ പാടണം. അതാണ്‌ എന്റെ ടേസ്റ്റ്‌.

ലതെവിടെയും അപ്രീഷ്യേറ്റ്‌ ചെയ്യപ്പെടൂല്ല എന്നതിനാല്‍ കൊച്ചിലേ ആളില്ലാത്ത കടപുറത്തും മറ്റും പോയിരുന്ന് ഞാന്‍ തന്നത്താന്‍ ഇമ്മാതിരി പാട്ട്‌ പാടി രസിച്ചിരുന്നു. ആള്‍ക്കൂട്ടത്തിലും സിറ്റി ബസ്സിലും ഞാന്‍ ഈ പാട്ടുകള്‍ മനസ്സില്‍ ഉറക്കെ പാടി തകര്‍ത്തിരുന്നു; പാന്റീസും മിനിസ്കര്‍ട്ടും ഇട്ടിട്ട്‌ അതിനു മുകളില്‍ ബാഗി പാന്റും ധരിച്ച്‌ നോര്‍മല്‍ ചമയുന്ന ക്രോസ്‌ ഡ്രെസ്സറെപ്പോലെ.

ദുബായില്‍ വന്നപ്പോഴാണ്‌ പുതിയൊരു നീഷ്‌ ഞാന്‍ കണ്ടെത്തിയത്‌- കാര്‍!
കാറേല്‍ കേറി ഒറ്റയ്ക്ക്‌ അബുദാബിയിലോട്ട്‌ വിട്ടാല്‍ മതി. റോഡില്‍ പാരലല്‍ ആയിട്ട്‌ വണ്ടികള്‍ പോകുന്ന സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ "അളിയാ പൊന്നളിയാ തിന്നളിയാ ചപ്പാത്തി.. കറിയില്‍ മുക്കി മുക്കി തിന്നളിയാ ചപ്പാത്തി " എന്ന് സലില്‍ ചൌധരിയുടെ ഈണത്തില്‍ പാടി പാടി പോകാം.

കുറച്ച്‌ വര്‍ഷം മുമ്പ്‌ എന്റെ മഞ്ഞപ്പ്രാന്തിനു അനുഗ്രഹമായി ഒരു സൂത്രം എത്തി- മൊബൈല്‍ ഫോണിന്റെ ഹാന്‍ഡ്സ്‌ ഫ്രീ . ലിത്‌ വന്നതോടെ വെറുതേ സംസാരിച്ചു നടന്നാല്‍ ഭ്രാന്തനെന്നല്ല, ഫോണ്‍ ചെയ്യുന്നവന്‍ എന്ന് ജനം ധരിക്കുമെന്ന അവസ്ഥയായി.

ഇതിന്റെ കാലം വരവായതോടെ രാവിലെ തിരക്കു മൂത്ത വഴിയില്‍ ട്രാഫിക്‌ ജാമില്‍ കിടക്കുമ്പോഴും ഞാന്‍ പാടി ആര്‍മ്മാദിച്ചു തുടങ്ങി. എന്തിന്‌, രാവിലേ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇന്ന് എമിറേറ്റ്സ്‌ റോഡ്‌ മൊത്തം ബ്ലോക്ക്‌ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിചു തുടങ്ങി. വിന്‍ഡോ നാലും കേട്ടിയിട്ട വണ്ടിയേല്‍ ഇരുന്ന് ഞാന്‍ പുലമ്പുന്നത്‌ "ഡീ സെക്രട്ടറീ, ഇത്‌ നിന്റെ മൊയിലാളി ആണ്‌, ഞാങ്ങ്‌ വരുമ്പത്തേനും ആ അമ്പതു മില്യന്‍ കോണ്ട്രാക്റ്റിന്റെ പേപ്പറെല്ലാം ശരിയാക്കി വച്ചേക്ക്‌" എന്നോ മറ്റോ ആണെന്ന് ജനം എന്റെ നാലുവശത്തും താന്താങ്ങളുടെ വണ്ടിയേല്‍ ഇരുന്നോണ്ട്‌ ആദരപൂര്‍വ്വം വിചാരിച്ചുകൂട്ടി. ഇതാണ്‌ ഈ ലോകത്തിന്റെ വസന്തകാലം. ഹാന്‍ഡ്സ്‌ ഫ്രീ കാലം.

ഇന്നും രാവിലേ ഇറങ്ങി. വീട്ടില്‍ നിന്നും പത്തടി വണ്ടിയോടിയതും റെയില്‍വേ പണിക്കാരുടെ നടുവില്‍ ബ്ലോക്ക്‌ ആയി.
മാര്‍ക്കസ്‌ ബാര്‍ട്ട്‌ലീയുടെ ഫില്‍ട്ടാറിട്ട ക്യാമറ എന്റെ മോന്തയ്ക്കോട്ട്‌ തിരിച്ചു വച്ചിട്ടുണ്ടെന്നും നിക്കറിട്ട്‌ തൊപ്പി വച്ച്‌ കാര്യാട്ട്‌ എന്റെ മോന്തായം ശ്രദ്ധിച്ചു നില്‍പ്പുണ്ടെന്നും ഭാവിച്ച്‌ ഞാന്‍ കടാപ്പൊറത്തെ പരീക്കുട്ടിയായി അലച്ചു പാടി
"ചെവിയിലെ രോമവും കരണത്തെ രോമവും കുരുങ്ങുകില്ലോമനേ കുരുങ്ങുകില്ലാ..."

റോഡുപണിക്കാര്‍ ബിസി ബിസിനസ്സ്‌ മാനെ ബഹുകണ്ടമാനത്തോടെ നോക്കി. സിഗ്നല്‍ മാറി. ഞാന്‍ പോയി.

അടുത്ത ജംഗ്ഷനില്‍ നിറുത്തിയപ്പോള്‍ പത്രം വില്‍ക്കുന്ന പയ്യന്‍ നേരേ ഒരു ഖലീജ്‌ ടൈംസ്‌ എന്റെ മൂക്കിനു മുന്നിലേക്ക്‌ നീട്ടി. വണ്ടീടെ ചില്ല് ഇന്നലെ പമ്പില്‍ പൈസ കൊടുക്കാന്‍ താഴ്ത്തീതായിരുന്നല്ലോ.
[നാലഞ്ച്‌ കൊല്ലം മുന്നേ എഴുതീത്‌ ഇപ്പ പൊളിച്ച്‌ പണിതതാണ്‍ ഈ പോസ്റ്റ്‌]

Thursday, November 1, 2007

ആപേക്ഷിക സിദ്ധാന്തം

അണ്ണന്‍ ആക്ഷേപിക സിത്താന്തം എന്ന് ക്യാട്ടിട്ടുണ്ടാ?
ആക്ഷേപികമല്ലെടേ , ആപേക്ഷികം
അതെന്തരാണ്ണാ?

അതെന്തരോ ആട്ട് നിനക്കിപ്പ എന്തരു വേണം?
അല്ലാ, നമ്മടെ മ്വാനാട് നീ ഇങ്ങനെ കെട്ട ചേലുക്ക് നടക്കണത് അയ്യവെന്ന്
പറഞ്ഞപ്പ അവങ്ങ് പറയണ്‌ ശരി ശരിയും തെറ്റുമെല്ലാം ആക്ഷേ.. ആപേഷികം
ആണെന്ന്. അങ്ങനെ ഏതാണ്ടും ഒരുത്തന്‍ സിത്താന്തം വച്ചിട്ടുണ്ടെന്ന്.

അതാന്നാ? പറഞ്ഞ് തെരാം. ടേ. ഇത് കണ്ടാ. ഇത് എന്റെ കയ്യില്‍ ഇരിക്കുമ്പ
തുഴ. നിന്റെ കയ്യില്‍ ഇരിക്കുമ്പ പങ്കായം. ചാക്കുണ്ണീടെ കയ്യില്‍
ഇരിക്കുമ്പ നയമ്പ്.
അണ്ണന്‍ എന്തരാ പറയുന്നത്? തൊഴേം പങ്കായോം നയമ്പും എല്ലാം ഒന്നല്ലീ?

ഈ കഴ്തയ്ക്ക് ആപേക്ഷിക സിദ്ധാന്തം മാത്രമല്ല, മലയാളവും അറിയത്തില്ലല്ല്
മാതാവേ. ടേ പൊട്ടാ. ഞാന്‍ കൊച്ചുവള്ളത്തേലല്ലീ പോണത്? ഒറ്റയ്ക്ക് തൊഴഞ്ഞ്
പോകും. അതിനു ഇത് എടുക്കുമ്പ ഇത് തുഴ. നീ വല്യവള്ളത്തേല്‍ ആറുപേര്‌
തൊഴഞ്ഞല്ലേ പോണത്? അതിനു വെള്ളപ്പൊറത്ത് നീങ്ങാനുള്ള ആയത്തിന്റെ ഒരു
പങ്ക് മാത്രമേ നിന്റെയുള്ളു. ബാക്കി അഞ്ചു പേരുടെ ആയമല്ലേ. അപ്പോ നിന്റെ
കയ്യില്‍ ഇതിരിക്കുമ്പ പങ്കായം. വള്ളം നയിക്കുന്നത് അതായത് മരയ്ക്കാര്‌
ചാക്കുണ്ണിയാ. നയിക്കുന്നവന്റെ കയ്യില്‍ ഇതിരിക്കുമ്പ നയമ്പ്.

അപ്പ ഒന്ന് പല കാര്യത്തിനും ഉപയോഗിക്കാം എന്നാണോ സിത്താന്തം?

കഴ്തയ്ക്ക് പിന്നേം മനസ്സിലായില്ലീ. എടാ നിന്റപ്പനു നീ മോന്‍. നിനക്ക്
നിന്റെ ചെറുക്കന്‍ മോന്‍ ലവനു മോന്‍ ഇല്ല. അപ്പം മോനാരാന്നുള്ളത്
ആപേക്ഷികം. മനസ്സിലായോ?
എന്തരോ പോലെ.

ഇപ്പഴും മനസ്സിലായില്ലെ പറഞ്ഞിരുന്നേല്‍ നിന്നെ ഞാന്‍ തൊഴയ്ക്ക്
വീക്കിയേനെ. അങ്ങനെ വീക്കിയെങ്കില്‍ ആ സമയത്ത് ഇത് തൊഴയല്ല, ഗദ ആകും.
പോടേ. ഓടിത്തള്ള്.